Book | കാർഷിക വൃത്തിക്കിടയിൽ ലേഖനങ്ങൾ എഴുതിയ 78കാരൻ; കുഞ്ഞച്ചന്റെ പുസ്തകം പൊലീസ് സ്റ്റേഷനിൽ
● 'കുഞ്ഞച്ചന്റെ ചില ഉത്കണ്ടകളും ഓർമ്മപ്പെടുത്തലുകളും' എന്നാണ് പുസ്തകത്തിന്റെ പേര്
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) കാർഷിക വൃത്തിക്കിടയിൽ ലേഖനം എഴുത്ത്, അതും എഴുപത്തി എട്ടാം വയസിൽ. ലേഖനം പുസ്തകരൂപത്തിൽ പുറത്തിറങ്ങിയപ്പോൾ അത് ഏറ്റുവാങ്ങാൻ കാക്കിയുടെ നല്ലമനസും. കർഷകനായ പരപ്പയിലെ കൊച്ചു പുത്തൻപുരയിൽ കെ എ തോമസ് എന്ന കുഞ്ഞച്ചൻ (78) ആണ് വാർധക്യത്തിന്റെ അവശതകൾ ഒട്ടും കാണിക്കാതെ പരിമിതമായ കഴിവുകൾ ഉപയോഗിച്ച് ആനുകാലിക പ്രസക്തിയുള്ള പുസ്തകം എഴുതി പുറത്തിറക്കിയത്.
നമ്മുടെ രാജ്യത്തെ ചില നിയമസംവിധാനങ്ങളുടെ പോരായ്മകളെ ചോദ്യം ചെയ്യുന്ന തരത്തിൽ ലേഖനമുള്ള പുസ്തകം നിയമപാലകരുടെ കയ്യിൽ ഏൽപ്പിക്കുക എന്ന ആഗഹവുമായി വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ കുഞ്ഞച്ചനെ ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ സ്വീകരിച്ചു. തന്റെ വിയർപ്പിനൊപ്പം വിരിഞ്ഞ പുസ്തകം ഇരുകൈയും നീട്ടി പൊലീസ് ഓഫീസർ ഏറ്റുവാങ്ങിയപ്പോൾ ഈ വയോധികന്റെ ആഗ്രഹസാഫല്യം കൂടിയായി അത്.
വായിച്ചു നോക്കിയ ശേഷം അഭിപ്രായം പറയണമെന്ന അഭ്യർത്ഥനയോടെ അവിടം വിട്ട കുഞ്ഞച്ചൻ സ്റ്റേഷനിലെ മറ്റു പൊലീസുകാർക്കും പുസ്തകങ്ങൾ കൈമാറി. വർഷങ്ങൾക്ക് മുൻപ് തൊടുപുഴയിൽ നിന്നും മലബാറിലേക്ക് കുടിയേറി എത്തിയതാണ് കുഞ്ഞച്ചൻ.
സ്വന്തം പേരിൽ ഉള്ള ഭൂമിയിൽ കഠിനാധ്വാനത്തിലൂടെ കാർഷിക മേഖലയിൽ വിജയം കൊയ്യുന്നതിനിടെയാണ് വായനക്കും എഴുത്തിനും സമയം കണ്ടെത്തിയത്. വായിച്ചും കേട്ടും അറിഞ്ഞുമൊക്കെ ഉണ്ടാക്കിയെടുത്ത അറിവിൽ നിന്നാണ് കുഞ്ഞച്ചൻ ഇപ്പോൾ 'കുഞ്ഞച്ചന്റെ ചില ഉത്കണ്ടകളും ഓർമ്മപ്പെടുത്തലുകളും' എന്ന പുസ്തകത്തിന്റെ ഉപജ്ഞാതാവായത്.
#KeralaAuthor, #FarmerAuthor, #BookLaunch, #LegalIssues, #Inspiration