പൊടിപ്പും തൊങ്ങലും വെച്ച് ബ്ലാക്ക്മാന്‍ കഥകള്‍; ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നു
Jan 19, 2013, 17:16 IST
കാസര്‍കോട്: ബ്ലാക്ക്മാന്‍ എന്ന അഞ്ജാതന്‍ നാട്ടിലിറങ്ങിയതായ പ്രചാരണങ്ങള്‍ കൊഴുക്കുന്നത് ഗ്രാമീണ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഭയം കാരണം പലരും സന്ധ്യ മയങ്ങിയാല്‍ വീടിനു വെളിയിലിറങ്ങാന്‍ മടിക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് ബ്ലാക്ക്മാന്റെ പരാക്രമ കഥകള്‍ കേട്ട് ഭയ വിഹ്വലരായി കഴിയുന്നത്.
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് പ്രചരണമുണ്ടായിരുന്ന ബ്ലാക്ക്മാന്‍ ഒരാഴ്ച മുമ്പാണ് കാസര്‍കോട് ജില്ലയിലേക്ക് കടന്നത്. ആദ്യം മടിക്കൈയിലും പിന്നീട് ബേഡകത്തും കണ്ടുവെന്ന് പറയുന്ന ബ്ലാക്ക്മാന്‍ വെള്ളിയാഴ്ച നെല്ലിക്കുന്നിലും പൊങ്ങിയതായി സംസാരമുണ്ട്. നെല്ലിക്കുന്നില്‍ ബ്ലാക്ക്മാനെ കണ്ട ഒരു യുവതി ഭയന്ന് ബോധരഹിതയായി വീണതായും കിംവദന്തിയുണ്ട്. അതിനു പുറമെ വിദ്യാനഗറിലും ചേരങ്കൈയിലും ബ്ലാക്ക്മാന്‍ എത്തിയതായും പറയുന്നു.
പൊടിപ്പും തൊങ്ങലും വെച്ച് ബ്ലാക്ക്മാനെ കുറിച്ചുള്ള കഥകള്‍ പ്രചരിക്കുമ്പോള്‍ ജനങ്ങളുടെ ഭീതിയകറ്റാന്‍ പോലീസ് പറയുന്ന ശാസ്ത്രീയ സംഗതികളൊന്നും വിലപ്പോവാത്ത അവസ്ഥയാണ്. സാമൂഹ്യ വിരുദ്ധരോ കള്ളന്മാരോ ആകാം ബ്ലാക്ക്മാന്റെ വേഷം ധരിച്ച് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഏതെങ്കിലും ഒരു സ്ഥലത്തുണ്ടായ സംഭവത്തെ ആളുകള്‍ പൊലിപ്പിച്ച് പ്രചരിപ്പിക്കുകയാണെന്നും പോലീസ് പറയുന്നു.
പല രാജ്യങ്ങളിലും നേരത്തെതന്നെ ബ്ലാക്ക്മാനെ കുറിച്ചുള്ള കഥകള്‍ പ്രചാരത്തിലുണ്ടായിരുന്നു. യുക്തി വാദികളും ശാസ്ത്രീയ ചിന്തകരും അതിനെ കുറിച്ച് പഠനം നടത്തി തട്ടിപ്പ് പുറത്തു കൊണ്ടു വരികയും ചെയ്തിരുന്നു. അത്ഭുത കഥകള്‍ മെനയാനും പ്രചരിപ്പിക്കാനുമുള്ള ചിലരുടെ കഴിവും താല്‍പര്യവുമാണ് ഇതിനു പിന്നിലെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക്മാന്റെ പേര് മുതലെടുത്ത് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയ സംഭവങ്ങളും അനവധിയുണ്ട്.
മടിക്കൈ കോതോട്ട് പാറയില്‍ കാട്ടിലേക്ക് വിറകു ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് ബ്ലാക്ക്മാനെ കണ്ടതായുള്ള വാര്‍ത്ത ആദ്യം പുറത്തു വിട്ടത്. 12 അടിയോളം ഉയരമുള്ള കറുത്തു തടിച്ച രൂപം തങ്ങളെ തുറിച്ചു നോക്കിയെന്നാണ് സ്ത്രീകള്‍ പറയുന്നത്. തുടര്‍ന്ന് നീലേശ്വരം സി.ഐ ബാബു പെരിങ്ങേത്ത്, എസ്.ഐ പ്രേംസദന്‍, അമ്പലത്തറ എസ്.ഐ സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ബ്ലാക്ക്മാനെ കണ്ടെത്താനായില്ല. പാറപ്പുറത്ത് ഒരാള്‍ കിടന്നതിന്റെ ലക്ഷണമായി മുളി കൊണ്ടുണ്ടാക്കിയ കിടക്കയും ഒരു കമ്പളിപ്പുതപ്പും കണ്ടതായും പ്രചരണം ഉണ്ടായിരുന്നു.
നെല്ലിക്കുന്നില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഗള്‍ഫുകാരന്റെ ഭാര്യയാണ് ബ്ലാക്ക്മാനെ കണ്ടതായി പറയുന്നത്. സന്ധ്യയ്ക്ക് പാത്രം കഴുകിയ വെള്ളം വീട്ടിനുപുറത്ത് തെങ്ങിന്‍ ചുവട്ടില്‍ ഒഴിക്കുമ്പോഴാണ് താന്‍ ബ്ലാക്ക്മാനെ കണ്ടതെന്നാണ് യുവതി പറയുന്നത്. തെങ്ങോളം ഉയരമുള്ള രൂപത്തിന് അരക്കെട്ടു വരെ മുടിയുണ്ടായതായും യുവതി പറയുന്നു. യുവതി തളര്‍ന്ന് വീണതറിഞ്ഞ് പരിസരവാസികള്‍ ഓടിക്കൂടുകയും സംഭവം പോലീസിനെ അറിയിക്കുകയുമായിരുന്നു.
ബ്ലാക്ക്മാന്‍ പ്രതിഭാസം നാട്ടില്‍ സജീവമായി പ്രചരിക്കുന്നത് പോലീസിനും തലവേദനയായിട്ടുണ്ട്. ജനങ്ങളില്‍ ഭീതി പരത്തി മുതലെടുപ്പിന് ശ്രമിക്കുന്ന ആരെങ്കിലുമാവും കഥകള്‍ക്കു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഭീകര കഥകള്‍ കണ്ണുമടച്ച് വിശ്വസിക്കാതെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ അവയുടെ ചുരുളഴിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പോലീസ് പറയുന്നു.
Related News:
ബ്ലാക്കമാന്‍: സത്യവും മിഥ്യയും
ബ്ലാക്ക്മാന്‍ കാസര്‍കോട്ടും; ജനം ഭീതിയില്‍
ബ്ലാക്ക് മാന്‍ ഇന്റലിജന്‍സ് അന്വേഷണം ഊര്‍ജിതമാക്കി
ബ്ലാക്ക്മാന്‍ നെല്ലിക്കുന്നിലെത്തിയതായി അഭ്യൂഹം
Keywords: Kasaragod, Black Man, Nellikunnu, Women, Vidya Nagar, Police, Childrens, Story, Investigation, Kerala, Kerala Vartha, Kerala News, Black Man fears spread in Kasaragod
Keywords: Kasaragod, Black Man, Nellikunnu, Women, Vidya Nagar, Police, Childrens, Story, Investigation, Kerala, Kerala Vartha, Kerala News, Black Man fears spread in Kasaragod






