Allegation | കാസർകോട് നഗരസഭാ സെക്രടറിയെ മർദിച്ചുവെന്ന പരാതിയിൽ വഴിത്തിരിവ്; സെക്രടറിയുടെ വ്യാജ ഒപ്പിട്ട് കെട്ടിട നമ്പർ നൽകിയ നഗരസഭയിലെ 3 പ്രധാന ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു
● കലക്ടർക്കും സെക്രടറി ഇത് സംബന്ധിച്ച റിപോർട് നൽകിയിട്ടുണ്ട്.
● കെട്ടിടങ്ങളുടെ നമ്പർ നൽകിയതുമായി ബന്ധപ്പെട്ട നിയമ ലംഘനവും പരാതിയുണ്ട്.
കാസർകോട്: (KasargodVartha) നഗരസഭാ സെക്രടറിയെ മർദിച്ചെന്ന കേസിൽ വഴിത്തിരിവ്. മുൻസിപൽ സെക്രടറിയുടെ വ്യാജ ഒപ്പിട്ട് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയെന്ന പരാതിയിൽ നഗരസഭയിലെ മൂന്ന് പ്രധാന ഉദ്യോഗസ്ഥർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
കാസർകോട് നഗരസഭ മുൻ സെക്രടറിയും ഇപ്പോൾ കാസർകോട് കലക്ട്രേറ്റിലെ ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ പി എ ജസ്റ്റിൻ്റെ പരാതിയിൽ കാസർകോട് നഗരസഭയിലെ ക്ലർക് സെക്ഷനിലെ പ്രമോദ് കുമാർ, റവന്യൂ ഇൻസ്പെക്ടർ രഞ്ജിത്ത്, റവന്യൂ ഓഫീസർ എ പി ജോർജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ജസ്റ്റിൻ കാസർകോട് നഗരസഭാ സെക്രടറിയായിരുന്ന 2023 വർഷത്തിലും ഈ വർഷം ഒമ്പതാം മാസം വരെയുള്ള കാലയളവിനിടെ കെട്ടിടങ്ങൾക്കുള്ള ഒകുപെൻസി സർടിഫികറ്റ് തയാറാക്കി സെക്രടറിയുടെ വ്യാജ ഒപ്പിട്ടെന്നാണ് പരാതി.
സെക്രടറിക്ക് മാത്രം അനുമതി നൽകാൻ കഴിയുന്ന നാല് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതുമായി ബന്ധപ്പെട്ട വിഷയം ജോയിൻ്റ് സെക്രടറി മുമ്പാകെ റിപോർട് ചെയ്തിട്ടുണ്ട്. കലക്ടർക്കും സെക്രടറി ഇത് സംബന്ധിച്ച റിപോർട് നൽകിയിട്ടുണ്ട്.
തളങ്കര പള്ളിക്കാലിൽ ഒരു കെട്ടിടത്തിന് നൽകിയ അനുമതി നിയമ ലംഘനത്തെ തുടർന്ന് സെക്രടറി റദ്ദാക്കിയതിൻ്റെ പേരിൽ നഗരസഭയിലെ കരാറുകാരനും മറ്റൊരാളും ഓഫീസിന് മുന്നിൽ വെച്ച് മർദിച്ചെന്ന ആരോപണം ഏറെ വിവാദമാകുകയും പിന്നാലെ പൊലീസ് കേസെടുത്ത് കരാറുകാരനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
#Kasaragod, #MunicipalSecretary, #PoliceCase, #BuildingPermits, #FakeSignatures, #LegalIssues