Football Tournament | തളങ്കരയിൽ ആവേശം വിതറി എന്‍ എ സുലൈമാന്‍ ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ്; ടീം 20 കുണ്ടിൽ കിരീടം സ്വന്തമാക്കി
● ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ടീം 20 കുണ്ടിൽ ഒരു ഗോൾ വീതം നേടി മുന്നിലെത്തി.
● മത്സരങ്ങൾ നടന്ന ദിവസങ്ങളിൽ മൈതാനം കാണികളെ കൊണ്ട് നിറഞ്ഞിരുന്നു.
കാസർകോട്: (KasargodVartha) നാഷണൽ സ്പോർട്‌സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറായിരുന്ന എൻ എ സുലൈമാന്റെ സ്മരണാർഥം തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച രണ്ടാമത് എൻ എ സുലൈമാൻ ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ്റ് തളങ്കരയ്ക്കും ഫുട്‍ബോൾ പ്രേമികൾക്കും ആവേശമായി. വിദേശ താരങ്ങളുടെ അടക്കം സാന്നിധ്യം ടൂർണമെന്റിന് കൂടുതൽ ആകർഷണം നൽകി. നിരവധി പേർ കാൽപന്ത് കളി കാണാൻ വന്നിരുന്നു
വെള്ളിയാഴ്ച വൈകീട്ട് നടന്ന വീറും വാശിയും നിറഞ്ഞ ഫൈനലിൽ ടീം 20 കുണ്ടിൽ 2 - 1ന് ഗോള്‍ഡ് ഹില്‍ ഹദ്ദാദിനെ പരാജയപ്പെടുത്തി കിരീടം ചൂടി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ടീം 20 കുണ്ടിൽ ഒരു ഗോൾ വീതം നേടി മുന്നിലെത്തി. അവസാന നിമിഷങ്ങളിൽ ഹദ്ദാദ് ഒരു ഗോൾ നേടിയെങ്കിലും ടീം 20 കുണ്ടിലിന്റെ വിജയം തടയാൻ കഴിഞ്ഞില്ല.
നവംബർ 22നാണ് ടൂർണമെന്റിന് തുടക്കമായത്. എഫ്.സി എർമാളം, എം.എഫ്.സി മൊഗ്രാൽ, ബാർസാ ഫാമിലി കാസർകോട്, യഫാ തായലങ്ങാടി, ഇവൈസിസി എരിയാൽ, എം.എഫ്.സി മേൽപറമ്പ്, തെരുവത്ത് സ്പോർട്ടിങ് ക്ലബ്, കട്ടീൽ ഫ്രണ്ട്സ്, മിറാക്കിൾ കമ്പാർ, ഒഫൻസ് കീഴൂർ, യുണൈറ്റഡ് പട്ള, എഫ്.സി.പ്രിയദർശിനി, ബാച്ചലേഴ്‌സ് പുത്തൂർ, ടീം 20 സ്പോർട്ടിങ്, ആരോസ് എഫ്.എ. എന്നീ ടീമുകളും ടൂർണമെൻ്റിൽ മാറ്റുരച്ചു.
ടൂർണമെന്റ് പ്രദേശവാസികൾക്ക് ഒരു ഉത്സവത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. വിദേശ താരങ്ങളും സ്വദേശികളായ താരങ്ങളും അടങ്ങിയ മത്സരങ്ങൾ കാണികൾക്ക് ഒരു വിരുന്നായിരുന്നു. മത്സരങ്ങൾ നടന്ന ദിവസങ്ങളിൽ മൈതാനം കാണികളെ കൊണ്ട് നിറഞ്ഞിരുന്നു. തളങ്കരയ്ക്ക് പുറമേ സമീപ പ്രദേശങ്ങളിൽ നിന്നും വലിയൊരു ജനക്കൂട്ടം ടൂർണമെന്റ് കാണാൻ എത്തിയിരുന്നു.
വിജയികൾക്ക് 60,000 രൂപ കാഷ് അവാർഡും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും ട്രോഫിയുമാണ് സമ്മാനിച്ചത്. വ്യവസായി യഹ്‌യ തളങ്കര, സുഫാസ് സുലൈമാൻ, സമീർ ബെസ്റ്റ് ഗോൾഡ് തുടങ്ങിയവർ ട്രോഫികളും ഉപഹാരങ്ങളും സമ്മാനിച്ചു. നാഷണൽ ക്ലബ് പ്രസിഡൻ്റ് കെ എം ഹനീഫ്, ജനറൽ സെക്രടറി എൻ കെ അൻവർ, ട്രഷറർ ടി എ മുഹമ്മദ് കുഞ്ഞി, ടി എ ഷാഫി, സുനൈസ് അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.
#NASulaimanTrophy #FootballTournament #Team20Kunnu #KasargodFootball #SportsEvent #FootballVictory