city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലപോലെ വന്നത് മഞ്ഞുപോലെ പോയി

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം മുപ്പത്തിയാറ്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 11.01.2018) ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത ഒരനുഭവം എനിക്കുണ്ടായി. അധ്യാപകനായി മാത്രമല്ല ഡെപ്പ്യൂട്ടേഷന്‍ വഴി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്തപ്പോഴെല്ലാം സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും അഭിനന്ദനങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു. സഹപ്രവര്‍ത്തകരെക്കൊണ്ട് അവരുടെ ചുമതല ഏറ്റവും നന്നായും കൃത്യമായും നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിക്കുന്ന നടപടികള്‍ ഞാന്‍ സ്വീകരിച്ചിരുന്നു. 'തൊടുന്നതെല്ലാം പൊന്നാക്കാനുളള കഴിവ് റഹ് മാന്‍ മാഷ്‌ക്കുണ്ടെന്നാണ്' ചില സഹപ്രവര്‍ത്തകര്‍ സൂചിപ്പിക്കാറുളളത്. പല മേഖലയിലും പ്രവര്‍ത്തിച്ചപ്പോള്‍ സംസ്ഥാന-ദേശീയ തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. ഹൈസ്‌ക്കൂള്‍ അധ്യാപകനായി പ്രൊമോഷന്‍ കിട്ടിയപ്പോള്‍ പിലിക്കോട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലായിരുന്നു ജോയിന്‍ ചെയ്തത്. ആ സമയത്താണ് ഡിസ്ട്രിക്ട് പ്രൈമറി എഡ്യുക്കേഷന്‍ പ്രോഗ്രാമില്‍ ട്രെയിനറായും, കോ-ഓര്‍ഡിനേറ്ററായും ഹൈസ്‌ക്കൂള്‍ അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നത്.

ഈ പ്രോഗ്രാം സംസ്ഥാനത്ത് തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് എന്നീ മൂന്നു ജില്ലകളിലാണ് ആദ്യം ആരംഭിച്ചത്. ഇതിനായി ഓരോ വിദ്യാഭ്യാസ ഉപജില്ലകളിലും ഓരോ റിസോര്‍സ് സെന്റര്‍ സ്ഥാപിച്ചു. ഒരു റിസോര്‍സ് സെന്ററില്‍ ഒരു കോ-ഓര്‍ഡിനേറ്ററും ഓരോ വിഷയത്തിനും രണ്ടു വീതം ട്രെയിനര്‍മാരെയും നിശ്ചയിക്കും. എന്റെ അപേക്ഷ പ്രകാരം ചെറുവത്തൂര്‍ ബ്ലോക്ക് റിസോര്‍സ് സെന്ററിലാണ് സോഷ്യല്‍ സയന്‍സിന്റെ ട്രെയിനറായി നിയമനം കിട്ടിയത്. നിയമനം കിട്ടിയവര്‍ക്ക് ഡയറ്റ് (ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുകേഷന്‍ ആന്‍ഡ് ട്രയിനിംഗ്) ന്റെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന റസിഡന്‍ഷ്യല്‍ ട്രെയിനിംഗ് ക്യാമ്പ് നല്‍കുകയുണ്ടായി. ആദ്യ ട്രയിനിംഗ് നീലേശ്വരം എസ്.എന്‍.ടി.ടി.ഐയിലായിരുന്നു. ഒരു വൈകുന്നേരമാണ് ക്ലാസ്സിന്റെ ഉദ്ഘാടനം നടക്കുന്നത്. ഉദ്ഘാടനത്തിന് ഒരു സവിശേഷത ഉണ്ടായിരുന്നു. അതേ വരെ കിട്ടാത്ത പല പ്രവര്‍ത്തനങ്ങളും പരിശീലനക്കളരിയിലുണ്ടായി.

ജില്ലയിലെ മുഴുവന്‍ ട്രെയിനര്‍മാരെയും സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നിരനിരയായി നിര്‍ത്തിയിട്ട് ആദ്യം കിട്ടിയ നിര്‍ദേശം സാങ്കല്‍പ്പികമായ ചെണ്ടയും കോലുമുപയോഗിച്ച് വാദ്യം മുഴക്കാനായിരുന്നു. ഞങ്ങളില്‍ പലരും അമ്പരന്നു നിന്നു പോയി. ഇതെന്തൊരു പരിശീലനമെന്നു ചിന്തിച്ചു. ഡയറ്റില്‍ നിന്ന് പരിശീലനം നല്‍കാന്‍ വന്ന അധ്യാപകരും പ്രിന്‍സിപ്പാള്‍ രാമാനുജനും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അവര്‍ താളത്തില്‍ ചെണ്ട കൊട്ടി അഭിനയിച്ച് മാതൃക കാണിച്ചു. ജില്ലയിലെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിന്‍സിപ്പാളിങ്ങനെ ചെയ്യാമെങ്കില്‍ ഞങ്ങള്‍ക്കും എന്തുകൊണ്ടായിക്കൂടാ എന്ന ചിന്തയോടെ ഞങ്ങളും സാങ്കല്‍പ്പിക ചെണ്ടമേളം നടത്തി. ഏത് പ്രവൃത്തിയും വിദ്യാഭ്യാസ രംഗത്ത് ചെയ്തു കാണിക്കാനുളള മനക്കരുത്തുണ്ടാക്കാനുളള പരിപാടിയുടെ ഭാഗമായിരുന്നു ഇത്. പരിശീലനം കഴിഞ്ഞ് ഞങ്ങള്‍ സ്‌ക്കൂളുകളില്‍ ചെന്ന് അധ്യാപകന്മാര്‍ക്ക് പുതിയ രീതിയിലുളള പാഠ്യ പ്രവര്‍ത്തനങ്ങള്‍ കാണിച്ചു കൊടുക്കാനുളള കഴിവും പ്രാപ്തിയും കൈവരിച്ചവരായി മാറി. ക്ലാസ്സ്മുറികള്‍ കളിയും പാട്ടും ചിരിയും വിവിധ പഠന പ്രവര്‍ത്തനങ്ങളും നടക്കുന്ന പ്രവര്‍ത്തനക്കളരികളായി മാറി. ആനപ്പാട്ടു പാടി പഠിപ്പിക്കുമ്പോള്‍ ആനയായി അഭിനയിക്കാന്‍ ടീച്ചര്‍മാര്‍ തയ്യാറായി. ആനയെപ്പോലെ നാലുകാലില്‍ നടന്ന് മെടഞ്ഞിട്ട മുടി മുമ്പിലേക്കിട്ട് തുമ്പിക്കൈയാക്കിവെച്ച് ആനയായ് നടന്ന ടീച്ചര്‍മാരെ ഇന്നുമോര്‍ക്കുന്നു. കുട്ടികള്‍ക്ക് ഇത്തരം ക്ലാസ്സുകള്‍ രസകരമായി അനുഭവപ്പെട്ടു. അധ്യാപകര്‍ക്ക് പ്രവര്‍ത്തനം ദുഷ്‌കരമായി. രക്ഷിതാക്കളില്‍ ഈ പഠന സമ്പ്രദായം മുറുമുറുപ്പുണ്ടാക്കി. അക്ഷരത്തെറ്റുകള്‍ പ്രശ്‌നമാക്കേണ്ടയെന്നും കുട്ടികള്‍ക്കിഷ്ടമുളള വാക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം എഴുതിപ്പിച്ചാല്‍ മതിയെന്നും അധ്യാപകര്‍ക്ക് നിര്‍ദേശം കൊടുത്തു.

ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാറുളള പ്രാവീണ്യം കുട്ടികള്‍ക്ക് പുതിയ പഠനക്രമം വഴി നേടിയെടുക്കാന്‍ കഴിഞ്ഞു. ചെറിയ ക്ലാസ്സുകളില്‍പ്പോലും ചര്‍ച്ചയും സംവാദവും ആശയ പ്രകടന വേദികളും ഒരുക്കിക്കൊടുത്തു. നല്ല ആശയ പ്രകടന ശേഷിയുളളവരായി കുട്ടികള്‍ വളര്‍ന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഗുണ -ദോഷ സമ്മിശ്രമായിരുന്നു ഡി.പി.ഇ.പി വിദ്യാഭ്യാസ രീതി. പരിശീലനം നേടിയും നല്‍കിയും ട്രെയിനര്‍മാര്‍ മടുത്തു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രയാസപ്പെട്ടു. പരിശീലന പരിപാടിയില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങളില്‍ ചിലര്‍ തീരുമാനിച്ചു. ഞങ്ങളുടെ ബി.ആര്‍.സി യില്‍ നിന്ന് ഞാനടക്കം അഞ്ച് ട്രെയിനര്‍മാര്‍ കാഞ്ഞങ്ങാട് പൈവിഹാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തില്ല. പരിശീലനത്തില്‍ പങ്കെടുക്കാത്തവരെക്കുറിച്ച് സ്റ്റേറ്റ് പ്രോജക്ട് ഓഫീസില്‍ നിന്ന് വിവരം ആരാഞ്ഞു. അന്നത്തെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഐ.എ.എസ് ആയിരുന്നു.
മലപോലെ വന്നത് മഞ്ഞുപോലെ പോയി

കാസര്‍കോട് ജില്ലാ ഓഫീസില്‍ നിന്ന് ഞങ്ങളുടെ പേര് വിവരം സ്റ്റേറ്റ് ഓഫീസിലെത്തി. ഞങ്ങളെ അഞ്ചുപേരെയും സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉത്തരവ് ഫാക്‌സ് വഴി കാസര്‍കോട് ഓഫീസിലെത്തി. ഫോണ്‍ വഴി വിവരം ഞങ്ങളെയും അറിയിച്ചു. ഇത്ര കടുപ്പമേറിയ ആക്ഷന്‍ എടുക്കുമെന്ന് ഞങ്ങള്‍ വിചാരിച്ചില്ല. ഒരു വിശദീകരണം ചോദിക്കും, അതിനു മറുപടി പറയാം എന്നേ കരുതിയുളളു. പക്ഷേ തലപ്പത്തിരിക്കുന്ന ആളുടെ കേമത്തം കാണിക്കാന്‍ സസ്‌പെന്‍ഷന്‍ തന്നെ വേണമെന്ന് കരുതിയിട്ടാവാം ഈ നടപടി. ഞങ്ങള്‍ തളര്‍ന്നു പോയില്ല. സസ്‌പെന്‍ഷനിലായ വ്യക്തികളൊക്കെ സമൂഹത്തില്‍ അറിയപ്പെടുന്നവരായിരുന്നു. അന്നു രാത്രി തന്നെ ഞങ്ങള്‍ അഞ്ചു പേരും അധ്യാപക സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ടു. സംഘടനാ നേതാക്കള്‍ പ്രശ്‌നം ഗൗരവത്തിലെടുത്തു. അവര്‍ സ്റ്റേറ്റ് ഡയറക്ടറെ നേരിട്ടു വിളിച്ചു. ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി. സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഞങ്ങളുടെ വീട്ടുകാരൊക്കെ കാര്യം അറിഞ്ഞു. അവര്‍ക്ക് അല്‍പം വിഷമവും പ്രയാസവും തോന്നി. പക്ഷേ ആ വിഷമമൊന്നും ഞങ്ങള്‍ കാണിച്ചില്ല.

അടുത്ത ദിവസം രാവിലെ മുതല്‍ തിരുവനന്തപുരത്തുനിന്നുളള വിവരം അറിയാന്‍ കാത്തുനിന്നു. വൈകിട്ട് അഞ്ചു മണിക്കു മുമ്പ് ഫാക്‌സ് സന്ദേശമെത്തി. അഞ്ചുപേരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നു എന്നും സസ്‌പെന്‍ഷന്‍ കാര്യം സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തരുതെന്നുമായിരുന്നു ഫാക്‌സിലെ നിര്‍ദേശം. മലപോലെ വന്ന് മഞ്ഞുപോലെ പോയി. ഏതായാലും ഞങ്ങള്‍ അഞ്ചുപേരും ഒറ്റക്കെട്ടായി ഒരു തീരുമാനത്തിലെത്തി. ഇനി ഡി.പി.ഇ.പി പ്രോജക്ടില്‍ തുടരില്ലായെന്നും, മാതൃ സ്ഥാപനങ്ങളിലേക്ക് തിരിച്ചു പോകുന്നു എന്നും. ഞങ്ങളുടെ തീരുമാനം ഞങ്ങള്‍ നടപ്പാക്കി. ഇതൊക്കെയാണെങ്കിലും ഡി.പി.ഇ.പി. യെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കിയ സര്‍വ്വ ശിക്ഷാ അഭിയാന്‍ പ്രോജക്ടിന്റെ പ്രോഗ്രാം ഓഫീസറായി മൂന്നു വര്‍ഷക്കാലം സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്ത് അതേ തസ്തികയില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്.

Also Read:
1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Teacher, School, Parents, Students, Suspension, Story of my foot steps part-36.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia