city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 19)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 20.09.2017) കുഴിയാനയെ പിടിച്ചതും അപ്പം ചുട്ടുകളിച്ചതും, കളിവീടുണ്ടാക്കി ഉപ്പയും ഉമ്മയുമായി കളിച്ചതും ഇന്നലെ പോലെ ഓര്‍മ്മയിലെത്തുന്നു. അന്ന് ഏഴുവയസ്സുകാരിയാണ് നീ. ഞാന്‍ പത്തുവയസ്സുകാരനും. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയെങ്കിലും നമ്മള്‍ കണ്ടുമുട്ടുകയും കളികള്‍ ആഘോഷമാക്കി മാറ്റുകയും ചെയ്യും. ഞാനന്ന് ധരിച്ച വള്ളി ട്രൗസറും കുപ്പായവും നിനക്കോര്‍മ്മയുണ്ടോ? നിന്റെ ചുവപ്പ് നിറമുള്ള മുണ്ടും, കുട്ടിക്കുപ്പായവും, തലയിലിടുന്ന ഉറുമാലും എന്റെ മനസ്സിലുണ്ട്. അക്കാര്യങ്ങളൊന്നും മറക്കാന്‍ നമുക്കാവില്ലല്ലോ?

അമ്മാവനെ ( നിന്റെ ബാപ്പ ) കാണാന്‍ എന്റെ ഉമ്മാമയോ, ഉമ്മയോ നിന്റെ വീട്ടിലേക്ക് വരുമ്പോഴാണ് എനിക്കും അവിടെ എത്താന്‍ ചാന്‍സ് കിട്ടുക. നിന്റെ വീട്ടിലേക്ക് വരാന്‍ എനിക്കെന്ത് ഉത്സാഹമായിരുന്നെന്നോ? നല്ല ഭക്ഷണം കിട്ടും. നിന്നോടൊത്ത് കളിക്കാം. രാവിലെ അവിടെ കഴിക്കാന്‍ കിട്ടുന്ന ഉഴുന്നു ദോശയും ചട്ടിണിയും എനിക്കേറെ ഇഷ്ടമായിരുന്നു.

ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

സന്ധ്യാസമയത്ത് കുട്ടികളായ നമ്മളെയൊക്കെ ബെഞ്ചിലിരുത്തി 'ദിക് റ്' ചൊല്ലിക്കുന്നത് ഓര്‍മ്മയുണ്ടോ നിനക്ക്? നിന്റെ ബാപ്പ നൂറ് ദിക് റ്
 ചൊല്ലിക്കഴിഞ്ഞാല്‍ സമ്മാനം തരും. ആ സമ്മാനം കിട്ടാന്‍ വെറിയോടെ കാത്തിരിക്കും. നൂറ് ദിക് റ് ധൃതിയില്‍ ചൊല്ലി തീര്‍ക്കും. വീടിനോടനുബന്ധിച്ച് തന്നെയായിരുന്നില്ലേ നിന്റെ ബാപ്പയുടെ പീടികയും. പീടികയില്‍ നിന്ന് ഒരു കഷണം കടലാസില്‍ കുറച്ച് അവിലും ഒരാണിവെല്ലവുമാണ് സമ്മാനം. എന്തൊരു സന്തോഷത്തോടെയായിരുന്നു ആ സമ്മാനം നമ്മള്‍ ആസ്വദിച്ച് കഴിച്ചത്? ഓര്‍ക്കുമ്പോള്‍ നാക്കില്‍ വെള്ളമൂറും.

ഏഴുവയസ്സിലെ ഓര്‍മ്മകള്‍ അറുപത്തേഴിലും മനസ്സില്‍ ഇഴഞ്ഞെത്തുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ പിന്നീടുണ്ടാവുമെന്ന് നമ്മള്‍ രണ്ടുപേരും കരുതിയില്ലല്ലോ? ആ കുട്ടിക്കാലം മാത്രം എന്നെന്നും നിലനിന്നാല്‍ മതിയായിരുന്നു അല്ലേ? ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ................

ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

കാലം അതിവേഗം മുമ്പോട്ടുകുതിച്ചു. നമ്മള്‍ യുവതീയുവാക്കളായി. എന്നെ നിന്റെ ബാപ്പയ്ക്ക് വലിയ ഇഷ്ടമായിരുന്നില്ല അന്ന്. ഞങ്ങള്‍ പാവങ്ങളായിരുന്നില്ലേ? എന്റെ ബാപ്പ സാമ്പത്തിക ശേഷിയില്ലാത്ത വ്യക്തിയായിരുന്നില്ലേ? നിന്റെ ബാപ്പയാണെങ്കില്‍ വലിയ കച്ചവടക്കാരനായിരുന്നല്ലോ? അദ്ദേഹം എന്റെ യഥാര്‍ത്ഥ പേരല്ല വിളിക്കാറ് 'സൂപ്പി' എന്നാണ് തമാശയായി വിളിക്കുക.

നിന്റെ മൂത്ത ജ്യേഷ്ഠത്തിയുടെ വിവാഹത്തിന് പങ്കെടുത്തത് എനിക്ക് മറക്കാന്‍ കഴിയില്ല. മനസ്സിന് പോറലേല്‍പ്പിച്ച ഒരു സംഭവമാണത്. ഞാനും ഉമ്മാമയുമാണ് കല്യാണത്തിന് എത്തിയത്. കല്യാണബഹളത്തിനിടയില്‍ ഞാന്‍ അന്ധാളിച്ചു നില്‍ക്കുകയായിരുന്നു. മൂന്നാം ക്ലാസിലോ മറ്റോ ആണ് അന്ന് പഠിക്കുന്നത്. കല്യാണത്തിന് പങ്കെടുത്ത ഒരു മാന്യവ്യക്തി എന്നെ ചൂണ്ടിക്കാട്ടി ഈ കുട്ടി എവിടെയാണെന്ന് നിന്റെ ബാപ്പയോട് ചോദിച്ചതും അതിന് മുപടിയായി പുച്ഛഭാവത്തില്‍ അത് എന്റെ നാട്ടില്‍ നിന്ന് വന്ന ഒരു ചെക്കന്‍ എന്ന് പറഞ്ഞതും ഓര്‍മ്മയുണ്ട്. എന്റെ മരുമകനാണിത് എന്ന് പറയാനുള്ള നല്ല മനസ്സ് നിന്റെ ബാപ്പക്കില്ലായിരുന്നു അന്ന്...

കാലം വീണ്ടും കടന്നുപോയി ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനായി. സംഘടനാ പ്രവര്‍ത്തകനും, ഭാരവാഹിയുമായി. നിങ്ങളുടെ താമസ സ്ഥല മുള്‍ക്കൊള്ളുന്ന ഏരിയയില്‍ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വരാനുള്ള അവസരമുണ്ടായി. റോഡിലൂടെ കടന്നു പോകുമ്പോള്‍ അമ്മാവന്‍ എന്നെ കണ്ടു. ആളെ വിട്ട് എന്നെ വിളിപ്പിച്ചു. ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ആദ്യകാലത്ത് തീരെ ഗൗനിക്കാത്ത കക്ഷി ഇങ്ങിനെ ക്ഷണിച്ചപ്പോള്‍ അഭിമാനം തോന്നി. അല്‍പ്പം അഹങ്കാരവും...

അന്ന് ഞാന്‍ നിന്റെ വീട്ടില്‍ ഉച്ച സമയത്ത് എത്തി. അപ്പോള്‍ നമുക്കുതമ്മില്‍ കാണാന്‍ അനുവാദമില്ല. നീ എന്നെ ഒളിഞ്ഞു നോക്കിയിട്ടുണ്ടായിരിക്കാം.......... പഴയകളിക്കൂട്ടുകാരന്റെ ഇപ്പോഴത്തെ രൂപം അറിയാന്‍ നിനക്ക് മോഹമുണ്ടാവും തീര്‍ച്ച. എനിക്ക് നിന്നെ കാണാന്‍ അതിനേക്കാളേറെ ആശയുണ്ടായിരുന്നു..... നല്ല സ്വീകരണമാണ് കിട്ടിയത്. അമ്മാവന്റെ കണ്ണില്‍ ഞാനിന്ന് മാന്യനാണ്. പഴയകാല സൂപ്പിയോ ചെക്കനോ അല്ല. അന്നെനിക്ക് തോന്നി നിന്റെ ബാപ്പ മനസ്സിലെന്തോ കരുതിയിട്ടുണ്ടെന്ന്.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ സംശയം ശരിയായിരുന്നെന്ന് ബോധ്യപ്പെട്ടു. എന്റെ ഉമ്മയെ കാണാന്‍ അമ്മാവന്‍ വന്നു. കണ്ടു. കല്യാണക്കാര്യം സംസാരിച്ചു. ഉമ്മയ്ക്കും സന്തോഷമായി. ഞങ്ങള്‍ മൂന്നു ആണ്‍മക്കളാണുള്ളതെന്നറിയുന്ന അമ്മാവന്റെ കുറിക്കുകൊള്ളുന്ന സംസാരത്തില്‍ ഉമ്മ വീണു. കേവലം 23 വയസ്സുകാരനായ എന്നെ കല്യാണം കഴിപ്പിക്കാന്‍ ഉമ്മ ആവതും ശ്രമിച്ചു. ഉമ്മയുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബ്ബന്ധത്തിനു ഞാന്‍ വഴങ്ങുകയായിരുന്നു. വിവാഹ നിശ്ചയം നടന്നു. ഞങ്ങളുടെ പഴയ വീട് പുതുക്കിപ്പണിയാന്‍ നിന്റെ ബാപ്പ സഹായിച്ചു. വീട്പണി പൂര്‍ത്തിയായ ഉടനെ വിവാഹം നടന്നു. നിനക്കന്ന് പതിനെട്ട് പൂര്‍ത്തിയായിക്കാണും.

എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ നമ്മള്‍ വിവാഹിതരായി. പണ്ട് നാം കളിച്ച കളികാര്യമാവാന്‍ പോവുന്നു. നമ്മുടെ ഇരുവീട്ടുകാര്‍ക്കും സന്തോഷം. കൂടുതല്‍ പണം ചെലവിടാതെ ഒരു ചെക്കനെ കിട്ടിയതില്‍ നിന്റെ വീട്ടുകാരും ഒരു പെണ്‍തരിയില്ലാത്ത എന്റെ വീട്ടിലേക്ക് ബന്ധുവായ പെണ്‍കുട്ടിയെ വധുവായി ലഭിച്ച എന്റെ വീട്ടുകാരും സന്തോഷിച്ചുകാണും.

എന്റെ പുരോഗമനാശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വിവാഹത്തോടെ വിരാമമിടാന്‍ സാധിക്കും എന്ന കണക്കൂക്കൂട്ടല്‍ നിന്റെ ബാപ്പക്കുണ്ടായിക്കാണും. നാടകാഭിനയക്കാരന്‍, സിനിമ കാണുന്നവന്‍, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുന്നവന്‍ ഇതെല്ലാം എന്റെ ദോഷങ്ങളായാണ് നിന്റെ ബാപ്പ പരിഗണിച്ചത്. ക്രമേണ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുമെന്ന് കണക്കു കൂട്ടിക്കാണും.

നമ്മുടെ വിവാഹഫോട്ടോ എടുത്തത് ഓര്‍മ്മയുണ്ടോ? അതേവരെ ഒരു ഫോട്ടോയ്ക്കും പോസ് ചെയ്യാത്ത നീ വിഷമിക്കുന്നത് ഞാന്‍ കണ്ടു. ഫോട്ടോ ഫ്രെയിം ചെയ്ത് എന്റെ വീടിന്റെ ഉമ്മറത്ത് തൂക്കിയിട്ടു. വിവാഹ പിറ്റേന്നു തന്നെ നമ്മള്‍ സിനിമ കാണാന്‍ ചെന്നു. നിനക്ക് സാരി വാങ്ങി. സാധാരണ ബ്ലൗസാണ് തയ്പിച്ചത്. ഇതേവരെ അത്തരം ബ്ലൗസ് ധരിക്കാത്തവരാണ് നീയും നിന്റെ സഹോദരിമാരും എന്ന് എനിക്കറിയാം.

ഇതൊന്നും നിന്റെ ബാപ്പയ്ക്ക് സഹിക്കാന്‍ പറ്റിയില്ല. ദിവസേന ഓരോ ഉപദേശം തരാന്‍ അദ്ദേഹം മിനക്കെട്ടു. ഇതൊന്നും നമുക്ക് ചേരാത്ത പണിയാണെന്നും ഉപദേശിച്ചു. എന്റെ കാഴ്ചപ്പാട് അനുസരിച്ചേ ഞാന്‍ പോകൂ എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ക്രമേണ ഉപദേശം നിര്‍ത്തി.

നമ്മള്‍ വിവാഹിതരായി മൂന്നോ നാലോ മാസം കഴിഞ്ഞുകാണും. നമ്മള്‍ തമ്മിലുള്ള സ്‌നേഹത്തിനോ സഹകരണത്തിനോ ഒരു പോറല്‍ പോലുമേറ്റില്ല. പക്ഷേ നീ ചെകുത്താനും കടലിനുമിടയില്‍ പെട്ടതുപോലെയായി എന്ന് എനിക്കുതോന്നി. അതേവരെ ജീവിച്ചു പോന്ന സമ്പ്രദായത്തില്‍ നിന്ന് കുതറിമാറാന്‍ പ്രയാസം. ഭര്‍ത്താവായ എന്നെ ധിക്കരിക്കാനും നിനക്കായില്ല.

നീ മാനസികമായി തളര്‍ന്നുകാണും. ഒരു കാര്യം നീ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവും. ചിലപ്പോള്‍ ഉള്ളാലെ അതോര്‍ത്ത് ചിരിക്കുന്നുണ്ടാവും. നമ്മള്‍ വേര്‍പിരിയുന്നതുവരെ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചില്ലല്ലോ?

നമ്മള്‍ തമ്മില്‍ പിരിയേണ്ടി വന്നു. നിന്റെ ബാപ്പയുടെ കാര്‍ക്കശ്യത്തിനു നിന്നുകൊടുക്കാന്‍ എന്റെ പുരോഗമനചിന്ത സമ്മതിച്ചില്ല. എന്റെ മനസ്സിന്റെ ഉള്ളില്‍ നിനക്കൊരുസ്ഥാനം ഉണ്ടായിരുന്നു. അതുകൊണ്ട് പ്രത്യേക ദൂതന്‍ വഴി ഒരു കുറിപ്പയച്ചു. എന്റെ കൂടെ വരാന്‍ എന്റെ ചിന്താരീതി അനുസരിച്ച് മുന്നോട്ട് വരാന്‍ തയ്യാറാണെങ്കില്‍ മറുപടി തരണമെന്ന് കാണിച്ച്. അനുകൂല മറുപടിക്കായി ഞാന്‍ കാത്തു. നിന്റെ കുറിപ്പ് എന്നെനിരാശപ്പെടുത്തി.

'എന്റെ ബാപ്പ പറയുന്നതിനപ്പുറം എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല' എന്നായിരുന്നു നിന്റെ കുറിപ്പ്. നിനക്കത് ഓര്‍മ്മയുണ്ടാവുമെന്ന് വിശ്വസിക്കുന്നു. കാലം പിന്നെയും നീങ്ങി നിന്റെ ബാപ്പ വാശിക്കാരനായിരുന്നു. നാലോ അഞ്ചോ മാസം കഴിഞ്ഞു കാണും. നിനക്കനുയോജ്യനായ ഒരു വ്യക്തിയെ കണ്ടെത്തി നിന്റെ വിവാഹം നടന്നതും ഞാനറിഞ്ഞു....

അതിനുശേഷമാണ് ഞാന്‍ വിവാഹിതനായത്. എന്റെ ഭാര്യയോടും മക്കളോടും നിന്നെക്കുറിച്ചും നമ്മുടെ കുട്ടിക്കാലം മുതലുള്ള ജീവിതത്തെ ക്കുറിച്ചും പറയാറുണ്ട്. നീ അദ്ദേഹത്തോടും നിന്റെ മക്കളോടും പറയാറുണ്ടോ?

ഇനി ഒരിക്കലും നാം കണ്ടുമുട്ടില്ല. മനസ്സില്‍ ഒരുപാടു വേദനയുണ്ട്. നാലരപതിറ്റാണ്ടിനപ്പുറത്ത് നടന്ന സംഭവങ്ങള്‍ മനസ്സില്‍ നിന്ന് മാറാതെ പച്ച പിടിച്ചു നില്‍ക്കുന്നു. ഞാനും നീയും കുറ്റക്കാരല്ലെന്ന് സമൂഹം തിരിച്ചറിയണം. കുറ്റം ചെയ്യാത്തവനാണെങ്കിലും നിന്റെ മനസ്സിനേല്‍പ്പിച്ച വേദനയോര്‍ത്ത് മാപ്പുനല്‍കണേ എന്നപേക്ഷിക്കാനേ എനിക്കാവൂ....

Also Read:  നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

മൊട്ടത്തലയില്‍ ചെളിയുണ്ട

ആശിച്ചുപോകുന്നു കാണാനും പറയാനും

പ്രണയം, നാടകം, ചീട്ടുകളി

കുട്ടേട്ടനൊരു കത്ത്

ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

പേര് വിളിയുടെ പൊരുള്‍

തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; 180 രൂപ മാസ ശമ്പളവും


പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Childhood, Memories, Realtionship.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia