Tourism Development | കാസർകോടിന്റെ ടൂറിസം മേഖലയിൽ പുതിയ അധ്യായം; 151 ആഡംബര മുറികളും 72 കോട്ടേജുകളുമായി ബേക്കലിൽ ഗേറ്റ്‌വേ പഞ്ചനക്ഷത്ര റിസോർട്ട്; 15ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
● ഡിസംബർ 15 ഞായറാഴ്ച രാവിലെ 11.30-ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റിസോർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
● കേരളത്തിലെ ടൂറിസം വികസനത്തിന് ഒരു വഴിത്തിരിവായിരിക്കും ഗേറ്റ്‌വേ ബേക്കൽ റിസോർട്ട്.
● ബേക്കലിന്റെ ടൂറിസം വികസനത്തിൽ ഒരു നാഴികക്കല്ലായിരിക്കും ഈ റിസോർട്ട്.
ബേക്കൽ: (KasargodVartha) കാസർകോട് ജില്ലയുടെ ടൂറിസം മേഖലയ്ക്ക് കരുത്തുപകർന്ന് ബേക്കലിൽ ഒരു പഞ്ചനക്ഷത്ര റിസോർട്ട് കൂടി നാടിന് സമർപ്പിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഹോസ്‌പിറ്റാലിറ്റി വിഭാഗമായ ഇൻഡ്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന് (IHCL) കീഴിലുള്ള ഗേറ്റ്‌വേ ബേക്കൽ റിസോർട്ട് ഉദ്ഘാടനത്തോടെ കേരളത്തിന്റെ ടൂറിസം മേഖലയിൽ പുതിയൊരു അധ്യായം രചിക്കുകയാണ്.
ഡിസംബർ 15 ഞായറാഴ്ച രാവിലെ 11.30-ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റിസോർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബേക്കൽ പുഴയോരത്ത് 32 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ റിസോർട്ട്, ബേക്കലിന്റെ അതുല്യമായ ഭൂപ്രകൃതിയോട് ഇണങ്ങിച്ചേർന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
151 ആഡംബര മുറികളും, 72 കോട്ടേജുകളും, റെസ്റ്റോറന്റ്, ബങ്ക്വേറ്റ് ഹാൾ, മീറ്റിങ് റൂം, കൺവെൻഷൻ സെൻ്റർ, സ്‌പാ, ജിംനേഷ്യം, ജോഗിങ് ട്രാക്ക്, നീന്തൽക്കുളം, ആംഫി തിയേറ്റർ, ഡെസ്റ്റിനേഷൻ വെഡ്ഡിങ് സൗകര്യം തുടങ്ങിയ അനേകം സൗകര്യങ്ങളോടെയാണ് ഈ റിസോർട്ട് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനത്തിന് ഒരു വഴിത്തിരിവായിരിക്കും ഗേറ്റ്‌വേ ബേക്കൽ റിസോർട്ട്.
രാജ്യാന്തര തലത്തിലുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉണർത്തുന്നതിനും ഈ റിസോർട്ട് സഹായിക്കും. ഗോപാലൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉപസ്ഥാപനമായ ഗ്ലോബ് ലിങ്ക് ഹോട്ടൽസ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡാണ് റിസോർട്ട് നിർമിച്ചത്. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും സിനിമാചിത്രീകരണത്തിനും ഇവിടം അനുയോജ്യമാണ്.
ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപറേഷൻ (BRDC) വിവിധ പഞ്ചായതുകളിലായി സ്ഥലം ഏറ്റെടുത്ത് ലീസിന് വിവിധ കമ്പനികൾക്ക് അനുവദിച്ചിട്ടുള്ള ആറ് പഞ്ചനക്ഷത്ര റിസോർട്ടുകളിൽ മൂന്നാമത്തേതാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്ന മലാംകുന്നിലെ റിസോർട്ട്. ബേക്കലിന്റെ ടൂറിസം വികസനത്തിൽ ഒരു നാഴികക്കല്ലായിരിക്കും ഈ റിസോർട്ട്.
#Kasaragod, #Bekal, #GatewayResort, #KeralaTourism, #LuxuryHotels, #TourismDevelopment