Inauguration | കാസർകോട്ട് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം 15ന് മുഖ്യമന്ത്രി നിർവഹിക്കും
● 29-ാം ബാച്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയും.
● 2025 സപ്തംബർ അവസാനത്തോടെ ഏഴാം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിലവിൽ വരും.
● അംഗ ഗ്രന്ഥശാലകളിൽ നിന്ന് താലൂക്ക് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 മാർച്ച് രണ്ടിനാണ്.
കാസർകോട്: (KasargodVartha) കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ട്രെയിനിംഗ് സെന്റർ മന്ദിരം ഡിസംബർ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാനഗർ മധൂർ റോഡിൽ ഉദയഗിരിയിൽ കേന്ദ്രീയ വിദ്യാലയത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായിരിക്കും.
കേരള ഗ്രന്ഥശാല സംഘത്തിന് പതിച്ചു നൽകിയ 27.51 സെന്റ് സ്ഥലത്താണ് 2.24 കോടി രൂപ ചിലവഴിച്ചുകൊണ്ട് ഈ മന്ദിരം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഫണ്ടുപയോഗിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പണിതിരിക്കുന്നത്. 2019 ജൂലൈ 17ന് അഞ്ചാം സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ കാലത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ വി കുഞ്ഞികൃഷ്ണനാണ് തറക്കല്ലിട്ടത്. കോവിഡും മഹാപ്രളയവും കാരണമാണ് പ്രവൃത്തി നീണ്ടത്.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 40 പേർക്ക് താമസ സൗകര്യത്തോടെ ആറു മാസത്തെ പഠനം പൂർത്തിയാക്കുക എന്ന ലക്ഷ്യമായിരുന്നു കെട്ടിടത്തിൻ്റെ നിർമാണ വേളയിലുണ്ടായത്. 28-ാം ബാച്ചാണ് ഇപ്പോൾ ജില്ലാ ലൈബ്രറിയുടെ അങ്കണത്തിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ നടക്കുന്നത്. 29-ാം ബാച്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയും.
ആറാം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ അവസാനവർഷമാണിത്. 2025 സപ്തംബർ അവസാനത്തോടെ ഏഴാം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിലവിൽ വരും. അംഗ ഗ്രന്ഥശാലകളിൽ നിന്ന് താലൂക്ക് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 മാർച്ച് രണ്ടിനാണ്. കടന്നുപോയ നാലുവർഷക്കാലം ദീർഘവീക്ഷണത്തോടു കൂടിയ ഒട്ടനവധി നൂതന പരിപാടികൾ ആവിഷ്ക്കരിക്കുന്നതിലും അംഗലൈബ്രറിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിനും ആറാം ലൈബ്രറി കൗൺസിൽ തികഞ്ഞ ജാഗ്രത കാണിച്ചുവെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ഒരു വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള അക്ഷര വിപ്ലവത്തിൻ്റെ മുന്നണിപ്പോരാളികളാക്കി ഗ്രന്ഥശാലകളെ മാറ്റിയെടുക്കാനുള്ള ഒരുക്കത്തിലാണ് ലൈബ്രറി കൗൺസിൽ. ലൈബ്രറികളെ ആധുനികവൽക്കരിക്കുന്നതിനുള്ള പദ്ധതികൾ ജനപ്രതിനിധികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഗ്രന്ഥശാലകളെ ആധുനികവൽക്കരിക്കുന്നതിന് ലൈബ്രറി കൗൺസിൽ പബ്ലിക് (Public) എന്ന വെബ് ആപ് നിർമിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ജില്ലയിലെ എംഎൽഎമാരായ എ കെ എം അഷറഫ്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി ജയൻ, ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ, മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ ഷൈമ, ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ തുടങ്ങിയവർ പങ്കെടുക്കും.
അരുൺകുമാർ ബേക്കലിൻ്റെ സാക്സോ ഫോൺ കച്ചേരിയും മധു ബേഡകം അവതരിപ്പിക്കുന്ന 'മരണമൊഴി' എന്ന ഏകപാത്ര നാടകവും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി കെ പനയാൽ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ വി കുഞ്ഞിരാമൻ, സെക്രട്ടറി ഡോ.പി പ്രഭാകരൻ, കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരൻ, പ്രസിഡണ്ട് ഇ ജനാർദനൻ, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡണ്ട് പി വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.
#KeralaLibrary #CMInauguration #TrainingCenter #LibraryModernization #Kasargod #EducationalFacilities