city-gold-ad-for-blogger
Aster MIMS 10/10/2023

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

നോമ്പ് അനുഭവം: സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍

(www.kasargodvartha.com 18/06/2016) അധ്യാപകര്‍ക്ക് വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 1973ല്‍ നടന്ന അധ്യാപക സമരത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വന്ന വ്യക്തിയാണ് പുത്തിഗെ കട്ടത്തടുക്ക സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍. മുഹിമ്മാത്ത് സ്‌കൂളിലെ സഹപാഠിയും ഇപ്പോഴത്തെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമായ സി എന്‍ ജഅ്ഫറിന്റെ പിതാവെന്ന നിലയിലുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അബ്ദുല്‍ ഖാദര്‍ മാഷിന്റെ തപിക്കുന്ന റമദാന്‍ ഓര്‍മകള്‍ വായനക്കാര്‍ക്കു വേണ്ടി പങ്കുവെച്ചു.

ശേണിയിലായിരുന്നു താമസം. കുട്ടിക്കാലത്തെ ഓമകള്‍ ശേണിയുമായി ബന്ധപ്പെട്ടതാണ്. വീടിനടുത്ത് പള്ളി ഉണ്ടായിരുന്നില്ല. കന്തല്‍ ജുമുഅത്ത് പള്ളിയിലാണ് ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് വന്നിരുന്നത്. പിതാവാണ് ഗുരു. പട്ടിണിയുടെ കഥയാണ് സി എന്‍ മാസ്റ്റര്‍ക്കും പറയാനുള്ളത്. മൂന്ന് നേരം പുകയ്ക്കുന്ന വീടുകള്‍ നന്നേ കുറവാണ്. നോമ്പ് കാലമായാല്‍ സമാധാനം. കാരക്കയും പച്ചവെള്ളവുമാണ് നോമ്പു തുറക്കുണ്ടായിരുന്നത്.

കാരക്ക അപൂര്‍വമാണ്. കഞ്ഞിയും പതിവില്ല. ചിലപ്പോള്‍ ഇളനീര്‍ കിട്ടിയെന്ന് വരും. തറാവീഹ് കഴിഞ്ഞാല്‍ പത്തിരിയും കറിയുമാണ് കഴിക്കാറ്. പട്ടിണിയുടെയും കഷ്ടപ്പാടുകളുടെ കഥ പറയുമ്പോള്‍ കണ്ണ് നിറയുന്നു. നിസ്‌കാരങ്ങളെല്ലാം വീട്ടില്‍ തന്നെ. മുഹമ്മദ് മുസ്ലിയാരെന്നാണ് പിതാവിന്റെ പേര്. ഉപ്പയാണ് നിസ്‌കാരത്തിന് ഇമാം നില്‍ക്കുക. റമദാനിന്റെ മുമ്പ് തന്നെ എല്ലാം ഒരുങ്ങും. ഖുര്‍ആന്‍ മനഃപാഠമുള്ളയാളാണ് പിതാവ്. നോമ്പിന്റെ വിവരവുമായി പള്ളിയില്‍ നിന്നും ശേണിയിലേക്ക് ആരെയെങ്കിലും പറഞ്ഞയക്കും. അവരുടെ വരവും പ്രതീക്ഷിച്ച് ശേണിയിലുണ്ടായിരുന്നവര്‍ കാത്ത് നില്‍ക്കും. ചുരുക്കം വീടുകള്‍ മാത്രമാണ് ശേണിയിലുണ്ടായിരുന്നത്. ചിലപ്പോള്‍ പാതിരാക്കായിരിക്കും വിവരവുമായി എത്തുക. അപ്പോഴേക്കും വീടുകളില്‍ വിളക്കണച്ചിരിക്കും. പക്ഷെ, റമദാനിന്റെ മഹത്വമേറിയ നാളുകളിലെ പുണ്യങ്ങള്‍ നിറഞ്ഞ ദിന രാത്രങ്ങള്‍ മനസിലാക്കിയവര്‍ പാതിരാക്കും എണീറ്റ് നിസ്‌കരിക്കും. ആദ്യ തറാവീഹ് പള്ളികളില്‍ നേരം വൈകിയാണ് നടക്കാറ്.

മുറ്റത്ത് പായിട്ട് നിസ്‌കരിക്കുന്ന പതിവായിരുന്നു സി എന്‍ മാഷിന്റെ വീട്ടില്‍ നടന്നിരുന്നത്. വീട്ടുകാരെല്ലാം നിസ്‌കാരത്തില്‍ പങ്കെടുക്കും. അയല്‍വാസികളായി അമുസ്ലിം വീടുകളാണ് ഉണ്ടായിരുന്നത്. സാഹോദര്യത്തിന്റെ സന്ദേശമാണ് നാടെങ്ങും നിലനിന്നിരുന്നത്. രാത്രി ഖുര്‍ആന്‍ പഠിക്കാനിരിക്കും. മണ്ണെണ്ണ വിളക്ക് കത്തിച്ച് അതിന് ചുറ്റും മക്കളെല്ലാം ഇരിക്കും. പിതാവ് ഖുര്‍ആന്‍ ചൊല്ലിത്തരും.

നോമ്പുകാരനായി ശേണിയില്‍ നിന്നും പെര്‍ള വരെ കാല്‍നടയായി സ്‌കൂളില്‍ പോയിരുന്ന റമദാന്‍ കാലം ഏറെ കൗതുകമാണ്. സുബ്ഹി നിസ്‌കാരം കഴിഞ്ഞ് ഖുര്‍ആനോതും. 7.30ന് സ്‌കൂളിലേക്ക് പുറപ്പെടും. കുന്നും വയലും താണ്ടി നടന്ന് സ്‌കൂളിലെത്തുമ്പോള്‍ സമയം പത്ത് മണിയോടടുത്തിരിക്കും. വൈകുന്നേരം തിരിച്ച് വീട്ടിലേക്ക് നടക്കും. നടത്തത്തിന്റെ ക്ഷീണത്തില്‍ നോമ്പ് ഇടയ്ക്ക് വെച്ച് മുറിച്ചിരുന്നില്ല. റമദാനില്‍ എല്ലാ നോമ്പും നിര്‍ബന്ധമായും നോറ്റിരിക്കും. നോമ്പിന്റെ ക്ഷീണം പ്രകടമാക്കിയിരുന്നില്ല.

നോമ്പുതുറയുടെ വെടി ശേണിയില്‍ ഉണ്ടായിരുന്നില്ലെങ്കിലും മറ്റെവിടെന്നോ കേട്ടിരുന്ന വെടിയുടെ ശബ്ദം കേട്ടാലാണ് നോമ്പ് തുറക്കാറ്. വെള്ളിയാഴ്ചകളില്‍ മാത്രമാണ് വയള് കേള്‍ക്കാറ്. മത പ്രഭാഷണം കേള്‍ക്കാന്‍ ദൂരങ്ങള്‍ താണ്ടി പലപ്പോഴും പോയിട്ടുണ്ട്. നാട്ടില്‍ ഉണ്ടായിരുന്ന പ്രമാണിയുടെ വീട്ടില്‍ വര്‍ഷത്തിലൊരിക്കല്‍ നോമ്പുതുറ ഉണ്ടാകും. വിഭവ സമൃദ്ധമായ ഭക്ഷണങ്ങളാല്‍ നിബിഡമായിരിക്കും അവിടത്തെ തീന്‍ മേശ.

അധ്യാപന രംഗത്തും പ്രയാസങ്ങളുടെ തീ ചൂളയായിരുന്നു സി എന്‍ മാഷിന്. കുണ്ടംകുഴി സ്‌കൂളില്‍ അധ്യാപകനായി സേവനം ചെയ്തിരുന്ന കാലം. യാത്രാ സൗകര്യങ്ങള്‍ക്ക് വളരെ പ്രയാസമായിരുന്നു. ശേണിയില്‍ നിന്നും കാല്‍നടയായും ബസ് മാര്‍ഗവുമായാണ് കുണ്ടംകുഴിയില്‍ എത്തിയിരുന്നത്. കുണ്ടംകുഴി സ്‌കൂളില്‍ പഠിപ്പിക്കുന്ന നേരത്ത് തൊട്ടടുത്ത പെട്ടിക്കടയിലായിരുന്നു താമസം. നോമ്പ് തുറയും അത്താഴവുമെല്ലാം കടയില്‍ തന്നെ. തളങ്കര സ്വദേശിയുടേതായിരുന്നു കട. റമദാനില്‍ അവിടെ ചിലവഴിച്ച് ഒരു ദിവസം നാട്ടില്‍ വരാന്‍ ചെര്‍ക്കളയിലെത്തി. നോമ്പ് തുറ നേരത്താണ് ചെര്‍ക്കളയിലെത്തിയത്. കൈയ്യിലാണെങ്കില്‍ യാത്രക്കുള്ള പൈസ മാത്രം. പള്ളയാണെങ്കില്‍ വിശന്ന് വലയുന്നു. രണ്ടും കല്‍പിച്ച് കൈയ്യിലുണ്ടായിരുന്ന പൈസ കൊണ്ട് ഹോട്ടലില്‍ കയറി നല്ലോണം തിന്നു. അപ്പോഴേക്കും നാട്ടിലേക്കുള്ള ബസ് പാസായി. ചിന്താവിഷ്ടനായി കടത്തിണ്ണയില്‍ നിന്ന് നേരം പോക്കി.

ഒടുവില്‍ ആ വഴി വന്ന ചെര്‍ക്കള സ്വദേശി കനിഞ്ഞതിനാല്‍ അന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ കിടന്നുറങ്ങി. അത്താഴം കഴിച്ച് പെര്‍ളയിലേക്ക് പോകുന്ന ബസില്‍ കയറി യാത്രയായി. പെര്‍ളയില്‍ നിന്നും ശേണിയിലേക്കുള്ള യാത്രക്കിടെയാണ് ഇന്ന് നാട്ടില്‍ പെരുന്നാളാണെന്ന വിവരം കിട്ടിയത്. വീട്ടിലെത്തുമ്പോഴേക്കും സമയം ഉച്ചയായിരുന്നു. വീട്ടുകാരെല്ലാം പെരുന്നാള്‍ സന്തോഷത്തിലായിരുന്നു.

മായിപ്പാടിയില്‍ നടന്ന അധ്യാപക ട്രൈനിംഗ് സെന്ററിലെ ഒരു വര്‍ഷത്തെ റമദാന്‍ ജീവിതം ഓര്‍ക്കേണ്ടതാണ്. രാവിലെ മുതല്‍ രാത്രിവരെ നടക്കുന്ന ക്ലാസില്‍ നിസ്‌കാരവും മറ്റ് ആരാധനകളെല്ലാം കഷ്ടിച്ച് നിര്‍വഹിക്കാനേ വകയുള്ളൂ. നോമ്പ് തുറക്ക് സ്വന്തമായി എന്തെങ്കിലും കരുതണം. അതു കഴിഞ്ഞാല്‍ സെന്ററിന്റെ ഭോജനശാലയില്‍ നിന്നും കിട്ടുന്ന രാത്രി ഭക്ഷണം കഴിക്കും. അത്താഴത്തിന് അവിലും പഴവും. ഇതായിരുന്നു കോച്ചിംഗ് സെന്ററിലെ നോമ്പു കാലം.
-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

Related Articles: പീര്‍ സാഹിബ് വന്ന പെരുന്നാള്‍

വാല് പോലെ അഹ് മദ് മോന്‍

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം
Keywords : Ramadan, Article, Student, Masjid, C N Abdul Kader Master, NKM Malhari Belinja. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL