city-gold-ad-for-blogger
Aster MIMS 10/10/2023

ആദ്യത്തെ പിരിച്ചു വിടല്‍ അനുഭവം

അനുഭവം-11/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 14.07.2018) ചോദ്യം ചെയ്യാതെ, അടിമകളെപ്പോലെ ജോലി ചെയ്തു വരുന്നവര്‍ക്കിടയില്‍ അവകാശ ബോധം ഉണര്‍ത്തിയ ഒരുത്തനെ സൂപ്പര്‍വൈസര്‍ പ്രത്യേകം ശ്രദ്ധിച്ചു തുടങ്ങി. ദേഷ്യപ്പെട്ടു പുറത്താക്കല്‍ എന്തുകൊണ്ടോ നടന്നില്ല. ജോലിയുടെ കാര്യത്തില്‍ അല്‍പം കര്‍ശനം വന്നു. കഷ്ടപ്പാടു നിറഞ്ഞ ഏത് ജോലി വരുമ്പോഴും എന്നെയും മറ്റൊരു ബംഗ്ലാദേശുകാരനേയും മാത്രം ഏല്‍പ്പിക്കും. ഒന്നും എതിര്‍ക്കാതെ കഴിയുന്നതും ജോലി ചെയ്തു.

അല്‍പ കാലം പിടിച്ചു നില്‍ക്കാതെ വേറെ പോംവഴിയൊന്നുമില്ല. ഭാഷയും തൊഴില്‍ പരിചയവും ഒന്നുമില്ലാതെ മറുനാട്ടില്‍ എത്തിപ്പെടുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ സാധാരണമാണ്. സൂപ്പര്‍വൈസര്‍ ജോര്‍ദാനി ഹുസൈന്‍ പുറം നാടുകള്‍ ഒന്നും കണ്ടിട്ടില്ല. പല രാജ്യത്തെപ്പറ്റിയും കേട്ടറിവുകള്‍ മാത്രം. ഇന്ത്യയെപ്പറ്റിയും അയാള്‍ക്ക് ഒരുപാട് അബദ്ധ ധാരണകള്‍ ഉണ്ട്. അത് എന്നോട് ചില അവസരങ്ങളില്‍ സംസാരിക്കുമ്പോള്‍ പ്രകടിപ്പിക്കുകയും ചെയ്യും. ഇന്ത്യയില്‍ മതപഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ഒക്കെ ഇത്ര പ്രാധാന്യമുണ്ടോ? അത് മുസ്ലീം രാഷ്ട്രമല്ലല്ലോ? ഞങ്ങളുടെ രാജ്യം മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. അവിടെ എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാം. ഇന്ത്യ സ്വതന്ത്ര രാജ്യമാണ്. അഭിപ്രായങ്ങള്‍ എവിടെയും പ്രകടിപ്പിക്കാം. സമത്വമാണ് അടിസ്ഥാന ധാര. ജോര്‍ദാനി എന്റെ വാക്കുകളില്‍ വിശ്വാസം വരാതെ അത്ഭുതത്തോടെ കേട്ട് നില്‍ക്കുകയായിരുന്നു.

ഗള്‍ഫ് നാടുകളില്‍ തൊഴില്‍ രംഗത്തും അതു പോലെ മറ്റു രംഗങ്ങളിലും മനുഷ്യാവകാശങ്ങള്‍ വലിയ മൂല്യങ്ങള്‍ നല്‍കി സംരക്ഷിക്കപ്പെടുന്നു. നിയമം ചിലപ്പോള്‍ കര്‍ശനമാകാറില്ല. ഇതു ചൂഷണം ചെയ്താണ് ഇത്തരം പല കമ്പനികളും വ്യക്തികളും മനുഷ്യനോട് മൃഗത്തെപ്പോലെ ഇടപെടുന്നത്.
ആദ്യത്തെ പിരിച്ചു വിടല്‍ അനുഭവം

യു എ ഇയിലെ നാട്ടുകാരായ അറബികള്‍ ഏറെ സ്‌നേഹവും സാഹോദര്യവും കാത്തു സൂക്ഷിക്കുന്നവരാണ്. അവരുടെ സൗഹൃദമായ സ്വീകരണം കൊണ്ട് തന്നെയാണ് ഇവിടങ്ങളില്‍ ആദ്യകാലം മുതല്‍ക്കേ വിദേശികള്‍ തൊഴില്‍ കച്ചവട രംഗങ്ങളില്‍ വളരാന്‍ സഹായിച്ചതും. നല്ലവരും മോശപ്പെട്ടവരും എല്ലാ ദേശത്തും കാണും. അത് അറബികള്‍ക്കിടയിലും ഉണ്ട്. അവരുടെ കാരുണ്യത്തിന് മുന്നില്‍ മറ്റെല്ലാം ഏറെ നിസാരം തന്നെ. ആദ്യകാല പ്രവാസികളെ സ്വന്തം വീട്ടില്‍ ഭക്ഷണവും സൗകര്യങ്ങളും നല്‍കി സംരക്ഷിച്ച എത്രയെത്ര കഥകള്‍ പലര്‍ക്കും പറയാനുണ്ട്.? അതുപോലെ മറ്റു രാജ്യക്കാരിലും പല തരക്കാരും ഉണ്ട്. ബംഗ്ലാദേശികളില്‍ വളരെ സ്‌നേഹത്തോടെ ഇടപെടുന്നവര്‍ ഉണ്ട്. തീരെ സംസ്‌കാരമില്ലാത്തവരും കാണാം.

പാകിസ്ഥാന്‍കാരില്‍ ഇന്ത്യക്കാരന്‍ തന്റെ സഹോദരനാണ് എന്ന് കരുതുന്നവരും ഏറെയുണ്ട്. വെട്ടി മുറിക്കപ്പെട്ടതില്‍, അതു സൃഷ്ടിച്ച വേര്‍പാടില്‍ വിഷമിക്കുന്ന കുറേ ആളുകളെ കണ്ടുമുട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചില പാകിസ്ഥാനികള്‍ വെട്ടു പോത്തിനേക്കാള്‍ ക്രൂരതയുള്ളവരാണ്. ഇന്ത്യയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അവര്‍ക്ക് ഒരുതരം വെറുപ്പാണ്. എല്ലാതരക്കാരുമായി ഇടപെടുമ്പോഴാണ് പല നാടിന്റെയും ചിന്തയിലെ നിറഭേദങ്ങള്‍ കാണാന്‍ പറ്റുന്നത്. വിദ്യാഭ്യാസവും പരിഷ്‌കാരവും നേടിയ സമൂഹം ഏത് രാജ്യക്കാരനായാലും അല്‍പം കാര്യബോധം കാണിക്കുന്നു. അന്ധമായ ചില വിശ്വാസ ചിന്തകള്‍ക്ക് പിന്നാലെ പോകുന്ന ജനസമൂഹം എന്നും അപരിഷ്‌കൃത പാതയില്‍ തന്നെയാണ്.

പ്രസ്സിലെ ജോലി എന്തു കൊണ്ടോ മനസ്സിന് അല്‍പം ആശ്വാസം നല്‍കിയിരുന്നു. വലിയ പരിചയമില്ലാത്ത ഭാഷയാണെങ്കിലും അച്ചടിച്ച കടലാസ്സ് എടുത്തുവെയ്ക്കുമ്പോഴും അച്ചടിയുടെ മറ്റു കാര്യങ്ങള്‍ കണ്ടു പഠിക്കുമ്പോഴും നാട്ടിലെ പത്രമാസികകളും എഴുത്തുകാരും കഥയും കവിതയും എല്ലാം നിറഞ്ഞ ലോകം ഓര്‍മ്മകളില്‍ ഗൃഹാതുരത്വമുണര്‍ത്തും. എഴുത്തു ജീവിതത്തിന്റെ വഴികളെക്കുറിച്ചും എപ്പോഴും ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍. ഇനിയെന്നാണ് തന്റെ തട്ടകത്തിലേക്ക് ഒരു തിരിച്ച് പോക്ക്. ഏകാന്തത മുറിപ്പെടുത്തുമ്പോള്‍ തെളിഞ്ഞു വരുന്ന പുസ്തകങ്ങളും കഥാപാത്രങ്ങളും നിഴലായി പൊതിയും. നാട്ടില്‍ നിന്നും വന്നിട്ട് ഒരു മാസത്തിലധികം കടന്നുപോയിരിക്കുന്നു. ഒന്നു പത്രം വായിക്കാന്‍ പോലും അവസരം കിട്ടിയില്ലെന്ന ചിന്ത ശ്വാസം മുട്ടിച്ചു.

കടന്നു പോകുന്ന ഓരോ ദിവസവും സങ്കീര്‍ണ്ണത നിറഞ്ഞതാണ്. ഇവിടെ ഒരു നിലനില്‍പ്പാണ് പ്രധാനം. മറ്റെല്ലാം വിസ്മരിക്കപ്പെടുന്നു. കൈ കഴുകി മേശയ്ക്കു മുന്നിലെത്തിയാല്‍ ഉമ്മയും, പന്നീട് ഭാര്യയും എല്ലാം മനസ്സില്‍ തെളിയും. അവര്‍ സ്‌നേഹത്തോടെ വിളമ്പിത്തരാറുള്ള സ്വാദുള്ള ഭക്ഷണം ഇഷ്ടത്തിന് കഴിച്ച് ഉറക്കം വരുമ്പോള്‍ വിരിച്ച മെത്തയില്‍ കിടന്നുറങ്ങി, രാവിലെ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അലക്കി തേച്ച വസ്ത്രങ്ങള്‍ അണിഞ്ഞും, ഇറങ്ങി നടക്കുമ്പോള്‍ ഒന്നും അറിഞ്ഞില്ല. പല കാര്യങ്ങളിലും ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെടുന്നത് ഗള്‍ഫ് നാടുകളില്‍ ഏകനായി കഴിയുമ്പോഴാണ്.

ഭക്ഷണത്തിന്റെ രുചിയെപ്പറ്റിയോ, വസ്ത്രത്തിലെ അഴുക്കിനെപ്പറ്റിയോ ചിന്തിക്കാന്‍ സമയം കിട്ടില്ല. ജോലി, ശമ്പളം, താമസ സ്ഥലം, ഭക്ഷണം ഇതെല്ലാം വരിഞ്ഞു മുറുകുമ്പോള്‍ അകലെ നാടുകളിലെ ബന്ധു ജനങ്ങള്‍, അവരുടെ സ്‌നേഹം എല്ലാം സൂര്യ തിളക്കത്തോടെ ചിന്തയെ അക്രമിക്കും. മാതൃ-പിതൃ സ്‌നേഹത്തിന്റെ, താലോലത്തിന്റെ മഹത്വം ഈ ഒറ്റപ്പെടലില്‍ കണ്ണ് നനയ്ക്കും. കൂട്ടുകാരുടെയും, ഇഷ്ട ജനത്തിന്റെയും സാന്ത്വനം ഓര്‍മ്മയില്‍ തണുത്ത കാറ്റായി പതിയും. ഭാര്യയുടെ കിന്നാരം ലോല തന്ത്രികളില്‍ അഗ്‌നിയായി പടരും. തലച്ചോറും മനസ്സും പതഞ്ഞുരുകുമ്പോള്‍ ഓരോ പ്രവാസിയും ജ്വലിക്കുന്ന അഗ്‌നി കുണ്ഡങ്ങളായി മാറുന്നു. അനന്തമായ മരുഭൂമിയില്‍ ഒറ്റപ്പെടലിന്റെ ഭീകരമായ ഏകാന്തതയില്‍ നിശബ്ദനായി നിലവിളിക്കുന്നു. ആ കൂട്ട നിലവിളി ഓരോ പ്രവാസി മുറികളിലും ശ്രദ്ധിച്ചാല്‍ കേള്‍ക്കാന്‍ കഴിയും.

കഷ്ടപ്പാടും കടപ്പാടും തീര്‍ക്കുന്ന തടവറയില്‍ സ്വയം ശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഗള്‍ഫ് തൊഴിലാളി പ്രതീക്ഷയുടെ പുതിയ തുരുത്തുകള്‍ തേടി ജന്മം നീറി നീറി തീര്‍ക്കുന്നു. ഏതു നാട്ടുകാരനും, ഭാഷക്കാരനും ഇതില്‍ വ്യത്യസ്തനല്ല. ഓരോ രാജ്യക്കാരോടും അടുത്ത് കഴിയുമ്പോള്‍ അവന്റെ മനസ്സിന്റെ ഉള്ളറകളില്‍ കടക്കാന്‍ കഴിഞ്ഞാല്‍ ഇതറിയാം. പുറത്തു കാണുന്ന ചിരിയും ദേഷ്യവും പിണക്കവും എല്ലാം അവന്റെ ചെറിയ ആശ്വാസങ്ങളുടെ മിന്നലുകള്‍ മാത്രം... വൃദ്ധരായ മാതാപിതാക്കളെപ്പറ്റി, മക്കളെപ്പറ്റി, സഹോദരങ്ങളെപ്പറ്റി അങ്ങനെ പ്രതീക്ഷയുടെ പ്രകാശ രേഖകള്‍ തീര്‍ക്കുന്ന മരുപ്പച്ച തേടി അലയുന്നവര്‍. ഓരോന്നും ചെയ്തു തീര്‍ക്കാന്‍ വെപ്രാളപ്പെടുന്നവര്‍. പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ കണ്ണീര്‍ വാര്‍ക്കുന്നവര്‍. എന്തെല്ലാം മുഖഭാവങ്ങള്‍. വലിയൊരു അഭിനേതാവ് ആവേണ്ടതുണ്ട് ഓരോ പ്രവാസിക്കും.

ജോലിയില്‍ കേറി ഒരു മാസം കഴിഞ്ഞെങ്കിലും ശമ്പളത്തെപ്പറ്റി ഒരു വിവരവും പറയുന്നില്ല. ജോര്‍ദാനി സൂപ്പര്‍വൈസര്‍ കാത്തിരിക്കാന്‍ മാത്രം പറയും. കൂടെ പണിയെടുക്കുന്നവരും കുഞ്ഞാമുവുമൊക്കെ പറയുന്നത് അടുത്ത ദിവസം കിട്ടുമെന്നു തന്നെയാണ്. ഹോട്ടലില്‍ ഭക്ഷണത്തിന്റെ പൈസ, മുറിവാടക എല്ലാം കൊടുക്കണം. കടം എന്താണെന്ന് അറിയാതെ കടന്നുപോയ ജീവിതം. ഇവിടെ കൊടുക്കാനുള്ളവരുടെ മുഖം കാണുമ്പോള്‍ ഏതോ ഭയവും സ്വയനിന്ദയും തോന്നും. ''നീ എന്താ ഇങ്ങനെ ആശങ്കപ്പെടുന്നത്. ഹോട്ടലില്‍ ആറ് മാസമായി പൈസ കൊടുക്കാത്തവര്‍ വരെയുണ്ട്. നീ പുതിയതായി വന്നവനെ ആരും ചോദിച്ചു ബുദ്ധിമുട്ടിക്കില്ല. കുഞ്ഞാമുവിന്റെ വാക്കുകള്‍ ആശ്വാസം പകര്‍ന്നില്ല. ഇത് വരെ ആരുടെ മുന്നിലും തല കുനിക്കേണ്ടി വന്നിട്ടില്ല. ഏത് ആവശ്യവും സന്തോഷത്തോടെ നടത്തിത്തരുവാന്‍ ബാപ്പയ്ക്ക് സാധിച്ചിരുന്നു. ഏതോ നാട്ടില്‍ മറ്റൊരു ലോകത്ത് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ സ്വയം ഉരുകുമ്പോള്‍ ഒന്നിലും ഉറച്ചുനില്‍ക്കാന്‍ പറ്റുന്നില്ല. പ്രതിസന്ധികള്‍ക്ക് മുന്നില്‍ അന്ധനായിപ്പോകുന്നു.

രാത്രി വൈകിയും ജോലിയുണ്ടായിരുന്നു. ഓഫീസില്‍ മുതലാളിയും ഉണ്ട്. എല്ലാവരും ഭയത്തോടെ അറബ്, അറബ് എന്ന് പറയാറുള്ള ചോരക്കണ്ണുള്ള തടിച്ചുരുണ്ട ഒരു ജോര്‍ദാന്‍കാരനാണ് മുതലാളി. ജോലി കഴിഞ്ഞു ഇറങ്ങുമ്പോള്‍ സൂപ്പര്‍വൈസറുടെ അടുത്ത് പോയി മടിയോടെ അയാളുടെ മുഖത്തു നോക്കി. മറ്റ് ജോലിക്കാരെല്ലാം പോകാനുള്ള തിരക്കിലാണ്. ''എന്തു വേണം?'' അയാള്‍ ഗൗരവത്തില്‍ മുരണ്ടു. ''പൈസ, പല സ്ഥലത്തും കൊടുക്കാനുണ്ട്.'' അറിയാവുന്ന അറബിയിലും ഇംഗ്ലീഷിലും പറഞ്ഞൊപ്പിച്ചു. ''ഇന്നില്ല, അടുത്ത ആഴ്ചയില്‍ കിട്ടും.'' അയാള്‍ അത് പറഞ്ഞു അറബിന്റെ മുറിയിലേക്ക് നടന്നു. ഞാനും പിന്നാലെ പോയി. അനുവാദം ചോദിക്കാതെ തന്നെ മുറിയില്‍ കയറി. മുതലാളിയും മറ്റു ചിലരും അവിടെ ഇരിക്കുന്നു. സൂപ്പര്‍വൈസറും അവിടെയിരുന്നു.

ഒന്നും മിണ്ടാതെ അവര്‍ക്കു മുന്നില്‍ നില്‍ക്കുന്ന എന്നെ പരിഹാസത്തോടെ നോക്കി അറബാബ് എന്തോ സൂപ്പര്‍വൈസറോട് ചോദിച്ചു. അയാള്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. അവര്‍ എന്നെ കളിയാക്കിപ്പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. ''എനിക്ക് ശമ്പളം ഇപ്പോള്‍ കിട്ടണം'' എന്റെ ശബ്ദം അവിടെ അല്‍പസമയം നിശ്ശബ്ദത പരത്തി. അറബാബ് മുന്നില്‍ ഇരുന്നവരെ നോക്കി. പിന്നെ ഗൗരവത്തില്‍ എന്നെയും. പോക്കറ്റില്‍ നിന്നും ഏതാനും ദിര്‍ഹമുകള്‍ എടുത്ത് സൂപ്പര്‍വൈസറുടെ കൈയ്യില്‍ വെച്ചു കൊടുത്തു. അത് എണ്ണി നോക്കി. അയാള്‍ എന്നെയും വിളിച്ചു കൊണ്ട് പോയി മറ്റൊരു വശത്തെ മേശയില്‍ അടുക്കി വെച്ച പുസ്തകം തുറന്ന് എന്റെ പേരിന് മുന്നില്‍ സംഖ്യ അടയാളപ്പെടുത്തി ഒപ്പു വെപ്പിച്ച് പണം തന്നു.

''നീ നാളെ മുതല്‍ ജോലിക്ക് വരേണ്ട. നിന്റെ ബാക്കി ശമ്പളം അടുത്ത മാസം കിട്ടും.'' കൈയ്യില്‍ കിട്ടിയ ദിര്‍ഹം എണ്ണി നോക്കി. നാനൂറ് രൂപയുണ്ട്. ഓവര്‍ടൈം അടക്കം ആയിരത്തി അഞ്ഞൂറില്‍ അധികം വരും. ഇത് ഇനി കിട്ടുമോ? പതുക്കെ, ചിന്താവി,ഷ്്ടനായി പുറത്തേക്ക് നടന്നു. കുഞ്ഞാമു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ''എന്തിനാ നിര്‍ബന്ധിച്ചു ചോദിച്ചത്.? അതുകൊണ്ടാണ് പണി പോയത്. അവര്‍ തരുമ്പോള്‍ വാങ്ങാം. നമ്മള്‍ താല്‍ക്കാലിക ജോലിക്കാര്‍ മാത്രമല്ലേ.?'' ജോലിക്ക് കൂലി ചോദിച്ചാല്‍ ജോലി തന്നെ നഷ്ടപ്പെടും. ഇത് എവിടുത്തെ നീതി. ഒന്നും മിണ്ടാതെ കുഞ്ഞാമുവിനൊപ്പം നടന്നു.

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-9:
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Dismissed, Employees, Gulf, Job, Cash, Islam, Ibrahim Cherkala, Ibrahim Cherkala's experience-11

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL