city-gold-ad-for-blogger
Aster MIMS 10/10/2023

ഒരു രണ്ടാം വരവ്

അനുഭവം 17 / ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 24.08.2018) വേദനയും അസ്വസ്ഥതയും നിറഞ്ഞ നാളുകള്‍ അകന്നു പോയി. മരുന്നും വിശ്രമവും തീര്‍ത്ത തടവ് ജീവിതത്തിന്റെ ചങ്ങലകള്‍ അഴിഞ്ഞു. ചിട്ടപ്പെടുത്തിയ ദിനചര്യകള്‍ ശരീരത്തിനും മനസ്സിനും സുഖം പകര്‍ന്നു. വായനയും എഴുത്തും സംസ്‌കൃതി കൂട്ടായ്മകളും സുഹൃത്ത് സംഗമവും എല്ലാം തീര്‍ത്ത സാന്ത്വന വഴിയില്‍ യാത്ര തുടര്‍ന്നു. അധിക കാലം മേഞ്ഞ് നടക്കാന്‍ പറ്റില്ല. ആറു മാസത്തിന് മുമ്പ് ഷാര്‍ജയില്‍ ഇറങ്ങിയിരിക്കണം. വിസയുടെ നിയമം അങ്ങിനെയാണ്. രാജ്യത്തിന് പുറത്ത് പോയി നിശ്ചിത സമയത്ത് തിരിച്ചെത്തിയില്ലെങ്കില്‍ വിസ ക്യാന്‍സലാകും. ഗള്‍ഫിലെ കൂട്ടുകാരും അതുപോലെ നാട്ടില്‍ നിന്നും ബന്ധുക്കളും മടക്ക യാത്രയെപ്പറ്റി ഓര്‍മ്മപ്പെടുത്തി.

സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വായു ശ്വസിച്ച് പറന്ന് നടക്കുന്ന ജന്മദേശത്തു നിന്നും മാറി നിയമങ്ങളുടെയും പരിമിതികളുടെയും ഇടമായ ഗള്‍ഫിലേക്ക് വീണ്ടും പോകുന്ന കാര്യം ചിന്തിക്കുമ്പോള്‍ അറിയാതെ നടുങ്ങും. ഏകാന്തത കുത്തി നിറച്ച വിരഹ ദിനങ്ങള്‍ മനസ്സില്‍ അപശ്രുതിയായി. മൂന്നു മാസം കൊണ്ട് മുപ്പത് വര്‍ഷത്തെ അനുഭവങ്ങളാണ് മരുഭൂമി സമ്മാനിച്ചത്. വീണ്ടും ആ ചുറ്റുപാടിലേക്ക് എങ്ങനെ തിരിച്ചെത്തും.? പോകാതെ പറ്റില്ല. തന്നെപ്പറ്റിയുള്ള പലരുടെയും പ്രതീക്ഷകള്‍ ഊതിക്കെടുത്താന്‍ കഴിയില്ല. ആദ്യ പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ ആരോടും പങ്കു വെച്ചിട്ടില്ല. അവരുടെ പ്രതീക്ഷ പോലെ അവിടെ പരമസുഖം എന്ന സങ്കല്‍പം മായ്ച്ചു കളയാന്‍ എന്തു കൊണ്ടോ പറ്റുന്നില്ല. ഗള്‍ഫില്‍ പോയി ചെറിയ സമയം കൊണ്ട് പണവും പത്രാസുമായി മടങ്ങി വന്നവരുടെയും ഗള്‍ഫില്‍ സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നവരെപ്പറ്റിയും മാത്രം പറയുകയും ചിന്തിക്കുകയും ചെയ്യുന്നവരോട് അവിടെ യാതന നിറഞ്ഞ ഒരു ജീവിതമുണ്ടെന്നും, അകലെ നിന്നും കാണുന്നതല്ല ജീവിതമെന്നും പറഞ്ഞാല്‍ ആര്‍ക്കും വിശ്വാസം വരില്ല.
ഒരു രണ്ടാം വരവ്

രണ്ടും മൂന്നും വര്‍ഷങ്ങള്‍ ദിവസവും പതിനാല് മണിക്കൂര്‍, വിശ്രമവും ഭക്ഷണവും ഇല്ലാതെ അടിമയെപ്പോലെ അദ്ധ്വാനിക്കുന്നവനെപ്പറ്റി അറിയാന്‍ നാട്ടിലെ ആശ്രിതര്‍ക്ക് താല്‍പ്പര്യമില്ല. വലിയ മണിമാളികയും കാറും ആഡംബരങ്ങളും ഒരുക്കുന്ന ജഗ പൊഗയാണ് അവരുടെ ഗള്‍ഫുകാരന്‍. കഷ്ടപ്പാടും വിഷമങ്ങളും ആരെയും അറിയിക്കാതെ ആവശ്യപ്പെടുന്ന പണം കടം വാങ്ങിയായാലും സമയത്തിന് എത്തിക്കുന്ന പാവം പ്രവാസിയുടെ കണ്ണുനീരിന്റെയും ഒറ്റപ്പെടലിന്റെയും കഥ ആരും പുറത്ത് പറയാന്‍ മിനക്കെടാറില്ല. ഗള്‍ഫ് ജീവിതത്തിന്റെ വലയത്തില്‍ സ്വയം എരിഞ്ഞു തീരാന്‍ ഓരോ പ്രവാസിയും രൂപപ്പെടുന്നു. സുഖങ്ങളും ആശ്വാസങ്ങളും എല്ലാം, കുടുംബത്തിന്റെയും ബന്ധുക്കളുടെയും സാന്ത്വനം നിറഞ്ഞ വാക്കുകളില്‍ കണ്ടെത്തുന്നു. ഒരു വണ്ടിക്കാളയായി നിരന്തരം നടന്നു തീര്‍ക്കുന്ന വഴികളെപ്പറ്റി ചിന്തിക്കാന്‍ അധികം ഗള്‍ഫുകാരനും സമയം കിട്ടാറില്ല. ജോലി, വിശ്രമം, നാട്ടിലെ പരിമിതമായ അവധികാല ജീവിതം. ഇത് ഒരു നിയോഗമായിത്തുടര്‍ന്നു. അടര്‍ക്കളത്തില്‍ ഒന്നും നേടാത്ത പടയാളിയായി അസ്തമിക്കുന്നു.

ഇപ്രാവശ്യത്തെ യാത്ര ഷാര്‍ജ എയര്‍പോര്‍ട്ടു വഴിയാണ്. ആദ്യ യാത്രയില്‍ ഉണ്ടായ അമ്പരപ്പും കൗതുകവും ഒന്നും ഇപ്പോള്‍ അനുഭവപ്പെടുന്നില്ല. മുംബൈയില്‍ നിന്നും രാവിലെ പുറപ്പെട്ട വിമാനം ഷാര്‍ജയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ അവിടെയും പ്രഭാതം വിടരുകയാണ്. വേഗം നടന്നു. കൂടെയുള്ള യാത്രക്കാരില്‍ പരിചയക്കാര്‍ ഇല്ലെങ്കിലും മലയാളികള്‍ ധാരാളം. എനിക്ക് പോകാനുള്ള സ്ഥലത്തിന് അടുത്തു തന്നെ ജോലിയുള്ളവരും ഉണ്ട്. മുംബൈ വിമാനത്താവളത്തില്‍ വെച്ച് അവരെ പരിചയപ്പെട്ടപ്പോള്‍ കൂടെ പോകുന്ന കാര്യം ഏല്‍പ്പിച്ചതാണ്. പരിശോധനകള്‍ ഓരോന്നും കടന്നു. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നു വ്യത്യസ്തമായി അല്‍പം കര്‍ശനമാണ് ഷാര്‍ജയിലെ ഉദ്യോഗസ്ഥന്മാരുടെ ഇടപെടല്‍. തിരിച്ചു പോയ നാളും തീയ്യതിയും മാസവും ദിവസവും എല്ലാം എണ്ണിത്തിട്ടപ്പെടുത്തി ആറു മാസത്തെ കാലാവധി ഗണിക്കുന്നു. മണിക്കൂറുകള്‍ പോലും ശ്രദ്ധിക്കുന്നു. എന്റെ കൂടെ വന്ന ഒരാളുടെ കാലാവധി തികയാന്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ബാക്കിയുള്ളത്. അതു പോലും ചോദ്യം ചെയ്യപ്പെടുന്നു. ദുബായിലാണെങ്കില്‍ ഇത്ര പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മറ്റൊരാള്‍ പറഞ്ഞു.

പല ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അയാളെ കടത്തിവിട്ടത്. ഞങ്ങള്‍ നാലു പേര്‍ ഒന്നിച്ചു ഞങ്ങള്‍ക്ക് എത്തേണ്ട സ്ഥലത്തേക്ക് ടാക്‌സിയില്‍ കയറി. പ്രായം ചെന്ന പാകിസ്ഥാനിയാണ് ഡ്രൈവര്‍. സെറിഗ് ടാക്‌സിയില്‍ പത്ത് ദിര്‍ഹം കൊടുത്താല്‍ മതി. ഒറ്റയ്ക്ക് യാത്ര ചെയ്യണമെങ്കില്‍ വലിയ സംഖ്യ കൊടുക്കേണ്ടി വരും. ആദ്യ കാലങ്ങളില്‍ യുഎഇയില്‍ മുഴുവന്‍ സ്ഥലങ്ങളിലും സെറിഗ് ടാക്‌സികള്‍ ഉണ്ടായിരുന്നു. പിന്നീട് നിയമം മാറി. ടാക്‌സികളെല്ലാം കമ്പനികള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ടാക്‌സി കൊണ്ട് ഉപജീവനം നടത്തിയിരുന്ന പാകിസ്ഥാനിയും ഇന്ത്യക്കാരനും ബംഗ്ലാദേശുകാരനും ഇതു വലിയ തിരിച്ചടിയായി. കമ്പനികള്‍ വന്നതോടെ സെറിഗ് സമ്പ്രദായം അവസാനിച്ചു. ടാക്‌സി ഡ്രൈവര്‍ കമ്പനിയുടെ ജോലിക്കാരായിത്തീര്‍ന്നു. ഇവരുടെ വരുമാനം ശമ്പളത്തിലും ചെറിയ കമ്മീഷനിലും ഒതുങ്ങി. കാലം കടന്നപ്പോള്‍ ഈ മേഖലയില്‍ കമ്പനികള്‍ വര്‍ദ്ധിച്ചു; മത്സരവും. ഇതിനിടയില്‍ സര്‍ക്കാര്‍ ബസ്സ് സര്‍വ്വീസുകളും ആരംഭിച്ചു.

ഇന്ന് ഗള്‍ഫിലെ ഏത് കോണില്‍ ചെന്നെത്താനും ബസ്സുകള്‍ ഉണ്ട്. സ്വകാര്യ ബസ്സുകള്‍ കമ്പനി ആവശ്യത്തിനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്നതിനും മാത്രമാണ്. മറ്റു യാത്രാ മേഖലകള്‍ മുഴുവനും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ഇതു കൊണ്ട് തന്നെ ഇവിടെ സഞ്ചാര മേഖലയില്‍ ചൂഷണം നടക്കുന്നില്ലെന്നത് പോലെ വലിയ ലാഭത്തിലാണ് ഈ ബസ്സ് സര്‍വ്വീസുകള്‍. അഴിമതിയില്ലാത്തതു കൊണ്ടും ഉദ്യോഗസ്ഥന്മാരുടെ കാര്യക്ഷമത കൊണ്ടും ലോകത്തിലെ തന്നെ മികച്ച സര്‍വ്വീസായി ഇത് നിലനില്‍ക്കുന്നു. കേരളത്തിലെ ആനവണ്ടി കോര്‍പ്പറേഷന് ഇവിടങ്ങളില്‍ നിന്നും ധാരാളം മാതൃകകള്‍ പിന്‍പറ്റാന്‍ ഉണ്ടാകും.

ബാവ മുഹമ്മദിന്റെ മുറിയിലേക്ക് പോകാന്‍ തീരുമാനിച്ച് അല്‍ വഹ്ദയിലെ മദര്‍ ഗേറ്റ് എന്ന സ്ഥലത്ത് ടാക്‌സിയിറങ്ങി. സമയം എട്ടുമണി.. റോഡില്‍ വാഹനങ്ങളുടെ തിരക്ക് ആരംഭിച്ചിരിക്കുന്നു. ജോലിക്ക് പോകുന്നവരും കമ്പനി തൊഴിലാളികളെ കുത്തി നിറച്ച ലോറിയും ബസ്സും എല്ലാം ചീറിപ്പായുന്നു. ജോലി സ്ഥലം ലക്ഷ്യമാക്കി കാല്‍നടയായി പോകുന്നവരും ധാരാളം. അധിക സ്ഥാപനങ്ങളും രാവിലെ തന്നെ പ്രവര്‍ത്തനം തുടങ്ങുന്നു. ഹോട്ടലുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഇതില്‍ മുന്നിലാണ്. കമ്പനികളും രാവിലെ പ്രവര്‍ത്തനം തുടങ്ങും. സ്‌കൂളുകള്‍ അതിരാവിലെ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് കൊണ്ട് രാവിലെ മുതല്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ബഹളം തെരുവുകളെ സജീവമാക്കും. കുട്ടികളെ ബസ്സ് കയറ്റി വിടാന്‍ റോഡരികില്‍ കൂട്ടം കൂടി നില്‍ക്കുന്ന വീട്ടമ്മമാര്‍ രാവിലെയും ഉച്ചയ്ക്കും കാണാം. ഗള്‍ഫ് വീട്ടമ്മമാര്‍ക്ക് തമ്മില്‍ വിശേഷം കൈമാറാന്‍ ഇത്തരം അവസരങ്ങള്‍ ഏറെ ഉപകാരപ്പെടുന്നു. നാട്ടിലെ പഴയ കുളക്കടവ് പോലെ നാട്ടിലെയും വീട്ടിലെയും വിശേഷങ്ങളും ഏഷണികളുമെല്ലാം ഇവിടെ ഏറെ നേരം പരസ്പരം കൈമാറാന്‍ പറ്റും. സ്‌കൂള്‍ സമയം കഴിയുന്നതോടെ തെരുവുകളിലെ തിരക്ക് കുറയും. വൈകുന്നേരങ്ങളില്‍ വീണ്ടും ഇത്തരം തെരുവുകള്‍ ഉത്സവപ്പറമ്പ് പോലെ ആഘോഷ വര്‍ണ്ണങ്ങള്‍ നിറയും. ജോലി കഴിഞ്ഞ് എത്തിയവര്‍ കുടുംബത്തോടൊപ്പവും അല്ലാത്തവര്‍ കൂട്ടുകാരോട് ചേര്‍ന്നും തെരുവുകളില്‍ എത്തും.

കടയിലെത്തിയപ്പോള്‍ മുഹമ്മദ് ഭായിയും ഹനീഫയും ഉണ്ട്. നാട്ടു വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി. അസുഖത്തിന്റെ വിവരങ്ങളും ആശുപത്രി ദിനങ്ങളും എല്ലാം ചര്‍ച്ചയില്‍ കടന്നു പോയി. മുറിയിലെ പഴയ താമസക്കാര്‍ വിട്ടുപോയി. ഇപ്പോള്‍ പുതിയ ചിലര്‍ എത്തിയിട്ടുണ്ട്. ബാച്ചിലര്‍ റൂമുകളില്‍ അങ്ങനെയാണ്. ജോലി സ്ഥലത്തിന് അടുത്തും വാടക, മറ്റു സൗകര്യങ്ങള്‍ എല്ലാം നോക്കി പലപ്പോഴും മുറികള്‍ മാറിമാറി താമസിക്കും. ആദ്യ കാലങ്ങളില്‍ ഒരു ബെഡ് സ്‌പേസിന് (ഒരാള്‍ക്ക് താമസിക്കാന്‍) നൂറ്റി അമ്പത് ദിര്‍ഹം വരെയായിരുന്നു ഉയര്‍ന്ന വാടക. പിന്നെ പിന്നെ അത് അഞ്ഞൂറ് വരെയെത്തി. ഭക്ഷണ കാര്യങ്ങളിലും കാലങ്ങളിലൂടെ ഈ മാറ്റം സംഭവിച്ചു. ശമ്പളക്കാര്യത്തിന് മാത്രം വലിയ മാറ്റം വന്നില്ല എന്നതാണ് കൗതുകം.

മുറിയില്‍ പുതിയ ആള്‍ക്കാരെ പരിചയപ്പെട്ടു. ബാവ മുഹമ്മദ് നാട്ടില്‍ പോവുകയാണ്. ഹനീഫയ്ക്ക് അബുദാബിയില്‍ മറ്റൊരു നല്ല ജോലി ശരിയായി പോകുന്നു. അങ്ങിനെ കടയില്‍ ഒഴിവ് വരുന്നുണ്ടെങ്കിലും എനിക്ക് കടയിലെ ജോലിയില്‍ ഒരു പരിചയവും ഇല്ല. അതുമാത്രമല്ല അറബിയും ഹിന്ദിയും അറിയുകയും വേണം. കസ്റ്റമര്‍ അറബി ഭാഷ സംസാരിക്കുന്നവരാണ് കൂടുതലും. ശരീഫ് ഗള്‍ഫിലെത്തിയ നാള്‍ മുതല്‍ കടയില്‍ ജോലി കിട്ടിയത് കൊണ്ട് എല്ലാം അല്‍പാല്‍പം അറിയാം. മുഹമ്മദ് ഭായിയുടെ അടുത്ത ബന്ധുവാണ്. അതുകൊണ്ട് ഹനീഫയുടെ ഒഴിവില്‍ ശരീഫിന് ജോലി കിട്ടി. എന്റെ ജോലിക്കാര്യം വീണ്ടും അനിശ്ചിതത്വത്തില്‍. എന്തു ചെയ്യും.? പഴയതു പോലെ കമ്പനി തേടിയിറങ്ങണോ? ശരീഫ് ആശ്വസിപ്പിച്ചു. നമുക്ക് അന്വേഷിക്കാം. നല്ലൊരു ജോലി തീര്‍ച്ചയായും കിട്ടും.

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-9:
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

അനുഭവം-11:
പുതിയ സങ്കേതത്തില്‍

അനുഭവം-13:
വേദനയില്‍ കുതിര്‍ന്ന നാളുകള്‍

അനുഭവം-14:
മടക്കയാത്രയുടെ ഒരുക്കങ്ങള്‍

അനുഭവം-15:

അനുഭവം-16:
ആശുപത്രിയിലെ ദിനരാത്രങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Ibrahim Cherkala, Article, Ibrahim Cherkalas experience 17, Story, Friends

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL