city-gold-ad-for-blogger
Aster MIMS 10/10/2023

മടക്കയാത്രയുടെ ഒരുക്കങ്ങള്‍

അനുഭവം: 14/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 01.08.2018) ഷാര്‍ജയിലെ തിരക്ക് പിടിച്ച റോള സ്‌ക്വയറിലെ പാര്‍ക്കില്‍ ഏറെ നേരം ഏകനായി, ഒറ്റയായും കൂട്ടമായും ഇരിക്കുന്ന പ്രവാസികളുടെ മുഖഭാവങ്ങള്‍ നോക്കിയിരിക്കുക പതിവായി. വെള്ളിയാഴ്ചയിലെ അവധിദിനം അധികം പേര്‍ക്കും സന്തോഷം പകരുന്നതാണ്. പല ഭാഗത്തായി ജോലി ചെയ്യുന്നവര്‍ പാര്‍ക്കില്‍ ഒത്തു ചേരും. സുഖദു:ഖങ്ങള്‍ കൈമാറുന്ന അപൂര്‍വ്വ നിമിഷങ്ങള്‍. ദേശങ്ങളും ഭാഷകളും വേഷങ്ങളും എല്ലാം മറന്ന് സ്‌നേഹ സൗഹൃദങ്ങള്‍ കൈമാറുന്ന ഒരു ജനസഞ്ചയം. ആ ആള്‍ത്തിരക്കുകള്‍ക്കിടയിലും മനസ്സിന് ഒരു സമാധാനവും തോന്നിയില്ല. ജോലിയില്ലാതെ കഴിച്ചു കൂട്ടുന്ന ഈ നിമിഷങ്ങള്‍ എന്തൊരു ഭാരമാണ്. ഇരുന്നും, കിടന്നും, നടന്നും ദിവസം അവസാനിക്കുന്നില്ല. ജോലിയിലായിരിക്കുമ്പോള്‍ ദിനരാത്രങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോയത്.
മടക്കയാത്രയുടെ ഒരുക്കങ്ങള്‍

വെറുതെയിരിക്കുന്ന ഓരോ നിമിഷവും നാട്ടിലെ ഓര്‍മ്മകള്‍ നൊമ്പരപ്പെടുത്തി. വലിയ പ്രതീക്ഷയോടെ യാത്രയാക്കിയവര്‍ക്ക് മുന്നിലേക്ക് പെട്ടെന്ന് ദു:ഖത്തോടെ കടന്നു ചെല്ലുന്ന അവസ്ഥ സങ്കല്‍പിക്കാനെ ആവുന്നില്ല. ഓരോരുത്തരുടെയും മുഖങ്ങള്‍.... ഓരോ സമയത്ത് ചിന്തകള്‍ അതിക്രമിക്കും. പരിഹാസവും സഹതാപവും നിറഞ്ഞ മുഖങ്ങളെ നേരിടാന്‍ മനസ്സിനെ പാകപ്പെടുത്തുകയാണ്. രണ്ട് വര്‍ഷത്തിന് ശേഷം അവധിയില്‍ പോകുന്നയാളാണ് അഹമ്മദ്. ഹോട്ടലിന്റെ എല്ലാ മേല്‍നോട്ടവും നടത്തുന്ന ആള്‍. ആയതുകൊണ്ട് തീരുമാനിച്ച ദിവസങ്ങളില്‍ യാത്ര പുറപ്പെടാന്‍ പറ്റിയില്ല. നാട്ടില്‍ അവധിക്ക് പോയ ഒരാള്‍ എത്താനുണ്ട്. ജോലിയും ഉത്തരവാദിത്തങ്ങളും അത്ര പെട്ടെന്ന് ഏല്‍പ്പിച്ചു പോകാന്‍ പറ്റില്ലല്ലോ.

മരുന്നിന്റെ ബലത്തില്‍ ഓരോ ദിവസവും അങ്ങനെ കൊഴിഞ്ഞു പോയി. ചില രാത്രികളില്‍ കഠിനമായ വേദനയുണ്ടാകും. തലയിണയില്‍ മുഖമമര്‍ത്തി വേദനയില്‍ പിടയും. അഹമ്മദ്, കുടുംബത്തിനും ബന്ധുക്കള്‍ക്കുമെല്ലാം സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. ഓരോ ദിവസവും ഒഴിവ് കിട്ടുമ്പോള്‍ ഓരോ കടയില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നു. വര്‍ഷങ്ങള്‍ നീണ്ട വിരഹത്തിന് ശേഷം നാട്ടിലേക്ക് യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ബന്ധുക്കളുടെ മുഖങ്ങള്‍ തെളിഞ്ഞു വരും. തരം തിരിച്ചു സമ്മാനം കൊടുത്ത് എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ വലിയ പാടു തന്നെ. അഹമ്മദിന്റെ വാക്കിലും അത് തെളിഞ്ഞു.

ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തുന്ന പലരേയും കണ്ടിട്ടുണ്ട്. അവര്‍ കൂടെ കൊണ്ടു വരുന്ന വലിയ ഫോറിന്‍ പെട്ടിയും ഭാണ്ഡവും കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ഇന്ന് ആ പെട്ടി നിറയ്ക്കാന്‍ ഓരോ പ്രവാസിയും അനുഭവിക്കുന്ന വെപ്രാളം നേരില്‍ കാണുകയാണ്. ഓരോ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന പല പല സാധനങ്ങള്‍, വസ്ത്രങ്ങള്‍, കളിക്കോപ്പുകള്‍, ഇലക്ട്രിക് വസ്തുക്കള്‍ അങ്ങനെ നീളുന്നു ആ പട്ടിക.

നാട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ കൂടെ താമസിക്കുന്നവരുടെയും അതു പോലെ പരിചയക്കാരുടെയും സഹായങ്ങള്‍ ഏറെ കിട്ടുന്നു. സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ പെട്ടി കെട്ടലാണ്. രാത്രി ജോലി കഴിഞ്ഞ് മടങ്ങിയെത്തി ഭക്ഷണം കഴിച്ച് എല്ലാവരും ചേര്‍ന്നു വളരെ സൂക്ഷിച്ചു സാധനങ്ങള്‍ അടുക്കി വെച്ചു പെട്ടി കെട്ടും. പല പ്രാവശ്യം നാട്ടില്‍ പോയി പരിചയമുള്ളവര്‍ ഇതിന് നേതൃത്വം നല്‍കും. മറ്റുള്ളവര്‍ ചെറിയ സഹായങ്ങള്‍ ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹമാണ്. ഒരാള്‍ നാട്ടില്‍ പോകുന്നത് അറിഞ്ഞാല്‍ നാട്ടിലേക്കുള്ള എഴുത്തും, വീട്ടില്‍ കൊടുക്കാന്‍ ചെറിയ സമ്മാനപ്പൊതിയും ഏല്‍പ്പിക്കുക പതിവാണ്.

ഓരോ യാത്രക്കാരനും നിശ്ചിതമായ കണക്കില്‍ ലഗേജ് കൊണ്ടു വരുവാന്‍ വിമാന കമ്പനികള്‍ അനുവദിക്കും. പെട്ടെന്നുള്ള തിരിച്ചു വരവ് ആയതിനാല്‍ ഞാന്‍ വളരെ കുറച്ച് സാധനങ്ങളേ വാങ്ങിയുള്ളൂ. പിന്നെ സമ്മാനമായി കിട്ടിയ കുറച്ചു സാധനങ്ങളും ഉണ്ട്. അബ്ബാസും കുഞ്ഞാമുവും അവരുടെ വീട്ടില്‍ കൊടുക്കാനുള്ള വസ്ത്രങ്ങള്‍ വാങ്ങിത്തന്നു. കൂടെ യാത്ര ചെയ്യുന്ന അഹമ്മദും സുഹൃത്തും ഏറെ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നു. വീട്ടുകാര്‍ക്ക് കൊടുക്കാന്‍ മാത്രമല്ല, നല്ല വില കിട്ടിയാല്‍ വില്‍പന നടത്താനുള്ള ചില സാധനങ്ങളും വാങ്ങിയിട്ടുണ്ട്.

മുംബൈ വഴി യാത്ര ചെയ്തിരുന്ന കാലത്ത് അധിക യാത്രക്കാരും വിദേശ സാധനങ്ങള്‍ കൊണ്ടുവന്ന് വില്‍പന നടത്തുന്നത് സാധാരണമാണ്. വിമാന ടിക്കറ്റിന്റെ പൈസ അങ്ങിനെ കിട്ടും. എന്റെ കൈയ്യില്‍ സാധനം കുറവായതു കൊണ്ട് അഹമ്മദും കൂട്ടുകാരനും ചേര്‍ന്ന് ചിലത് വാങ്ങി എന്നെ ഏല്‍പ്പിച്ചു. അനുവദിച്ച തൂക്കത്തിലും അല്‍പം കൂടുതല്‍ തന്നെയാണ് ലഗേജ്. അതു സാരമില്ല, അവര്‍ ആശ്വസിപ്പിച്ചു. യാത്രാദിനം അടുക്കും തോറും മനസ്സില്‍ ആധി വര്‍ദ്ധിച്ചു. പ്രതീക്ഷയോടെ യാത്രക്കിറങ്ങിയവരുടെ മുന്നിലേക്ക് ദു:ഖത്തോടെ മടങ്ങിയെത്തുമ്പോള്‍ ഉണ്ടാകുന്ന വിഷമം. ആ ചിന്ത മനസ്സിന്റെ സ്വസ്ഥത കെടുത്തി.

എന്ത് ചെയ്യാന്‍. എല്ലാം നേരിടുക. ഒന്നു കൊതിക്കുന്നു മറ്റൊന്ന് സംഭവിക്കുന്നു. അതാണ് ജീവിതം. പ്രതീക്ഷയും പരിശ്രമവും എന്നും മുന്നോട്ടു നയിക്കും.

തെരുവ് വിളക്ക് സൃഷ്ടിക്കുന്ന പ്രകാശത്തില്‍ കാറ് വേഗതയില്‍ ഓടി. ദുബൈ എയര്‍പോര്‍ട്ടില്‍ എത്തിയിരിക്കുന്നു. വരുമ്പോള്‍ ഉണ്ടായതിലും അധികമാണ് തിരക്ക്. പല ഭാഗങ്ങളിലായി ഓരോ രാജ്യക്കാരും സ്വന്തം നാട്ടിലേക്ക് യാത്രയ്ക്കായി എത്തിയിരിക്കുന്നു. എല്ലാവരുടെ കൂടെയും ഭാരം കൂടിയ സമ്മാനപ്പെട്ടികള്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിക്കുമ്പോള്‍ മനസ്സ് നിറയെ സന്തോഷവും പെട്ടി നിറയെ സമ്മാനങ്ങളും എന്ന കാര്യത്തിലും ആരും വ്യത്യസ്തരല്ല. ലഗേജ് കൗണ്ടറില്‍ ഏല്‍പ്പിച്ചു ചെറിയ ബാഗുമായി മറ്റൊരു വശത്തേക്ക് നീങ്ങി. എമിഗ്രേഷന്‍ പരിശോധനയ്ക്ക് ശേഷം വീണ്ടും വീണ്ടും പരിശോധനകള്‍. വസ്ത്രവും ശരീരവും എല്ലാം മാറി മാറി പരിശോധിക്കപ്പെടുന്നു.

ആകാശത്തിന്റെ അനന്തതയിലേക്ക് വിമാനം ഉയരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ആദ്യമായി വിമാനത്തില്‍ കേറിയപ്പോള്‍ തോന്നിയ സന്തോഷം ഇപ്പോള്‍ ഇല്ല. മനസ്സ് നിറയെ ആശങ്കകള്‍ മാത്രം. ചുറ്റും ഇരുന്ന യാത്രക്കാരുടെ മുഖത്ത് തെളിഞ്ഞു കാണുന്നത് സന്തോഷമല്ലേ? ദീര്‍ഘമായ ഏകാന്ത വിരഹത്തിന് ശേഷം പ്രിയപ്പെട്ടവരുടെ അടുത്ത് എത്തിച്ചേരാനുള്ള വെമ്പല്‍ എല്ലാ മുഖത്തും തെളിഞ്ഞു കണ്ടു. വയറില്‍ നേരിയ വേദന അനുഭവപ്പെട്ടെങ്കിലും നല്ല വിശപ്പ് തോന്നിയതു കൊണ്ട് വിമാനത്തിലെ ഭക്ഷണം ആര്‍ത്തിയോടെ കഴിച്ചു. പിന്നെ പതുക്കെ മയക്കത്തില്‍ ലയിച്ചു.

വിമാനം താണു താണു പറന്നു മുംബൈയില്‍ എത്തിയിരിക്കുന്നു. യാത്രക്കാര്‍ ഇറങ്ങാന്‍ തിടുക്കം കൂട്ടി. ഞാനും അവര്‍ക്കു പിന്നാലെ നടന്നു. കറങ്ങുന്ന ബെല്‍ട്ടില്‍ നിന്നും ലഗേജ് എടുത്ത് ട്രോളിയില്‍ വെച്ച് കസ്റ്റംസ് പരിശോധനയാണ്. മുംബൈയില്‍ ആദ്യകാല യാത്രയില്‍ ഏറ്റവും ബുദ്ധിമുട്ടുന്ന കടമ്പയാണ് ഇത്. നേരായ മാര്‍ഗ്ഗത്തില്‍ തന്നെ ഉള്ള സാധനവുമായി വരുന്ന യാത്രക്കാരനായാലും കൈമടക്ക് കിട്ടാതെ ആരെയും കടത്തി വിടില്ല. സ്ഥിരം യാത്രക്കാരായ കച്ചവടക്കാരും ഇക്കൂട്ടത്തില്‍ ഉണ്ട്. അവര്‍ക്ക് പരിചിതരായി ഉദ്യോഗസ്ഥന്മാരും ഉണ്ട്. അവര്‍ക്ക് വഴികള്‍ എളുപ്പമാണ്.

അധിക യാത്രക്കാരും രണ്ടും മൂന്നും വര്‍ഷം മരുഭൂമിയില്‍ കഷ്ടപ്പെട്ടു സ്വന്തക്കാര്‍ക്കുള്ള സമ്മാനങ്ങളുമായി എത്തുന്നവരായിരിക്കാം. എന്നാല്‍ കസ്റ്റംസുകാരുടെ പെരുമാറ്റം കുറ്റവാളികളെ കണ്ടതു പോലെ മാത്രമായിരിക്കും. എങ്ങനെയെങ്കിലുമൊന്ന് ബന്ധുക്കളുടെ എടുത്ത് എത്താന്‍ ആഗ്രഹിക്കുന്നവര്‍ അധികം തര്‍ക്കങ്ങള്‍ക്ക് നില്‍ക്കില്ല. ചെറിയ സംഖ്യ കൈക്കൂലി നല്‍കി വേഗത്തില്‍ തടി രക്ഷപ്പെടുത്തും. ഇത് ഉദ്യോഗസ്ഥന്മാര്‍ക്ക് ചാകരയാകുന്നു. കച്ചവടക്കാരനാണെന്ന് തോന്നിയാല്‍ പിന്നെ രക്ഷയില്ല. ഏറെ നേരം പരിശോധനകളുടെ പേരില്‍ ബുദ്ധിമുട്ടിക്കും. പരമാവധി കാശ് പറ്റുന്ന എല്ലാ വിദ്യയും നോക്കും. നേര്‍വഴിയില്‍ ഡ്യൂട്ടി അടക്കാന്‍ ആരും തയ്യാറല്ല. ഉദ്യോഗസ്ഥന്മാര്‍ക്കും അത് നിര്‍ബന്ധമില്ല. അവര്‍ക്കുള്ളത് കിട്ടണം. അതാണ് ഇവിടങ്ങളിലെ നിയമം.

ഉദ്യോഗസ്ഥന്മാരുടെ നൂലാമാലകളില്‍ നിന്നും രക്ഷപ്പെട്ടാല്‍ എയര്‍പോര്‍ട്ടിന് പുറത്തും കഴുകന്‍ കണ്ണുമായി കാത്തു നില്‍ക്കുന്ന കൊള്ള സംഘങ്ങളും ആ കാലത്ത് ഏറെയായിരുന്നു. ഇരയെ വീഴ്ത്താന്‍ പല അടവുകളും അവരും പ്രയോഗിക്കും. പെട്ടാല്‍ ചിലപ്പോള്‍ ഉടുമുണ്ട് പോലും കിട്ടിയെന്ന് വരില്ല. അധിക യാത്രക്കാരും ബന്ധുക്കളെയോ അല്ലെങ്കില്‍ പരിചിതരായ ഏജന്‍സിയുടെ ആള്‍ക്കാരെയോ ആശ്രയിക്കുന്നു. ഇനി യാത്ര ടാക്‌സിയിലാണ്. ഞങ്ങളെയും പ്രതീക്ഷിച്ചു എത്തിയ ഏജന്‍സിയുടെ ആളിന്റെ കൂടെ യാത്ര തുടര്‍ന്നു. ഇത്തരം ഏജന്‍സികള്‍ വലിയ കൊള്ളപ്പലിശക്കാരാണ്. എയര്‍പോര്‍ട്ടില്‍ ആവശ്യമായി വരുന്ന പണം തന്ന് സഹായിക്കും. റൂമില്‍ എത്തിയാല്‍ പലിശ സഹിതം തിരിച്ചു പിടിക്കും.

എത്രമാത്രം വിദേശ സാധനങ്ങള്‍ ഉണ്ടായാലും വിറ്റ് തീര്‍ക്കാന്‍ കഴിയുന്ന മാര്‍ക്കറ്റാണ് മുംബൈ. ഇന്നും അതിന് ഒരു മാറ്റവും വന്നിട്ടില്ല. ഏത് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാലും വില്‍പന സാധനങ്ങള്‍ മുംബൈ മാര്‍ക്കറ്റില്‍ എത്തും. നല്ല വില കിട്ടുന്നതും എപ്പോഴും ആവശ്യക്കാര്‍ ഉണ്ടെന്നതും ഇവിടത്തെ സവിശേഷതയാണ്. അഹമ്മദിനും സുഹൃത്തിനും സാധനങ്ങള്‍ കുറേ വില്‍ക്കാനുണ്ട്. അതുകൊണ്ട് പെട്ടെന്ന് നാട്ടിലേക്ക് പുറപ്പെടില്ല. രണ്ട് ദിവസം കഴിയണം. കുറേ ദിവസം കറങ്ങി മുംബൈ തെരുവില്‍ ഓര്‍മ്മകള്‍ പുതുക്കി നടന്നു. കുറേ പുതിയ കാഴ്ചകളും തേടിയിറങ്ങി.

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-9:
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

അനുഭവം-11:
പുതിയ സങ്കേതത്തില്‍

അനുഭവം-13:
വേദനയില്‍ കുതിര്‍ന്ന നാളുകള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Job, Gulf, Friend,  Article, Ibrahim Cherkala,  Natives, Family, Ibrahim Cherkalas Experience -14

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL