city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

നോമ്പ് അനുഭവം: മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി

(www.kasargodvartha.com 12/06/2016) 1966 മാര്‍ച്ച് 25 നാണ് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ ജനനം. ആദ്യം സാമ്പത്തീകമായി ഉയര്‍ച്ച ഉണ്ടായിരുന്ന കുടുംബം പിന്നീട് പിന്നാക്കത്തിലാവുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി വേണ്ടുവോളം അനുഭവിച്ചെന്ന് ചുരുക്കം. പട്ടിണിക്കാലത്തെ വ്രതാനുഷ്ഠാനം അവര്‍ണനീയമായി അയവിറക്കുകയാണ് മുള്ളൂര്‍ക്കര സഖാഫി.

1982ലാണ് മത പഠന രംഗത്തേക്ക് വരുന്നത്. അതിനു മുമ്പ് തന്നെ റമദാന്‍ വരവ് ആവേശവും ആനന്ദവുമാണ്. നോമ്പ് കാലം വന്നാലാണ് വയറ് നിറച്ച് ഭക്ഷണം കഴിക്കാനുള്ള അവസരം ഉണ്ടാവുക. എവിടെയെങ്കിലും നോമ്പ് തുറ ഉണ്ടായാല്‍ പള്ള നിറച്ച് ഉണ്ണാമെന്ന ഉദ്ദേശത്തോടെയാണ് പോകാറ്. ദാരിദ്രത്തിന്റെ കൈപ്പു നീര് കുടിച്ച ആ കാലത്തെ പൊതുസ്വഭാവമായിരുന്നു അത്.

കാരക്കയും ഫ്രൂഡ്‌സും കാണാത്ത കാലം. കപ്പ പുഴുങ്ങിയതും ശര്‍ക്കരയുടെ ചായയുമാണ് നോമ്പ് തുറക്കുണ്ടായിരുന്നത്. പഞ്ചസാരയിട്ട ചായ കുടിച്ചത് 12-ാം വയസിലായിരുന്നു. നോമ്പു തുറ കഴിഞ്ഞാല്‍ പള്ള നിറച്ച് തിന്നാനുണ്ടായിരുന്നത് ചക്ക മാത്രം. വയറു നിറയെ ചക്ക തിന്നലാണ് പ്രധാനമായും ചെയ്യാറുള്ളത്. രാത്രി 12 മണിക്ക് ഉമ്മ അത്താഴത്തിന് വിളിക്കും. അത്താഴത്തിന് ചോറ് കഴിക്കും. അത്താഴം കഴിച്ചാല്‍ ഉമ്മയാണ് നോമ്പിന്റെ നിയ്യത്ത് വെച്ചുതരാറുള്ളത്. ആദ്യം അറബിയിലും പിന്നെ മലയാളത്തിലും പറഞ്ഞു തരും. ഒടുവില്‍ ഫാതിഹയും ഇഖ്‌ലാസും മുഅവ്വിഴതൈനിയും (ഖുര്‍ആനിലെ 113,114 അധ്യായങ്ങള്‍) ഓതി ദുആ ചെയ്ത് തരും.

കുടിയോത്ത് സമ്പ്രദായവും നിലനിന്നിരുന്നു. റമദാനായാല്‍ വീടുകളില്‍ ഖുര്‍ആന്‍ ഖത്തം തീര്‍ക്കും. സ്‌കൂള്‍ പോകുന്ന പ്രായത്തില്‍ ഇരുപതോളം വീടുകളില്‍ സഖാഫി ഖത്തം തീര്‍ക്കാന്‍ പോയിരുന്നു. റമദാന്‍ 27നാണ് ഖത്തം ദുആ നടക്കാറ്. സമാപനം കഴിഞ്ഞാല്‍ എന്തെങ്കിലും ഹദ്യ കിട്ടും. അതില്‍ നിന്നാണ് ചിലവ് നടത്താറ്. പഠന കാലത്ത് പെരുന്നാള്‍ ചിലവിനും മറ്റും ആവശ്യമായ പണം ഉണ്ടാക്കിയിരുന്നത് കുറുന്തോട്ടിയും കടിത്തുകയുടെ വേരും പറിച്ച് വിറ്റാണ്. മല നിബിഢമായ പ്രദേശമായിരുന്നു മുള്ളൂര്‍ക്കര. മലകളില്‍ പോയി വേര് പറിച്ചെടുത്ത് കടയില്‍ കൊണ്ട് പോയി വില്‍ക്കും. ഒരു കിലോ കുറുന്തോട്ടിക്ക് 40 പൈസ കിട്ടും.

മലപ്പുറം പുത്തന്‍പള്ളിയിലാണ് ദര്‍സ് പഠനത്തിന് വിത്തെറിഞ്ഞത്. പ്രമുഖരായ ഉസ്താദുമാരുടെ കീഴിലായിരുന്നു പഠനം. റമദാനായാല്‍ ദര്‍സ് അവധിയാണ്. കുട്ടികളെല്ലാം റമദാന്‍ അവധിക്ക് കാത്തിരിക്കുമ്പോള്‍ മുള്ളൂര്‍ക്കര അവധി കിട്ടിയാലും നാട്ടില്‍ പോകാതെ അവിടെകൂടും. നോമ്പ് കാലത്ത് പരിസരത്ത് ട്യൂഷന്‍ എടുത്തും വയള് പറഞ്ഞും നാളുകള്‍ നീക്കും. റമദാനിലെ എല്ലാ ദിവസവും വെള്ളിയാഴ്ചയിലെ ജുമുഅക്കും വയള് പറയാന്‍ പോകും. 16 വയസ് പ്രായമുള്ളപ്പോള്‍ പുത്തന്‍പള്ളിക്കടുത്ത ആന്തൂരായിന്‍ പെരുമ്പടപ്പില്‍ പള്ളിയില്‍ റമദാന്‍ ജോലിക്ക് നിന്നു. ദിവസവും മത പ്രഭാഷണം നടത്തും. ഉസ്താദിന്റെ പ്രസംഗം കേട്ട് പള്ളിക്ക് തൊട്ടടുത്തുണ്ടായിരുന്ന അമ്പലത്തില്‍ നടന്നിരുന്ന പൂജ നിര്‍ത്തിവെച്ച് അവര്‍ പള്ളിയില്‍ വയള് കേള്‍ക്കാന്‍ വന്ന ഓര്‍മ ഉസ്താദ് പങ്കുവെച്ചു. പിന്നീട് അവര്‍ സ്ഥിരം സ്രോതാക്കളാവുകയും ഹിന്ദു കുട്ടികള്‍ മുസ്ലിം വീടുകളില്‍ നിന്ന് നിന്ന് അത്താഴത്തിനുള്ള ഭക്ഷണം കൊണ്ട് വരികയും ചെയ്തിരുന്നു.

പൊന്നാനിയിലെ നോമ്പ് തുറയാണ് മുഹമ്മദലി സഖാഫിക്ക് ഏറെ അനുഭവം പകര്‍ന്നത്. എല്ലാ വര്‍ഷവും റമദാനില്‍ പൊന്നാനിയില്‍ വയള് പറയാറുണ്ട്. പൊന്നാനിയില്‍ നോമ്പ് തുറ രണ്ടുണ്ട്. കുഞ്ഞന്‍ നോമ്പു തുറയും വല്യ നോമ്പ് തുറയും. നോമ്പ് മുറിച്ച് കഴിഞ്ഞയുടനെ കുഞ്ഞന്‍ നോമ്പ് തുറക്കുള്ള പലഹാരങ്ങളെത്തും. അര മണിക്കൂര്‍ കഴിഞ്ഞാല്‍ വലിയ തുറ. പത്തിരിയും ഇറച്ചിയും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളാണ് അതിലുണ്ടാവുക. അത്താഴ സമയത്ത് പ്രത്യേക വെടിയുണ്ടാകും. സാധാരണയില്‍ പല നാടുകളിലും നോമ്പ് തുറ സമയത്താണ് വെടി ഉണ്ടാകുന്നത്. പൊന്നാനിയില്‍ വിപരീതം. പീരങ്കി പോലെയുള്ളൊരു സാധനത്തില്‍ വെടി നിറച്ച് തീ കൊടുക്കും. നാടു നീളെ ഈ വെടി കേള്‍ക്കും. അത്താഴ വെടിയെന്നാണ് ഇതിന്റെ പേര്. മുത്താഴ സമയത്തും ഇങ്ങെനെയൊരു വെടിയുണ്ടായിരുന്നുവെന്നാണ് പറഞ്ഞു കേട്ടത്.

കഷ്ടപ്പാടുകളുടെ ആ കാലത്ത് നോമ്പ് തുറയുടെ നേരമറിയാന്‍ പോലും പാടുപ്പെട്ടു. പള്ളിയില്‍ മൈക്കില്ലാത്തതിനാല്‍ ഉമ്മറത്തു നിന്ന് ഉമ്മ ആകാശം നോക്കാന്‍ പറയും. ചുവന്ന കളറാണെങ്കില്‍ നോമ്പ് തുറക്കും. മഴക്കാലത്ത് നോമ്പ് തുറയുടെ നേരമറിയാതെ കുറേ സമയം കഴിഞ്ഞാണ് തുറക്കാറ്. സമയം അറിയാന്‍ വാച്ചില്ലാത്ത കാലമായിരുന്നു അത്.

മതപ്രഭാഷണ രംഗത്ത് 35 വര്‍ഷം പിന്നിടുന്ന മുള്ളൂര്‍ക്കര സഖാഫിക്ക് അനുഭവങ്ങള്‍ക്ക് പഞ്ഞമില്ല. കാസര്‍കോടിലെ റമദാനിലുള്ള സല്‍ക്കാരത്തെ കുറിച്ച് പറയാന്‍ നൂറ് നാവാണ്. കോഴിക്കോട് ജില്ലയില്‍ നടക്കുന്ന റമദാനിലെ മത പ്രഭാഷണത്തിന് നോമ്പു തുറ കഴിഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്കെത്തുകയും സുബിഹ് ബാങ്കിന്റെ അരമണിക്കൂര്‍ വരെ വയള് പറയുകയും ചെയ്തിട്ടുണ്ട്. മലപ്പുറം തിരൂറില്‍ സുബിഹ് ബാങ്ക് വിളിച്ചതിനു ശേഷമാണ് വയള് നിര്‍ത്തിയത്.

അത്താഴം കഴിക്കാതെ നോമ്പുകാരായാണ് എല്ലാവരും പിരിഞ്ഞത്. രാധാകൃഷ്ണന്‍ സ്പീക്കറായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചേമ്പറില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അവിടെയും 2009ല്‍ നിയമസഭയില്‍ നടന്ന സമൂഹ നോമ്പ് തുറയിലും പ്രസംഗിച്ചിട്ടുണ്ട്. എട്ട് വര്‍ഷത്തോളം കേരള സംസ്ഥാന ന്യൂനപക്ഷ വിഭാഗം കമ്മീഷണന്‍ മെമ്പറായി സേവനം അനുഷ്ഠിച്ച മുഹമ്മദലി സഖാഫി റമദാനില്‍ പല വേദികളിലും ചീഫ് ഗസ്റ്റായി പോകാറുണ്ട്.



-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

Related Articles:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia