Join Whatsapp Group. Join now!
Aster MIMS 10/10/2023

ആശുപത്രിയിലെ ദിനരാത്രങ്ങള്‍

മൂന്ന് മാസത്തെ യാതന നിറഞ്ഞ നാളുകള്‍ക്കു ശേഷം നാട്ടില്‍ എത്തിപ്പെട്ടപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം Article, Ibrahim Cherkala, Ibrahim Cherkalas Experience -16, Hospital
ഇബ്രാഹിം ചെര്‍ക്കള / അനുഭവം 16

(www.kasargodvartha.com 16.08.2018) മൂന്ന് മാസത്തെ യാതന നിറഞ്ഞ നാളുകള്‍ക്കു ശേഷം നാട്ടില്‍ എത്തിപ്പെട്ടപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. പതുക്കെ പതുക്കെ പഴമയിലേക്ക് മനസ്സ് മടങ്ങി. സുഹൃത്തുക്കളും ബന്ധുക്കളും പലരും കാണാന്‍ വന്നു. ഗള്‍ഫില്‍ പോയി രോഗവുമായി തിരിച്ച് വന്നതില്‍ എല്ലാവരുടെ മുഖത്തും വിഷമം തെളിഞ്ഞു. സുഹൃത്തുക്കള്‍ പതിവു പോലെ സന്ധ്യയില്‍ ഒത്തു ചേര്‍ന്നു. തമാശയും ചര്‍ച്ചകളും എല്ലാം... സന്തോഷത്തിന്റെ നിമിഷങ്ങള്‍ തീര്‍ത്തു. ഒരാഴ്ചയോളം വീട്ടില്‍ തന്നെ വിശ്രമിച്ചു. മുമ്പ് കാണിച്ചിരുന്ന ഡോക്ടറെ കാണിച്ചു പരിശോധനകള്‍ക്ക് ശേഷം മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചു. സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. ആശുപത്രിയില്‍ പലര്‍ക്കും സഹായിയാകാറുള്ള എന്റെ അടുത്ത സുഹൃത്ത് അബ്ദുല്ലക്കുഞ്ഞിയോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പിറ്റേദിവസം തന്നെ ബാപ്പയെയും കൂട്ടി ആശുപത്രിയില്‍ എത്തി. നീണ്ട കാത്തിരിപ്പിന് ശേഷം ഡോക്ടറെ കണ്ടു. ഷാര്‍ജയില്‍ നിന്നും ഡോക്ടര്‍ പറഞ്ഞത് തന്നെ ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു.
Article, Ibrahim Cherkala, Ibrahim Cherkalas Experience -16, Hospital

ഉടനെ ഓപ്പറേഷന്‍ വേണം. പിന്നെ അധികമൊന്നും ചിന്തിച്ചില്ല. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ദിവസത്തേക്ക് തീയ്യതി കുറിച്ചു വാങ്ങി മടങ്ങി. മനസ്സില്‍ നേരിയ പേടിയുണ്ട്. പക്ഷെ, ഈ വേദന സഹിക്കാന്‍ പറ്റില്ല. അതു പോലെ രോഗവുമായി നടന്നാല്‍ ജീവിതം എങ്ങനെ മുന്നോട്ട് പോകും. ദിവസങ്ങള്‍ ഓരോന്നും കൊഴിഞ്ഞു പോകുന്നു. ഓപ്പറേഷനുള്ള നാള്‍ കടന്നു വരികയാണ്. അബ്ദുല്ലക്കുഞ്ഞിയും മറ്റു ബന്ധുക്കളും എല്ലാം ധൈര്യം പകര്‍ന്നു. രാവിലെ തന്നെ ആശുപത്രിയിലേക്ക് ബസ്സ് കയറി. ബാപ്പയും സഹോദരങ്ങളും മറ്റു ചില ബന്ധുക്കളും എല്ലാം ഉണ്ട്. ഡോക്ടര്‍ പരിശോധന കഴിഞ്ഞു, രണ്ട് ദിവസം ഇവിടെ കിടന്ന് മരുന്ന് കഴിച്ച് അതിന് ശേഷം ഓപ്പറേഷന്‍. ബന്ധുക്കളും മറ്റും മടങ്ങിപ്പോയി. അബ്ദുല്ലക്കുഞ്ഞിയും ബാപ്പയും കൂടെ തന്നെ നിന്നു.  രോഗങ്ങള്‍ കൊണ്ട് നരക യാതന അനുഭവിക്കുന്ന എത്രയെത്ര മനുഷ്യര്‍. പല കാരണങ്ങള്‍ കൊണ്ട് കണ്ണ് നഷ്ടപ്പെട്ടവര്‍, കൈയ്യും കാലും നഷ്ടപ്പെട്ടവര്‍. മറ്റു രോഗങ്ങളില്‍ വേദന തിന്നുന്നവര്‍. പല രോഗികള്‍ക്കും സഹായത്തിന് തുണക്കാര്‍ പോലും ഇല്ല.  ആശുപത്രിയില്‍ ചുറ്റി നടന്നപ്പോള്‍ കണ്ട കാഴ്ചകളധികവും കണ്ണ് നനയ്ക്കുന്നതാണ്.

രാവിലെ തന്നെ കുളിച്ചൊരുങ്ങി ലഘു ഭക്ഷണവും കഴിച്ചു. പരിശോധിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സും മാറിമാറി വന്നു. നിമിഷങ്ങള്‍ അടുക്കുന്തോറും മനസ്സില്‍ ഭയം വര്‍ദ്ധിക്കുകയാണ്. ഇതുവരെ ആശുപത്രിക്കകത്തെ  അന്തരീക്ഷം അനുഭവിക്കേണ്ടി വന്നിട്ടില്ല. രോഗികളെ അനുകമ്പയോടെ കണ്ടു മടങ്ങുമ്പോള്‍ ഒരിക്കലും ഇത്തരം ഒരു നിമിഷം സ്വയം നീറിത്തീര്‍ക്കേണ്ടി വരുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും പറ്റിയിരുന്നില്ല. ഇതാണ് ജീവിത പരീക്ഷണങ്ങള്‍.

സ്‌ട്രെച്ചറില്‍ കിടത്തി ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ടു പോവുകയാണ്. കഴിഞ്ഞ ദിവസം തന്നെ കോളജ് വിദ്യാര്‍ത്ഥികളെയൊക്കെ സംഘടിപ്പിച്ച് അബ്ദുല്ലക്കുഞ്ഞി രക്തം സംഭരിച്ചിരുന്നു. കുറേ ഓടേണ്ടി വന്നതായി ബാപ്പയും പറഞ്ഞു. ബോധം കെടുത്താനുള്ള ഇഞ്ചക്ഷനുമായി ഡോക്ടര്‍ അടുത്തു വന്നു. ചിരിയോടെ പറഞ്ഞു. ഇബ്രാഹിം ഒന്നു നന്നായി ഉറങ്ങിക്കോ? സൂചി പതുക്കെ ശരീരത്തില്‍ കയറി. മരുന്ന് ഓരോ ഞരമ്പുകളിലും ആധിപത്യം സ്ഥാപിച്ച് മുന്നേറി പതുക്കെ പതുക്കെ... മയക്കത്തിലേക്ക്. വൈകുന്നേരമാണ് ഓപ്പറേഷന്‍ തുടങ്ങിയത്. പിറ്റേ ദിവസം രാവിലെ ഏതോ നേരിയ ശബ്ദം കേട്ടു കണ്ണു തുറന്നു. എവിടെയാണ്? ശരീരത്തിന്റെ പല ഭാഗത്തും വേദന തോന്നി. ഉറക്കെ ശബ്ദിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നിനും പറ്റുന്നില്ല. തൊണ്ട വറ്റി വരണ്ടിരിക്കുന്നു. എന്താണ്, എവിടെയാണ്? വെപ്രാളപ്പെട്ടു കണ്ണു തുറന്ന് നോക്കി. നേരിയ ഇരുട്ട്. ചുറ്റിലും ഞരക്കങ്ങളും നേരിയ നിലവിളികളും മാത്രം. വരിയായ് കിടത്തിയ രോഗികള്‍... അവര്‍ക്കിടയില്‍ ഓടിനടക്കുന്ന നഴ്‌സുമാര്‍. അല്‍പ സമയം കൂടി എല്ലാം നിര്‍വ്വികാരതയോടെ നോക്കി കിടന്നു.

അടുത്തു വന്ന നഴ്‌സ് തട്ടി വിളിച്ചു. വേദനയുണ്ടോ? പതുക്കെ എഴുന്നേല്‍ക്ക്... അവര്‍ താങ്ങിയിരുത്തി. പല്ല് തേപ്പിച്ചു മുഖം കഴുകിച്ചു. അല്‍പം വെള്ളം കുടിക്കാന്‍ തന്നു. നേരിയ മന്ദഹാസത്തോടെ, 'എല്ലാം ശരിയാകും, കിടന്നോളൂ...' മണിക്കൂറുകളോളം മറ്റു രോഗികള്‍ക്ക് നടുവില്‍ അനങ്ങാന്‍ പോലും കഴിയാതെ അങ്ങനെ കിടന്നു. ഓരോ രോഗികളെയും വാര്‍ഡുകളിലേക്ക് മാറ്റുകയാണ്. ഞാന്‍ കിടന്ന സ്‌ട്രെച്ചറിനും ജീവന്‍ വന്നു.  അത് നീങ്ങിത്തുടങ്ങി. വരാന്തയില്‍ കാത്തു നില്‍ക്കുന്ന ബാപ്പയുടെ മുഖത്ത് നോക്കി ചിരിക്കാന്‍ ശ്രമിച്ചു. കണ്ണുകളില്‍ ഉറക്കിന്റെ ഭാരം... മുഖത്ത് ദു:ഖഛായ. ഒരിക്കലും കാണാത്ത ബാപ്പയുടെ ഭാവം എന്നെ ഏറെ നൊമ്പരപ്പെടുത്തി. ആ സ്‌നേഹത്തിന്റെ ഊഷ്മളതയില്‍ ഒരു കൊച്ചു കുട്ടിയായി മാറുന്നത് പോലെ തോന്നി.

അബ്ദുല്ലക്കുഞ്ഞിയുടെ മുഖത്തും നിറഞ്ഞ ദു:ഖം. വാര്‍ഡില്‍ കിടന്നു. അല്‍പസമയം ഒന്നും മിണ്ടാന്‍ പറ്റിയില്ല. മനസ്സില്‍ മുഖങ്ങള്‍, ഓര്‍മ്മകള്‍... തെളിഞ്ഞു വരുന്ന രൂപങ്ങള്‍, ഭാവങ്ങള്‍..! 'എങ്ങനെ.. വേദന തോന്നുന്നുണ്ടോ? അബ്ദുല്ലക്കുഞ്ഞി മൗനം വെടിഞ്ഞു. ചിരിക്കാന്‍ ശ്രമിച്ചു. ഉച്ച വരെ തലയില്‍ ഒരു ഭാരം പോലെ തോന്നി. മരുന്നു കഴിച്ചു ഒന്നു ഉറങ്ങിയുണര്‍ന്നപ്പോള്‍ നല്ല ആശ്വാസം തോന്നി. ബാപ്പയ്ക്ക് നല്ല ക്ഷീണം തോന്നുന്നു. ഭക്ഷണവും വിശ്രമവും ഒന്നും ശരിക്കുണ്ടാവില്ല. ഒന്നും പുറത്ത് കാണിക്കാതെ എന്നെ സമാധാനിപ്പിക്കാന്‍ ഓരോന്നും പറഞ്ഞു കൊണ്ടിരിക്കും. രണ്ട് ദിവസം കഴിഞ്ഞതോടെ നല്ല സുഖം തോന്നി. അബ്ദുല്ലക്കുഞ്ഞിയും ഞാനും നിര്‍ബന്ധിച്ചു ബാപ്പയെ യാത്രയാക്കി. ആവശ്യമുണ്ടെങ്കില്‍ അറിയിക്കാം. ഒരാഴ്ച കിടക്കണം. ഇനി സാരമില്ല. മടിയോടെ ബാപ്പ പോയി.

ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ വേദനയും മാറിത്തുടങ്ങി. ചില നേരങ്ങളില്‍ എഴുന്നേറ്റ് നടക്കും. ആശുപത്രിയുടെ ഓരോ ഭാഗത്തു ചെന്ന് നോക്കും. രോഗികളെപ്പോലെ തന്നെ മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ എത്തിയ ധാരാളം വിദ്യാര്‍ത്ഥികള്‍. അവരില്‍ ഇന്ത്യയുടെ പല ഭാഗത്തു നിന്നും എത്തിയവര്‍. അതുപോലെ  വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഉണ്ട്. രോഗികളില്‍ അധികവും മലയാളികളാണ്. കോഴിക്കോട് ജില്ലയ്ക്ക് ഇപ്പുറമുള്ള എല്ലാ കേരളക്കാര്‍ക്കും മണിപ്പാല്‍ വളരെ സൗകര്യ പ്രദമാണ്. ഈ ആശുപത്രിയില്‍ പണമുള്ളവനും ഇല്ലാത്തവനും ഒരു പോലെ പരിചരണം ലഭിക്കുന്നു എന്നതാണ് ഇവിടത്തെ ആകര്‍ഷണം. ആശുപത്രിക്ക് അടുത്തു തന്നെയുള്ള മ്യൂസിയത്തില്‍ ധാരാളം കാഴ്ചകള്‍ കാണാനുണ്ട്. മറ്റു സ്ഥലങ്ങളില്‍ പഠിക്കുന്ന കുട്ടികളും ടൂറിസ്റ്റുകളും ധാരാളമായി ഇവിടെ എത്തുന്നു. മരുന്നും വിശ്രമവും ശരീരത്തിനും മനസ്സിനും നല്ല സന്തോഷം നല്‍കി.

അബ്ദുല്ലക്കുഞ്ഞി മുമ്പ് മറ്റു പല രോഗികളുടെയും കൂടെ ഇവിടെ കഴിഞ്ഞതു കൊണ്ട് പല കാര്യങ്ങളും പ്രശ്‌നങ്ങള്‍ കൂടാതെ കൈകാര്യം ചെയ്യാന്‍ കഴിയുന്നു. ആശുപത്രി ബില്ല് വലിയ സംഖ്യ വരുമെന്ന് കണക്കു കൂട്ടി പറഞ്ഞപ്പോള്‍ ഒന്നു ഞെട്ടി. അബ്ദുല്ലക്കുഞ്ഞി സമാധാനിപ്പിച്ചു. പേടിക്കേണ്ട, അല്‍പം കുറവ് വരുത്താനുള്ള വഴിയുണ്ട്. രാത്രി അബ്ദുല്ലക്കുഞ്ഞിയെയും കൂട്ടി ചികിത്സിച്ച ഡോക്ടറെ കാണാന്‍ പോയി. കാര്യങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തെക്കൊണ്ട് സാധിക്കുന്നത് ചെയ്യാമെന്നേറ്റു. പിറ്റേ ദിവസം വീണ്ടും കൗണ്ടറിലെത്തി. അബ്ദുല്ലക്കുഞ്ഞിക്ക് കന്നഡയും തുളുവും നന്നായി സംസാരിക്കാന്‍ അറിയാം. ഓഫീസില്‍ ചിലരെ കണ്ടു സങ്കടം പറഞ്ഞപ്പോള്‍ ആശുപത്രി ബില്ലില്‍ നല്ല കുറവ് വന്നു. എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ആശുപത്രിയോട് വിട പറഞ്ഞു. അവിടെ ജോലിയില്‍ ഉണ്ടായിരുന്ന രാധാമണി സിസ്റ്ററെ എന്നും ഓര്‍മ്മിക്കും. അവര്‍ ധാരാളം സഹായങ്ങള്‍ ചെയ്തതാണ്. അവരുടെ ജന്മദിനം ആഘോഷിക്കുന്ന സമയത്താണ് ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നത്. ജന്മദിനത്തിന്റെ പായസവും അവര്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തി അമ്പലത്തില്‍ നിന്നും കൊണ്ടുവന്ന നിവേദ്യവും തന്നു. 'ഈശ്വരന്‍ തുണക്കട്ടെ' എന്ന അനുഗ്രഹ വാക്കുകള്‍ എന്നും ജീവിതത്തില്‍ ആവേശം പകര്‍ന്നിട്ടുണ്ട്.

വീട്ടില്‍ തിരിച്ചെത്തി മൂന്ന് മാസം നല്ല വിശ്രമവും സമയത്തിന് മരുന്നും ഭക്ഷണവും കഴിക്കാന്‍ ഡോക്ടര്‍ ഏല്‍പ്പിച്ചിരുന്നത് തെറ്റിക്കാതെ നടന്നു. വൈകുന്നേരം അല്‍പം നടക്കും. കൂടെ അബ്ദുല്ലക്കുഞ്ഞിയും ഉണ്ടാകും. എന്റെ എഴുത്തു വഴിയില്‍ ഏറെ പ്രോത്സാഹനം തന്നവനാണ് അബ്ദുല്ലക്കുഞ്ഞി. നല്ലൊരു സംഘാടകനും സഹായിയുമായിരുന്ന അബ്ദുല്ലക്കുഞ്ഞിയെ വളരെ പെട്ടെന്നാണ് മരണം തട്ടിയെടുത്തത്. ആര്‍ക്കും എന്തു സഹായവും ചെയ്യാന്‍ തയ്യാറായിരുന്ന അയാളെ ദൈവത്തിനും ഏറെ ഇഷ്ടപ്പെട്ടിരിക്കാം. അതാണ് ഇത്ര ചെറിയ പ്രായത്തില്‍ തന്നെ മരണം തേടിയെത്തിയത്.

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-9:
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

അനുഭവം-11:
പുതിയ സങ്കേതത്തില്‍

അനുഭവം-13:
വേദനയില്‍ കുതിര്‍ന്ന നാളുകള്‍

അനുഭവം-14:
മടക്കയാത്രയുടെ ഒരുക്കങ്ങള്‍

അനുഭവം-15:
ഒരു അപ്രതീക്ഷിത വീടണയല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Ibrahim Cherkala, Ibrahim Cherkalas Experience -16, Hospital