city-gold-ad-for-blogger
Aster MIMS 10/10/2023

പാടത്താളിയിലെ നീര്

നോമ്പ് അനുഭവം: സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍

(www.kasargodvartha.com 19/06/2016) കാസര്‍കോട് ജില്ലയിലെ കിഴക്കേ ഭാഗത്ത്  കിടക്കുന്ന ദേശമാണ് ആദൂര്‍. ഇസ്ലാമിക സംസ്‌കാരത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ നാട് ഇന്നും പ്രസിദ്ധമാണ്. പ്രവാചക കുടുംബ പരമ്പരയാല്‍ പ്രസിദ്ധിയാര്‍ജിച്ച ഈ നാടില്‍ ഇന്നും പാരമ്പര്യ ഇസ്ലാമിക് തനിമ നിലനിന്നു പോകുന്നു. സയ്യിദന്മാരുടെ ആത്മീയ നേതൃത്വം ഈ നാടിനെ ധന്യമാക്കുന്നു. സയ്യിദ് ആറ്റു തങ്ങള്‍, ടി വി ഉമ്പു തങ്ങള്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ എന്നിവരാണ് ഇന്ന് ആദൂരില്‍ ജീവിക്കുന്ന സയ്യിദമാരില്‍ പ്രമുഖര്‍.

കോയമ്മക്കോയ തങ്ങളുടെ മകനായി ജനിച്ച സയ്യിദ് അലി പൂക്കുഞ്ഞി അഹ്ദല്‍ തങ്ങള്‍ ബങ്കാടി പൂക്കുഞ്ഞി തങ്ങള്‍ എന്ന പേരിലായിരുന്നു പ്രസിദ്ധനായത്. നാടിന്റെ വിവിധ ദിക്കുകളില്‍ ഖ്യാതി നേടിയ പൂക്കുഞ്ഞി തങ്ങള്‍ പണ്ഡിതനും ആത്മീയ നായകനുമാണ്. നിരവധി പേരാണ് ദിനം പ്രതി തങ്ങളെ കാണാന്‍ ആദൂരിലെ വസതിയിലെത്തുന്നത്.

റമദാനായതിനാല്‍ തിരക്കു ഭയന്ന് വൈകുന്നേരമാണ് തങ്ങളുടെ വീട്ടിലെത്തുന്നത്. ശാന്തമാണ് വീടും പരിസരവും. പ്രാഥമിക പരിചയപ്പെടലുകള്‍ക്ക് ശേഷം റമദാന്‍ ഓര്‍മകളെ കുറിച്ച് പറഞ്ഞുതുടങ്ങി. ആദൂരിന്റെ നവോത്ഥാന നായകനായിരുന്ന സയ്യിദ് യഹ്യല്‍ അഹ്ദല്‍ തങ്ങളുടെ ആശീര്‍വാദത്തോടെ 12-ാം വയസ്സില്‍ പൂക്കുഞ്ഞി തങ്ങള്‍ പഠന പാഥേയം തുറന്നു വെച്ചു. തങ്ങളുടെ കൊച്ചു പ്രായത്തില്‍ തന്നെ പിതാവ് ദിവംഗതനായി. മാതാവിന്റെ ശിക്ഷണത്തിലാണ് തങ്ങള്‍ വളര്‍ന്നത്.

പ്രമുഖ പണ്ഡിതന്‍ മഞ്ഞനാടി സി പി കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ദര്‍സിലാണ് പഠനം. കര്‍ണാടക മഞ്ഞനാടിയിലാണ് കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ദര്‍സ് നടത്തിയിരുന്നത്. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശിയായ സി പി കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ അറിയപ്പെടാനുള്ള കാരണം അതാണ്. ഇല്ലായ്മയുടെയും പട്ടിണിയുടെയും നീണ്ട ചരിത്രം പൂക്കൂഞ്ഞി തങ്ങളുടെ ജീവിതത്തില്‍ കഴിഞ്ഞു പോയി.

ദര്‍സിലെ പഠന കാലത്ത് റമദാനില്‍ നോമ്പു കാരനായി വീട്ടിലെത്തിയ പൂക്കുഞ്ഞി തങ്ങളോട് ഉമ്മ പറഞ്ഞ പ്രതികരണം കേട്ട് നെട്ടിയെങ്കിലും നിശബ്ദനായി കേള്‍ക്കാന്‍ മാത്രമാണ് തങ്ങള്‍ക്കായത്. ദിവസങ്ങളായി വീട്ടില്‍ പുകയ്ക്കാന്‍ ഒരുമുതലില്ല. വേദന സഹിച്ച് കണ്ണീര്‍വാര്‍ത്ത ഉമ്മ ദര്‍സില്‍ നിന്നുമെത്തിയ മകനോട് നേരെ ചൊവ്വ മോനെ നോമ്പ് തുറക്കാന്‍ ഇവിടെ ഒന്നുമില്ല എന്ന് പറയാന്‍ മാത്രമേ വാക്കുണ്ടായിരുന്നുള്ളൂ. ഉമ്മയുടെ നൊമ്പരം വാക്കുകളില്‍ നിന്നും മനസ്സിലാക്കിയ പൂക്കുഞ്ഞി തങ്ങള്‍ നാഥനെ തവക്കുലാക്കി പള്ളിയിലേക്ക് നടന്നു. വരുമ്പോള്‍ ഒരു രൂപ തങ്ങള്‍ക്ക് കിട്ടി. അതില്‍ നിന്നും അരിവാങ്ങിയാണ് വീട് പുകയ്ച്ചത്.

റമദാനിന്റെ ആഗമനം ആനന്ദത്തോടെയാണ് സ്വീകരിച്ചിരുന്നത്. ശഅ്ബാന്‍ അവസാനത്തില്‍ തന്നെ വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ കൊണ്ടുവന്ന് സൂക്ഷിക്കുമായിരുന്നു. മുത്താരിയും എള്ളുമാണ് പ്രധാനമായും കരുതിയിരുന്നത്. കടകളില്‍ നിന്ന് വാങ്ങിയും അല്ലാതെയുമായി ഇവ വീടുകളില്‍ സൂക്ഷിക്കും. റമദാനിന്റെ വിവരമറിയാന്‍ ആദൂരില്‍ നിന്നും ആരെങ്കിലും തളങ്കരയില്‍ പോയി ഖാസിയാരുടെ മാസമുറപ്പിക്കല്‍ അറിഞ്ഞ് ആദൂരിലെത്തിയാലാണ് റമദാനിന്റെ തറാവീഹ് ആരംഭിക്കല്‍. മാസപ്പിറവി അറിഞ്ഞാല്‍ പിന്നെ പെരുന്നാള്‍ പ്രതീതിയാണ്.

റമദാനിന്റെ ഓരോ സമയങ്ങളും ദിഖ്‌റും സ്വലാത്തും ഖുര്‍ആനോത്തുമായി കഴിയും. വീടുകളും പള്ളികളും ഖുര്‍ആന്‍ പാരായണം കൊണ്ട് മുകരിതമാകും. ഉമ്മമാര്‍ മാലപ്പാട്ടുകളും ബദര്‍ മൗലിദുമെല്ലാം ഓതും. പലരും നോമ്പ് പിടിച്ച് ജോലിക്ക് പോകും. ഒരു നേരത്തെ കഞ്ഞി അതായിരുന്നു അന്നത്തെ പ്രധാന പ്രതിസന്ധി. അതിനെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങളാണ് ജനങ്ങള്‍ ആലോചിക്കുക. എള്ളും കുവ്വപ്പൊടിയും നോമ്പ് തുറയുടെ സാധനങ്ങളാണ്. എള്ള് കൃഷി അധിക പേരും ചെയ്തിരുന്നു.

നോമ്പ് തുറക്ക് കാര്യമായൊന്നും ഉണ്ടായിരുന്നില്ല. മുത്താറി, ഇളനീര്‍ ഇതായിരുന്നു തുണ. ചിലപ്പോള്‍ മറ്റെന്തെങ്കിലും കിട്ടിയെന്ന് വരും. പാടത്താളിയുടെ നീര് നിര്‍ബന്ധമാണ്. പ്രകൃതിയുടെ ചൂടും നോമ്പിനാല്‍ വരുന്ന ശാരീരിക ഉഷ്ണവും കാരണം ശരീരത്തിന് പ്രതിസന്ധി വരാതിരിക്കാന്‍ നോമ്പ് തുറ സമയത്ത് കുടിച്ചിരുന്ന റമദാന്‍ സ്പഷ്യലായിരുന്നു പാടത്താളി നീര്. നാട്ടില്‍ പുറത്ത് കാണുന്ന ഒരു തരം ചെടിവള്ളിയാണ് പാടത്താളി. അതിന്റെ ഇലയിലെ നീര് പീഞ്ഞെടുത്ത് വെക്കും. വൈകുന്നേരങ്ങളില്‍ പാടത്താളിയുടെ ഇല പറിക്കലാണ് പതിവ്. ഉമ്മയാണ് പാടത്താളിയുടെ നീര് ഉണ്ടാക്കിത്തരുന്നത്. ശരീരം തണുപ്പിക്കാനും മറ്റുമായി പാരമ്പര്യമായി ഉപയോഗിച്ചു വരുന്ന പാടത്താളിയുടെ നീര് ഒരു തരം പച്ചമരുന്നാണ്. അതിന്റെ നീര് കുടിച്ചാലുള്ള ആശ്വാസം തങ്ങള്‍ക്ക് പറഞ്ഞറിയിക്കാന്‍ പ്രയാസമാവുന്നു. അതാണ് പാടത്താളി നീര്.

പള്ളിയിലും നോമ്പ് തുറ ഉണ്ടാകും. കഞ്ഞിയാണ് പള്ളിയിലെ സ്‌പെഷ്യല്‍. ആരെങ്കിലും കൊണ്ടു വരുന്ന നോമ്പ് തുറ വിഭവമാണ് കഞ്ഞി. കഞ്ഞി കുടിക്കാനായി നല്ല തിരക്കായിരിക്കും. കുട്ടികളും കൂട്ടുകാരുമൊത്ത് തുറക്കുന്ന പള്ളിയിലെ നോമ്പ് തുറ ഏറെ സന്തോഷം നിറഞ്ഞതാണ്.

തറാവീഹ് നിസ്‌കാരത്തിനും പള്ളിയില്‍ പോകണം. നിസ്‌കാരങ്ങള്‍ മുറ തെറ്റാതെ നിര്‍വഹിക്കല്‍ ഉമ്മയുടെ ശിക്ഷണമായിരുന്നു. നോമ്പിന്റെ നിയ്യത്ത് ഉമ്മയാണ് ചൊല്ലിത്തരാറ്. അറബിയിലും മലയാളത്തിലും ചൊല്ലി അവസനം ദുആ ചെയ്ത് പിരിയും. നോമ്പ് തുറയുടെ നേരം അറിയാന്‍ ഏറെ പ്രയാസപ്പെട്ടു. പള്ളിയില്‍ നിന്നും ബാങ്ക് കേള്‍ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. പള്ളിക്ക് തൊട്ടടുത്ത വീട്ടുകാരാണ് ബാങ്ക് വിളിച്ച വിവരം അയല്‍ വീട്ടുകാര്‍ക്ക് അറിയിക്കുന്നത്. ആ വിവരം പരസ്പരം കൈമാറിയാണ് നോമ്പ് തുറയുടെ സമയം മനസ്സിലാക്കുന്നത്.

വയളിന് കൂടുതലായി തങ്ങള്‍ പോയില്ല. മഞ്ഞനാടിയില്‍ ദര്‍സ് പഠിക്കുമ്പോഴാണ് ആദ്യം വയള് പറയാനിറങ്ങിയത്. വയള് പറയാനുള്ളത് മന:പാഠമാക്കി മാണി ഭാഗത്തേക്ക് വയളിനിറങ്ങി. ആദ്യം കയറിയ പള്ളിയില്‍ അന്ന് മറ്റൊരാളും കൂടി വയളിന് വന്നതിനാല്‍ തങ്ങള്‍ക്കുള്ള അവസരം നഷ്ടപ്പെട്ടു. തങ്ങളാണെന്നറിഞ്ഞപ്പോള്‍ നല്ല പരിഗണന നാട്ടുകാര്‍ നല്‍കിയെങ്കിലും വയളിന്റെ അവസരം നഷ്ടപ്പെട്ടത് തങ്ങളെ ബേജാറിലാക്കി. അതിന് ശേഷം തങ്ങള്‍ വയളു പറയാന്‍ പോയില്ല. ആദ്യത്തേതും അവസാനത്തേതുമായിരുന്നു അത്.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

പാടത്താളിയിലെ നീര്

Related Articles: വാല് പോലെ അഹ് മദ് മോന്‍

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

Keywords : Ramadan, Article, Adhur, Sayyid Pookunhi Thangal Adhur, NKM Malhari Belinja.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL