ബ്ലാക്ക് സ്‌നേക്കും രംഗത്ത്; ബ്ലാക്ക്മാന്റെ അക്കൗണ്ടിലേക്ക് കഥകള്‍ പ്രവഹിക്കുന്നു
Jan 21, 2013, 23:58 IST
ദിവസം ചെല്ലുംതോറും ബ്ലാക്ക്മാന്റെ പുതിയ അവതാരങ്ങളാണ് രണ്ടാം ഭാഗമെന്നോണം നാട്ടില്‍ സൂപ്പര്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്നത്. എത്ര വാരം ഈ ചിത്രം ഓടുമെന്ന് കണ്ടുതന്നെ അറിയണം. ഇപ്പോള്‍ ഈ സീരിയല്‍ ചിത്രത്തില്‍ പുതിയൊരു കഥാപാത്രം കൂടി രംഗത്തു വന്നിട്ടുണ്ട, ബ്ലാക്ക് സ്‌നേക്ക്. മൊഗ്രാല്‍പുത്തൂരില്‍ നിന്നാണ് ബ്ലാക്ക് സ്‌നേക്കിന്റെ കഥ പരന്നത്. ഭീമാകാരനായ കറുത്ത നിറത്തിലുള്ള പാമ്പ് പ്രത്യക്ഷപ്പെടുകയും നിമിഷങ്ങള്‍ക്കകം മറഞ്ഞു പോവുകയും ചെയ്തുവെന്നാണ് പ്രചരണം. ഇതിന് നിരവധി പേര്‍ ദൃക്‌സാക്ഷികളാണത്രേ.
നെല്ലിക്കുന്നില്‍ തെങ്ങോളം വലിപ്പമുള്ള ബ്ലാക്ക്മാനെ കണ്ട് സന്ധ്യാ സമയത്ത് സ്ത്രീ ബോധംകെട്ട് വീണതിനു പിന്നാലെ മുള്ളേരിയയില്‍ തെങ്ങിന്‍ മുകളില്‍ ബ്ലാക്ക്മാനെ കണ്ട് ഓടിയ സ്ത്രീ വീണ് കയ്യൊടിഞ്ഞ 'സംഭവ'വുമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി അടുക്കള ഭാഗത്തു കൂടി വീടിന് പുറത്തിറങ്ങിയപ്പോഴാണ് യുവതി തെങ്ങിന്റെ മുകളില്‍ ബ്ലാക്ക്മാനെ കണ്ടതെന്നാണ് പ്രചരണം. ഭയന്നു വിറച്ച യുവതി ഓടുന്നതിനിടയില്‍ പടിയില്‍ തട്ടി മറിഞ്ഞു വീണാണ് കയ്യൊടിഞ്ഞതെന്ന് പറയുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച യുവതിയുടെ കൈക്ക് പ്ലാസ്റ്ററിട്ടിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്നും കറങ്ങിതിരിച്ച് ഒടുവില്‍ കണ്ണൂരില്‍ നിന്ന് മടിക്കൈ വഴി ചീമേനി കോതോട്ടുപാറയിലൂടെ ബേഡകത്തും അവിടെ നിന്ന് നെല്ലിക്കുന്നിലും മൊഗ്രാല്‍പുത്തൂരിലും മുള്ളേരിയയിലും എത്തിയ ബ്ലാക്ക്മാന്‍ ഇനി എങ്ങോട്ടാണ് പോവുന്നതെന്ന് ആളുകള്‍ നിരീക്ഷിക്കുകയാണ്. ഓരോ ദിവസവും ഓരോ പരാക്രമങ്ങളും കഥകളും പ്രചരിപ്പിച്ച് ജൈത്രയാത്ര തുടരുന്ന ബ്ലാക്ക്മാന്‍ സ്ത്രീകളുടെയും കുട്ടികളുടെയും രാവുകളെ പേടിസ്വപ്‌നങ്ങള്‍ നിറഞ്ഞതാക്കുന്നു. പലരും വീട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ ഭയക്കുന്നു. ഒറ്റയ്ക്ക് സഞ്ചരിക്കാനും സന്ധ്യ മയങ്ങിയാല്‍ വീട്ടിന് പുറത്തിറങ്ങാനും ഭയക്കുന്നവരും ധാരാളമുണ്ട്.
കിംവദന്തികള്‍ പ്രചരിക്കുമ്പോള്‍ അതിനെ പൊലിപ്പിച്ച്, പൊടിപ്പും തൊങ്ങലും വെച്ച് കഥകള്‍ പറഞ്ഞു പ്രചരിപ്പിക്കാന്‍ ചിലര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. എലി പോയിടത്ത് പുലി പോയി എന്നാണ് ചിലര്‍ പറഞ്ഞു പരത്തുന്നത്. ഇനി കാറ്റടിച്ചാലും കറണ്ട് പോയാലും എല്ലാം ബ്ലാക്ക്മാന്റെ മായാ വിലാസങ്ങളായി മാറിയേക്കും. പ്രചരണങ്ങളില്‍ വീഴാതെ യുക്തി ചിന്തയോട് കൂടി കാര്യങ്ങളെ കാണാനും അപഗ്രഥിക്കാനും ജനങ്ങള്‍ തയ്യാറാവണമെന്നാണ് പോലീസ് പേര്‍ത്തും പേര്‍ത്തും പറയുന്നത്.
Related News:
ബ്ലാക്ക് മാന്‍ ഇന്റലിജന്‍സ് അന്വേഷണം ഊര്‍ജിതമാക്കി
Keywords : Kasaragod, Police, Natives, Kerala, Black Man, Film Story, Night, Super Hit, Black Snake, Kannur, Nellikkunnu, Travel, Woman, Hospital, Rat, Tiger, Kasargodvartha, Malayalam News.







