city-gold-ad-for-blogger

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം

കാസര്‍കോട്: (www.kasargodvartha.com 22/08/2016) ചെര്‍ക്കളയില്‍ തോക്കുചൂണ്ടി സ്വര്‍ണ വ്യാപാരിയുടെ കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നതല ബന്ധമുള്ളതായി സൂചനകള്‍ പുറത്തുവന്നു. ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് നടന്ന സംഭവത്തില്‍ പരാതി ഉണ്ടായത് ആഗസ്റ്റ് 15ന് ആണ്. പരാതിക്ക് പിന്നിലും ദുരൂഹതയുണ്ട്. പൂനയിലെ സ്വര്‍ണ വ്യാപാരിയായ വികാസിന്റേതാണത്രെ നഷ്ടപ്പെട്ട പണം. ഇയാള്‍ക്ക് ഹവാല ഇടപാടും ഉണ്ടെന്നാണ് വിവരം. ഹവാല ഇടപാടിനുള്ള പണമാണ് തലശ്ശേരിയിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പരാതിയില്‍ ഒന്നരക്കോടി രൂപ മാത്രമാണ് കാണിച്ചിട്ടുള്ളത്. പണം നഷ്ടപ്പെട്ട സ്വര്‍ണ വ്യാപാരി നേരിട്ട് പരാതി നല്‍കാതെ ജ്വല്ലറി ജീവനക്കാരനെകൊണ്ടാണ് പരാതി നല്‍കിയത്.

പൂനയിലെയും തലശ്ശേരിയിലേയും വികാസിന്റെ ജ്വല്ലറികളിലെ ജീവനക്കാരനായ ഗണേഷിന്റെ (22) പരാതിയിലാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഗണേഷും ഡ്രൈവറായ തലശ്ശേരി സ്വദേശി പ്രജീഷും ചേര്‍ന്നാണ് ഹവാല പണം തലശ്ശേരിയിലേക്ക് എര്‍ട്ടിക കാറില്‍ കൊണ്ടുപോയിരുന്നത്. കാര്‍ തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ ചെര്‍ക്കള വളവ് കഴിഞ്ഞുള്ള ഇറക്കത്തില്‍ ഇന്നോവ കാറിലെത്തിയ സംഘം പണംകൊണ്ടുപോകുന്ന കാറിലിടിക്കുകയായിരുന്നു. ഉടന്‍തന്നെ സംഘം വാഹനത്തിനകത്തുകയറി തോക്കുചൂണ്ടി ഗണേഷിനെ മുഖത്തേക്ക് മയക്കു സ്േ്രപ ചെയ്ത് ബോധംകെടുത്തിയശേഷം കാറുമായി മയിലാട്ടിയിലെ ഒരു കാര്‍ ഷോറൂമിന് സമീപം കൊണ്ടുപോയി രഹസ്യ അറകളില്‍വെച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു.

സ്വര്‍ണവ്യാപാരിയുടെ പണംകൊണ്ടുപോയ കാറിന്റെ ഡ്രൈവര്‍ പ്രജീഷാണ് പണംകടത്തുന്ന വിവരം തലശ്ശേരിയിലെ സംഘത്തിന് ചോര്‍ത്തിക്കൊടുത്തതെന്നാണ് സംശയം. പ്രജീഷ് തന്നെയാണ് തന്നേയും ഗണേഷിനേയും അക്രമിച്ച് ഒരു സംഘം പണംതട്ടിയ വിവരം സ്വര്‍ണ വ്യാപാരിയായ വികാസിനെ ഫോണില്‍ അറിയിച്ചത്. പ്രജീഷിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ഗണേഷ് വിവരം വികാസിനെ അറിയിക്കുകയും വികാസ് ഒരു ഉന്നത നേതാവിനെ ബന്ധപ്പെട്ട് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ നേതാവ് സ്വര്‍ണം തട്ടിയ സംഘത്തെ കണ്ടുപിടിക്കാന്‍ ചിലരെ ഏര്‍പാടാക്കി.

ഇവര്‍ പണംതട്ടിയ സംഘത്തിലെ മൂന്ന് പേരെ പിടികൂടി ഏതാനും വാഹനങ്ങളില്‍ വിദ്യാനഗര്‍ പോലീസിന് മുമ്പാകെ എത്തി. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഉന്നതങ്ങളില്‍നിന്ന് ഫോണ്‍കോള്‍ എത്തുകയും ചെയ്തിരുന്നു. പണം നഷ്ടപ്പെട്ട വികാസും പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. നഷ്ടപ്പെട്ട പണം അഞ്ച് കോടിയിലധികം രൂപ വരുമെന്നാണ് ജ്വല്ലറി ഉടമ പോലീസിനെ ആദ്യം അറിയിച്ചത്. എന്നാല്‍ 2.88 രൂപയുടെ രേഖകള്‍ ഉണ്ടെന്നും 2.88 കോടി രൂപയാണ് നഷ്ടപ്പെട്ടതെന്നും സ്വര്‍ണ വ്യാപാരി അറിയിച്ചു. പിറ്റേദിവസം പണംനല്‍കാമെന്ന് പറഞ്ഞ് സംഘം പിരിഞ്ഞു. പിറ്റേദിവസം ഉന്നതന്‍ ഏര്‍പാടാക്കിയ സംഘം 1.88 കോടി രൂപ വികാസിന് നല്‍കാനായി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ബാക്കി ഒരുകോടി രൂപ പാര്‍ട്ടി ഫണ്ടിലേക്കാണെന്നാണ് കൊള്ളസംഘത്തെ പിടികൂടിയവര്‍ അറിയിച്ചത്. കിട്ടിയ 1.88 കോടി രൂപ വാങ്ങിയ ശേഷം ബാക്കി പണത്തിനായി വ്യാപാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതിനിടെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അന്വേഷണം ഊര്‍ജിതമാക്കിയതായും കേസന്വേഷിക്കുന്ന വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ നേതാവിന് ബന്ധമുണ്ടെന്ന ആരോപണത്തെകുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിനായി പത്തുപേരടങ്ങുന്ന പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസ് മുംബൈയിലും തലശ്ശേരിയിലുമായി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ തലശ്ശേരി സ്വദേശികളാണെന്നും ഇവര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം

Keywords:  Cash looting case: investigation team formed, Robbery, Theft, Looting, investigation. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia