city-gold-ad-for-blogger
Aster MIMS 10/10/2023

പേടിപ്പെടുത്തിയ ചുടുകാട്

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം ഇരുപത്തിയഞ്ച്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 31.10.2017) പണ്ടൊക്കെ മരിച്ചു കഴിഞ്ഞ വ്യക്തിയുടെ ശവ ശരീരം ചുടുകാട്ടിലേക്ക് കൊണ്ടുപോയി ദഹിപ്പിക്കലാണ്. ഹിന്ദു വിഭാഗത്തിന്റെ ശവസംസ്‌കാര രീതി....... ജാതിയുടെ ഉയര്‍ച്ച താഴ്ചക്കനുസരിച്ച് ശവശരീരം മണ്ണില്‍ പൂഴ്ത്തുക, കുഴിച്ചിടുക, കത്തിച്ചുകളയുക തുടങ്ങിയ രീതികളാണ് അവലംബിച്ചിരുന്നത്. ശ്മശാനം, ചുടുകാട് എന്നിവിടങ്ങളിലൂടെ രാത്രിയായാലും പകല്‍ സമയമായാലും യാത്ര ചെയ്യാന്‍ ഭയമാണ്. ഞങ്ങളുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പറഞ്ഞു ഭയപ്പെടുത്തിയിരുന്നത് അവിടങ്ങളില്‍ കൂളി( പിശാച് ) ഉണ്ടാവും, രാത്രിയില്‍ അവ ചൂട്ടുകത്തിച്ചു പിടിച്ച് നടക്കും എന്നൊക്കെയാണ്. ചിലപ്പോള്‍ കൂളി കൂടും( മരിച്ചു പോയ വ്യക്തി ആളുകളുടെ ശരീരത്തിലേക്ക് പ്രവേശിക്കല്‍) എന്ന് പറഞ്ഞും ഭയപ്പെടുത്തും. കൂളികൂടിയ ആളുകളെ ഞങ്ങള്‍ കണ്ടിട്ടുമുണ്ട്. അവര്‍ എന്തൊക്കെയോ വിളിച്ചു പറയുകയും മരിച്ചു പോയവരുടെ ശബ്ദത്തില്‍ ആ വീട്ടിലെ മറ്റ് വ്യക്തികളോട് സംസാരിക്കുകയും മറ്റും ചെയ്യും. ഇതൊക്കെ അറിയുന്നത് കൊണ്ടാണ് ചുടുകാടിനടുത്തുകൂടി പോകാന്‍ ഭയം.

ഇങ്ങിനെ ചിലരില്‍ കണ്ടു വരുന്ന രോഗം ഹിസ്റ്റീരിയ ആണെന്നും മറ്റും പിന്നീടാണ് മനസ്സിലായത്. ഞങ്ങള്‍ മുമ്പ് താമസിച്ചിരുന്ന കൂക്കാനം തറവാട് പറമ്പിന്റെ അയല്‍പക്കത്ത് വാണിയ സമുദായക്കാരുടെ ചുടുകാടുണ്ട്. ആ കുടുംബത്തില്‍ ആരെങ്കിലും മരണപ്പെട്ടുകഴിഞ്ഞാല്‍ ഏറ്റവും പ്രയാസപ്പെടുന്നത് ആ ശ്മശാനത്തിന് ചുറ്റുമുള്ള പറമ്പുകളില്‍ താമസിക്കുന്നവരാണ്. കോയ്യന്‍ ചീരുകണ്ടന്‍, കോരന്‍മേസ്ത്രി, കുണ്ടത്തില്‍ കുഞ്ഞാതി, ഞങ്ങളുടെ പറമ്പ് എന്നിവരുടെ താമസ സ്ഥലമാണ് ചുറ്റുമുള്ളത്.

പേടിപ്പെടുത്തിയ ചുടുകാട്

ആദ്യം സൂചിപ്പിച്ച കുടുംബത്തില്‍ നിന്ന് ആരെങ്കിലും മരിച്ചാല്‍ ഞങ്ങള്‍ക്ക് ദു:ഖമല്ല, പകരം വെറുപ്പും വിദ്വേഷവുമാണ് ഉണ്ടായിരുന്നത്. ചുടുകാട് എന്ന് പേരുമാത്രമേയുള്ളു. തുറന്ന സ്ഥലമാണ്. ഞങ്ങളുടെ പറമ്പിന്റെ പടിഞ്ഞാറെ കയ്യാലയുടെ അരികിലാണ് ഈ ക്രിയ നടക്കുന്നത്. ശവശരീരം കത്തുമ്പോള്‍ നാറ്റം സഹിക്കവയ്യാതെ അയല്‍ വീട്ടുകാരെല്ലാം വാതിലും ജനലുമടച്ച് വീട്ടിനകത്ത് ഒതുങ്ങി കൂടുകയാണ് ചെയ്തിരുന്നത്. കിണറ് മെടഞ്ഞ ഓലകൊണ്ട് മൂടും, വീട്ടുപകരണങ്ങളും മറ്റും എടുത്ത് വീട്ടിനുള്ളില്‍ വെക്കും. പുകയും പൊടിയും ആ പ്രദേശമാകെ വ്യാപിക്കും. ചുടലയില്‍ നിന്നുയര്‍ന്നു പറന്നു വരുന്ന വെണ്ണീര്‍ പറമ്പിലാകെ പറന്നുവീണിട്ടുണ്ടാവും.

ശവ സംസ്‌കാര ചടങ്ങിന്റെ പുക പടലങ്ങളൊക്കെ അടങ്ങുന്ന വരെ വീട്ടിനുള്ളില്‍ കൂടിയ ഞങ്ങള്‍ മെല്ലെ പുറത്തിറങ്ങും. വാണിയന്‍ കണ്ണന്‍ എന്ന് പേരായ ഒരു പ്രമുഖന്റെ അധീനതയിലുള്ള സ്ഥലമാണിതൊക്കെ. അദ്ദേഹത്തിന്റെ മകനായ നാരായണന്‍ മാസ്റ്ററാണ് കൂക്കാനത്തെ ആദ്യത്തെ അധ്യാപകന്‍, കായികാധ്യാപികയായ ജാനകി ടീച്ചറും അദ്ദേഹത്തിന്റെ മകളായിരുന്നു. ഇവരൊക്കെ മരിച്ചു കഴിഞ്ഞു. അവരെയും ദഹിപ്പിച്ചത് ഈ സ്ഥലത്തുതന്നെയായിരുന്നു. മാനസിക വിഭ്രാന്തി പിടിപെട്ടാണ് വാണിയന്‍ കണ്ണന്‍ മരിച്ചത്. തടിച്ചു കൊഴുത്ത മനുഷ്യനായിരുന്നു. അദ്ദേഹത്തെയും പ്രസ്തുത ശ്മശാനത്തിലാണ് ദഹിപ്പിച്ചത്. കൊഴുത്ത ശരീരഭാഗം കത്താത്തതിനാല്‍ മഴു കൊണ്ട് വെട്ടിമുറിച്ചാണ് കത്തിച്ചതെന്ന് പറയുന്നത് കേട്ടു. അതൊന്നും കാണാന്‍ പറ്റിയില്ല. ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാന്‍ പേടിയാണ് അന്നും ഇന്നും.

ഞങ്ങളുടെ നെല്‍കൃഷി പാടത്തിലേക്ക് എത്താന്‍ ചുടുകാടുള്ള പറമ്പിന്റെ ഓരത്തുകൂടി വേണം നടക്കേണ്ടത്. ശവം ദഹിപ്പിച്ച ആസ്ഥലത്ത് വലിയ മരത്തണ്ടുകള്‍ പകുതി കത്തിയ നിലയിലൊക്കെ കാണാം. ചെറിയ കുഴി ഉണ്ടാക്കി അതിനുമുകളില്‍ നാലുഭാഗത്തും വലിയ മരത്തണ്ടുവെക്കും. എന്നിട്ട് വിറക് പാവും അതിന്മേലാണ് ശവം വെക്കുക. ശവത്തിനുമുകളില്‍ വിറക് ചിരട്ട എന്നിവ നിരത്തി ചിതയൊരുക്കും. അക്കാലത്ത് അതിരാവിലെ മരം വെട്ടുന്ന ശബ്ദം കേട്ടാല്‍ പ്രായമുള്ളവര്‍ പറയും ആരോ മരിച്ചിട്ടുണ്ട് എന്ന്. പലപ്പോഴും ആ ഊഹം ശരിയായിരിക്കും. വീട്ടുപറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന മാവ് മരമാണ് ഇതിനായി കീറി മുറിച്ച് വിറകാക്കുക. ഞങ്ങളുടെ പറമ്പില്‍ പടിഞ്ഞാറുഭാഗത്ത് വലിയൊരു വരിക്കപ്ലാവുണ്ട്. അതിനുമുകളില്‍ കയറി നിന്നാല്‍ ചുടുകാടും മറ്റും ശരിക്ക് കാണാന്‍ പറ്റും. പ്രായമായതിനുശേഷം കുറേശ്ശെ ധൈര്യം കിട്ടിത്തുടങ്ങി.

ഒരു ദിവസം രാത്രി അമ്മാവന്റെ കടയും പൂട്ടി വീട്ടിലേക്ക് നടന്നു വരികയാണ് ഞാന്‍. ശവദാഹം നടക്കുന്ന സ്ഥലത്തിന്റെ സമീപത്തുകൂടിയാണ് വീട്ടിലേക്ക് വരേണ്ടത്. അതിനടുത്ത് എത്തുമ്പോള്‍ കണ്ണടച്ചു പിടിച്ചാണ് നടക്കുക. എന്തിനെയെങ്കിലും കാണേണ്ട എന്ന കരുതിയാണ് കണ്ണടക്കുന്നത്. അന്നേക്ക് അവിടെ ശവസംസ്‌കാരം നടന്നിട്ട് മൂന്നോ നാലോ ദിവസം കഴിഞ്ഞതേയുള്ളു. ധൈര്യത്തോടെ കണ്ണു തുറന്ന് അവിടേക്ക് നോക്കി. അതാ ഒരു തീ നാളം കണ്ണില്‍ പെട്ടു. പെട്ടെന്ന് കെട്ടമരുകയും ചെയ്തു. പേടിച്ചു വിറച്ചാണ് വീട്ടിലേക്ക് ഓടിയത്. അടുത്ത ദിവസം നല്ല പനി വന്നത് ഓര്‍മ്മയുണ്ട്.

ഹൈസ്‌കൂള്‍ പഠന കാലത്താണ് ശവം സംസ്‌കരിച്ച സ്ഥലത്തുണ്ടായ തീ നാളത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. മനുഷ്യ ശരീരത്തിലെ അസ്ഥിക്കകത്ത് അല്പം ഫോസ്ഫറസ് ലവണമുണ്ടാകും. അത് വായുവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ കത്തും അതാണ് അന്ന് ശ്മശാനത്തില്‍ ഞാന്‍ കണ്ട തീ നാളം അല്ലാതെ പിശാചോ കൂളിയോ തീ പന്തവുമായി എണീറ്റു വരുന്നതല്ല എന്ന് ബോധ്യമായത്. അന്തരീക്ഷ മലിനീകരണവും അയല്‍പക്ക വീട്ടുകാര്‍ക്കുള്ള പ്രയാസങ്ങളും നോക്കുമ്പോള്‍ മണ്ണിനടിയില്‍ കുഴിച്ച് മൂടുന്നതാണ് നല്ലത്. മണ്ണിന് വളമായെങ്കിലും പ്രയോജനപ്പെടുമല്ലോ.

ഇന്ന് കാലോചിതമായ മാറ്റം ശവം സംസ്‌കരിക്കുന്നതില്‍ വന്നിട്ടുണ്ട്. വലിയ പട്ടണങ്ങളില്‍ വൈദ്യുത ശ്മശാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗ്രാമ മേഖലകളിലൊക്കെ നവീകരിച്ച പൊതു ശ്മശാനങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു പൊതു ജനത്തിന് ദ്രോഹം ചെയ്യാത്ത വിധത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു. ഇതെല്ലാമായിട്ടും ചില കുടുംബക്കാര്‍ അവരുടെ പറമ്പില്‍ തന്നെ ശവം ദഹിപ്പിച്ചുകൊണ്ടിരിക്കുന്ന രീതി തുടര്‍ന്നു വരുന്നു. ഞാനിവിടെ സൂചിപ്പിച്ച ചുടുകാട് ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്. കുട്ടിക്കാലം മുതല്‍ ഞാനനുഭവിച്ചറിഞ്ഞ പ്രയാസങ്ങളും ഭയപ്പാടുകളും ഇതുമൂലം എന്റെ മനസ്സിനേല്‍പ്പിച്ച മുറിപ്പാടുകളും ഉണങ്ങാതെ നിലനില്‍ക്കുകയാണ്.

ശവ സംസ്‌കാര ദിവസങ്ങളില്‍ വീട്ടിനകത്ത് അടച്ച് പൂട്ടി ജയില്‍ വാസമാണ് അനുഭവിച്ചിരുന്നത്. സഹിക്കാന്‍ വയ്യാത്ത ദുര്‍ഗന്ധം മൂലം ഛര്‍ദ്ദിച്ച് അവശനായിട്ടുണ്ട്. കുറേ കാലത്തേക്ക് ഭയം മൂലം പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. മരിച്ചുപോയ വ്യക്തിയുടെ മുഖം മനസ്സില്‍ തങ്ങി നില്‍ക്കുന്നതുമൂലം ഉറക്കത്തില്‍ സ്വപ്നം കണ്ട് പേടിച്ച് വിറച്ച് കരഞ്ഞിട്ടുണ്ട്. ഇങ്ങിനെ മറക്കാനാവാത്ത നിരവധി മുറിവുകള്‍ മനസ്സിലുണ്ടാക്കിയിട്ടുണ്ട് വീടിന്റെ അയല്‍പക്ക പറമ്പിലെ ചുടുകാട്.

Also Read: 1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം


24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, forest, Funeral, Story of my foot steps part-25.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL