city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസ്‌കര്‍ അലിയുടെ കളിപ്പാവ

അനുഭവം-18 / ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 05.09.2018)  രു ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിന്റെ അലച്ചില്‍ തുടര്‍ന്നു. ഓരോ സ്ഥലത്ത് എത്തുമ്പോഴും അതിന്റെതായ പ്രശ്‌നങ്ങള്‍ കാണും. ശരീഫ് കടയില്‍ ജോലിക്ക് എത്തിയതോടെ മനസ്സിന് നല്ല സമാധാനമായി. അധികസമയവും കടയില്‍ തന്നെ ശരീഫിന് സഹായിയായി നില്‍ക്കും. കടയില്‍ വന്നു സാധനങ്ങള്‍ വാങ്ങുന്നതിലും കൂടുതല്‍ പേര്‍ വേണ്ട സാധനങ്ങള്‍ ഫോണിലൂടെയാണ് ആവശ്യപ്പെടുക. ചെറിയ ഗ്രോസറികളുടെ പ്രധാന വ്യാപാരം ഇത്തരത്തിലാണ്. അതുകൊണ്ട് നല്ല കച്ചവടം നടക്കുന്ന കടയില്‍ മൂന്നും നാലും ഡെലിവറി ബോയികള്‍ വേണ്ടി വരുന്നു. വലിയ സംഖ്യ മുടക്കി ഗള്‍ഫില്‍ പ്രതീക്ഷയോടെ എത്തിപ്പെടുന്ന ഗ്രോസറി വിസക്കാര്‍, ചിട്ടയില്ലാതെ സമയം ജോലി, ചെറിയ ശമ്പളത്തിന് ചെയ്യേണ്ടി വരുന്നു. ആദ്യകാലങ്ങളില്‍ ഒരു കട തുടങ്ങുമ്പോള്‍ സ്ഥാപന ഉടമയുടെ കണക്ക് തന്നെ മൂന്ന് വിസയെങ്കിലും തൊഴില്‍ അന്വേഷകര്‍ക്ക് വില്‍ക്കാമെന്നാണ്.

അതുവഴി മുടക്കു മുതലിന്റെ അധിക ഭാഗവും കൈയില്‍ വരും. അതു പോലെ പണം മുടക്കി വന്നവര്‍ കിട്ടുന്ന ശമ്പളത്തില്‍ അടിമയെപ്പോലെ പണിചെയ്യാനും നിര്‍ബന്ധിതരാകുന്നു. ഭക്ഷണവും താമസവും കട ഉടമ നല്‍കും. എന്നാല്‍ അധിക സ്ഥലങ്ങളിലും സമയത്തിന് ഭക്ഷണം ലഭിക്കില്ല. ചുരുങ്ങിയ ചിലവില്‍ എന്ത് ഭക്ഷണം നല്‍കാം എന്ന മുതലാളിയുടെ ചിന്ത എപ്പോഴും തൊഴിലാളികളെ അരപ്പട്ടിണിക്കാരായി ജോലി ചെയ്യേണ്ട അവസ്ഥ സൃഷ്ടിക്കും. അതുപോലെ ആളുകള്‍ തിങ്ങി നിറഞ്ഞ കുടുസ്സ് മുറിയില്‍ ശ്വാസം മുട്ടിയുള്ള സഹവാസവും.

ശരീഫ് സ്‌നേഹമുള്ളവനും ബുദ്ധിമാനുമാണ്. എന്നെ വലിയ ഇഷ്ടവുമാണ്. അതുകൊണ്ട് ഏത് കാര്യത്തിലും ശ്രദ്ധിക്കും. കടയിലെ ഓരോ ജോലി എങ്ങനെ ചെയ്യണമെന്ന് ഒരു അദ്ധ്യാപകനെപ്പോലെ പറഞ്ഞു തരും. കഴിയുന്നതും അറബിയില്‍ തന്നെ സംസാരിക്കാന്‍ നിര്‍ബന്ധിക്കും. അറബി കസ്റ്റമറുടെ കോള്‍ വന്നാല്‍ എന്റെ കൈയ്യില്‍ ഫോണ്‍ തന്ന് സംസാരിക്കാന്‍ പറയും. തപ്പിത്തടഞ്ഞു ഞാന്‍ ഓരോന്നും ചോദിച്ചു മനസ്സിലാക്കി കുറിച്ച് വെക്കും. ശരീഫ് എന്റെ വെപ്രാളം ഒളികണ്ണാലെ നോക്കി മന്ദഹസിക്കും. സാധനങ്ങളുടെ പേരും വിലയും അറബിയിലും ഹിന്ദിയിലും പഠിക്കണം. അല്‍പം ഇംഗ്ലീഷ് അറിയുന്നത് വലിയ അനുഗ്രഹമായി. സാധനവുമായി പോകുന്ന ഫ്‌ളാറ്റുകളില്‍ നിന്നും ഫാലസ്തിയും മിസിറിയും സുഡാനിയും എല്ലാം അറബിയില്‍ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അറിയുന്ന അറബിയും ഇംഗ്ലീഷും ഹിന്ദിയും എല്ലാം കലര്‍ത്തി പറഞ്ഞു രക്ഷപ്പെടും.

മുഹമ്മദ് ഭായിയും എന്നെ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഏതെങ്കിലും കടയിലോ മറ്റെന്തെങ്കിലും ജോലിയിലോ എത്തിപ്പെടണമെന്ന് എപ്പോഴും പറയും. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ താമസക്കാരായ കമ്പനിയിലെ ഉയര്‍ന്ന ജോലി ചെയ്യുന്നവരോട് എന്റെ ജോലിക്കാര്യം ഉണര്‍ത്തും. അവരും സഹായിക്കാമെന്ന് ഏല്‍ക്കും. മാസങ്ങള്‍ പിന്നെയും കടന്നുപോവുകയാണ്. പ്രവാസത്തിന്റെ മോഹന വലയം എന്നെ കീഴ്‌പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. എന്തും നേരിട്ട് വിജയം നേടാനുള്ള മനോധൈര്യം കൈവന്നിരിക്കുന്നു. ശരീഫും മുഹമ്മദ് ഭായിയും പകര്‍ന്നു തന്ന ആത്മവിശ്വാസം മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് പുതിയ സങ്കല്‍പങ്ങളും വര്‍ണ്ണങ്ങളും വിതറി.

നിരനിരയായി ഉയര്‍ന്ന കെട്ടിടങ്ങളിലെല്ലാം നിറയെ താമസക്കാര്‍ ഉണ്ട്. ഓരോ കെട്ടിടത്തിലും താഴെ നിലയില്‍ അധികവും ഒരു ഗ്രോസറിയും ഒരു ലോണ്‍ട്രിയും. ഗ്രോസറികളില്‍ അധികവും മലയാളിയും ബംഗ്ലാദേശിയും ആയിരിക്കും. ലോണ്‍ട്രികളില്‍ യുപിക്കാരും തമിഴ്‌നാട്ടുകാരും, പാക്കിസ്ഥാനികളെയും കാണാം. അതുപോലെ എല്ലാ കെട്ടിടങ്ങള്‍ക്കും പാറാവുകാര്‍ ഉണ്ട്. കെട്ടിടത്തിന്റെ മേല്‍നോട്ടം മാത്രമല്ല, അതിന്റെ ശുചീകരണവും സംരക്ഷണ ചുമതലയും എല്ലാം ഇത്തരക്കാര്‍ക്കാണ്. വലിയ കെട്ടിടമാണെങ്കില്‍ ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ പേരും ഇവിടങ്ങളില്‍ ജോലിക്ക് ഉണ്ടാകും.

അറബികള്‍ ഇവരെ 'നാത്തൂര്‍' എന്നാണ് പറയുക. ഇവര്‍ക്ക് അധികവും ചെറിയ ശമ്പളമാണെങ്കിലും പലവഴികളിലായി നല്ലൊരു സംഖ്യ മാസവരുമാനം ഉണ്ടാക്കുന്നവരാണ് അധികവും. താമസക്കാര്‍ കൈമടക്കായി ചില്ലറ നല്‍കുന്നതിന് പുറമെ ആ കെട്ടിടത്തില്‍ താമസിക്കുന്നവരുടെ കാറുകള്‍ കഴുകുന്ന ജോലിയും ഇവര്‍ക്ക് ലഭിക്കും. മാസ ശമ്പളമായി ഇതുവഴി നല്ലൊരു സംഖ്യ ഉണ്ടാക്കാന്‍ പറ്റും. രാത്രിയും രാവിലെയുമായി നാത്തൂര്‍മാര്‍ കാറുകള്‍ കഴുകുക. ഈ ജോലി നിയമവിരുദ്ധമാണെങ്കിലും ഒരു അവകാശം പോലെ കൊണ്ടു പോകുന്നു. കെട്ടിടത്തിലെ കാറുകള്‍ മുഴുവനും ചിലപ്പോള്‍ ഒരാള്‍ക്ക് കഴുകിത്തീര്‍ക്കാന്‍ പറ്റില്ല. ഇങ്ങനെ വരുമ്പോള്‍ നാത്തൂരിന് ഇഷ്ടപ്പെട്ടവര്‍ക്ക് ജോലി കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഏല്‍പ്പിച്ചു കൊടുക്കും.

ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ നാത്തൂര്‍ തമിഴ്‌നാട്ടുകാരന്‍ ഉമ്മര്‍ പാഷയാണ്. ഇയാള്‍ അധിക ജോലിയൊന്നും ചെയ്യില്ല. എല്ലാറ്റിനും ആളെ വെച്ചു കമ്മീഷന്‍ വാങ്ങും. സ്വന്തമായി തയ്യല്‍കടയും മറ്റു ചില ബിസിനസ്സുകളും ഉള്ളതു കൊണ്ട് തെറ്റില്ലാത്ത സംഖ്യ മാസത്തില്‍ കിട്ടും. തടിച്ച് കൊഴുത്ത് ആളെ കണ്ടാലും ഒരു മുതലാളി ലുക്ക് ഉണ്ട് ഉമ്മര്‍ പാഷയ്ക്ക്. കടയിലുള്ള ഞങ്ങളുമായി വളരെ സ്‌നേഹത്തിലാണ് പാഷ. ഞാന്‍ ജോലിയില്ലാത്ത കാര്യം പറഞ്ഞപ്പോള്‍ അഞ്ച് കാറുകള്‍ രാവിലെ കഴുകാന്‍ സമ്മതം തന്നു. നാത്തൂര്‍ അറിയാതെ നേരിട്ട് കാറുകള്‍ കഴുകാന്‍ സമ്മതിക്കില്ല. ഉമ്മര്‍ പാഷ കാര്‍ ഉടമകളോട് മാസത്തില്‍ പണം വാങ്ങി കമ്മീഷന്‍ കഴിച്ചുള്ള സംഖ്യ തരും. അതിരാവിലെ ഉറക്കമുണര്‍ന്ന് ചെയ്യേണ്ട ജോലിയാണ് ഇത്. കാരണം ഉടമകള്‍ ജോലിക്ക് പോകുന്നതിന് മുമ്പ് കാര്‍ കഴുകി തുടച്ചു വൃത്തിയാക്കി വെക്കണം.

രാവിലെ ജോലി കഴിഞ്ഞ് പിന്നെയും അല്‍പം കിടന്നുറങ്ങും. ഞങ്ങള്‍ക്കുള്ള ഭക്ഷണം പാകം ചെയ്തിരുന്നത് ബാവ മുഹമ്മദാണ്. അദ്ദേഹം നാട്ടില്‍ പോയതോടെ പാചകത്തിന്റെ ചുമതല എന്നെ ഏല്‍പ്പിച്ചു. ഒന്നും ഉണ്ടാക്കാന്‍ അറിയില്ലെങ്കിലും ഞാന്‍ തയ്യാറായി. ഓരോ പരീക്ഷണങ്ങള്‍ നടത്തി മുന്നേറി. പല പരീക്ഷണങ്ങളും പരാജയമായിരുന്നെങ്കിലും കാലക്രമത്തില്‍ ഭക്ഷണം രുചിയില്‍ ഉണ്ടാക്കാന്‍ പഠിച്ചു. ഭക്ഷണവും താമസവും അതുകൊണ്ട് ഫ്രീയായി കിട്ടി. കടയില്‍ സഹായിയായി ജോലിയില്‍ പരിശീലനവും നേടിത്തുടങ്ങി.
അസ്‌കര്‍ അലിയുടെ കളിപ്പാവ

ഒരുദിവസം ഉച്ചയ്ക്ക് മുഹമ്മദ് ഭായി അല്‍പം മടിയോടെ പറഞ്ഞു. നിനക്ക് ഇഷ്ടമാണെങ്കില്‍ ചെറിയൊരു ജോലി ഇവിടെ അടുത്തുണ്ട്. പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി. നമ്മുടെ അടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന യുപിക്കാരിയുടെ ചെറിയ കുട്ടിയെ കുറച്ചു സമയം നോക്കണം. അവര്‍ രാവിലെ ജോലിക്ക് പോയാല്‍ മൂന്ന് മണിക്ക് മടങ്ങിയെത്തും വരെ കുട്ടിയെ കളിപ്പിക്കണം. മുഹമ്മദ് ഭായി എന്റെ മനസ്സ് വായിച്ചതു പോലെ അല്‍പസമയം മൗനിയായി, പിന്നെ വാ തുറന്നു. മറ്റൊരു സ്ഥിരം ജോലി കിട്ടുന്നത് വരെ ഇത് ചെയ്യ്. വലിയ ബുദ്ധിമുട്ടില്ലാത്ത പണിയല്ലെ.? അവര്‍ നല്ല ശമ്പളവും തരും. കുറേ നേരം ഒന്നും പറയാന്‍ കഴിയാതെ മിഴിച്ചു നിന്നു. മനസ്സ് എന്തിനും പാകപ്പെട്ടിരിക്കുന്നു. ഇവിടെ നിലനില്‍പ്പാണ് പ്രശ്‌നം. അധികം ചിന്തിക്കാതെ സമ്മതം മൂളി. അങ്ങനെ അസ്‌കര്‍ അലിയെന്ന രണ്ടുവയസ്സുകാരന്റെ നോട്ടക്കാരനായി അവന്റെ കുസൃതിയും ദേഷ്യവും എല്ലാം ഞാന്‍ സന്തോഷത്തോടെ നോക്കിയിരുന്നു. അവന്റെ കളിപ്പാട്ടങ്ങളുടെ കൂടെ ഞാനും മറ്റൊരു കളിപ്പാട്ടമായി നാളുകള്‍ തള്ളിനീക്കി. ഈ അനുഭവമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ''അസ്‌കര്‍ അലിയുടെ കളിപ്പാട്ടം'' എന്നൊരു കഥയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. നേരിട്ട് പരിചയമുള്ള എന്റെ വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ട ഒരു കഥയാണെന്ന് ഉണര്‍ത്തിയിരുന്നു.

മാസങ്ങള്‍ കടന്നുപോയി. ഷാര്‍ജയിലെ ചുറ്റുപാടുകളുമായി ഇണങ്ങിച്ചേര്‍ന്നു. ഇതിനിടയില്‍ പല ജോലികള്‍ക്കായും കൂടിക്കാഴ്ചകള്‍ നടന്നു. ഓരോരിടത്ത് ഓരോ പ്രശ്‌നങ്ങള്‍. വര്‍ഷത്തിലെ അവധിയും, അതുപോലെ പാസ്‌പോര്‍ട് അടക്കമുള്ള രേഖകള്‍ കമ്പനിയെ ഏല്‍പ്പിക്കണമെന്നതും. അധിക കമ്പനിയും രണ്ട് വര്‍ഷം കൂടുമ്പോള്‍ നാല്‍പത് ദിവസമാണ് അവധി അനുവദിക്കുക. അതു പോലെ രേഖകള്‍ മുഴുവനും അവരുടെ കൈയ്യിലേല്‍പ്പിക്കണം. എന്തു കൊണ്ടോ ഇത്തരം കാര്യങ്ങള്‍ ഒരു തടവറയും കൈവിലങ്ങുമാണ് ഓര്‍മ്മപ്പെടുത്തിയത്.. അതുമാത്രമല്ല കമ്പനിയിലെ ജോലി വഴി ഒരിക്കലും ജീവിതത്തിന് വലിയൊരു മാറ്റം സംഭവിക്കാന്‍ തരമില്ലെന്ന തോന്നല്‍. മാസത്തില്‍ കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് ഭാവിയുടെ വലിയ സ്വപ്നങ്ങള്‍ പൂവണിയുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. മുഹമ്മദ് ഭായിയും അതുപോലുള്ളവരും പറയുന്ന കഥകളില്‍ എന്റെ മനസ്സില്‍ ഒരു കച്ചവടക്കാരന്‍ അറിയാതെ കീഴടക്കി. എങ്ങനെയും നല്ലൊരു കട ഉണ്ടാക്കണം. ഭാവിയുടെ സുരക്ഷ അങ്ങനെ ഒരു വഴിയില്‍ ഞാന്‍ കണ്ടു.

രാവിലെ കാറ് കഴുകിക്കഴിഞ്ഞാല്‍ പിന്നെ അല്‍പം ഉറങ്ങി അസ്‌കര്‍ അലിയുടെ വീട്ടില്‍ എത്തും. അവിടന്ന് ഇറങ്ങിയാല്‍ പിന്നെ അധികസമയവും കടയില്‍ തന്നെ ഉണ്ടാകും. ചുറ്റുവട്ടത്ത് പല സ്ഥലങ്ങളിലും ജോലി ചെയ്യുന്ന ധാരാളം മലയാളി സുഹൃത്തുക്കളെ കിട്ടിത്തുടങ്ങി. അല്‍പം അകലെയുള്ള ഒരു പെര്‍ഫ്യൂം (അത്തര്‍) കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശികളുമായി വലിയ അടുപ്പത്തിലായി. ആ കമ്പനിയില്‍   കൂടുതലും വിസക്കാര്‍ തന്നെയാണ് ജോലി ചെയ്യുന്നത്. എന്നാല്‍ പുറത്തെ വിസക്കാര്‍ക്ക് ജോലി കിട്ടും, പക്ഷെ രാത്രിയാണ് ജോലി. വൈകുന്നേരം ആറ് മണിക്ക് കേറിയാല്‍ രാവിലെ തീരും. കമ്പനിയില്‍ ജോലി ചെയ്യുന്ന മമ്മു ഹാജിയുടെ സഹായത്തില്‍ അവിടെ തൊഴില്‍ ശരിപ്പെടുത്താന്‍ വഴികള്‍ തേടി. മമ്മു ഹാജി ഒരു പരോപകാരിയാണ്. ആ കമ്പനിയിലെ പഴയ ജോലിക്കാരനും.

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-9:
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

അനുഭവം-11:
പുതിയ സങ്കേതത്തില്‍

അനുഭവം-13:
വേദനയില്‍ കുതിര്‍ന്ന നാളുകള്‍

അനുഭവം-14:
മടക്കയാത്രയുടെ ഒരുക്കങ്ങള്‍

അനുഭവം-15:

അനുഭവം-16:
ആശുപത്രിയിലെ ദിനരാത്രങ്ങള്‍

അനുഭവം-17:
ഒരു രണ്ടാം വരവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Ibrahim Cherkala, Article, Ibrahim Cherkalas experience 18, Story, Askar Ali, Toys

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia