city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം മുപ്പത്തിയേഴ്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 23.01.2018)
ഇന്നും ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ശാരീരിക വേദനയെക്കുറിച്ചാണ് ഈ കുറിപ്പ്. ഭിഷഗ്വരന്മാര്‍ ചെയ്തു കൂട്ടുന്ന പീഡനത്തെക്കുറിച്ചാണിത്. പാവം രോഗികള്‍ക്ക് ക്ഷമിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലല്ലോ?. അവര്‍ പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനല്ലേ രോഗികള്‍ക്കാവൂ. അതിന്റെ വരുംവരായ്കള്‍ അനുഭവിക്കേണ്ടതും രോഗികള്‍തന്നെ. സംഭവം നടക്കുന്നത് 2011 മാര്‍ച്ച് 11നാണ്. പതിവുപോലെ പ്രഭാത സവാരിക്കിറങ്ങിയതാണ് ഞാന്‍. പാലക്കുന്ന് മുതല്‍ വെളളച്ചാല്‍ വരെയാണ് നടത്തം. അന്ന് വീടിനടുത്ത് എത്താറായി. എന്റെ പറമ്പിന്റെ മതിലിനാണ് അതിനടുത്ത് താമസിക്കുന്ന വീട്ടിലെ ചെറുപ്പക്കാരന്‍ ദിവസവും മൂത്രമൊഴിക്കാറ് പതിവ്.

രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

പ്രസ്തുത പരിപാടി ഞാന്‍ ഒന്ന് തിരിഞ്ഞുനോക്കിയത് ഓര്‍മ്മയുണ്ട്. എന്റെ ചെവിയില്‍ നിന്നും ബൂം... ബൂം... എന്നൊരു ശബ്ദമുണ്ടാവുന്നു. ഞാന്‍ കമിഴ്ന്നടിച്ച് വീഴുന്നു. ചരല്‍ റോഡിലാണ് വീണത്. ശബ്ദം കേട്ട് അയല്‍വീട്ടിലെ സ്ത്രീകള്‍ ഓടിവന്ന് എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച് കുടിക്കാന്‍ വെളളം തന്നു. മെല്ലെ എഴുന്നേറ്റ് വീട്ടിലേക്കു നടന്നു. വലതു കൈപ്പത്തിയില്‍ കല്ലുകൊണ്ടു മുറിവു പറ്റിയതല്ലാതെ വേറെ പരിക്കുകളൊന്നുമില്ല. ഏതായാലും ഞങ്ങളുടെ കുടുംബ ഡോക്ടര്‍ സുദീപിനെ പോയിക്കണ്ടു.

പരിയാരം മെഡിക്കല്‍ കോളജ് പ്രൊഫസറായ അദ്ദേഹം അവിടേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. മുറിവില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ചെന്ന് കഴുകി വൃത്തിയാക്കുന്നതാണ് നല്ലതെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ അടുത്ത സുഹൃത്ത് പയ്യന്നൂരിലെ ഡോ: വി.സി രവീന്ദ്രന്‍ നടത്തുന്ന 'സഭ' ഹോസ്പിറ്റലില്‍ ചെന്നു. അദ്ദേഹം ഒരു നഴ്‌സിനെ വരുത്തിച്ചു. മുറിവ് കഴുകി വൃത്തിയാക്കാന്‍ നിര്‍ദേശം കൊടുത്തു. നഴ്‌സിന്റെ പേര് അന്വേഷിച്ചില്ല. ചെറുപ്പക്കാരിയാണ്. എന്തോ മാനസ്സിക വ്യഥ ആ നഴ്‌സിനുണ്ടെന്ന് മുഖഭാവത്തില്‍ നിന്നും മനസ്സിലായി. അവര്‍ നിര്‍ദ്ദാക്ഷണ്യം മുറിവ് കഴുകാന്‍ തുടങ്ങി. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. 'മതിയാക്കൂ...' എന്ന് ഞാന്‍ അപേക്ഷിച്ചു. 'എന്നാല്‍ മതി' എന്നും പറഞ്ഞ് അവര്‍ ബാന്‍ഡേജ് ചെയ്തുവിട്ടു. 'കുറച്ചു വിശ്രമിച്ചുപോയാല്‍ മതി' എന്ന ഡോ: രവീന്ദ്രന്‍ സാറിന്റെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ വൈകീട്ടുവരെ കിടന്നു. തിരിച്ചു വീട്ടിലെത്തി.

കുറച്ചു ദിവസം കൊണ്ട് മുറിവൊക്കെ ഉണങ്ങി. എന്തുകൊണ്ടാണ് വീണുപോയതെന്ന എന്റെ സംശയത്തിന് ഡോക്ടര്‍ പറഞ്ഞത് 'ചെവിക്കകത്ത് ഉളള വാട്ടര്‍ ലെവല്‍ ബാലന്‍സ് തെറ്റുമ്പോഴാണ് ഇത്തരത്തില്‍ വീഴ്ച ഉണ്ടാവുക എന്നും, ഇനി ശ്രദ്ധിച്ചു നടക്കണമെന്നും, ഇങ്ങനെ ചെവിക്കകത്തുനിന്ന് ശബ്ദം ഉണ്ടാകുമ്പോള്‍ ഇരിക്കുന്നതാണ് നല്ലതെന്നുമാണ്' അദ്ദേഹം നിര്‍ദേശിച്ചത്. ഈ സംഭവം നടന്നിട്ട് ഒരു വര്‍ഷത്തിനുശേഷം കൈപ്പത്തിയില്‍ ഉണ്ടായ മുറിവിന്റെ സ്ഥാനത്ത് ചെറിയൊരു പൊട്ടുപോലെയുളള സാധനം പ്രത്യക്ഷപ്പെട്ടു. അവിടെ ചെറിയതോതില്‍ ചൊറിച്ചിലുണ്ടാവും. അപ്പോള്‍ തടവിക്കൊണ്ടിരിക്കും. ഒന്നുരണ്ടു വര്‍ഷം പിന്നെയും കഴിഞ്ഞു. ചെറിയ പൊട്ട് അല്‍പം വലുതായിക്കൊണ്ടിരുന്നു. എന്താണിങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് ഞാന്‍ അന്വേഷിക്കാന്‍ തുടങ്ങി. എന്റെ നാട്ടുകാരനും ഓര്‍ത്തോ എം.ഡി. യുമായ ഡോ: ജനാര്‍ദ്ദനനെ ചെന്നുകണ്ടു. അദ്ദേഹം നിര്‍ദേശിച്ചത് ഇത് ഓപ്പറേറ്റു ചെയ്ത് കളയുന്നതാണ് നല്ലത്. പക്ഷേ ശ്രദ്ധിക്കണം. ഓപ്പറേറ്റു ചെയ്ത് അത് എടുത്തുമാറ്റുമ്പോള്‍ അവിടെ കുഴി ഉണ്ടാവും. അത് അടയ്ക്കുകയും വേണം. അതിനുളള ആശുപത്രിയെയും ഡോക്ടറെയും കാണുന്നതാണ് നല്ലതെന്നാണ് എന്റെ സുഹൃത്തും ജനകീയ ഡോക്ടറെന്ന് അറിയപ്പെടുന്ന ഡോ: ജനാര്‍ദ്ദനന്‍ നിര്‍ദേശിച്ചത്. ഇന്നേവരെ എന്നോട് കണ്‍സള്‍ട്ടിംഗ് ഫീസ് വാങ്ങാത്ത ഡോക്ടറുമാണിദ്ദേഹം. ഇതോടെ മനസ്സിനൊരല്‍പം പ്രയാസം തോന്നി. നാട്ടില്‍നിന്ന് തന്നെ ഓപ്പറേഷന്‍ നടത്താന്‍ പറ്റുമോ എന്നന്വേഷണമായി.

പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ ഡോ: അഷ്‌റഫ് ഇതില്‍ വിദഗ്ധനാണെന്ന അഭിപ്രായം ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ കണ്ടു. ബയോപ്‌സി ചെയ്യാനുളള ഏര്‍പ്പാട് ചെയ്തു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് കിട്ടും. എന്നിട്ട് നോക്കാം. ഒരാഴ്ച കഴിഞ്ഞു. റിപ്പോര്‍ട്ട് കിട്ടി. ഉടനെ ഡോക്ടര്‍ നിര്‍ദേശിച്ചത് കണ്ണൂര്‍ കോയിലി ഹോസ്പിറ്റലില്‍ ചെന്ന് എം.ആര്‍.ഐ. സ്‌ക്കാന്‍ ചെയ്യാനാണ്. വീണ്ടും ഭയം കൂടി. എന്തോ ഗൗരവമുളള കാര്യമാണെന്ന് തോന്നി. അന്ന് തന്നെ കൊയിലി ഹോസ്പിറ്റലിലെത്തി. അവിടെ എം.ആര്‍.ഐ. സ്‌ക്കാന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നത് എന്റെ ശിഷ്യന്‍ ഡോ: വിനോദാണ്. വളരെ പെട്ടെന്ന് തന്നെ സ്‌ക്കാന്‍ ചെയ്തു. ഏഴായിരം രൂപയാണ് ചാര്‍ജ്. റിപ്പോര്‍ട്ടും സ്‌ക്കാന്‍ ഫിലിമുകളുമായി പയ്യന്നൂരിലെത്തി. ഡോ: അഷ്‌റഫ് ആകെയൊന്ന് പരിശോധിച്ചു. ഈ ഓപ്പറേഷന്‍ ഇവിടെനിന്ന് ചെയ്യാന്‍ പറ്റില്ല. വേറെ എവിടെയെങ്കിലും ചെന്നുനോക്കൂ... അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അദ്ദേഹത്തിന് ആവാത്ത കാര്യമാണെങ്കില്‍ എന്നോട് ഇത്ര ചെലവേറിയ സ്‌ക്കാന്‍ ചെയ്യാന്‍ നിര്‍ദേശിക്കണമായിരുന്നോ? സ്‌ക്കാന്‍ ചെയ്യാന്‍ ഈ ഹോസ്പിറ്റലില്‍ തന്നെ പോകണം എന്നൊക്കെ നിര്‍ദേശിച്ചതിന്റെ പിന്നില്‍ വല്ല രഹസ്യവുമുണ്ടോ?.

ഇനി അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങണ്ടേ? എന്റെ സഹപാഠിയായ നീലേശ്വരത്തെ ഡോ: രാമചന്ദ്രന്‍ നായര്‍ പലപ്പോഴും എന്നെക്കാണാന്‍ വരാറുണ്ട്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജിലെ ........... ഇത്തരം ഓപ്പറേഷന്‍ നടത്താന്‍ വിദഗ്ധനാണ്. അദ്ദേഹത്തെ ചെന്നുകണ്ടുനോക്കൂ. ഞാന്‍ വ്യക്തിപരമായി ഒരു കത്തുതരാം. വിളിച്ചു പറയാം. ധൈര്യമായി ചെല്ലൂ... സുഹൃത്തിന്റെ കത്തുമായി ഞാന്‍ ഡോക്ടറെ കാണാന്‍ ചെന്നു. നല്ല തിരക്കുളള ഡോക്ടറാണ്. കാത്തുനില്‍ക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് പ്രവേശനം കിട്ടി. ഡോ: രാമചന്ദ്രന്‍ നേരിട്ട് പറഞ്ഞതിനാല്‍ അദ്ദേഹത്തിനെന്നെ മനസ്സിലായി. ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാരൊക്കെ എന്റെ കൈ പിടിച്ചുനോക്കാനും അന്വേഷിക്കാനും തുടങ്ങി. ആ പരമ്പര തുടര്‍ന്നപ്പോള്‍ അസ്വസ്ഥത തോന്നി. ഡോക്ടര്‍ എന്നെ വിളിച്ചടുത്തിരുത്തി. 'ഞാന്‍ ഇവിടുന്ന് ചെയ്യാമായിരുന്നു. പക്ഷേ എനിക്ക് ഇവിടത്തെ മറ്റ് സഹപ്രവര്‍ത്തകരില്‍നിന്ന് വേണ്ടത്ര സഹകരണം കിട്ടിയില്ലെങ്കില്‍ പ്രയാസപ്പെടും. അതിനാല്‍ റഹ് മാന്‍ മാഷ് ഒരു കാര്യം ചെയ്യൂ. പ്ലാസ്റ്റിക് സര്‍ജറിയില്‍ വിദഗ്ധനായ എന്റെ സുഹൃത്തുണ്ട്. ഡോ: കൃഷ്ണകുമാര്‍. അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലാണ് വര്‍ക്ക് ചെയ്യുന്നത്. ഞാന്‍ ഒരു കത്ത് തരാം. അദ്ദേഹത്തെ പോയിക്കാണൂ...

' അടുത്ത ദിവസം കോഴിക്കോട് ബേബി മേമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചെന്ന് ഡോക്ടറെ കണ്ടു. ഷുഗര്‍, പ്രഷര്‍, സെര്‍വിക്കല്‍ സ്‌പൊണ്ടിലോസിസ് എന്നീ രോഗങ്ങള്‍ ഉളളതിനാല്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഓപ്പറേഷന്‍ നടത്താന്‍ തടസ്സമില്ല എന്ന പരിശോധനാ റിപ്പോര്‍ട്ട് വേണം. അടുത്ത പരിപാടി പരിശോധനകളാണ്. രണ്ട് ദിവസം അതിന് നീക്കിവെച്ചു. അതൊക്കെ ഓകെ ആയിക്കിട്ടി. ഓപ്പറേഷന്‍ തീയ്യതി നിശ്ചയിച്ചു. രണ്ട് ലക്ഷത്തോളം ചെലവ് വേണ്ടിവരുമെന്നും മുന്‍കൂറായി നിര്‍ദേശം തന്നു. എങ്ങനെയാണ് ഓപ്പറേഷനെന്നോ, എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നോ എന്നെ അറിയിച്ചിരുന്നില്ല. ഓപ്പറേഷന്‍ തീയ്യറ്ററിലെത്തി. വലത്തേ കൈ മരവിപ്പിച്ചാണ് ഓപ്പറേഷന്‍. ഒരു മണിക്കൂറിന് ശേഷം 'തുടയില്‍നിന്ന് അല്‍പം തൊലി എടുക്കുന്നുണ്ടേ' എന്ന് ആരോ പറയുന്നത് കേട്ടു. ഞാന്‍ തലയാട്ടി. സംഭവം ഭയാനകമായിരുന്നു. മുറിച്ചുകളഞ്ഞ ഭാഗത്തേക്ക് കൈത്തണ്ടയില്‍ നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് വെച്ചു. കൈക്കണ്ടയില്‍ മുറിച്ചെടുത്ത ഭാഗത്തേക്ക് തുടയില്‍നിന്ന് മുറിച്ചെടുത്ത ഭാഗം വെച്ചു. പിന്നീട് അതിന്റെയൊക്കെ ചിത്രം കണ്ടപ്പോഴാണ് ഓപ്പറേഷന്റെ ഭയാനകത ബോധ്യപ്പെട്ടത്.

ഒരാഴ്ച ആശുപത്രിയില്‍ കഴിച്ചുകൂട്ടി. രണ്ട് ലക്ഷമല്ല രണ്ടരലക്ഷം ഇതിനുവേണ്ടിയുളള ബില്‍ തുക നല്‍കേണ്ടിവന്നു. നാട്ടിലെത്തി. വീണ്ടും സുഹൃത്ത് ഡോ: ജനാര്‍ദ്ദനനെ കണ്ടു. മുറിവുണങ്ങാന്‍ കുറച്ചുകാലമെടുക്കും. രണ്ടു ദിവസം കൂടുമ്പോള്‍ കരിവെളളൂര്‍ ഗവ: ആശുപത്രിയില്‍ ചെന്ന് ക്ലീന്‍ ചെയ്ത് ബാന്‍ഡേജിടേണ്ടിവന്നു. ഇങ്ങനെ രണ്ടുമാസത്തോളം ചെയ്യേണ്ടിവന്നു. അതിനിടയില്‍ അവിടുന്ന് ബയോപ്‌സി ചെയ്ത റിപ്പോര്‍ട്ട് കിട്ടി. 'മൈസെറ്റോമ' എന്ന വൈറസ് തൊലിയില്‍ കടന്നതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. അതിന് മരുന്ന് കഴിക്കണം. ഡോ: കൃഷ്ണകുമാര്‍ എന്നെ അവിടെത്തന്നെയുളള ഡോ: ജിതേഷിന്റെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. മൈസെറ്റോമ എന്ന രോഗാണുവിന്റെ ഭീകരത പറഞ്ഞു ഭയപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളൊന്നും ഞാന്‍ സ്വീകരിച്ചില്ല. ചിലപ്പോള്‍ ഓപ്പറേഷന്‍ കഴിഞ്ഞ ഭാഗത്തിന്റെ അരികുകളില്‍ നിന്നും രോഗാണുവിന്റെ വളര്‍ച്ച ഉണ്ടാവും ശ്രദ്ധിക്കണമെന്ന് കൃഷ്ണകുമാര്‍ ഡോക്ടറിന്റെ ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞപോലെ കൈവെളളയില്‍ ചില പൊട്ടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇതുമായി വീണ്ടും ഡോ: കൃഷ്ണകുമാറിനെ കണ്ടു. അദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മിംസിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം വളരെ ഈസിയായി പറഞ്ഞു 'നമുക്കിതു മുറിച്ചുകളയാം'. നോക്കണേ ഒരു ദയാദാക്ഷീണ്യവുമില്ലാത്ത കച്ചവടക്കണ്ണ്. ഞാന്‍ ഒന്നും പറയാതെ തിരിച്ചുവന്നു.

കാസര്‍കോട്ടെ എന്റെ സുഹൃത്തും സഹ പ്രോജക്ട് ഡയറക്ടറുമായ ഡോ: നരഹരിയെ കണ്ടു. അദ്ദേഹം മണിപ്പാലിലെ ഡോ: എം.എം. ഭട്ടിന് കത്ത് തന്നു. ചെന്നു കണ്ടു. ഒരു ഓപ്പറേഷനും വേണ്ട. മരുന്നുകൊണ്ട് ഇത് മാറ്റാം. അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് ഒരു മാസം കഴിച്ചതേയുളളു. മൈസെറ്റോമ അല്ല, ബാക്ടീരിയ ആണ് ഇതിനുകാരണമെന്ന് അദ്ദേഹം കണ്ടത്തി. ഇപ്പോള്‍ ഭയം മാറി സ്വസ്ഥത കൈവന്നു. രോഗം മാറി. പക്ഷേ നാല് കൊല്ലം മുമ്പ് നടത്തിയ പ്ലാസ്റ്റിക്ക് സര്‍ജറിമൂലം വിരൂപമായ എന്റെ കൈത്തണ്ടയും, വേദനയും ഇപ്പോഴും തുടരുന്നു. രോഗം കണ്ടുപിടിക്കാനും, ഭേദമാകണമെങ്കിലും രോഗികളേ നിങ്ങളാരും തെക്കോട്ടു പോകരുതേ... വടക്കോട്ടു പോകൂ... എന്റെ അനുഭവമാണ്.

Also Read:

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍


36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Patient's, Doctor, Hospital, Story of my foot steps part-37.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia