സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
Oct 10, 2017, 13:05 IST
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം ഇരുപത്തിരണ്ട് )
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 10.10.2017) സംഘ്പരിവാര്‍ എന്നോ, ആര്‍ എസ് എസ് എന്നോ കേള്‍ക്കുമ്പോള്‍ മനസ്സിനകത്ത് ഭയപ്പാടുണ്ടാകാറുണ്ട്. അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ക്രൂരത നിറഞ്ഞ സമീപനങ്ങളും, കാര്‍ക്കശ്യമായ ഇടപെടലുകളുമായിരിക്കാം എന്നിലുളവാക്കുന്ന ഭീതിക്കുനിദാനം. വാര്‍ത്താമാധ്യമങ്ങളിലൂടെ വെളിവാക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, അക്രമങ്ങളും ഇവരിലൂടെയാണ് കൂടുതല്‍ ഉണ്ടാകുന്നതെന്ന് അറിയാന്‍ ഇടയാകുന്നതും ഇതിന് കാരണമാകാം. എന്നാല്‍ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വേറൊരുമുഖം സംഘ്പരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് എനിക്കുണ്ടായിട്ടുണ്ട്.
സംഭവം നടക്കുന്നത് 1967ലാണ്. കാസര്‍കോട് ഗവ:കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അത്. ഞാന്‍ ഡോ: കെ. രാമചന്ദ്രന്‍നായര്‍, അഗ്രികള്‍ച്ചര്‍ ഡയറക്ടറായി വിരമിച്ച കെ. ഒ വി ഗോപാലന്‍, സി എം കുമാരന്‍, ഡോ: ശശിധരന്‍ എന്നിവര്‍ അണങ്കൂര്‍ ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഭക്ഷണം ഹോട്ടലുകളില്‍ നിന്നാണ് കഴിക്കാറ്. മൊയ്തീന്‍ച്ചാന്റെ ഹോട്ടല്‍, പട്ടരുടെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് സാധാരണയായി ഭക്ഷണം കഴിക്കാറ്. അക്കാലത്ത് അബ്ദുറഹ്മാന്‍ എന്ന വ്യക്തി നടത്തുന്ന ചെറിയൊരു ഹോട്ടലുണ്ടായിരുന്നു വിദ്യാനഗറില്‍. മറ്റ് ഹോട്ടലിനെ അപേക്ഷിച്ച് ഭക്ഷണത്തിന് വിലകുറവായിരുന്നു ഇവിടെ.
ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കാന്‍ അബ്ദുറഹ്മാന്‍ച്ചാന്റെ കടയില്‍ ചെന്നു. മത്തി സീസണായിരുന്നു അത്. കുഞ്ഞിമത്തി പൊരിച്ചതും ചോറും കഴിച്ചു. പൊരിച്ച ചെറിയ മത്തിയായതിനാല്‍ ഞാന്‍ ഒരു പ്ലേറ്റ് അധികം കഴിച്ചു. അടുത്ത ദിവസം ഒന്നാം വര്‍ഷ പ്രീഡിഗ്രി വാര്‍ഷികപരീക്ഷയാണ്. ഉറക്കമൊഴിഞ്ഞ് എല്ലാവരും വായനയിലായിരുന്നു. രാവിലെ കുളിയും മറ്റും കഴിഞ്ഞ് പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പോടെ കോളജിലെത്തി. ബോട്ടണി പരീക്ഷയായിരുന്നു അന്നുണ്ടായിരുന്നത്. ഹാളിലിരുന്ന് പരീക്ഷ എഴുതിക്കൊണ്ടിരിക്കേ ഞാന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. പരീക്ഷാഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍ എന്നെ പ്രിന്‍സിപ്പാളിന്റെ മുറിയിലെത്തിച്ചു. അപ്പോഴും ചര്‍ദ്ദി തുടരുകയായിരുന്നു. അന്ന് വള്ളത്തോള്‍ നാരായണമേനോന്‍ എന്ന വിഖ്യാതനായ വ്യക്തിയായിരുന്നു കോളജ് പ്രന്‍സിപ്പാള്‍. അദ്ദേഹം ഉടനെ കോളജ് പ്രൊഫസര്‍ ഗീവര്‍ഗ്ഗീസ് സാറിനെ ആഫീസിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിനേ അന്ന് കോളജില്‍ കാറുണ്ടായിരുന്നുള്ളു. ഒരു കറുത്ത മൂക്കന്‍ കാര്‍. കാറില്‍ കയറ്റി എന്നെ ഗവ: ഹോസ്പിറ്റലില്‍ എത്തിച്ചു. അഡ്മിറ്റ് ചെയ്തു. വീട്ടില്‍ അറിയിച്ചില്ല. സഹപാഠികള്‍ ഭക്ഷണവും മറ്റും എത്തിച്ചു തന്നു.
റിട്ട: ഡി. വൈ. എസ്. പി, പി. പി രാഘവന്‍, അന്തരിച്ച ജിയോളജി പ്രഭാകരന്‍ എന്നിവര്‍ രാത്രി ആശുപത്രിയില്‍ കൂട്ടിനു നിന്നു. അന്ന് രാത്രി ടൗണില്‍ ആര്‍. എസ്. എസ് കാരും മുസ്ലീംലീഗും തമ്മില്‍ എന്തോ പ്രശ്‌നത്തിന്റെ പേരില്‍ പരസ്പരം ഏറ്റുമുട്ടല്‍ നടന്നിരുന്നു. പരിക്കുകള്‍ പറ്റിയ ആര്‍. എസ്. എസ്‌കാരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവരില്‍ ചിലരെ എന്റെ ബെഡിനരികിലാണ് കിടത്തിയിരുന്നത്. രാത്രി ഏറെ വൈകി. അപ്പോഴും ഛര്‍ദ്ദിക്കുകയായിരുന്നു ഞാന്‍. പരിക്കുപറ്റിയ ആര്‍ .എസ്. എസ് പ്രവര്‍ത്തകരെ സഹായിക്കാനെത്തിയവര്‍ എന്റെ പ്രയാസം കണ്ടറിഞ്ഞ് എന്നെ സഹായിക്കാന്‍ മനസ്സുകാണിച്ചു. അവരുടെ കയ്യില്‍ കരുതിയ ഓറഞ്ച് തൊലി കളഞ്ഞ് തോര്‍ത്ത് ഉപയോഗിച്ച് പിഴിഞ്ഞ് എനിക്ക് കുടിക്കാന്‍ തന്നു. ക്ഷീണിതനായി കിടക്കുന്ന എനിക്ക് കിട്ടിയ മധുര നാരങ്ങാനീരിന്റെ രുചി ഒരിക്കലും മറക്കില്ല. ആ നന്ദി കാണിച്ച സഹോദരന്മാരെ ഞാനെന്നും ഓര്‍ക്കാറുണ്ട്. മുസ്ലീമായ എനിക്ക് ആ മതക്കാരനാണ് എന്നറിഞ്ഞു കൊണ്ട് തന്നെ ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ മനുഷ്യത്വപരമായ നന്മ കാണിച്ചത് എങ്ങനെ മറക്കാനാകും. ടൗണില്‍ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലാണ് പോരാട്ടം. പക്ഷെ ആ വൈരാഗ്യമൊന്നും രോഗിയായി കിടക്കുന്ന സഹജീവിയോട് കാണിക്കാതെയുള്ള ഇടപെടല്‍ അവരുടെ മനസ്സിന്റെ വിശാലതയെ വിളിച്ചോതുന്നതായി എനിക്കന്ന് അനുഭവപ്പെട്ടു.
ഇതേ പോലൊരനുഭവം ട്രെയിനില്‍ വെച്ചും എനിക്കുണ്ടായി. തിരുവനന്തപുരം ഐ. എം. ജിയില്‍ നടന്ന ഒരു പരിശീല പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു ഞാന്‍. മലബാര്‍ എക്‌സ്പ്രസ്സില്‍ സ്ലീപ്പറില്‍ റിസര്‍വ്വേഷന്‍ കിട്ടിയിരുന്നു. സ്റ്റേഷനില്‍ നിന്ന് രാത്രി ഭക്ഷണം പാക്ക് ചെയ്ത് വാങ്ങി. ആ കംപാര്‍ട്ട്‌മെന്റില്‍ പരിചയക്കാരാരുമുണ്ടായിരുന്നില്ല. ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ ഭക്ഷണം കഴിച്ച.ു അപ്പര്‍ ബര്‍ത്താണ് കിട്ടിയിരുന്നത്. ഭക്ഷണം കഴിഞ്ഞ ഉടനെ കയറി കിടന്നു. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. സമയം രാത്രി ഒരുമണി കഴിഞ്ഞു കാണും പെട്ടെന്ന് സഹിക്കാനാവാത്ത വയറുവേദന. എഴുന്നേക്കാന്‍ പോലുമാവുന്നില്ല. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. വാവിട്ടു കരഞ്ഞാല്‍ എല്ലാവരും അറിയും. ഉറങ്ങുന്നവര്‍ക്ക് അത് ശല്യമാവും. എങ്ങനെയോ ഏന്തി വലിഞ്ഞ് സൈഡ് അപ്പര്‍ ബര്‍ത്തില്‍ കിടക്കുന്ന ഒരാളെ തൊട്ടു വിളിച്ചു. അയാള്‍ കണ്‍തുറന്ന് വേവലാതിയോടെ 'എന്തു പറ്റി' എന്ന് അന്വേഷിച്ചു. 'എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. ഒന്നു പിടിച്ച് എഴുന്നേല്‍പ്പിക്കണമായിരുന്നു.' ദയാപുരസരം ഞാന്‍ കെഞ്ചി. അയാള്‍ എഴുന്നേറ്റു. തൊട്ടുതാഴത്തെ ബര്‍ത്തില്‍ കിടക്കുന്ന അയാളുടെ സുഹൃത്തിനെയും വിളിച്ചു. അവര്‍ രണ്ടുപേരും എന്നെ താങ്ങി പിടിച്ച് എഴുന്നേല്‍പ്പിച്ച് ബര്‍ത്തില്‍ നിന്നും താഴെ ഇറക്കി.
ഞാന്‍ വേദന കൊണ്ട് പുളയുകയായിരുന്നു. വണ്ടി അതിന്റെ മാക്‌സിമം സ്പീഡില്‍ ഓടിക്കൊണ്ടിരിക്കുന്നു. 'അടുത്ത സ്റ്റേഷനില്‍ വണ്ടി എത്തിയാല്‍ എന്നെ അവിടെ ഇറക്കണം. ഏതെങ്കിലും ഒരു ഹോസ്പിറ്റലില്‍ എത്തണം.' അവര്‍ എന്നെ സമാശ്വസിപ്പിച്ചു. നിങ്ങള്‍ ഭയപ്പെടേണ്ട. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാം. ഞങ്ങളും കൂടെ വരാം. കുറച്ചു സമയത്തിനുശേഷം വണ്ടി ചാലക്കുടി സ്റ്റേഷനിലെത്തി. എന്നെ താങ്ങി പിടിച്ച് ആ അജ്ഞാത സുഹൃത്തുക്കള്‍ പ്ലാറ്റ് ഫോമിലിറങ്ങി. അവര്‍ ആരാണെന്നോ, എന്താണെന്നോ എനിക്കറിയില്ല. എന്നെക്കുറിച്ചു അവര്‍ക്കും. അവര്‍ രണ്ടുപേരും ഓട്ടോറിക്ഷ വിളിച്ചു. റിക്ഷാക്കാരനോട് ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിക്കാന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ പരിശോധിച്ചു അഡ്മിറ്റ് ചെയ്തു. ആ രാത്രി മുഴുവനും അജ്ഞാതരായ ആ സുഹൃത്തുക്കള്‍ ആശുപത്രി വരാന്തയില്‍ ഉറക്കമിളച്ച് കാത്തിരുന്നു. ഒരു പക്ഷേ ആശുപത്രിയിലേക്കു പോകും വഴിയോ, ആശുപത്രിയില്‍ വെച്ചോ എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ആ സുഹൃത്തുക്കള്‍ കേസില്‍ കുടുങ്ങും. ഇതൊന്നും കണക്കിലെടുക്കാതെ സഹായത്തിനായി ഇറങ്ങിത്തിരിച്ച ആ നന്മ നിറഞ്ഞ സുഹൃത്തുക്കളെ മറക്കാന്‍ പറ്റുന്നില്ല. അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ അസുഖം ഭേദമായി. പരസ്പരം പരിചയപ്പെട്ടു. അവര്‍ കൊയിലാണ്ടിക്കാരാണ് മുഹമ്മദും, റസാക്കും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കളെ ഗള്‍ഫിലേക്ക് യാത്ര അയക്കാന്‍ പോയി ട്രെയിനില്‍ തിരിച്ചു വരുമ്പോഴാണ് എന്നെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ചത്. അവര്‍ അടുത്ത ദിവസം കരിവെള്ളൂരില്‍ എന്നെ വീട്ടില്‍ എത്തിച്ചാണ് കൊയിലാണ്ടിയിലേക്ക് പോയത്. അവര്‍ ഇന്ന് ഗള്‍ഫിലുണ്ട്. എന്നും ബന്ധപ്പെടുന്നുണ്ട്.. ശരിക്കും പറഞ്ഞാല്‍ എന്റെ ജീവന്‍ രക്ഷിക്കാനെത്തിയ രക്ഷകരാണവര്‍........... കനിവു വറ്റിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല മനുഷ്യരില്‍ ജാതി- മത - രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഹൃദയത്തില്‍ കരുണയുടെ കൈത്തിരി കെടാതെ സൂക്ഷിക്കുന്നവര്‍ ഇനിയുമുണ്ട് എന്ന് നമുക്ക് സമാശ്വസിക്കാം.
Also Read: നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
മൊട്ടത്തലയില്‍ ചെളിയുണ്ട
ആശിച്ചുപോകുന്നു കാണാനും പറയാനും
പ്രണയം, നാടകം, ചീട്ടുകളി
കുട്ടേട്ടനൊരു കത്ത്
ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
പേര് വിളിയുടെ പൊരുള്‍
തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; 180 രൂപ മാസ ശമ്പളവും
സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kookanam-Rahman, Article, Govt.college, Hotel, Hospital, Food, Train, Story of my foot steps part-22.