സോണിക്കുട്ടിയുടെയും കുടുംബത്തിന്റെയും ദുരൂഹമരണം: മൂന്നുമാസം പിന്നിട്ടിട്ടും കാരണം അജ്ഞാതം
May 6, 2013, 20:16 IST
ഹിമ എ
കാസര്‍കോട്: നാലംഗ കുടുംബത്തെ കാറില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തിന്റെ ദുരൂഹത മൂന്നുമാസം കഴിഞ്ഞിട്ടും നീങ്ങിയില്ല. കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിനു സമീപത്ത് താമസിച്ചിരുന്ന കാസര്‍കോട് ഭെല്ലിലെ ഇലക്ട്രീഷ്യന്‍ സോണിക്കുട്ടി(45) ഭാര്യ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്‌സ് ത്രേസ്യാമ്മ(38), മക്കളായ ടി.എസ്.ജെറിന്‍(12), ജുവല്‍ സോണി(10) എന്നിവരെയാണ് കാറിനകത്ത് ജനുവരി 29 ന് മരിച്ചനിലയില്‍ കാണപ്പെട്ടത്. മായിപ്പാടി പേരാല്‍ കണ്ണൂര്‍ റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.
പോലീസ് അന്വേഷണത്തില്‍ ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം സോണിക്കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും സോണിക്കുട്ടിയെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ച സംഗതി എന്താണെന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല. കടബാധ്യതയെ തുടര്‍ന്ന് മനോനില തകരാറിലായതിനാലാണ് സോണിക്കുട്ടി കൊലപാതകവും ആത്മഹത്യയും നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.
എന്നാല്‍ എല്ലാ കടബാധ്യതയും തീര്‍ക്കാനുള്ള സാമ്പത്തികശേഷി ഇയാള്‍ക്കുണ്ടായിരുന്നു. കുഡ്‌ലുവിലെ രണ്ടുനില വീടോടുകൂടിയ പറമ്പും മറ്റു സ്ഥലങ്ങളിലുള്ള റബര്‍തോട്ടവും സോണിക്കുട്ടിക്കും ഭാര്യയ്ക്കുമുള്ള സര്‍ക്കാര്‍ ജോലിയും എല്ലാം വെച്ചുനോക്കുമ്പോള്‍ സോണിക്കുട്ടിക്കുണ്ടെന്നുകരുതുന്ന കടബാധ്യത നിസാരമാണ്. അപ്പോള്‍ കടബാധ്യത മാത്രമായിരിക്കില്ല സോണിക്കുട്ടിയെ കുടുംബത്തോടൊപ്പം ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന സംശയമാണ് ഉയരുന്നത്.
ഭാര്യയേയും മക്കളേയും ഏറെ സ്‌നേഹിച്ചിരുന്ന സോണിക്കുട്ടി അവരെ ക്രൂരമായ നിലയില്‍ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കാറിലിട്ട് സ്വയം കാറോടിച്ച് മായിപ്പാടിയില്‍ എത്തുകയായിരുന്നു. അവിടെ വെച്ച് ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച് തീകൊളുത്താനും ശ്രമിച്ചിരുന്നു. അതിനിടെ ശ്വാസം മുട്ടിയാണ് സോണിക്കുട്ടി മരിച്ചതെന്നാണ് പോലീസ് നിഗമനം.
ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു സോണിക്കുട്ടിയുടെ മക്കളായ ജെറിനും, ജുവല്‍ സോണിയും. ജെറിന്‍ ഏഴാംതരത്തിലും ജുവല്‍സോണി അഞ്ചാംക്ലാസിലും പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് കൊലപാതകം അരങ്ങേറിയത്. പഠനത്തിലും , പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കരായ കുട്ടികളെ കുറിച്ച് സ്‌കൂളിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നല്ല മതിപ്പായിരുന്നു.
സൗമ്യനും സ്‌നേഹസമ്പന്നനുമായിരുന്നു സോണിക്കുട്ടി. ഇദ്ദേഹത്തെ കുറിച്ച് ഭെല്ലിലെ സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു. ത്രേസ്യാമ്മയെ കുറിച്ചും എല്ലാവര്‍ക്കും നല്ല അഭിപ്രായം മാത്രമാണ് പറയാനുള്ളത്. ഇങ്ങനെയുള്ള ഒരു കുടുംബത്തിന്റെ ദാരുണാന്ത്യം സംഭവിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും അതിന്റെ ദുരൂഹത നീങ്ങാത്തത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായ ഓര്‍മയായി നിലനില്‍ക്കുന്നു.
കാസര്‍കോട് ഡി.വൈ.എസ്.പി യുടെ ചുമതല വഹിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി കെ.രഘുരാമന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന കേസിന്റെ അന്വേഷണം ഇപ്പോള്‍ നടത്തുന്നത് കാസര്‍കോട് ഡി.വൈ.എസ്.പി മോഹനചന്ദ്രനാണ്.

എന്നാല്‍ ഏറെ ദുരൂഹത ഉയര്‍ത്തിയ ഒരു കുടുംബത്തിന്റെ ദാരുണമായ അന്ത്യത്തിന്റെ നിജസ്ഥിതി ഇനിയും പുറത്തുവരാത്തത് സമൂഹത്തില്‍ തീരാത്ത മുറിവായി അവശേഷിക്കുന്നു.
Related News:
കാറിലെ കൂട്ടമരണം: കൊലയ്ക്ക് മുമ്പ് സോണി പണം ആവശ്യപ്പെട്ട് 30 പേര്‍ക്ക് ഫോണ്‍ചെയ്തു
കാറിലെ കൂട്ടമരണം: പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു; സ്‌പെഷല്‍ ടീം രൂപീകരിച്ചു
സോണിക്കുട്ടി മരിച്ചത് ശ്വാസംമുട്ടി; ഭാര്യയും മക്കളും മരിച്ചത് വെട്ടേറ്റത് മൂലം
കാറിലെ കൂട്ടമരണത്തിനുപിന്നിലെ കാരണമെന്ത്?
കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി
കാസര്‍കോട്ട് കാറിനകത്ത് മരിച്ചത് ദമ്പതികളും 2 മക്കളും
കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ജെറിന്റെയും ജുവലിന്റെയും ദാരുണാന്ത്യത്തില്‍ വിതുമ്പി ജയ്മാതാ സ്കൂള്‍
Keywords: Sonykkutty, Family, Murder-case, Kasaragod, Wife, Hospital, Husband, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.