City Gold
news portal
» » » » മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-4/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 22.04.2018) അക്രമങ്ങളും അക്രോശങ്ങളും രാപ്പകലെന്നില്ലാതെ തെരുവുകളെ മുഖരിതമാക്കിയ അധോലോകത്തിന്റെ കഥകള്‍ ഉറങ്ങുന്ന നഗരം. ആഡംബരത്തിന്റെയും പണക്കൊഴുപ്പിന്റെയും വിസ്മയക്കാഴ്ചകള്‍ തീര്‍ക്കുന്ന ബോളിവുഡ് സിനിമ കീഴടക്കിയ മാസ്മരിക നഗരം. ഇങ്ങനെ എന്തെല്ലാം വിശേഷണങ്ങള്‍ ഈ മഹാനഗരത്തിനുണ്ട്. ഈ മണ്ണില്‍ കാല്‍കുത്തിയപ്പോള്‍ മുതല്‍ മനസ്സില്‍ ഉയര്‍ന്ന ഒരുപാട് ചോദ്യങ്ങള്‍. പലതരം ചിന്തകളോടെ വഴികാട്ടിയ്ക്ക് പിന്നാലെ നടന്നു. വലിയ കെട്ടിടത്തിന്റെ പഴയ മരക്കോണി കയറി രണ്ടാം നിലയില്‍ എത്തി. വാതില്‍ തള്ളിത്തുറന്ന് അകത്ത് കേറി. നേരിയ ഇരുട്ടില്‍ അല്‍പസമയം ഒന്നും വ്യക്തമായില്ല. നിരനിരയായ് ചെറിയ കട്ടിലില്‍ ഉറങ്ങുന്നവര്‍. അല്‍പം ഉയര്‍ത്തി കെട്ടിയും കുറേ ആള്‍ക്കാര്‍ക്ക് ഉറങ്ങാനുള്ള സൗകര്യം വേറെയും ഉണ്ട്. ചെറിയ മുറിയില്‍ തിങ്ങിനിറഞ്ഞ ബീഡി സിഗാറിന്റെ ഗന്ധം. അതോടൊപ്പം വിയര്‍പ്പ് നാറ്റവും. വൃത്തിഹീനമായ മുറിയില്‍ കടന്നപ്പോള്‍ തന്നെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.

നല്ല യാത്രാക്ഷീണമുണ്ട്. ''എന്താ നില്‍ക്കുന്നത്, ഇരിക്കൂ'' കസേരയില്‍ ഇരിക്കുന്ന തടിച്ചു കറുത്ത ഖാദര്‍ ഭായി ഉച്ചത്തില്‍ അത് പറഞ്ഞപ്പോഴാണ് അങ്ങനെയൊരാള്‍ അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അയാളാണ് ഈ മുറിയുടെ നടത്തിപ്പുകാരന്‍. നന്നായി ഒന്നു കുളിച്ചു അല്‍പം വിശ്രമിക്കാന്‍ തോന്നി. ''അവിടെയാണ് ബാത്ത്‌റൂം.'' വഴികാട്ടിയായ സുഹൃത്ത് ഒരു വശത്തെ വാതില്‍ ചൂണ്ടി പറഞ്ഞു. ''നാട്ടിലെ പോലെ അധിക വെള്ളമൊന്നും ഇവിടെ പാഴാക്കിക്കളയാന്‍ പറ്റില്ല. ഒരാള്‍ക്ക് ഒരു ബക്കറ്റ് വെള്ളമാണ് കണക്ക്. ഖാദര്‍ ഭായി തീരെ മയമില്ലാതെ പറഞ്ഞു. ഒന്നും മിണ്ടാതെ ഊഴവും കാത്ത് കട്ടിലില്‍ ഇരുന്നു.

ശരീഫും ഖാലിദും കുളിച്ചിറങ്ങി. ഇനി എന്റെ ഊഴമാണ്. പതുക്കെ എഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് നടന്നു. കൈ പോലും നന്നായി നിവര്‍ത്താന്‍ സൗകര്യമില്ലാത്ത ചെറിയ ഇടം. ഒരു ബക്കറ്റ് വെള്ളം എടുത്ത് പല്ല് തേപ്പും കുളിയും എല്ലാം ചടങ്ങുതീര്‍ത്തു. മതി വരുവോളം തണുത്ത വെള്ളം കോരിയൊഴിച്ച് ആശ്വാസത്തോടെയുള്ള നാട്ടിലെ കുളിയെപ്പറ്റി വെറുതെ ഓര്‍ത്തു പോയി. കുളി കഴിഞ്ഞ് പുറത്ത് കടന്നപ്പോള്‍ സുഹൃത്തുക്കള്‍ കിടന്നു കഴിഞ്ഞിരുന്നു. ഒഴിഞ്ഞ കട്ടില്‍ ചൂണ്ടി ഖാദര്‍ ഭായി കിടന്നോളാന്‍ പറഞ്ഞു. മടിയോടെ കിടന്നു. തലയിണയിലും വിരിപ്പിലും എല്ലാം വിയര്‍പ്പിന്റെ ദുര്‍ഗന്ധം. എണ്ണ മെഴുക്കില്‍ തലയിണ കറുത്തിരിക്കുന്നു. ഒന്നും ശ്രദ്ധിക്കാതെ ഉറങ്ങാന്‍ ശ്രമിച്ചു. അധികം കഴിയുന്നതിന് മുമ്പ് നല്ല മയക്കത്തില്‍ മുഴുകി.

ശരീരത്തില്‍ സൂചി തറയ്ക്കുന്ന വേദന. ആദ്യം വലിയ കാര്യമാക്കിയില്ല. വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ പതുക്കെ തടവിനോക്കി. ചെറിയ നനവ്. കണ്ണ് തുറന്ന് നോക്കി. രക്തമാണ്. സൂക്ഷിച്ചുനോക്കി. തടിച്ച മൂട്ടകള്‍ ഓടിയകലുന്നു. കൈ തട്ടി ഉടഞ്ഞ മൂട്ടകളുടെയാണ് നനവ്. തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണ് അടഞ്ഞാല്‍ മൂട്ടയുടെ കടി തുടങ്ങും. കിടപ്പില്‍ തന്നെ സുഹൃത്തുക്കളെ ശ്രദ്ധിച്ചു. അവരും അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്. കുറേ നേരം അങ്ങനെ കിടന്നപ്പോള്‍ ക്ഷീണം ശരീരത്തെ മയക്കി. എത്ര സമയം ഉറങ്ങിയെന്നറിയില്ല. ഏതോ ദുസ്വപ്നം കണ്ടാണ് ഞെട്ടിയുണര്‍ന്നത്. ചുറ്റും നല്ല വെളിച്ചം, പുറത്ത് പട്ടണത്തിന്റെ ബഹളം.

ഉച്ചയൂണിന് സമയമായി. നല്ല വിശപ്പ് തോന്നി. തെരുവില്‍ തിരക്കേറിയ ആള്‍ക്കൂട്ടത്തിനിടയില്‍ ഓരം ചേര്‍ന്നു നടന്നു. അബ്ദുര്‍ റഹ് മാന്‍ ബാബാ ഹാജി ദര്‍ഗയ്ക്ക് അരികിലെ മലയാളി ഹോട്ടലില്‍ കയറി. വിശന്നത് കൊണ്ട് ഭക്ഷണത്തിന് നല്ല സ്വാദ് തോന്നി. ശരീഫിന്റെ കൂടെ നാട്ടുകാരന്‍ സുഹൃത്തും ഉണ്ട്. മുംബൈയില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞതു കൊണ്ട് ഹിന്ദി ഭാഷ നല്ല വശം. അതു പോലെ മഹാനഗരത്തിന്റെ പല ഭാഗങ്ങളെപ്പറ്റിയും വിദഗ്ദ്ധമായ അറിവും.

അടുത്തു കണ്ട പള്ളിയില്‍ നിന്നും നിസ്‌കാരം നിര്‍വ്വഹിച്ച ശേഷം വീണ്ടും താമസ സ്ഥലത്തേക്ക് നടന്നു. മുറിയില്‍ കേറാന്‍ എന്തോ മടി തോന്നി. അല്‍പം ചുറ്റി നടക്കാം. ഗാലിയില്‍ നിറഞ്ഞ ജനത്തിരക്കില്‍ ഞങ്ങളും ചേര്‍ന്നു. ഹിന്ദിയും മറാട്ടിയും, മലയാളവും എല്ലാം കലര്‍ന്ന ശബ്ദ തരംഗങ്ങള്‍. ഇന്ത്യയുടെ പല ഭാഗത്തുനിന്നും എത്തി ജീവിതത്തിന് അര്‍ത്ഥം തേടുന്നവര്‍, ചെറിയ കടകള്‍ നടത്തുന്നവര്‍, ഉന്തുവണ്ടിയില്‍ പഴം, പച്ചക്കറി തുടങ്ങിയവയുമായി നീങ്ങുന്ന കച്ചവടക്കാര്‍, നടന്നു നടന്ന് ചെറിയ മീന്‍ മാര്‍ക്കറ്റില്‍ എത്തി. ചെറുതും വലുതുമായ മീനുകള്‍, കോഴിയും, ആടും എല്ലാം മാംസത്തുണ്ടുകളാക്കി തൂക്കിയിട്ടുണ്ട്. മാങ്ങയുടെ കാലമാണ്. പലതരം മാങ്ങകള്‍ ഭംഗിയില്‍ നിരത്തി വെച്ചിരിക്കുന്നു.

ജനത്തിരക്കില്‍ കുറേയധികം നടന്നപ്പോള്‍ വിയര്‍പ്പില്‍ കുളിച്ചു. നല്ല ചൂടും. തിരിച്ച് നടന്നു. മുറിയില്‍ എത്തിയപ്പോള്‍ അധികം ആരുമില്ല. ഖാദര്‍ ഭായി ഭക്ഷണം കഴിക്കുകയാണ്. നാട്ടു വിശേഷങ്ങള്‍ ഓരോന്നും ശരീഫ് സംസാരിച്ചു തുടങ്ങി. ഖാദര്‍ ഭായി കുറേ നാളായി ഇവിടെത്തന്നെയാണ്. ഗള്‍ഫില്‍ പോകുന്നവര്‍ക്കും അവധിയില്‍ മടങ്ങി വരുന്നവര്‍ക്കും ഇടത്താവളമാണ് ഇത്തരം ലോഡ്ജുകള്‍. ചെറിയ തുകയില്‍ ഏറെ സേവനം എന്നത് പോലെ തന്നെ നാട്ടുകാരുടെ സങ്കേതവും ഇതു മാത്രമാണ്. ചെറിയ ഫ്‌ളാറ്റുകള്‍ വിലയ്ക്ക് വാങ്ങി ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരും ഉണ്ട്. യാത്രക്കാര്‍ക്ക് താമസ സൗകര്യവും മറ്റു സേവനങ്ങളും ഇത്തരക്കാര്‍ നല്‍കുന്നു. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് നാട്ടിലേക്കുള്ള ബസ് ടിക്കറ്റ് സംഘടിപ്പിച്ച് നല്‍കുന്നതോടൊപ്പം ഒന്നോ രണ്ടോ ദിവസത്തെ വിശ്രമത്തിനും നാട് കാണാനും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനും എല്ലാം സഹായിക്കും. ഗള്‍ഫിലേക്ക് പുതിയതായി യാത്രയാകുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍, വിമാനടിക്കറ്റ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്നിവയെല്ലാം ഇടനിലക്കാരായി ഇത്തരക്കാരാണ് ശരിയാക്കിക്കൊടുക്കുന്നത്.

ആദ്യകാല യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടിവന്നിരുന്നു. ഇത് ചൂഷണം ചെയ്ത് ചെറുകിട ഏജന്‍സികള്‍ എയര്‍പോര്‍ട് ഉദ്യോഗസ്ഥന്മാരില്‍ സ്വാധീനം ചെലുത്തി അനധികൃത വഴികളിലൂടെ ആളുകളെ കയറ്റിവിടും. സമയ ലാഭം അതോടൊപ്പം മറ്റു നൂലാമാലകള്‍ ഒഴിവാക്കാന്‍ വേണ്ടിയും അധിക യാത്രക്കാരും ഇത്തരക്കാരെ ശരണം പ്രാപിക്കും. വിദേശ യാത്രയിലെ ചട്ടങ്ങളുടെ അജ്ഞതയും ഇതിന് വലിയ കാരണമാകുന്നു.

ഇരുന്നു മടുത്തപ്പോള്‍ ഞങ്ങള്‍ വീണ്ടും പുറത്തിറങ്ങി. വെയില്‍ കുറഞ്ഞ വൈകുന്നേരം വഴികാട്ടിയായ സുഹൃത്തിന്റെ കൂടെ നഗരം കാണാന്‍ പുറപ്പെട്ടു. ഓരോ റോഡുകളും കടന്നു പോകുമ്പോള്‍ അയാള്‍ പലതും വിവരിച്ചു. വീതിയേറിയ റോഡുകളില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍, കാറും ലോറിയും, മോട്ടോര്‍ സൈക്കിളും, സൈക്കിളുകളും. കൂട്ടത്തില്‍ രണ്ടു നിലയുള്ള ബസ്സ് കൗതുകമായി. ബസ്സുകള്‍ സ്റ്റോപ്പുകളില്‍ അധികം നിര്‍ത്തുന്നില്ല. നിര്‍ത്തുന്നതിന് മുമ്പ് തന്നെ ചാടിയിറങ്ങുന്നു. അതുപോലെ ചാടിക്കേറാനുമുള്ള യാത്രക്കാരുടെ കഴിവ് കൗതുകത്തോടെ നോക്കി നിന്നുപോകും. ഏതു റോഡില്‍ എത്തിയാലും തിരക്ക് തന്നെ. അന്തമില്ലാത്ത തിരക്ക്. റോഡ് മുറിച്ചുകടക്കാന്‍ സിഗ്നലുകളില്‍ ചുവപ്പ് വെളിച്ചം കാത്തിരിക്കണം.

സന്ധ്യയ്ക്ക് ഞങ്ങള്‍ കടല്‍ത്തീരത്ത് എത്തി. അവിടെയും നല്ല തിരക്കാണ്. ഓരോ ഭാഗത്തായി പലതരം കളികളും തെരുവ് സര്‍ക്കസും കാണാം. മൂച്ചീട്ട് കളിക്കാരും, കടല വില്‍പനക്കാരും, ബലൂണ്‍ വില്‍പനക്കാരും, പട്ടം പറത്തുന്നവരും. നാട്ടിലെ ഏതോ ഉത്സവപ്പറമ്പില്‍ എത്തിപ്പെട്ടതു പോലെ തോന്നി. അല്‍പം തിരക്കൊഴിഞ്ഞ സ്ഥലത്ത് ഞങ്ങള്‍ ഇരുന്നു. തണുത്ത കാറ്റ് ശരീരത്തിലും മനസ്സിലും കുളിര് പകര്‍ന്നു. സന്തോഷത്തോടെ ചുറ്റും നോക്കി. കൂട്ടം കൂടി ചീട്ടുകളിക്കുന്നവരും പ്രണയ സാഫല്യത്തില്‍ മുഴുകി പരിസരം മറന്ന് കെട്ടിപ്പിടിച്ച് കിടക്കുന്നവരും സങ്കടങ്ങള്‍ പാടി ഭിക്ഷ യാചിക്കുന്നവരും എല്ലാം മനസ്സില്‍ വിവിധ ചിത്രങ്ങള്‍ വരച്ചു. സൂര്യന്‍ കടലില്‍ താഴ്ന്ന് താഴ്ന്ന് പോയി. ചുവന്ന ആകാശം, കടല്‍ക്കരയില്‍ ഇരുട്ട് പരന്നു. തെരുവ് വിളക്കുകള്‍ പ്രകാശം പരത്തി. കൂട്ടത്തോടെ കടല്‍ത്തിരകളില്‍ ഓടിക്കളിക്കുന്ന കുട്ടികളെ നോക്കി ഏറെ നേരം ഇരുന്നു, പിന്നെ എഴുന്നേറ്റ് നടന്നു. വീണ്ടും തിരക്ക് നിറഞ്ഞ തെരുവിലേക്ക്.

പരിമിതമായ ജീവിത സാഹചര്യങ്ങളുമായി പതുക്കെ പൊരുത്തപ്പെട്ടു തുടങ്ങി. പ്രഭാതവും രാത്രിയും ആവര്‍ത്തനത്തിന്റെ ദിനചര്യകള്‍. മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും ചുറ്റിത്തീര്‍ത്തു. ദിവസം മൂന്നു കഴിഞ്ഞിരിക്കുന്നു. ഇനിയും യാത്രയെപ്പറ്റി ഒരു തീരുമാനവും ഖാദര്‍ ഭായി പറഞ്ഞില്ല. ചിലപ്പോള്‍ അങ്ങനെയാണ്, ആഴ്ചകള്‍ ഇവിടെ തങ്ങേണ്ടിവരും. എയര്‍പോര്‍ട്ടില്‍ ഓരോ ഏജന്‍സിക്കും സഹായം ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ ഉണ്ട്. അവരുടെ ഡ്യൂട്ടി സമയവും വിമാനത്തിന്റെ സമയവും മറ്റു സൗകര്യങ്ങളും ഒത്തു വന്നാലേ എമിഗ്രേഷനില്‍ ചവിട്ടി കടന്നു പോകാന്‍ പറ്റൂ.

ദിവസങ്ങള്‍ കടന്നു പോകുമ്പോഴും പ്രതീക്ഷയുടെ മനക്കോട്ടകള്‍ തീര്‍ത്ത് ഗള്‍ഫ് എന്ന മായാലോകം സ്വപ്നം കണ്ടിരുന്നു. അവധിക്ക് തിരിച്ചു വരുന്നവരെ കാണുമ്പോള്‍ എത്രയും പെട്ടെന്ന് അവിടെയെത്താന്‍ കൊതി തോന്നും. വെളുത്ത് തടിച്ച് സുന്ദരന്മാരായി വിലകൂടിയ വാച്ചും വസ്ത്രങ്ങളും ധരിച്ചു അത്തറിന്റെ നറുമണം വിതറി നടക്കുന്ന അവര്‍ ഏതോ സ്വര്‍ഗലോകത്ത് നിന്ന് ഇറങ്ങി വരുന്ന അനുഭൂതി പകര്‍ന്നു. മുംബൈയിലെ മുറിയില്‍ എത്തിയാല്‍ അവരെ സ്വീകരിക്കുന്ന മുറി ഉടമയും ജോലിക്കാരും. അവര്‍ക്ക് പണത്തിന് പുറമേ സമ്മാനങ്ങളും കിട്ടും. സിഗരറ്റ്, അതുപോലെ മറ്റു ചില വിദേശ സാധനങ്ങളെല്ലാം വില്‍പ്പനയ്ക്കായും ഏല്‍പ്പിക്കും. ഇതില്‍ നല്ല കമ്മീഷനും കിട്ടും. നാട്ടിലേക്ക് കൊണ്ടു പോകാന്‍ മുംബൈയില്‍ നിന്നും സാധനം വാങ്ങാന്‍ സഹായിച്ചാല്‍ അതിലും കമ്മീഷനും കൈമടക്കും എല്ലാം കിട്ടുമെന്നത് കൊണ്ട് ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാരന് ഒരു സുല്‍ത്താന്റെ പരിചരണം.
(തുടരും)

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ibrahim Cherkala, Article, The wonders of Great city, Mumbai, Job, Gulf, Emigration, Ibrahim Cherkala's Experience-4

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date