city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം മുപ്പത്തിമൂന്ന്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 26.12.2017) പഠനകാല ഓര്‍മ്മകള്‍ മധുരമുളളതായിരിക്കും. ഇടയ്ക്ക് കൈപ്പേറിയതും കാണും. മനസ്സ് നൊമ്പരപ്പെടുന്ന അനുഭവങ്ങളും ഉണ്ടാവാം. ചെയ്തുപോയ, പറഞ്ഞുപോയ വസ്തുതകള്‍ പിന്നീടാലോചിക്കുമ്പോള്‍ ചെയ്യരുതായിരുന്നു... പറയരുതായിരുന്നു എന്നും പശ്ചാത്തപിക്കുകയും വേണ്ടിവരാറുണ്ട്. ജോലി നേടിയശേഷം അവധിയെടുത്ത് ഉന്നത ബിരുദം കരസ്ഥമാക്കാന്‍ കോളജുകളില്‍ വീണ്ടും ചേര്‍ന്നു പഠിക്കുകയെന്നത് വേറിട്ടൊരനുഭവമാണ്. അന്ന് മുപ്പതുകാരനാണ് ഞാന്‍. പത്ത് വര്‍ഷത്തിലേറെ പ്രൈമറി അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് ബി.എഡിന് ചേര്‍ന്നത്. പ്രസിദ്ധമായ തലശ്ശേരി ഗവ: ട്രെയിനിംഗ് കോളജില്‍ സോഷ്യല്‍ സയന്‍സ് വിഷയത്തിലാണ് ബി.എഡിന് ചേര്‍ന്നത്. അന്ന് ഏഴ് ബാച്ചുകളിലാണ് അവിടെ പരിശീലനം നല്‍കിയിരുന്നത്.

ഞങ്ങളുടെ ബാച്ചില്‍ ഇരുപത് പേരുണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ മൂന്നുപേരാണ് കൂട്ടത്തില്‍ പ്രായം ചെന്നവര്‍. ബാക്കിയുളളവരൊക്കെ ഇരുപത്-ഇരുപത്തിരണ്ട് പ്രായക്കാര്‍. ഞങ്ങളെ തമാശയ്ക്കാണെങ്കിലും ചെറുപ്രായക്കാരായ ക്ലാസ്‌മേറ്റുകള്‍- ഞങ്ങള്‍ കേള്‍ക്കാതെ തൊണ്ടമ്മാര്‍ വരവായി എന്നൊക്കെ പറയാറുണ്ട്. 1980 ലാണ് സംഭവം. വീണ്ടും ഒരു കോളജുകുമാരന്‍ എന്ന രീതിയില്‍ തന്നെയാണ് പ്രായമായിട്ടും ഞാന്‍ സഹ പഠിതാക്കളുമായി ഇടപഴകിയത്. ആ കാലയളവില്‍ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രണയമുണ്ട്, കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയമുണ്ട്, പ്രൈവറ്റ് ബസ്സില്‍ പാസ് അനുവദിക്കാത്ത പ്രശ്‌നമുണ്ട്, ഡോ: എന്‍.പി.പിളള സാറിനെപ്പോലെയുളള വിദ്യാഭ്യാസ നിചക്ഷണന്മാരെ ഇടപെടീച്ച അനുഭവമുണ്ട്.

