city-gold-ad-for-blogger
Aster MIMS 10/10/2023

ആകാശവാണിയിലെ ബ്രഡ്

നോമ്പ് അനുഭവം / പി ബി അബ്ദുര്‍ റസ്സാഖ് എം എല്‍ എ

(www.kasargodvartha.com 10.06.2016)
കാരവല്‍ പത്രത്തിലേക്ക് റമദാന്‍ ഓര്‍മ്മകള്‍ തയ്യാറാകാന്‍ ആത്മ സുഹൃത്തും യുവ സാമൂഹ്യ പ്രവര്‍ത്തകനുമായ മാവിനക്കട്ട ഹമീദലി സാഹിബിനൊപ്പമാണ് നായന്മാര്‍മൂലയിലെ പി ബി ഹൗസിലെത്തുന്നത്. തിരക്കിട്ട പരിപാടികളില്‍ പങ്കെടുത്ത് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് പോകാനുള്ളതിനാല്‍ കാര്യങ്ങള്‍ പെടുന്നനെ തീര്‍ക്കേണ്ടി വന്നു. കൃഷിപ്പാടം ഉഴുതുമറിച്ച കുട്ടിക്കാലത്തെ റമദാന്‍ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ യുവത്വം മുഖത്ത് പ്രസന്നമാകുന്നു.

ധര്‍മ്മിഷ്ടനും ദീനീ സ്‌നേഹിയുമായിരുന്ന പിതാവിന്റെ അധീനതയിലുള്ള പാടത്താണ് പണിയെടുത്തിരുന്നത്. കഴിഞ്ഞ കാലത്തെ പട്ടിണിയും വര്‍ത്തമാന കാലത്തെ സുഖാഡംബരങ്ങളും വികാരഭരിതനായി വിവരിച്ചുത്തരാന്‍ എം എല്‍ എ മടിച്ചില്ല. പിതാവിന്റെ അധീനതയിലുള്ള കൃഷി ഭൂമിയിലാണ് ജോലി. വ്രതം അനുഷ്ഠിച്ച് രാവിലെ വളം തലയില്‍ ചുമന്ന് പാടത്ത് കൊണ്ട് പോയി പണിയെടുക്കുന്ന പഴയ കാലത്തെ നോമ്പിന്‍ നാളുകള്‍ മറക്കാത്ത ഓര്‍മകളായി ഇന്നും എം എല്‍ എയുടെ നാവില്‍ നിര്‍ഗളിച്ച് വരുന്നു. പിതാവിന്റെ കരിമ്പ് കൃഷിയും പ്രസിദ്ധമാണ്. കരിമ്പില്‍ നിന്നും ശര്‍ക്കര ഉണ്ടാക്കി തലയില്‍ ചുമന്ന് കാസര്‍കോട് വരെ കാല്‍നടയായി പോയിരുന്ന നോമ്പ് കാലം ഓര്‍ത്തെടുത്തു.

സുബ്ഹി നിസ്‌കാരം കഴിഞ്ഞ് ഉദയ സൂര്യന്റെ കിരണങ്ങള്‍ പതിയുമ്പോള്‍ പാടത്തെ പണിക്കിറങ്ങും. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിവരെയാണ് റമദാനിലെ ജോലി. ഉഷ്ണ-ശൈത്യ കാലങ്ങളിലെ റമദാനിലും ഇങ്ങനെയായിരുന്നു ജോലി. ളുഹ്ര്‍ നിസ്‌കാരത്തിന്റെ സമയം കഴിയുന്നതിനു മുമ്പ് വീട്ടിലെത്തും. ഖളാ ആക്കാതെ നിസ്‌കാരം പള്ളിയില്‍ നിര്‍വഹിക്കും. പള്ളിയുടെ സമീപത്ത് തന്നെയായിരുന്നു വീട്. നിസ്‌കാരം കഴിഞ്ഞ് അസ്വര്‍ വരെ പള്ളിയില്‍ കിടക്കും. ചിലപ്പോള്‍ ഖുര്‍ആനോതും. ഉസ്താദുമാരുടെ പ്രസംഗം കേട്ടിരിക്കും. വെള്ളിയാഴ്ച ദിവസമാണെങ്കില്‍ ജുമുഅ കഴിഞ്ഞ് അസ്വര്‍ വരെ ഉസ്താദുമാര്‍ വയള് പറയും. ഹൗളിന്റെ (അംഗ സ്‌നാനം നടത്താന്‍ ഉപയോഗിക്കുന്ന ജലം നിറയ്ക്കുന്നിടം) കരയില്‍ ഇരുന്ന് വയള് കേട്ട് അറിയാതെ ഉറങ്ങിപ്പോകും. ചിലപ്പോള്‍ ഹൗളില്‍ വീഴാനാവും.

ഇല്ലായ്മയുടെ കാലത്തെ നോമ്പിന് മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ് ഉള്ളത്. പള്ളിയിലാണ് നോമ്പ് തുറ. കഞ്ഞിയും നാടന്‍ പഴമിട്ട കസ്‌കസ് സര്‍വത്തും പത്തിരിയുമാണ് പള്ളിയിലെ റമദാന്‍ സ്പഷ്യല്‍. ഒരു പത്തിരി എട്ട് കഷ്ണമാക്കി വീതിക്കും. പഴങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉള്ളവര്‍ നാട്ടില്‍ അപൂര്‍വമാണ്. പള്ളിക്ക് സമീപത്തുള്ളവരും അല്ലാത്തവരും നോമ്പ് തുറക്ക് പള്ളിയിലെത്തും. ദിവസവും നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ പലരും സ്‌പോണ്‍സറായി നല്‍കലാണ്. നോമ്പ് തുറക്ക് പള്ളിയിലെത്തിയാല്‍ തറാവീഹ് കഴിഞ്ഞാണ് തിരിച്ചു പോക്ക്. നോമ്പ് തുറയും തറാവീഹുമെല്ലാം ഹരമയിരുന്ന കാലമാണത്. അത്താഴം കഴിഞ്ഞ് ഉപ്പയോടൊന്നിച്ച് സുബ്ഹിക്ക് പള്ളിയില്‍ പോകും. പണിയുടെ കഷ്ടപ്പാടുകളിലെല്ലാം മുപ്പത് നോമ്പും അനുഷ്ഠിക്കും. പിതാവിന്റെ ചിട്ടയും ഉമ്മയുടെ ശിക്ഷണവും നോമ്പിന് മാറ്റുക്കൂട്ടി.

പി ബി അബ്ദുര്‍ റസ്സാഖിന്റെ നോമ്പനുഭവത്തില്‍ ശ്രദ്ധേയമായ കാലമാണ് മംഗലാപുരം ആകാശവാണി നിലയത്തിന്റെ പണി തീര്‍ത്തത്. അമ്മാവനായിരുന്നു കരാറുകാരന്‍. സൂര്യ താപം കൊണ്ട് പതച്ചു പൊള്ളുന്ന മണ്ണും വിണ്ണും. ഇഷ്ടിക പൊടിയും കുമ്മായവും മിക്‌സാക്കി തേക്കലാണ് ജോലി. നട്ടുച്ച നേരത്ത് ഉരുകുന്ന വെയിലില്‍ പൊള്ളുന്ന കുമ്മായം മിക്‌സാകുമ്പോള്‍ ചര്‍മ്മം വെന്തുരുകും. വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത കാലം. അത്താഴത്തിന് ബ്രഡും ചായയുമാണ് കഴിക്കാറ്. വയറ് നിറയെ കഴിക്കാന്‍ ഒന്നും കിട്ടാനില്ലാത്ത ചുറ്റുപാട്. അത്താഴവും നോമ്പ് തുറയും ബ്രഡില്‍ തന്നെ. കുടിക്കാന്‍ കട്ടന്‍ ചായയും. റമദാനിലെ 30 ദിവസം തുടര്‍ച്ചയായി ബ്രഡ് കഴിച്ച് നോമ്പു നോറ്റ് പണിയെടുത്ത പ്രയാസം അനുഭവിച്ചാലെ അതിന്റെ ചൂടറിയുകയുള്ളൂ. ഊഹിക്കാന്‍ പറ്റാത്ത ഈ കഷ്ടപ്പാട് എം എല്‍ എയുടെ ജിവിതത്തിലെ ത്യാഗ കഥകളാണ്.

റമദാനിന്റെ പുണ്യം മനസ്സിലാക്കിയതിനാല്‍ കഷ്ടപ്പാടുകള്‍ വിയര്‍പ്പുതുള്ളികളെ പോലെ അവഗണിച്ചു. പിന്നീട് പൊതു പ്രവര്‍ത്തനത്തില്‍ മുന്നേറിയപ്പോഴും നോമ്പിന്റെ മഹാത്മ്യം മറക്കാതെ സൂക്ഷിച്ചു. ഖുര്‍ആനോത്തും മറ്റ് സല്‍കര്‍മ്മങ്ങളെല്ലാം ഉമ്മയില്‍ നിന്നും ഉപ്പയില്‍ നിന്നും പഠിച്ചെടുത്തതാണ്. റമദാനില്‍ വീട്ടിലെത്തുന്നവര്‍ക്ക് ധര്‍മ്മം ചെയ്തിരുന്ന പിതാവിന്റെ ഓര്‍മ്മകളും എം എല്‍ എ പങ്ക് വെച്ചു.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL