city-gold-ad-for-blogger
Aster MIMS 10/10/2023

ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-2/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 29.03.2018) ചില അനിവാര്യ കാരണങ്ങള്‍ കൊണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാകാതെ തന്നെ ബാപ്പയുടെ ബിസിനസ് രംഗത്തേയ്ക്ക് എടുത്തെറിയപ്പെട്ടതിനാല്‍ ചെറിയ പ്രായത്തില്‍ തന്നെ ജന്മനാട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ട് കേരളത്തിന്റെ മനോഹരങ്ങളായ ഗ്രാമങ്ങള്‍ കണ്ടു. ചില പ്രാദേശിക വ്യത്യാസം ഉണ്ടെങ്കിലും അവിടങ്ങള്‍ എല്ലാം സ്വന്തം നാട് മാത്രമായേ അനുഭവപ്പെട്ടിട്ടുള്ളൂ. സ്‌നേഹം കൊടുത്ത് അത് തിരിച്ചു നേടുമ്പോള്‍ ഒരിക്കലും ഒരു അന്യതാ ബോധം തോന്നിയിരുന്നില്ല. ഭയപ്പാടുകളോ അതിര്‍ വരമ്പുകളോ ഒന്നുമില്ലാത്ത ഇടങ്ങളില്‍ ഒരിക്കലും ഒറ്റപ്പെടല്‍ തോന്നിയില്ല. ബാപ്പയും മറ്റും കൂടെ തന്നെ ഉണ്ടാകും. ഇത് നാട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതായ തോന്നല്‍ പോലും ഉണ്ടാക്കിയിരുന്നില്ല.  നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും അത് പോലെ വായനയും എഴുത്തും എല്ലാം തുടര്‍ന്നു. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ നല്ലൊരു ഇടം തരപ്പെട്ട സമയത്താണ് വിസ കിട്ടി എന്ന അറിവ് എത്തുന്നത്. ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഭാര്യയ്ക്കും എല്ലാം വലിയ സന്തോഷം നല്‍കുന്നതായിരുന്നു ഈ വാര്‍ത്ത. ബാപ്പയുടെ മുഖത്ത് മാത്രം വലിയ തെളിച്ചം കണ്ടില്ല. എന്റെ മനസിലും അത് അസ്വസ്ഥതയുടെ അലകളാണ് സൃഷ്ടിച്ചത്. ഏതോ നാട്ടില്‍ ആരുടേയോ തണലില്‍ എങ്ങനെയായിരിക്കും ജീവിതം! ഇത് വരെ അന്യന്റെ കീഴില്‍ തൊഴില്‍ എടുത്ത് പരിചയമില്ല. ചിന്തകള്‍ക്ക് അപ്പുറമുള്ള ഒരു ലോകം. ബാപ്പയുടെ മനസിലെ ചിന്തകള്‍ ആ മുഖത്ത് നിന്നും വായിച്ചെടുക്കാം.

അളിയന്‍ ഷാര്‍ജയില്‍ നിന്നും ഇടയ്ക്കിടെ വിളിക്കും. കഴിയുന്നതും വേഗം വരാന്‍ നോക്ക്. രണ്ട് മാസത്തിന് മുമ്പ് ഇറങ്ങണം. അതാണ് വിസയുടെ നിയമം. പ്രതീക്ഷിക്കാതെ തേടിയെത്തിയ ജീവിത മാറ്റത്തിന്റെ പുതുവഴിയെ ഉള്‍ക്കൊണ്ട മനസുമായി നടന്നു. എന്ത് ചെയ്യും? ജീവിതപ്രയാണത്തിന് തീര്‍ച്ചയായും തടസ്സങ്ങള്‍ ഉണ്ട്. ഓരോ ദിവസവും ലക്ഷ്യമില്ലാതെയാണ് നീങ്ങുന്നത്. ഒരു മാറ്റം അനിവാര്യമാണ്. എങ്കിലും എല്ലാം വിട്ട് ഒരു യാത്ര സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുന്നില്ല. എന്താ നിങ്ങള്‍ ഒറ്റയ്ക്കാണോ എത്രയെത്ര നാട്ടുകാര്‍, കുടുംബക്കാര്‍. പിന്നെ എന്തിന് ഇത്ര വെപ്രാളം? ഭാര്യയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാത്ത നാളുകള്‍. സുഹൃത്തുക്കള്‍ പലരും പറഞ്ഞു, ഇത് ജീവിതത്തിന്റെ ഒരു വഴിത്തിരിവായി തീരും. സന്തോഷത്തോടെ യാത്രയ്ക്ക് ഒരുങ്ങുക. മൂന്ന് വര്‍ഷമാണ് വിസയുടെ കാലാവധി. അത് വരെ പിടിച്ചു നില്‍ക്കുക. പറ്റില്ലെന്ന് തോന്നിയാല്‍ തിരിച്ചു വന്ന് മറ്റെന്തെങ്കിലും ജോലി തേടാം. പലരും അഭിപ്രായങ്ങള്‍ ഓരോന്നും ഉണര്‍ത്തി. ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ പലതും കടന്നു പോയി. ഉറച്ച തീരുമാനത്തിന് കൂട്ടാക്കാത്ത മനസ്. എന്തിനേയും നേരിടണം വിജയം സുനിശ്ചിതമാണ്. മനസില്‍ തീരുമാനങ്ങള്‍ ഉറച്ചു വരികയാണ്. പിന്നെ അധികമൊന്നും ചിന്തിക്കാന്‍ നിന്നില്ല. ഗള്‍ഫില്‍ നിന്നും അവധിക്ക് വന്ന ചില സുഹൃത്തുക്കളേയും നാട്ടുകാരേയും കാണുമ്പോള്‍ ഓരോ സംശയങ്ങള്‍ ഉണര്‍ന്നു. അവരില്‍ ഏറെപ്പേരും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.

ഗള്‍ഫ് യാത്രയ്ക്ക് ഒരുങ്ങി എത്തിയവരും, അവരെ യാത്രയാക്കാന്‍ വന്നവരുടേയും വലിയൊരു ജനക്കൂട്ടം തന്നെ പ്രഭാതത്തെ സജീവമാക്കിയിരിക്കുന്നു. എനിക്ക് പോകാനുള്ള ബസ് കാഞ്ഞങ്ങാട് നിന്നും പുറപ്പെടുന്നതാണ്. കാസര്‍കോടിനെക്കാള്‍ യാത്രക്കാര്‍ അവിടങ്ങളില്‍ നിന്നാണ് ഉണ്ടാവുക. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബസ് എത്തി. എനിക്ക് അപരിചിതരായ, കൂടെ യാത്ര ചെയ്യുന്നവരെ ഭാര്യാപിതാവ് പരിചയപ്പെടുത്തി.  മുഹമ്മദ്, ഷരീഫ്, ഖാലിദ് മൂന്ന് പേരുടേയും ആദ്യ യാത്രയാണ്.

പരിചയപ്പെടലുകള്‍ക്ക് ശേഷം ഞങ്ങള്‍ കയറി ബസിലെ ഇരിപ്പിടങ്ങളില്‍ എത്തി. സീറ്റുകള്‍ ഏതാണ്ട് നിറഞ്ഞു. അല്‍പം ബാക്കിയുള്ളത്, കുമ്പള, ഉപ്പള എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വേണ്ടിയുള്ളതാണ്. പല സ്ഥലത്തും ഏജന്‍സികള്‍ ഉള്ളത് കൊണ്ട് സീറ്റുകള്‍ നിറയാന്‍ അധികം ബുദ്ധിമുട്ടില്ല. ചില അവസരങ്ങളില്‍ സീറ്റ് കിട്ടാന്‍ ഏറെ പ്രയാസങ്ങള്‍ നേരിടും. ഇത്തരം അവസരങ്ങളില്‍ അടുത്ത സിറ്റിയായ മംഗളൂരുവിനെ ആശ്രയിക്കും. പലപ്പോഴും യാത്രയിലെ തട്ടിപ്പുകള്‍ക്കും  ബുദ്ധിമുട്ടുകള്‍ക്കും വഴി ഒരുക്കുന്നത് ഇത്തരം അവസരങ്ങളാണ്. തിരക്ക് പിടിച്ച് ഓടുന്ന യാത്രാവഴികളില്‍ ചതിക്കുഴികള്‍ അധികമാണ്. മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന പല ബസുകള്‍ക്കും ശരിയായ പെര്‍മിറ്റുകള്‍ ഉണ്ടാകില്ല. അത് പോലെ തീരെ ഉത്തരവാദിത്വവും പ്രതീക്ഷിക്കേണ്ട. കേരളത്തില്‍ നിന്നും പുറപ്പെടുന്ന ചുരുക്കം ബസുകളില്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകൂ. ബസ് പതുക്കെ മുന്നോട്ട് നീങ്ങി. യാത്രയാക്കാന്‍ എത്തിയവര്‍ കൈവീശി യാത്രാ മംഗളം നേര്‍ന്നു. ബസിന്റെ വേഗത കൂടി. പരിചിതമായ ഓരോ ഗ്രാമങ്ങളും വേഗതയില്‍ ഓടി മറയുന്നു. ഒഴുകി എത്തുന്ന ഗാന ലഹരിയില്‍ കുളിര്‍ക്കാറ്റിന്റെ കൈകളില്‍ പതുക്കെ മയങ്ങി. രാത്രി നഷ്ടപ്പെട്ട ഉറക്കം മെല്ലെ മെല്ലെ കീഴടക്കി. ബസ് വേഗതയില്‍ ഓടുകയാണ്. മയക്കത്തില്‍ നിന്ന് ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കി.  അധിക യാത്രക്കാരും ഉറക്കത്തിലാണ്. ചിലര്‍ പ്രകൃതി ഭംഗി നോക്കി ഇരിക്കുന്നു. എല്ലാവരുടേയും മുഖത്ത് മാറി മറയുന്ന വര്‍ണ്ണ വികാരങ്ങള്‍. ചില കണ്ണുകള്‍ ജല സാന്ദ്രമാണ്.

കേരളത്തിന്റെ മണ്ണിനോട് വിട പറഞ്ഞു. നീണ്ട പാടങ്ങളും നിറഞ്ഞ കൃഷിയും. പച്ചപ്പിന്റെ വര്‍ണ്ണ ഘോഷം. കര്‍ണാടകയുടെ ഗ്രാമവഴികള്‍ ഹരിത നിറങ്ങള്‍ വിടര്‍ത്തി. ബസ് നിന്നു. ചായ കുടിക്കാം. പെട്ടെന്ന് തിരിച്ചു വരണം. ബസ് ക്ലീനര്‍ അറിയിച്ചു. അധികം പേരും ഇറങ്ങി മൂത്രമൊഴിച്ച് തിരിച്ചു വന്നു. ഞാന്‍ ബസില്‍ തന്നെ ഇരുന്നു. പുതിയ സുഹൃത്തുക്കളുമായി അല്‍പം സംസാരിച്ചു നിന്നു. ശരീഫിന് എന്റെ അതേ കടയുടെ വിസ തന്നെയാണ്. മുഹമ്മദിന്റേത് ഹോട്ടല്‍ വിസയും. ഖാലിദിന്റേത് അയാളുടെ ബാപ്പയുടെ കടയുടെ വിസയാണ്. വാക്കിലും പ്രവൃത്തിയിലും മിടുക്ക് പുലര്‍ത്തുന്ന ശരീഫ് എന്തു കൊണ്ടോ മനസില്‍ പെട്ടെന്ന് സ്ഥാനം നേടി. യാത്രയുടെ ഓരോ നിമിഷങ്ങളിലും പുതിയ പുതിയ കാഴ്ചകള്‍ തെളിഞ്ഞു. ഉച്ച ഭക്ഷണം കഴിഞ്ഞ് പിന്നേയും മയങ്ങി. ഉറക്കം സ്വപ്നങ്ങളിലേയ്ക്ക് വഴുതി.
(തുടരും)

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Ibrahim Cherkala, Family, Friend, Visa, Gulf, Job, Ibrahim Cherkala's Experience-2
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL