Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്‌ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി

ചെര്‍ക്കള ബേവിഞ്ച വളവിന് സമീപം എര്‍ടിക കാറില്‍ റിറ്റ്‌സ് കാറിടിച്ച് സ്വര്‍ണ വ്യാപാരിയുടെ കോടികള്‍കൊള്ളയടിച്ച കേസില്‍ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്‌ബോള്‍ താരം അറKasaragod, Kerala, Football, arrest, Police, Cherkala, Cherkala looting case: accused Football player arrested.
കാസര്‍കോട്: (www.kasargodvartha.com 27/08/2016) ചെര്‍ക്കള ബേവിഞ്ച വളവിന് സമീപം എര്‍ടിക കാറില്‍ റിറ്റ്‌സ് കാറിടിച്ച് സ്വര്‍ണ വ്യാപാരിയുടെ കോടികള്‍കൊള്ളയടിച്ച കേസില്‍ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്‌ബോള്‍ താരം അറസ്റ്റിലായി. കൂത്തുപറമ്പ് പാലത്തിങ്കരയിലെ എന്‍.കെ. മൃദുലി (23)നെയാണ് വിദ്യാനഗര്‍ സി.ഐയുടെ ചുമതല വഹിക്കുന്ന ആദൂര്‍ സി.ഐ സിബി തോമസ് അറസ്റ്റു ചെയ്തത്.

തനിക്ക് കൊള്ളയില്‍ പങ്കെടുത്തതിന് 20 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായാണ് മൃദുല്‍ പോലീസിനോട് വെളിപ്പെടുത്തിയത്. കേസില്‍ അഞ്ചു പേര്‍ നേരിട്ട് പങ്കെടുത്തതായും അഞ്ചു പേര്‍ കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഓപറേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയവരാണെന്നുമാണ് മൃദുല്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്.

കൂത്തുപറമ്പിലെ റെനിലും, സ്വര്‍ണവ്യാപാരിയുടെ ഡ്രൈവര്‍ പ്രജീഷുമാണ് പണം തട്ടല്‍ ആസൂത്രണം ചെയ്തത്. ഇവരെ കൂടാതെ കൂത്തുപറമ്പിലെ സൂരജ്, മറ്റൊരു ഫുട്‌ബോള്‍ താരം ടുട്ടു എന്നിവരാണ് ഒപ്പമുണ്ടായിരുന്നതെന്നും മറ്റുള്ളവരെ അറിയില്ലെന്നുമാണ് മൃദുല്‍ വെളിപ്പെടുത്തി.

മറ്റു പ്രതികള്‍ക്കുവേണ്ടി പത്തംഗ പോലീസ് സംഘം കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിവരികയാണ്. പ്രതി മൃദുലിനെ തിരിച്ചറിയല്‍പരേഡിന് വിധേയനാക്കേണ്ടതു  കൊണ്ട് പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചു മണിയോടെയാണ് ചെര്‍ക്കള ബേവിഞ്ച് വളവിന് സമീപം വെച്ച് പണവുമായി പൂനെയില്‍ നിന്നും വരികയായിരുന്ന സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാറിനെ തടഞ്ഞ് കള്ളത്തോക്ക് ചൂണ്ടി പണം കൊള്ളയടിച്ചത്.

കൊള്ളയ്ക്ക് ആസൂത്രണം നടത്തിയവരില്‍ രാഷ്ട്രീയ രംഗത്തുള്ളവരും ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പൂനെയിലും തലശ്ശേരിയിലുമായി ജ്വല്ലറി വര്‍ക്‌സ് നടത്തുന്ന പൂനെ സ്വദേശി വികാസിന്റെ പണമാണ് കൊള്ളയടിച്ചത്. വികാസിന്റെ വലംകൈയ്യായ പൂനെയിലെ ഗണേശും ഇയാളുടെ ഡ്രൈവര്‍ കൂത്തുപറമ്പിലെ പ്രജീഷും ചേര്‍ന്നാണ് പണം തലശ്ശേരിയിലേക്ക് കൊണ്ടുവന്നിരുന്നത്. പ്രജീഷ് തന്നെയാണ് പണം കൊണ്ടുവരുന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോള്‍ അറസ്റ്റിലായ മൃദുല്‍ ബംഗളൂരുവില്‍ കാന്റീന്‍ നടത്തിവരികയാണ്. പ്രശസ്തനായ ഫുട്‌ബോള്‍ താരം കൂടിയാണ് മൃദുല്‍. ഓഗസ്റ്റ് ആറിന് വൈകിട്ട് വീടിനു സമീപത്തെ ഫുട്‌ബോള്‍ മൈതാനിയില്‍ ജഴ്‌സിയണിഞ്ഞ് കളിക്കാനെത്തിയപ്പോഴാണ് സുഹൃത്ത് ടുട്ടു കൊള്ളയടിക്കാനുള്ള പദ്ധതിയുമായി തന്നെ സമീപിച്ചത്. ഹവാല പണം കൊണ്ടുവരുന്നുണ്ടെന്നും അത് തട്ടിയെടുത്ത് എളുപ്പത്തില്‍ പണമുണ്ടാക്കാമെന്നും ടുട്ടുവാണ് അറിയിച്ചത്. ഏഴിന് വാടകയ്‌ക്കെടുത്ത റിറ്റ്‌സ് കാറില്‍ അഞ്ചു പേര്‍ തലപ്പാടിയിലെത്തുകയും പണവുമായി വരികയായിരുന്ന കാറിനെ പിന്തുടരുകയുമായിരുന്നു. പലസ്ഥലത്ത് വെച്ചും കൊള്ളയ്ക്കായി നീങ്ങിയെങ്കിലും സുരക്ഷിതമല്ലാത്തതിനാല്‍ ചെര്‍ക്കളയില്‍ എത്തിയപ്പോഴാണ് എര്‍ടികയില്‍ ഇടിച്ച് പണം തട്ടിയത്.

പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, പി. രഘൂത്തമന്‍, സത്യന്‍ എന്നിവരും ഉണ്ടായിരുന്നു.
Kasaragod, Kerala, Football, arrest, Police, Cherkala, Cherkala looting case: accused Football player arrested.

Related News: 

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം


Keywords: Kasaragod, Kerala, Football, arrest, Police, Cherkala, Cherkala looting case: accused Football player arrested.