30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

കേരളാ യൂണിവേര്‍സിറ്റി സംഘടിപ്പിച്ച എജ്യുക്കേഷന്‍ ജേര്‍ണലിസം കോഴ്‌സില്‍ പങ്കെടുത്ത അനുഭവവും, റിസല്‍ട്ട് വിത്ത്‌ഹെല്‍ഡ് ചെയ്ത കാര്യവും എല്ലാം ഇവിടെ വെച്ച് അനുഭവ ഭേദ്യമായിട്ടുണ്ട്. പ്രണയം സ്‌നേഹിക്കപ്പെടാന്‍ കൊതിക്കാത്തവര്‍ ആരുമുണ്ടാവില്ല. കോളജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് അവള്‍ പഠിക്കുന്നത്. ആ പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്കറിയില്ലായിരുന്നു. എന്നും ഞാന്‍ ബസ്സില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ അവളെ കോളജ് ഗേറ്റില്‍ കാണാം. കണ്ടപാടെ ഒന്നു ചിരിക്കും. അവള്‍ അവളുടെ ക്ലാസ്സിലേക്കും ഞാന്‍ എന്റെ ക്ലാസ്സിലേക്കും പോകും. അവളില്‍ സൗന്ദര്യമുണ്ടെന്നു ദര്‍ശിക്കാന്‍ എനിക്കു കഴിഞ്ഞില്ല. തടിച്ചുകുറുകിയ ശരീരം, മുഖമാകെ മുഖക്കുരുവിന്റെ പാട്, കണ്ണ് ചെരിഞ്ഞിട്ടാണ്, പക്ഷേ, വര്‍ത്തമാനം ആരും ഇഷ്ടപ്പെട്ടുപോകും. കോളജിലേക്ക് എനിക്കുവന്ന തപാലുകള്‍ അവള്‍ കൈയ്യിലെടുത്ത് എത്തിച്ചുതരും. ആരെങ്കിലും എടുത്ത് കൊണ്ടുപോയി നഷ്ടപ്പെടുത്തേണ്ട എന്നുകരുതിയാണ് ഞാനീ പണി ചെയ്യുന്നതെന്ന് അവള്‍ പറയും.

യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ അവളെനിക്കുവേണ്ടി വോട്ടുപിടുത്തം നടത്തുന്നതായി ഞാനറിഞ്ഞു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അവള്‍ കാപ്പികുടിക്കാനെന്നെ ക്ഷണിക്കും. കോളജിനടുത്തുളള ഇന്ത്യന്‍ കോഫീ ഹൗസില്‍ ചെന്ന് അവള്‍ കാപ്പിക്കും കട്‌ലറ്റിനും ഓര്‍ഡര്‍ ചെയ്യും. കാപ്പികുടിക്കുന്നതിനിടയില്‍ നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിക്കും. എന്നോടെന്തോ പ്രതിപത്തി ഉളളതായി ഞാന്‍ അറിഞ്ഞിരുന്നില്ല. അന്നൊരു ദിവസം കോഫീ ഹൗസിലിരുന്ന് പരസ്പരം സംസാരിക്കുമ്പോള്‍ 'തെക്കന്മാരെയൊന്നും വിശ്വസിക്കാന്‍ കൊളളില്ല' ഞാന്‍ തമാശയായി പറഞ്ഞതാണെങ്കിലും അതവളുടെ ഉളളില്‍ കൊണ്ടു. കൊല്ലത്തുകാരിയായിരുന്ന അവളുടെ മുഖം പെട്ടെന്നു ചുവന്നുതുടുത്തു. 'അതെന്താ അങ്ങനെ പറഞ്ഞത്' - അവള്‍ ആരാഞ്ഞു. 'ഞാന്‍ തമാശ പറഞ്ഞതാണപ്പാ', അവള്‍ മറുത്തൊന്നും പറയാതെ പിണങ്ങിയ ഭാവത്തില്‍ കോഫീ ഹൗസില്‍ നിന്ന് ഇറങ്ങിപ്പോയി.

പിന്നീട് കോളജ് അടക്കുന്നതിന് തലേദിവസം വരെ അവളെന്നോടു മിണ്ടിയില്ല. കോളജടക്കുന്ന ദിവസം അവള്‍ നിറകണ്ണോടെ എന്റെയടുക്കല്‍ വന്ന് പറഞ്ഞു-'എന്നെ വിശ്വസിക്കാം റഹ് മാന്‍, ഞാനാരെയും ചതിച്ചിട്ടില്ല, ദൈവാനുഗ്രഹമുണ്ടായാല്‍ വീണ്ടും കണ്ടുമുട്ടാം'. പിന്നീടവളുമായി കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല ഇന്നേവരെ. അവളിന്ന് വിവാഹിതയായി, അമ്മയായി, അമ്മൂമ്മയായി എവിടെയോ ജീവിക്കുന്നുണ്ടാവാം... ഞാനവളെ ഓര്‍ക്കുന്നതുപോലെ അവളെന്നെയും ഓര്‍ക്കുന്നുണ്ടാവാം...

ഇലക്ഷനും തോല്‍വിയും

കാലിക്കറ്റ് യൂണിവേര്‍സിറ്റി കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചു. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ജയിക്കുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ടായി. പക്ഷേ, അറബിക് സെക്ഷനിലെ വിദ്യാര്‍ത്ഥികള്‍ എനിക്ക് വോട്ടുതന്നില്ലായെന്ന് പിന്നീടറിഞ്ഞു. അതിനാല്‍ തോറ്റുപോയി, നാണക്കേടായി. താടിയും മുടിയുമൊക്കെ വളര്‍ത്തി കൂട്ടുകാരോടൊക്കെ പ്രതിഷേധിച്ചു. ഒരാഴ്ചക്കാലം കോളജില്‍ ചെന്നില്ല. മാനസിക ടെന്‍ഷന്‍ മാറ്റാന്‍ ഒരാഴ്ചക്കാലം മൈസൂരിലേക്ക് കുടുംബസമേതം ഉല്ലാസയാത്ര നടത്തുകയാണ് ചെയ്തത്.

ബസും പാസും

പ്രൈവറ്റ് ബസില്‍ സ്റ്റുഡന്റ്‌സ് പാസുമായാണ് യാത്ര ചെയ്തിരുന്നത്. 30 ല്‍ എത്തിയാലും കോളജ് വിദ്യാര്‍ത്ഥിയാവാമെന്ന കാര്യമറിയാത്ത ഒരു കണ്ടക്ടര്‍ ഉടക്കാന്‍ ശ്രമിച്ചു. 'പ്രായമായ നിങ്ങള്‍ക്ക് സ്റ്റുഡന്റ്‌സ് പാസോ? തരാന്‍ പറ്റില്ല'. അയാള്‍ ശഠിച്ചു. ഞാനും വിട്ടുകൊടുത്തില്ല. എന്റെ കയ്യിലെ ബസ്സ് പാസ് ഉയര്‍ത്തിപ്പിടിച്ച് ബസ്സിലെ യാത്രക്കാര്‍ മുഴുവന്‍ ശ്രദ്ധിക്കത്തക്കവിധം ഞാന്‍ ഒരു ചെറു പ്രസംഗം നടത്തി. ബസ്സിനുളളിലെ സഹപഠിതാക്കള്‍ എന്നെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഇത് കേട്ട യാത്രക്കാരെല്ലാം എന്റെ പക്ഷത്തായി. അവസാനം കണ്ടക്ടര്‍ വഴങ്ങി, എനിക്ക് പാസ് അനുവദിച്ചുകിട്ടി.

ജേര്‍ണലിസം കോഴ്‌സ്

കേരളാ യൂണിവേര്‍സിറ്റി അഡള്‍ട്ട് എജ്യുക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച 'ജേര്‍ണലിസം ഇന്‍ എജ്യുക്കേഷന്‍' കോഴ്‌സിന് എന്നെ തിരഞ്ഞെടുത്ത അറിയിപ്പ് കിട്ടി. വളരെ സന്തോഷം തോന്നി അത്തരമൊരു കോഴ്‌സിന് സെലക്ഷന്‍ കിട്ടിയപ്പോള്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകരെ പരിചയപ്പെടുന്നതിനും, എന്താണ് മാധ്യമപ്രവര്‍ത്തനം എന്ന് പ്രാഥമികമായി പഠിക്കാനും ഈ കോഴ്‌സ് വഴി സാധ്യമായി. ഞാന്‍ ഗുരുനാഥനെപ്പോലെ ആദരിക്കുന്ന ഡോ: കെ. ശിവദാസന്‍ പിളളയായിരുന്നു കോഴ്‌സ് ഡയറക്ടര്‍. പ്രസ്തുത കോഴ്‌സിന് സെലക്ഷന്‍ കിട്ടിയതറിഞ്ഞപ്പോള്‍ സഹപഠിതാക്കള്‍ക്കെല്ലാം അത്ഭുതമായിരുന്നു.

ഡോ: എന്‍.പി. പിളള സാറും ഞാനും

ലോകപ്രശസ്ത വിദ്യാഭ്യാസ ചിന്തകനായ ഡോ: എന്‍.പി. പിളളയെ ട്രെയിനിംഗ് കോളജിലേക്ക് കൂട്ടിക്കൊണ്ടുവന്നത് എന്റെ ശ്രമഫലമായിരുന്നു. കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ പരിചയപ്പെട്ടതാണ് അദ്ദേഹത്തെ. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഫോണ്‍ വഴി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കോളജിലേക്കെത്തിച്ചത്. ഇത്രയും പ്രഗത്ഭനായ ഒരു വ്യക്തിയെ കോളജിലേക്കെത്തിച്ചതിന് കോളജ് പ്രൊഫസര്‍മാരും, സഹപഠിതാക്കളും എന്നെ മുക്തകണ്ഠം പ്രശംസിച്ചു. ഡോ: എന്‍.പി. പിളള എന്നെക്കുറിച്ച് സംസാരമധ്യേ പറഞ്ഞ കാര്യവും എന്നെ പുളകിതനാക്കി. 'ഞാനും, കൂക്കാനം റഹ് മാനും സുഹൃത്തുക്കളാണ്. റഹ ്മാന്റെ താല്‍പര്യപ്രകാരമാണ് ഞാനിവിടെ എത്തിയത്. അപ്പോഴും സദസ്സില്‍ നിന്ന് ദീര്‍ഘനേരം നീണ്ടുനിന്ന ഹര്‍ഷാരവം ലഭിച്ചു.

റിസള്‍ട്ട് വിത്ത്‌ഹെല്‍ഡ് ചെയ്തു

ബി.എഡ്. റിസള്‍ട്ട് വന്നു. എന്റെ പേര് കാണാനില്ല. അവസാന ഭാഗത്ത് വിത്ത് ഹെല്‍ഡ് ചെയ്തു എന്ന് കാണുന്നുണ്ട്. കോളജിലെത്തി പ്രൊഫ: കെ.വി. നാരായണന്‍ സാറിനെ കണ്ടു. 'താന്‍ ഭയപ്പെടേണ്ട, തനിക്ക് ഫസ്റ്റ്് ക്ലാസ്സുണ്ടാവും, യൂണിവേഴ്‌സിറ്റിയില്‍ ചെന്ന് പരീക്ഷാ വിഭാഗത്തില്‍ അന്വേഷിക്കൂ'. സാറിന്റെ വാക്കുകള്‍ അല്‍്പം ഒരാശ്വാസം തന്നു. അന്നുതന്നെ കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ എത്തി. പരീക്ഷാവിഭാഗം മേധാവിയെ കണ്ടു. അദ്ദേഹത്തില്‍നിന്ന് ഫസ്റ്റ് ക്ലാസ്സ് ഉണ്ടെന്ന ആ സന്തോഷ വാര്‍ത്തയറിഞ്ഞു. അടുത്ത ദിവസം തന്നെ ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ റിസള്‍ട്ട് തരാം എന്ന് പറഞ്ഞു. അങ്ങനെ ആ കടമ്പയും കടന്നുകിട്ടി. പ്രായം ചെന്നാലും പഠിക്കാന്‍ കഴിയുമെന്നതും കേവലം ഒരു വര്‍ഷത്തെ ബി.എഡ്. പഠനക്കാലത്ത് മറക്കാനാവാത്ത ഒരു പിടി നനുത്തതും, പൊളളുന്നതുമായ അനുഭവങ്ങള്‍ക്ക് സാക്ഷിയാകാനും കഴിഞ്ഞു എന്നുളളതും മനോമുകുരത്തില്‍ തങ്ങി നില്‍ക്കുന്ന അക്ഷയ ഖനികളാണ്.


Also Read: 1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, College, Girl, Bus, Election, Story of my foot steps part-33.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia