city-gold-ad-for-blogger
Aster MIMS 10/10/2023

റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്

നോമ്പ് അനുഭവം- ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍

(www.kasargodvartha.com 07/06/2016) പ്രമുഖ വാഗ്മിയും ഏവര്‍ക്കും സുപരിചിതനുമായ വ്യക്തിത്വമാണ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍. നെല്ലിക്കുന്നില്‍ ഷൊര്‍ഖാവി അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ കീഴില്‍ ഓതി പഠിക്കുമ്പോഴാണ് വലിയൊരു നിയോഗത്തിന് വഴിതെളിയിച്ചത്. നെല്ലിക്കുന്നിലെ ഓരോ റമദാന്‍ രാവുകളും തങ്കത്തിളക്കത്തോടെയാണ് ബെള്ളിപ്പാടി ഉസ്താദ് ഓര്‍ക്കുന്നത്.

വിശുദ്ധ റമദാനിലെ ആത്മീയ പരിമളം നെല്ലിക്കുന്ന് വാസികള്‍ വേണ്ടുവോളം ആസ്വദിക്കുന്നവരും അനുഭവിക്കുന്നവരുമാണെന്ന് ഉസ്താദ് പറയുന്നു. റമദാനില്‍ അത്താഴം കഴിഞ്ഞാല്‍ നാട്ടുകാര്‍ പള്ളിയിലെത്തും. അന്ന് വ്രതമനുഷ്ഠിക്കാത്തവരായി നെല്ലിക്കുന്നില്‍ ആരുമുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

സുബ്ഹിക്ക് മുമ്പേ അവര്‍ പള്ളിയിലെത്തി ഖുര്‍ആന്‍ ഓതും. നിസ്‌കാരം കഴിഞ്ഞാല്‍ ഉസ്താദിന്റെ ക്ലാസും ഉണ്ടാകും. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പന്റെ സിയാറത്തിനും നല്ല തിരക്കായിരിക്കും. ആ കാലത്തെ നെല്ലിക്കുന്നിലെ ദര്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ബെള്ളിപ്പാടി ഉസ്താദിന് നെല്ലിക്കുന്ന് കണ്ടത്തില്‍  പള്ളിയിലായിരുന്നു റമദാന്‍ സേവനം. ശബ്ദ മാധുര്യം കൊണ്ടും വിഷയ സമ്പുഷ്ടത കൊണ്ടും ബെള്ളിപ്പാടി ഉസ്താദിന്റ പ്രഭാഷണം നാട്ടുകാര്‍ക്ക് വലിയ ഇഷ്ടമായിരുന്നു.

കണ്ടത്തില്‍ പള്ളിയില്‍ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് ഉസ്താദിന്റെ വയള് ഉണ്ടാകും. വ്യത്യസ്ത വിഷയങ്ങളില്‍ നടക്കുന്ന ദിന പ്രഭാഷണം നാട്ടുകാര്‍ കൗതുകത്തോടെ വീക്ഷിക്കും. നാട്ടുകാരുടെ പ്രചോദനം പ്രഭാഷണ രംഗത്ത് ഉയരാന്‍ കാരണമായി എന്ന് അഭിമാനപൂര്‍വം ബെള്ളിപ്പാടി ഉസ്താദ് പറയുന്നു.

ദര്‍സ് പഠനം നിര്‍ത്താന്‍ തീരുമാനിച്ച വര്‍ഷം റമദാനിലെ ഒരു ദിവസം പ്രസംഗം കഴിഞ്ഞ് ജമാഅത്ത് പ്രസിഡണ്ടായിരുന്ന സി ടി എം ഹാജി എന്ന പേരില്‍ ഖ്യാതി നേടിയ മൊയ്തീന്‍ കുഞ്ഞി ഹാജി വീട്ടില്‍ പോകാന്‍ പറഞ്ഞു. ധാന ധര്‍മങ്ങളെ കുറിച്ചാണ് അന്നത്തെ ക്ലാസ്. സി ടി എം വീട്ടില്‍ വിളിച്ച് വരുത്തി അന്നത്തെ 1000 രൂപ ബെള്ളിപ്പാടി ഉസ്താദിന് നല്‍കയും തുടര്‍ പഠനത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തതിനാലാണ് ബെള്ളിപ്പാടി അബ്ദുല്ല എന്ന ദര്‍സ് വിദ്യാര്‍ത്ഥിക്ക് പട്ടിക്കാട് ജാമിഅ നൂരിയയിലേക്ക് ഉപരിപഠനത്തിന് സൗഭാഗ്യം ഉണ്ടായത്.

റമദാന്‍ കഴിഞ്ഞ് മുട്ടത്തോടിയില്‍ ഖതീബായി സേവനം ചെയ്യാനായിരുന്നു തീരുമാനം. തന്റെ ആഗ്രഹം സി ടി എമ്മിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഒരു പിതാവിന്റെ വാക്കുകള്‍ പോലെയാണ് ഉസ്താദ് വരവേറ്റത്. 'നിങ്ങള്‍ പഠനം നിര്‍ത്താന്‍ ആയിട്ടില്ല, പട്ടിക്കാട്ടേക്ക് പോകണം' എന്ന് പറഞ്ഞപ്പോള്‍ ഉള്ള് ഉരുകിയെങ്കിലും ശംസുല്‍ ഉലമയുടെ ശിഷ്യത്വം സ്വീകരിക്കാനുള്ള സൗഭാഗ്യമോര്‍ത്തപ്പോള്‍ മനം ആനന്ദ നൃത്തം ചവിട്ടി. സി ടി എം തന്നെയാണ് ഇ കെ ഉസ്താദിനെ വിളിച്ച് കോളജില്‍ സീറ്റ് ശരിപ്പെടുത്തി തന്നതെന്ന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ ആത്മാഭിമാനത്തോടെ പറയുന്നു.

സ്വദേശമായ ആദൂര്‍ ജുമുഅത്ത് പള്ളിയിലായിരുന്നു അബ്ദുല്ല മുസ്ലിയാര്‍ ആദ്യമായി പ്രഭാഷണം നടത്തിയത്. ഒരു റമദാനിലായിരുന്നു അത്. റമദാനില്‍ നിസ്‌കാരത്തിനു വേണ്ടി പള്ളിയില്‍ പോയപ്പോള്‍ ഉസ്താദായിരുന്ന അമ്മാവന്‍ നിസ്‌കാരത്തിന് ശേഷം വയള് പറയാന്‍ നിര്‍ദേശിച്ചതിനാലാണ് എണീറ്റ് നിന്നത്. റമദാനില്‍ 30 ദിവസം വയള് പരമ്പര നടന്നു വരുന്ന മഹല്ലാണ് ആദൂര്‍. അമ്മാവനായ ഉസ്താദിന് എവിടെയോ പോകാനുള്ളത് കൊണ്ട് ബെള്ളിപ്പാടി ഉസ്താദിനെ ഏല്‍പിക്കുകയായിരുന്നു. ആദൂരിന്റെ നവോത്ഥാന നായകനും ആത്മീയ നേതാവുമായിരുന്ന സയ്യിദ് യഹ്യല്‍ അഹ്ദല്‍ തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.

പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ 'മുസ്ല്യാരുടെ നല്ല വയളാണല്ലോ' എന്ന് യഹ്യ തങ്ങള്‍ പറയുകയുണ്ടായി. അതിന് ശേഷം പ്രഭാഷണ രംഗത്ത് അസൂയാര്‍ഹമായ വളര്‍ച്ചയായിരുന്നു ബെള്ളിപ്പാട് ഉസ്താദിന്.

റമദാനില്‍ വയള് പറഞ്ഞാണ് പഠിക്കാനുള്ള കിതാബുകള്‍ വാങ്ങിയതും മറ്റ് ചിലവുകള്‍ നടത്തിയതുമെന്ന് ഉസ്താദ് സ്മരിക്കുന്നു. സുള്ള്യ കുമ്പക്കോടില്‍ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്നവരുടെ ക്ഷണം സ്വീകരിച്ച് റമദാനില്‍ 20 ദിവസം വയള് പറഞ്ഞു കൊടുത്ത ഓര്‍മകള്‍ പങ്ക് വെക്കുമ്പോള്‍ മുഖം മിന്നുന്നു.

നോമ്പ് തുറ നേരത്ത് നെല്ലിക്കുന്നിലുണ്ടായിരുന്ന വെടി സ്മരണീയമാണ്. പല നാടുകളിലും ഈ വെടി സമ്പ്രദായം ഈ അടുത്ത കാലത്ത് വരെ നില നിന്നിരുന്നു. നോമ്പ് തുറക്ക് സമയമായാല്‍ അന്തുമാന്‍ച്ച എന്നവര്‍ വെടി നിറച്ച ഇരുമ്പില്‍ കുഴലില്‍ തിരി കൊളുത്തു. നാടാകെ വിറക്കുന്ന ആ വെടിയൊച്ച  കേട്ടാലാണ് നാട്ടുകാര്‍ നോമ്പ് മുറിക്കാറ്.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്


Related News: പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി

Keywords : Ramadan, Article, Bellippady Abdul Kader Musliyar, NKM Malhari Belinja, Ramadan experience Bellippady Abdulla Musliyar. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL