city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു അപ്രതീക്ഷിത വീടണയല്‍

അനുഭവം: 15/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 06.08.2018) രോഗവും അതോടനുബന്ധിച്ച ചിന്തകളും മനസ്സില്‍ അസ്വസ്ഥത പടര്‍ത്തി. സാധനങ്ങള്‍ വിറ്റ് പൈസ കിട്ടാത്തതു കൊണ്ട് മുംബൈയില്‍ ദിവസങ്ങള്‍ നീളുകയാണ്. മൂന്നാം ദിവസം രാവിലെ തന്നെ അഹമ്മദ് പറഞ്ഞു ഉച്ചയ്ക്ക് പുറപ്പെടുന്ന ബസിന് നമുക്ക് പോകാം. നാടിന്റെ ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. ഗള്‍ഫില്‍ നിന്നും എന്നത് പോലെ ചില സാധനങ്ങള്‍ മുംബൈയില്‍ നിന്നും യാത്രക്കാര്‍ വാങ്ങും. നല്ല തരം ചായപ്പൊടി, സോപ്പും പിന്നെ ചിലപ്പോള്‍ വസ്ത്രങ്ങളും. മുംബൈയില്‍ മാത്രം കിട്ടുന്ന ചില പലഹാരങ്ങളും വാങ്ങാറുണ്ട്.. പ്രവാസി യാത്രക്കാരുടെ ഇടത്താവളമായ മുംബൈയ്ക്ക് ഇതൊരു കാലത്ത് നല്ലൊരു ബിസിനസ്സ് മാര്‍ഗ്ഗമായിരുന്നു. ഓരോ നാട്ടുകാര്‍ക്കും ഏജന്‍സി ഓഫീസുകളും അതൊടനുബന്ധിച്ച് താമസ സ്ഥലങ്ങളും, അതിനെ ചുറ്റിപ്പറ്റി ഒരുപറ്റം ആളുകള്‍ക്ക് തൊഴിലും ലഭ്യമായിരുന്നു. കേരളത്തില്‍ എയര്‍പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയതോടെ മലയാളി പ്രവാസികളുടെ യാത്രകള്‍ അധികവും സ്വന്തം മണ്ണില്‍ നിന്നും തന്നെയായി.
ഒരു അപ്രതീക്ഷിത വീടണയല്‍

നഷ്ടപ്രതാപത്തിന്റെ നിഴല്‍ ചിത്രങ്ങളായി മുംബൈയിലെ പല ഗലികളിലും ഇന്നും ജീവിക്കുന്ന ചില ഏജന്‍സികളെ കാണാം. മുറികള്‍ സ്ഥിരം വാടകയ്‌ക്കെടുക്കും. മറ്റെന്തെങ്കിലും ബിസിനസ് ചെയ്തു ജീവിക്കുന്നു. ഇവരെ ചുറ്റിപ്പറ്റി തൊഴില്‍ ചെയ്തിരുന്നവര്‍ പലരും ഗള്‍ഫിലേക്ക് വിമാനം കയറി. കുറേ പേര്‍ മുംബൈയില്‍ ചെറിയ കച്ചവടങ്ങളും കമ്പനികളിലും മറ്റും ജോലി ചെയ്തും ജീവിക്കുന്നു. ഒരുകാലത്ത് പല ഗാലികളും കേരളത്തിന്റെ നാട്ടിന്‍പുറം പോലെയായിരുന്നു.

ഉച്ചയൂണ് കഴിഞ്ഞ് ബസ്സില്‍ കയറി. നല്ല ചൂട് കാലം. പൊതുവെ മുംബൈയില്‍ ചൂട് കൂടുതലാണ്. ബസ്സില്‍ നിറയെ യാത്രക്കാര്‍ ഉണ്ട്. അതു കൊണ്ട് തന്നെ വഴിയില്‍ ഒന്നും നിര്‍ത്തി ആളെ കയറ്റാതെ ഓടും. ചില സമയങ്ങളില്‍ ആളുകള്‍ നിറയില്ല. ഇങ്ങനെ വന്നാല്‍ മുംബൈ പട്ടണം വിടുന്നതിനു മുമ്പുള്ള പല ട്രാവല്‍ ഏജന്‍സിയുടെ മുന്നിലും നിര്‍ത്തി ആളുകളെ എടുക്കും. ഇത് യാത്രയില്‍ ഏറെ സമയനഷ്ടം ഉണ്ടാക്കുന്നു. പട്ടണം പിന്നില്‍ അകന്നു പോയി, ബസ്സിന് വേഗത കൂടി. മനോഹരമായ ഹിന്ദി ഗാനം ഒഴുകി വന്നു. തണുത്ത കാറ്റ് ശരീരത്തെ പൊതിഞ്ഞപ്പോള്‍ ഉറക്കത്തിലേക്ക് വഴുതി.

ഏതോ ചെറിയ പട്ടണത്തില്‍ ബസ്സ് നിന്നു. എല്ലാവരും ഇറങ്ങി. ചായ കുടിക്കാം. അഹമ്മദ് ക്ഷണിച്ചു. അല്‍പ സമയത്തിന് ശേഷം യാത്ര തുടര്‍ന്നു. സന്ധ്യ കനത്തു. വഴിയിലെ പച്ചപ്പുകള്‍ മാഞ്ഞു. എങ്ങും ഇരുട്ടിന്റെ കാഠിന്യം മാത്രം. അകലെ തെളിഞ്ഞു കത്തുന്ന ചെറിയ വിളക്കുകളുടെ പ്രകാശം മാത്രം. കാടും മലയും കടന്ന് വിജനമായ വഴികള്‍ താണ്ടി ബസ്സ് വേഗതയില്‍ കുതിക്കുകയാണ്. എല്ലാവരും മയക്കത്തിലാണ്. ചിന്തകള്‍ കാടുകയറുമ്പോള്‍ ഉറങ്ങാന്‍ ശ്രമിച്ചു. സൂചി കൊണ്ട് കുത്തും പോലെ വയറ്റില്‍ വേദന നിറഞ്ഞു.  നന്നായി ഉറങ്ങി ദിവസങ്ങള്‍ മറന്നിരിക്കുന്നു. ഓര്‍മ്മകളും ചോദ്യങ്ങളും നിറഞ്ഞു ചിന്തകള്‍ മനസ്സില്‍ വിങ്ങല്‍ സൃഷ്ടിച്ചു. എല്ലാം മറന്ന് ഉറങ്ങാന്‍ ശ്രമിച്ചു. അതും പരാജയം മാത്രം.

പ്രഭാതം വിടരുകയാണ്. കര്‍ണ്ണാടകയിലൂടെയാണ് ബസ്സ് അതിവേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്നത്. നാട് അടുത്തു വരുംതോറും മനസ്സില്‍ ഭാരം കൂടി കൂടി വരികയാണ്. എന്തായിരിക്കും നാട്ടിലും വീട്ടിലും പ്രതികരണം. ബാപ്പയുടെ മുഖം ഓര്‍മ്മയില്‍ തെളിഞ്ഞപ്പോള്‍ മനസ്സ് ആര്‍ദ്രമായി. ''എങ്ങോട്ടും പോകേണ്ട, ഉള്ളത് കഴിച്ച് ഇവിടെത്തന്നെ എന്തെങ്കിലും ജോലിയെടുക്കാന്‍ നോക്ക്'' പലപ്പോഴും ബാപ്പ ആവര്‍ത്തിച്ചു പറഞ്ഞതാണ്. വിസ കിട്ടി ഞാനും വളരെ താല്‍പര്യം കാണിച്ചപ്പോള്‍ മാത്രമാണ് പാതിമനസ്സോടെ യാത്ര അനുവദിച്ചുതന്നത്. ഇപ്പോള്‍ നിരാശയോടെ രോഗവുമായി മടങ്ങിയെത്തുമ്പോള്‍ ഏറെ വേദനിക്കുന്നത് ബാപ്പ മാത്രമായിരിക്കും. ഉമ്മയുടെ കണ്ണുകള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞിരിക്കും. മക്കള്‍ അല്‍പം മാറി നിന്നാല്‍ ആധി നിറഞ്ഞ മനസ്സുമായി ഓടി നടക്കുന്ന രംഗങ്ങള്‍ക്ക് എത്രയോ തവണ സാക്ഷിയായതാണ്. അസുഖമെന്ന് അറിഞ്ഞത് മുതല്‍ നേരെ ഭക്ഷണം പോലും കഴിച്ചിരിക്കില്ല. എത്രയെത്ര നേര്‍ച്ചകള്‍ നേര്‍ന്നിരിക്കും. അല്‍പം വിഷമമുള്ള കാര്യം വീട്ടില്‍ സംഭവിച്ചാല്‍ ഉടനെ തുടങ്ങും നേര്‍ച്ചക്കാരുടെ സഹായത്തോടെ വെള്ളിയാഴ്ചയില്‍ നേര്‍ച്ചച്ചോറ് ഉണ്ടാക്കി അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് കൊടുക്കും. ചില മാസങ്ങളില്‍ ഇത് പള്ളിയിലേക്കെത്തിക്കും.

നേര്‍ച്ചയ്ക്ക് ഫലം കണ്ടതില്‍ പലപ്പോഴും പറയും., ചിലപ്പോള്‍ അത് സത്യമായി അനുഭവപ്പെടാറുണ്ട്. അസുഖങ്ങള്‍ക്ക് മാത്രമല്ല, സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങള്‍ക്കും ഉമ്മയുടെ പ്രാര്‍ത്ഥനകള്‍ക്ക് ഏതോ അത്ഭുതമായ പ്രതിവിധികള്‍ ഉണ്ടായതായ അവസരങ്ങള്‍ ധാരാളമാണ്.

തമാശയായിപ്പോലും ഉമ്മയുടെ വിശ്വാസങ്ങളുടെ കാര്യത്തില്‍ ഇടപെട്ടാല്‍ എല്ലാം മറന്ന് ദേഷ്യപ്പെടും. നിഷ്‌കളങ്കയായ ആ ഭക്തി പ്രഭയ്ക്ക് മുന്നില്‍ പലപ്പോഴും സ്വയം കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. തലമുറകളായി കൈമാറി വന്ന പല ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഏതോ ദിവ്യമായ ഒരു ശക്തിപ്രഭ ഉണ്ട് എന്നത് സത്യമെന്ന് തെളിയിച്ച ജിവിതമായിരുന്നു ഉമ്മയില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞത്. മതവിദ്യാഭ്യാസമല്ലാതെ മറ്റൊന്നും നേടാത്ത ഉമ്മ പലപ്പോഴും ജീവിതാനുഭവങ്ങളിലെ പാഠങ്ങളില്‍ നിന്നും പകര്‍ത്തി തന്നത് വലിയ തത്വശാസ്ത്രങ്ങളാണ്.

ബസ്സ് കേരളത്തിലേക്ക് കടക്കുകയാണ്. സൂര്യപ്രകാശത്തിന് നല്ല ശക്തി. ബസ്സില്‍ നിന്നും ഇറങ്ങി. പെട്ടികള്‍ എടുക്കാനും അതുപോലെ വീടുകളില്‍ എത്തിക്കാനും തിടുക്കം കൂട്ടുന്ന ചുമട്ടുതൊഴിലാളികളും ടാക്‌സിക്കാരും. ഒരുകാലത്ത് വളരെ സജീവമായിരുന്ന പ്രവാസികളുടെ ബസ്സ് യാത്രയുടെ നിറം വിടര്‍ന്ന ചിത്രങ്ങള്‍.  മുംബൈയില്‍ വിമാനം ഇറങ്ങുന്നത് മുതല്‍ സ്വന്തം വീട്ടില്‍ എത്തിച്ചേരുന്നത് വരെ ഗള്‍ഫുകാരെ സഹായിക്കാന്‍ ഏതെല്ലാം വേഷക്കാര്‍. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്തുന്ന ഏജന്‍സിയില്‍ നിന്നും തുടങ്ങുന്നു ഈ കെണി. മുറിയുടെ പുറത്തെത്തുമ്പോള്‍ പെട്ടി ഇറക്കാന്‍ അവകാശവുമായി എത്തും അടുത്ത ആള്‍. ഇവിടന്നു യാത്ര പുറപ്പെടുമ്പോള്‍ ബസ്സില്‍ സാധനങ്ങള്‍ കയറ്റാന്‍ മറ്റൊരു കൂട്ടര്‍ എത്തും.

നാട്ടില്‍ ബസ്സിറങ്ങിക്കഴിഞ്ഞാല്‍ ചെറിയ പെട്ടിയാണെങ്കിലും അത് താങ്ങിപ്പിടിക്കാന്‍ രണ്ടും മൂന്നും പേര്‍ എത്തും. സ്വയം ചെയ്യാന്‍ തയ്യാറായാലും ഇവര്‍ സമ്മതിക്കില്ല. ദൂരയാത്ര ചെയ്തു വന്ന് എന്തിന് ബുദ്ധിമുട്ടണം.  ഇത് ഞങ്ങള്‍ ചെയ്‌തോളാം. ഈ സ്‌നേഹപ്രകടനം രോഷപ്രകടനമാകാന്‍ അധിക സമയം വേണ്ട. പെട്ടി താഴെയിറക്കി ചിലപ്പോള്‍ ടാക്‌സിയില്‍ എടുത്തു വെച്ച് കഴിഞ്ഞാല്‍ മാന്യമായ കൂലി കൊടുത്താല്‍ അത് മതിവരില്ല. ഗള്‍ഫുകാരന്‍ എന്താ ഇങ്ങനെ? ഞങ്ങള്‍ക്കും വേണ്ടേ ഒരു സന്തോഷം. അവര്‍ പ്രതീക്ഷിച്ചത് കിട്ടിയാല്‍ മിണ്ടാതെ പോകും. അല്‍പം കുറഞ്ഞു പോയാല്‍ പിന്നെ തനി സ്വഭാവം പുറത്തെടുക്കും. ടാക്‌സിക്കാര്‍ക്കും മിതമായ കൂലി പോര. ഗള്‍ഫുകാരനെ വീട്ടില്‍ എത്തിച്ചാല്‍ പിന്നെ എന്തെങ്കിലും സമ്മാനവും വേണം. കുറഞ്ഞത് ഒരു പാക്കറ്റ് സിഗരറ്റെങ്കിലും. എല്ലാവരും പ്രവാസിയില്‍ ഒരു സുല്‍ത്താനെ കാണുന്നു. അവന്റെ യഥാര്‍ത്ഥ രൂപം ആരുടെ മുന്നിലും അവതരിപ്പിക്കാന്‍ അവരും തയ്യാറാകാറില്ല. ചോദിക്കുന്നവര്‍ക്ക് വേണ്ടി ഭാര്യയുടെ സ്വര്‍ണ്ണം പണയം വെച്ചായാലും സംഭാവന നല്‍കാന്‍ ഉത്സാഹം കാണിക്കും. നാലാളുടെ മുന്നില്‍ പ്രമാണിത്വം ചമയാന്‍ ഈ ജന്മം തന്നെ പാഴാക്കിക്കളയുന്ന വലിയ വിഡ്ഡിയാണ് അധിക പ്രവാസിയും.

യൗവ്വനത്തിലും പ്രതാപത്തിലും അവന് ചുറ്റും അവകാശങ്ങളും ആവലാതികളുമായി കൂടുന്നവര്‍ പലരും അവശനായി മടങ്ങിയെത്തുമ്പോള്‍ കണ്ട ഭാവം നടിക്കില്ല. അതാണ് ഗള്‍ഫുകാരന്റെ അസ്തമന ഘട്ടം. ഗള്‍ഫില്‍ നല്ല ജോലിയും വരുമാനവും ഉള്ള സമയത്ത് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും എല്ലാം സ്വയം മറന്ന് സഹായങ്ങള്‍ വാരിക്കോരി ചെയ്യുന്നവന്‍. ജോലി നഷ്ടപ്പെട്ടോ, രോഗം പിടിച്ചോ നാട്ടില്‍ തിരിച്ചെത്തിയാല്‍ സ്വന്തമെന്ന് കരുതിയ പലതും സ്വപ്നങ്ങള്‍ മാത്രമാണെന്ന് അറിയാന്‍ അധികനാള്‍ വേണ്ടിവരുന്നില്ല. ദു:ഖവും കഷ്ടപ്പാടും നിറഞ്ഞ വൃദ്ധ ജീവിതം നയിക്കുന്ന എത്രയെത്ര പ്രവാസികള്‍ നമുക്ക് ചുറ്റും ഉണ്ടെന്ന് ആരും അന്വേഷിക്കാറില്ല. ജീവിതം മുഴുവനും മരുഭൂമിയില്‍ വെന്തുരുകി ഒരു വിശ്രമത്തിന് എത്തിയപ്പോള്‍ യാഥാര്‍ത്ഥ്യങ്ങളുടെ അഗ്‌നി കുണ്ഡങ്ങളിലാണ് അധികം പേരും എറിയപ്പെടുന്നത്.
 
ടാക്‌സി വീട്ടുമുറ്റത്തെത്തി. പെട്ടെന്ന് ഇറങ്ങി ചുറ്റും നോക്കി. വാതിലില്‍ മന്ദഹാസത്തോടെ ബാപ്പ. വെപ്രാളത്തോടെ ഓടിയിറങ്ങുന്ന ഉമ്മ, സഹോദരങ്ങള്‍. എല്ലാവരും ചുറ്റും കൂടി. അല്‍പനാളുകളുടെ വേര്‍പാട്; എല്ലാവരിലും വിരഹത്തിന്റെ നൊമ്പരച്ചൂട്. ഉമ്മ കൈയ്യില്‍പ്പിടിച്ചു പലതും വേദനയോടെ പറഞ്ഞു കൊണ്ടിരുന്നു. ബാപ്പയുടെ മൗനത്തോടെയുള്ള നോട്ടം വാചാലമായിരുന്നു. കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നു. ഒന്ന് ഉറങ്ങണം. സംതൃപ്തി നിറഞ്ഞ മനസ്സ്.... സ്വന്തം മുറിയില്‍ കിടന്നപ്പോള്‍ ഏതോ വലിയ ആനന്ദം. സുരക്ഷിതമായ ലോകത്ത് എല്ലാം മറന്നുറങ്ങി. പുതിയ സ്വപ്നങ്ങളുടെ വലയം. സ്തുതി, അല്ലാഹുവിന് സ്തുതി.

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-9:
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

അനുഭവം-11:
പുതിയ സങ്കേതത്തില്‍

അനുഭവം-13:
വേദനയില്‍ കുതിര്‍ന്ന നാളുകള്‍

അനുഭവം-14:
മടക്കയാത്രയുടെ ഒരുക്കങ്ങള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Ibrahim Cherkala,  Natives, Family, Ibrahim Cherkalas Experience -15,  Job, Gulf, Friend,  Article.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia