city-gold-ad-for-blogger
Aster MIMS 10/10/2023

വേദനയില്‍ കുതിര്‍ന്ന നാളുകള്‍

അനുഭവം: 13/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 28.07.2018) അപരിചിതര്‍ക്ക് നടുവില്‍ മൂകനായി കുറേ നിമിഷങ്ങള്‍. അടുക്കളയില്‍ എത്തി. രണ്ട് ബംഗാളികളും പിന്നെ നാല് പാകിസ്ഥാനികളുമാണ് കൂടെ ജോലിക്കുള്ളത്. രണ്ടു പേര്‍ ഉസ്താദന്മാര്‍, മറ്റുള്ളവര്‍ സഹായികള്‍. പാചകത്തിന് നേതൃത്വം നല്‍കുന്നവരാണ് ഉസ്താദന്മാര്‍. കറികള്‍ ഉണ്ടാക്കുന്ന ഉസ്താദും, തന്തൂരി റൊട്ടിയും പൊറോട്ടയും ഉണ്ടാക്കുന്നത് മറ്റൊരു ഉസ്താദുമാണ്. പാത്രങ്ങള്‍ കഴുകുന്നത് സമദ് അലി എന്ന ബംഗ്ലാദേശുകാരനാണ്. ഉസ്താദിന്റെ സഹായിയാണ് അന്‍വര്‍ ഇസ്‌ലാം എന്ന ബംഗാളി. എന്നെ ഓരോ ജോലിയും കാണിച്ചു തന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നത് അന്‍വര്‍ ഇസ്‌ലാമാണ്. എന്തും ചിരിയോടെയും സ്‌നേഹത്തോടെയും മാത്രം സംസാരിക്കുന്ന അയാള്‍ അബ്ബാസിന്റെ സുഹൃത്ത് കൂടിയായതു കൊണ്ട് എന്റെ കാര്യത്തില്‍ വലിയ താല്‍പര്യം കാണിച്ചു. അധികം വിഷമം തോന്നാത്ത പണികള്‍ എന്നോട് പറയും. പട്ടാണി ഉസ്താദന്മാര്‍ രണ്ടും ഒരുതരം വെട്ടുപോത്തുകള്‍ തന്നെ. തന്തൂരി അടുപ്പിന്റെ ചൂടില്‍ എപ്പോഴും വിയര്‍ത്ത് കുളിച്ചിരിക്കും. ഒരാളുടെ വസ്ത്രത്തിലും ശരീരത്തിലും പറ്റിപ്പിടിച്ച ഗോതമ്പ് പൊടി എപ്പോഴും ദുര്‍ഗന്ധം പ്രസരിപ്പിക്കും. മാസങ്ങളായി വെള്ളം കാണാത്ത, കറിക്കൂട്ടങ്ങളുടെ നിറങ്ങള്‍ ചിത്രം വരയ്ക്കുന്ന കറി ഉസ്താദിന്റെ ശരീരത്തില്‍ നിന്നും ഉയരുന്ന ആസ്‌ത്രേലിയന്‍ ആടിന്റെ മണം പലപ്പോഴും ഛര്‍ദി വരുത്തിയതിനാല്‍ കഴിയുന്നതും അകലം പാലിക്കും.
വേദനയില്‍ കുതിര്‍ന്ന നാളുകള്‍

എല്ലാം സഹിക്കുകയല്ലാതെ മറ്റെന്താണ് വഴി. ജോലിക്ക് എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു. തന്തൂര്‍ റൊട്ടിയും എണ്ണയില്‍ പൊതിഞ്ഞ വിവിധ തരം കറികളുമല്ലാതെ മറ്റു ഭക്ഷണങ്ങള്‍ ഇല്ല. അരി ഭക്ഷണം ഇഷ്ടപ്പെടുന്ന എനിക്ക് കഴിക്കാന്‍ പറ്റിയ ഒന്നും അവിടെയില്ല. ഭക്ഷണത്തിന് മുന്നില്‍ ഞാന്‍ വിഷമിക്കുന്നത് കാണുമ്പോള്‍ അന്‍വര്‍ ഇസ്‌ലാം അവിടെയുണ്ടാക്കുന്ന മധുരച്ചോറ് എടുത്ത് തരും. ഒരു കൊച്ചു കുട്ടിയോടെന്നപോലെ സാന്ത്വന വാക്കുകള്‍ പറഞ്ഞു എന്നെ തീറ്റാന്‍ നോക്കും. ഞാന്‍ ജോലി ഉപേക്ഷിച്ചാല്‍ അയാള്‍ക്ക് ജോലി ഭാരം കൂടും. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒന്ന് നാട്ടില്‍ പോകാന്‍ പകരം ആളെ കിട്ടാത്തതു കൊണ്ട് നിവൃത്തിയില്ലാതെ നില്‍ക്കുകയാണ്. എന്നെ എല്ലാം പഠിപ്പിച്ചിട്ട് വേണം പോകാന്‍.  അയാള്‍ ഹിന്ദിയില്‍ പറയുന്ന കാര്യങ്ങള്‍ കുറെയൊക്കെ എനിക്ക് മനസ്സിലാകും. ആദ്യം കുറച്ചു ദിവസം പഴയ താമസ സ്ഥലത്തു തന്നെ ഉറങ്ങി.  പക്ഷെ, രാവിലെയും രാത്രിയുമുള്ള നടത്തം, ജോലിക്ക് സമയത്തിന് എത്തണം. അതു കൊണ്ട് കിടത്തം മറ്റു തൊഴിലാളികളുടെ കൂടെ തന്നെ വേണമെന്ന് മുതലാളിയും പറഞ്ഞു. വാടകയും ലാഭിക്കാം. ചെറിയ കുടുസ്സ് മുറിയില്‍ ആറു പേരാണ് ഉറങ്ങേണ്ടത്. അതും തീരെ വൃത്തിയില്ലാത്ത മുറി. എല്ലാം സഹിക്കുക തന്നെ. അന്‍വര്‍ ഇസ്ലാം എവിടന്നോ ഒരു ചെറിയ കട്ടില്‍ സംഘടിപ്പിച്ചു തന്നു. അതു കൊണ്ട് വിയര്‍പ്പ് നാറുന്ന പട്ടാണിയുടെ പെട്ട മണത്തില്‍ നിന്നും ഒരു വിധം രക്ഷപ്പെട്ടു.

നാട്ടില്‍ ഉണ്ടാകുമ്പോള്‍ തന്നെ വയറിന് ചെറിയൊരു അസുഖം ഉണ്ടായിരുന്നു. നേരിയ വേദന വരും. ചിലപ്പോള്‍ അത് ശക്തിപ്പെട്ടാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. നാട്ടിലെ പ്രധാന ഡോക്ടറുടെ മരുന്നില്‍ അല്‍പം സുഖം തോന്നിയിരുന്നു. ഭക്ഷണത്തിലെ മാറ്റമായിരിക്കാം വയറ് വേദന ചെറിയ തോതില്‍ ആരംഭിച്ചിരിക്കുന്നു. നാട്ടിലെ ഡോക്ടറുടെ കുറിപ്പ് കാണിച്ച് മരുന്ന് വാങ്ങി കഴിച്ചു. മരുന്നിന് പൊള്ളുന്ന വിലയാണ്. വയറ് വേദന കൂടിക്കൂടി വരികയാണ്. ബാവ മുഹമ്മദിന്റെ മുറിയില്‍ നിന്നും ചിലപ്പോള്‍ ഉച്ചഭക്ഷണം കഴിക്കും. ആഴ്ചകള്‍ക്ക് ശേഷം നല്ല ചോറും മീന്‍ കറിയും കൂട്ടി ഉണ്ണുമ്പോള്‍ നാടിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വരും. രാത്രി വയറു വേദന ശക്തിപ്പെടുമ്പോള്‍ ആകെ അസ്വസ്ഥനാകും. ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വരുമ്പോള്‍ കൂടെ പണിയെടുക്കുന്നവര്‍ക്ക് ദേഷ്യം വരും. പട്ടാണികള്‍ പലപ്പോഴും വഴക്ക് കൂടും. ഒന്നും കാര്യമാക്കില്ല. ജോലി കഴിഞ്ഞ് ചില രാത്രികളില്‍ കടക്കാരുടെ മുറിയിലേക്ക് കിടക്കാന്‍ പോകും. വയറ് വേദനയ്ക്ക് മരുന്നു കൊണ്ട് ആശ്വാസം കാണുന്ന നിമിഷങ്ങള്‍. മറ്റ് ചിലപ്പോള്‍ കടുത്ത വേദന അസഹനീയം. റോഡില്‍ക്കൂടി ചീറിപ്പായുന്ന വാഹനങ്ങള്‍ കാണുമ്പോള്‍ തോന്നും ഇതിന്റെ മുന്നില്‍ എടുത്ത് ചാടിയാലോ? എത്ര കാലം ഈ വേദന സഹിക്കും.? പിന്നീട് സ്വയം ആശ്വസിപ്പിക്കും. എന്ത് മടയത്തരമാണ് ചിന്തിക്കുന്നത്. നാടെന്ന മരീചിക നേരിയ മൂടല്‍മഞ്ഞില്‍ തെളിഞ്ഞു വരുമ്പോള്‍ ചിന്തകളുടെ കാടുകയറ്റം തിരുത്താന്‍ മനസ്സ് ശ്രമിക്കും.

വേദനയില്‍ പിടഞ്ഞു ചില രാത്രികളില്‍ തീരെ ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്നെ ശ്രദ്ധിച്ച കടക്കാരന്‍ മുഹമ്മദ് ഭായി പറഞ്ഞു. 'ഡോക്ടറെ കണ്ടു മരുന്നു വാങ്ങണം. ഇങ്ങനെ പോയാല്‍ ശരിയാവില്ല.' രാവിലെ ജോലിക്ക് പോയില്ല. റോളയില്‍ നല്ല മലയാളി ഡോക്ടര്‍മാര്‍ ഉണ്ട്. മുഹമ്മദ് ഭായിയും കൂടെ വന്നു. കുറേ പരിശോധനയ്ക്ക് ശേഷം നാട്ടില്‍ നിന്നും കൊണ്ടു വന്ന പരിശോധന കുറിപ്പുകള്‍ വായിച്ചു നോക്കി. ഇത് അല്‍പം പ്രശ്‌നമാണ്. കഴിയുന്നതും വേഗം നാട്ടില്‍ തന്നെ പോയി ചികിത്സിക്കണം. ചെറിയ ഒരു ഓപ്പറേഷന്‍ വേണ്ടി വരും. മനസ്സ് പതറി. എന്തു ചെയ്യും?  കണ്ണുകള്‍ അറിയാതെ നിറഞ്ഞു.

ഡോക്ടറും മുഹമ്മദ് ഭായിയും ആശ്വസിപ്പിച്ചു. രോഗം വരുന്നത് സാധാരണമാണ്. അതിനാണ് ആസുപത്രിയും മരുന്നും. ദു:ഖിച്ചിട്ട് കാര്യമില്ല.  ചെറിയ ഓപ്പറേഷനാണ്. തല്‍ക്കാല മരുന്ന് എഴുതിയതാണ്. ഡോക്ടറോട് യാത്ര പറഞ്ഞു അല്‍പദിവസം വലിയ ബുദ്ധിമുട്ട് കൂടാതെ മുന്നോട്ട് പോയി. ഇടയ്ക്ക് അബ്ബാസ് വന്നു കാര്യങ്ങള്‍ അന്വേഷിച്ച് സാന്ത്വന വാക്കുകള്‍ പകര്‍ന്നു.

ജോലിയില്‍ ചേര്‍ന്നു ഒരു മാസം അടുത്തു. ഈ ഭക്ഷണവും ജോലിയും തുടരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്റെ പ്രശ്‌നങ്ങള്‍ അബ്ബാസ് പറഞ്ഞപ്പോള്‍ പാകിസ്ഥാനി മുതലാളി ജോലി മാറ്റിത്തരുവാന്‍ തയ്യാറായി. ഹോട്ടലിന് പുറത്ത് ചായയും മറ്റും കൊണ്ടു കൊടുക്കുക. കഴിയുന്നത് ഭക്ഷണം ഇഷ്ടമുള്ള സ്ഥലത്ത് നിന്നും കഴിക്കാം. അല്‍പം സമാധാനം തോന്നി. പിന്നെയും നാളുകള്‍ നീങ്ങി. വയറു വേദന ശക്തിപ്പെട്ടു വരികയാണ്. പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. ഒരുച്ചയ്ക്ക് വേദനയില്‍ പിടഞ്ഞു കൊണ്ട് ബാവ മുഹമ്മദിന്റെ മുറിയില്‍ എത്തി. വൈകുന്നേരം വരെ കിടന്നു പിടഞ്ഞു. വീണ്ടും ഡോക്ടറെ കണ്ടു. അദ്ദേഹം മരുന്നു മാറ്റിത്തന്നു. ചിലവിന് പോലും പൈസ ഇല്ലാത്ത അവസ്ഥ. ഇനി എങ്ങനെ മുന്നോട്ട് നീങ്ങും. പിറ്റേ ദിവസവും ജോലിക്ക് പോയില്ല. ആദ്യ ജോലി ചെയ്ത പ്രസ്സില്‍ എത്തി പഴയ ശമ്പളം കിട്ടുമോ എന്ന് അന്വേഷിച്ചു.  ഏറെ കാത്തിരുന്നിട്ടും വ്യക്തമായ മറുപടി തന്നില്ല. 'ഇന്നില്ല; വിവരം പിന്നെ അറിയിക്കാം'. സൂപ്പര്‍വൈസര്‍ ഒഴികഴിവുകള്‍ പറഞ്ഞു. അതു കിട്ടുമെന്ന് തോന്നുന്നില്ല. കുഞ്ഞാമു പറഞ്ഞു. അവന്റെ കൂടെ മടങ്ങി.

മുന്നോട്ടുള്ള പ്രയാണത്തിന്റെ അനിശ്ചിതത്വത്തിന് മുന്നില്‍ ഉത്തരം കാണാതെ അന്ധാളിച്ചു നിന്നു. ബാവ മുഹമ്മദ്, മുഹമ്മദ് ഭായി. എല്ലാം ഒരേ ഉപദേശം മാത്രമാണ് നല്‍കുന്നത്. എത്രയും പെട്ടെന്ന് നാട്ടില്‍ പോയി ഓപ്പറേഷന്‍ നടത്തി സുഖപ്പെട്ടു വരിക. അസുഖവും കൊണ്ട് ഇവിടെ കിടക്കാന്‍ പറ്റില്ല. അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചു പോകാനുള്ള ഏര്‍പ്പാട് ചെയ്യാന്‍ നോക്ക്. മനസ്സില്‍ ചോദ്യങ്ങള്‍ നിറഞ്ഞു. നാട്ടില്‍ നിന്നും വന്നിട്ട് മൂന്ന് മാസം കഴിയുകയാണ്. വന്ന വകയില്‍ വാങ്ങിയ കടം തന്നെ തിരിച്ചു കൊടുത്തിട്ടില്ല. വീണ്ടും അസുഖമായി നാട്ടിലേക്ക് എങ്ങനെ മടങ്ങും.? ചിന്തയില്‍ അഗ്നിയുമായി നടന്നു. അബ്ബാസ് മാത്രം ധൈര്യം പകര്‍ന്നു. അളിയന്‍ വന്നു നാട്ടില്‍ പോകാനുള്ള വഴി ആലോചിക്കാം. അവന്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ആളാണ്. സഹായങ്ങള്‍ക്ക് പരിമിതിയുണ്ട്. ബന്ധുക്കളെയും പരിചയക്കാരെയും എല്ലാം മുഹമ്മദ് ഭായി കാര്യങ്ങള്‍ അറിയിച്ചു.

വന്നിട്ടു മൂന്നു മാസം കഴിഞ്ഞെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം വഴികള്‍ തേടി, ഇന്ന് ഈ പ്രതിസന്ധിയില്‍.! മറ്റു മാര്‍ഗ്ഗങ്ങള്‍ കാണുന്നില്ല. റോളയില്‍ ബന്ധുവായ അഹ് മദിന് ഒരു ചെറിയ ഹോട്ടലുണ്ട്. അവിടെ വന്നപ്പോള്‍ പോയിരുന്നു. അധികം ആരെയും ആശ്രയിക്കാതെ കഴിഞ്ഞതു കൊണ്ട് ബന്ധുക്കളുമായി മാന്യമായ ഒരു അകലം പാലിക്കാന്‍ കഴിഞ്ഞു. ഒരു അതിഥിയായി തന്നെ അഹ് മദിന്റെ ഹോട്ടലില്‍ എത്തി. ഭക്ഷണവും താമസവും എല്ലാം അയാള്‍ ഒരുക്കിത്തന്നു. മറ്റു ചില ബന്ധുക്കള്‍ ടിക്കറ്റിനുള്ള പൈസ തരാന്‍ തയ്യാറായി. എന്നാല്‍ രോഗവുമായി പോകുമ്പോള്‍ കൈയില്‍ എന്തെങ്കിലും വേണ്ടേ?

അബ്ബാസ് വന്നപ്പോള്‍ കാര്യങ്ങള്‍ സംസാരിച്ചു. ഒന്നു കൊണ്ടും പേടിക്കേണ്ട. നമ്മുടെ നാട്ടുകാരായ സുഹൃത്തുക്കള്‍ അബുദാബിയിലും ദുബൈയിലും ഉണ്ട്. എല്ലാവരെയും ഒന്ന് കാണാം. ചെറിയ ചെറിയ സംഖ്യകള്‍ കടമായി വാങ്ങാം. അസുഖം മാറി വന്ന് തിരിച്ചു നല്‍കാം. ഈ അഭിപ്രായത്തോട് യോജിപ്പ് തോന്നി. പിന്നെയുള്ള രാത്രികള്‍ യാത്രയുടേതാണ്. അബുദാബിയിലും ദുബൈയിലുമുള്ള പല നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ടു. കാര്യങ്ങള്‍ അബ്ബാസ് സംസാരിക്കും. നാട്ടില്‍ നല്ല ചുറ്റുപാടുള്ളവനായതു കൊണ്ട് പ്രതിസന്ധിയില്‍ സഹായിക്കാന്‍ ആരും മടി കാണിച്ചില്ല. കൂടെ പഠിച്ച പല സുഹൃത്തുകളും സമ്മാനങ്ങള്‍ പലതും വാങ്ങിത്തന്നു. ചെറിയ സംഖ്യയും തന്ന് ആശ്വസിപ്പിച്ചു. രണ്ട് ദിവസം ചുറ്റിത്തിരിഞ്ഞു തെറ്റില്ലാത്ത സംഖ്യയുമായി മടങ്ങി.

നാട്ടില്‍ വിവരം അറിഞ്ഞതോടെ എല്ലാവര്‍ക്കും വിഷമമായി. ദു:ഖം നിറഞ്ഞ എഴുത്തുകള്‍ എത്തി. ബാപ്പയുടെ ആശ്വാസം നിറഞ്ഞ കത്ത് മനസ്സിന് ബലം നല്‍കി. റോളയില്‍ ഹോട്ടല്‍ നടത്തുന്ന അഹ് മദും അവധിയില്‍ നാട്ടില്‍ പോകുന്നുണ്ട്. അവരുടെ കൂടെ യാത്രയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തി. അബ്ബാസിന്റെ കൂടെ പാകിസ്ഥാനിയെ കാണാന്‍ പോയി. ഒരു മാസത്തെ ശമ്പളമുണ്ട്. ഇടയ്ക്ക് മരുന്നിന് വാങ്ങിയിരുന്നു. അത് കഴിച്ചു ബാക്കി വാങ്ങണം. പാകിസ്ഥാനി കണ്ട ഉടനെ സന്തോഷത്തോടെ ഇരിക്കാന്‍ പറഞ്ഞു. ചായ കുടിച്ച ശേഷം നാട്ടില്‍ പോകുന്ന കാര്യം അബ്ബാസ് പറഞ്ഞു. അല്‍പം ചിന്തിച്ച ശേഷം അയാള്‍ പണം എണ്ണിത്തന്നു. ഒരു മാസത്തെ ശമ്പളം മുഴുവനും ഉണ്ടായിരുന്നു. കൈപിടിച്ചു യാത്ര പറയുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു.
(തുടരും).

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-9:
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

അനുഭവം-11:
പുതിയ സങ്കേതത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Ibrahim Cherkala, Top-Headlines, Job, Gulf, Friend, Natives, Family, Ibrahim Cherkalas Experience -13

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL