city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സർഗവാസനകളുടെ തുടിപ്പുമായി അജാനൂരിന്റെ ശോഭ

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ- 12 

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 02.08.2021) ഗ്രാമീണതയുളള സ്ത്രീ സൗഹൃദവും, എളിമയും കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭ ടി. ഫോണിലൂടെയാണ് ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടത്. അപ്പോഴത്തെ സംസാര രീതിയില്‍ നിന്ന് തന്നെ ശോഭയുടെ പ്രവര്‍ത്തന ശേഷി വ്യക്തമായി മനസ്സിലാക്കാന്‍ പറ്റി. ചോദ്യങ്ങള്‍ക്ക് കൃത്യമായി അളന്നു മുറിച്ച രീതിയില്‍ മറുപടി പറയാനുളള ശോഭയുടെ ത്രാണി ശ്രദ്ധിക്കപ്പെടേണ്ടു തന്നെ. 44 ൽ എത്തിയിട്ടും കലാരംഗത്ത് ശോഭിക്കാന്‍ ശോഭയ്ക്ക് കഴിയുന്നുണ്ട് 23 വാര്‍ഡുകളുളളതും, നഗരപ്രദേശമായി മാറാന്‍ സാധ്യതയുമുളള അജാനൂരിനെ നയിക്കാന്‍ പ്രാപ്തിയുളള ഭരണാധികാരിയാണ് ശോഭയെന്ന് അവരുടെ ആശയങ്ങളും പ്രകടനങ്ങളും ശ്രവിച്ചപ്പോള്‍ എനിക്കു തോന്നി.

സർഗവാസനകളുടെ തുടിപ്പുമായി അജാനൂരിന്റെ ശോഭ

ആദ്യ തവണയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിന്നാണ് ശോഭ തെരഞ്ഞെടുക്കപ്പെട്ടത്. 2010 ലാണ് സിപിഎം മെമ്പര്‍ഷിപ്പ് കിട്ടിയത്. മഹിളാ അസോസിയേഷന്റെ വില്ലേജ്, ഏരിയാ കമിറ്റികളില്‍ സജീവ സാനിദ്ധ്യമാണ് ശോഭ. വേലേശ്വരത്തെ കമ്മിറ്റിയിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകകുടുംബമാണ്, കുടുംബത്തിലെ മുഴുവന്‍ പേരും പാര്‍ട്ടി അംഗത്വമുളളവരാണ്.

ഭര്‍ത്താവ് ദാമോദരന്‍ മെഷീന്‍ കല്ല് വെട്ട് തൊഴിലാളിയാണ്. ആവശ്യപ്പെടുകയാണെങ്കില്‍ പാചകതൊഴിലിനും പോകാറുണ്ട്. മൂന്നു മക്കളാണിവര്‍ക്കുളളത്. മൂത്തമകന്‍ ആദര്‍ശ് ഐടിഐ പാസായിട്ടുണ്ട്. പാര്‍ട്ട് ടൈമായി ജന്മദേശം സായാഹ്നപത്രത്തിന്റെ റിപ്പോര്‍ട്ടറായും, അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയും ചെയ്തു വരുന്നു. രണ്ടാമന്‍ ശരത്ത് പ്ലസ്ടു കഴിഞ്ഞു. ആതിര പെരിയ പോളിടെക്ക്‌നിക്ക് വിദ്യാര്‍ത്ഥിനിയാണ്.

പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ശോഭയ്ക്ക് കലാപരിപാടികളില്‍ താല്‍പര്യമുണ്ടായി. ഒപ്പം പഠിക്കുന്ന കുട്ടികള്‍ ഡാന്‍സിലും നാടകത്തിലും മറ്റും പങ്കെടുക്കുന്നത് കണ്ടപ്പോള്‍ ശോഭയുടെ ഉളളിലുറങ്ങിക്കിടന്ന കലാകാരി ഉണര്‍ന്നു. എനിക്കും അത്തരം പരിപാടികളിലൊക്കെ പങ്കെടുക്കണമെന്ന മോഹം വന്നു. അങ്ങിനെ യുവജനോല്‍സവങ്ങളിലും വാര്‍ഷികങ്ങളിലും നാടകത്തിനും, ഡാന്‍സിനും നാടന്‍ പാട്ടിനുമൊക്കെ സജീവമായി പങ്കെടുത്തു. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം നാട്ടില്‍ ക്ലബുകളുടെ വാര്‍ഷിക പരിപാടികളിലും മറ്റും കലാപ്രകടനങ്ങള്‍ നടത്തി.

ഇപ്പോള്‍ 'രംഗശ്രീ' എന്ന പേരില്‍ സ്ത്രീകളുടേത് മാത്രമായ ഒരു കലാട്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. അതിന്റെ ടീം ലീഡറായിട്ട് ശോഭയ്ക്കാണ് ചാര്‍ജ്. തെരുവ് നാടകം, സ്റ്റേജ് നാടകം, നാടന്‍പാട്ട് എന്നിവ അവതരിപ്പിക്കാന്‍ സജ്ജമാണ് 'രംഗശ്രീ'. 50 അംഗങ്ങളാണ് കലാട്രൂപ്പിലുളളത്. സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ പ്രചരണാര്‍ത്ഥം ഇത്തരം കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടും. ചില സ്ഥാപനങ്ങള്‍ അവരുടെ പരിപാടികളുമായി ബന്ധപ്പെട്ട് പ്രോഗ്രാം അവതരിപ്പിക്കാന്‍ ക്ഷണിക്കാറുണ്ട്. സ്‌ക്രിപ്റ്റുകള്‍ മാറ്റിക്കൊണ്ടിരിക്കും, ആരോഗ്യ ബോധവല്‍ക്കരണം, ലഹരി വിരുദ്ധ പ്രചരണം, സ്ത്രീ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയ്ക്കാവശ്യമായ സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കും.

അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍വരെ ദൈര്‍ഘ്യമുളള പരിപാടികള്‍ ഉണ്ടാവും. രാത്രികാലങ്ങളിലാണ് ഞങ്ങള്‍ റിഹേര്‍സല്‍ ചെയ്യുക. എല്ലാം സ്ത്രീകള്‍ തന്നെ. ഞങ്ങളുടെ വീട്ടുകാരും, നാട്ടുകാരും ഇത്തരം പരിപാടികളെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. പരിപാടിയുടെ ദൈര്‍ഘ്യം, അതിന്റെ ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്ത് അയ്യായ്യിരം മുതല്‍ ഇരുപതിനായിരം വരെ അവതരണ ചെലവ് വാങ്ങാറുണ്ട്. പഞ്ചായത്തില്‍ നടക്കുന്ന സ്ത്രീ മുന്നേറ്റത്തിന്റെ മാതൃകയാണ് രംഗശ്രീ എന്ന കലാട്രൂപ്പ്. ടീം ലീഡര്‍ എന്ന നിലയില്‍ ഉത്തരവാദിത്വ ബോധത്തോടെയും, അഭിമാനത്തോടെയുമാണ് പ്രസിഡണ്ട് ശോഭ ഇക്കാര്യം പറഞ്ഞത്.

വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടാക്കിയെടുക്കണമെന്ന ഉറച്ച തീരുമാനവുമായാണ് പ്രസിഡണ്ട് മുന്നോട്ട് പോവുന്നത്. 'ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗസല്യയോജന' പദ്ധതി പ്രകാരം നിരവധി സ്ത്രീകള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് സാധ്യമായിട്ടുണ്ട്. പഞ്ചായത്തില്‍ ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നിരവധി സ്ത്രീകള്‍ തൊഴില്‍ പരിശീലനം നേടിയിട്ടുണ്ട്. 'അന്നംഅമൃതം' എന്ന പേരില്‍ തുടങ്ങിയ സംരംഭവും മറ്റുളള പഞ്ചായത്തുകള്‍ക്ക് മാതൃകയാക്കാവുന്നതാണ്.

നാടന്‍ കുത്തരി ഉണ്ടാക്കി കടകളിലും, വ്യക്തികള്‍ക്കും വില്‍ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. നെല്‍ക്കൃഷിയെ പ്രോല്‍സാഹിപ്പിക്കുക യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുക, കര്‍ഷകരില്‍ നിന്ന് ന്യായമായ വില നല്‍കി നെല്ല് സംഭരിക്കുക, സ്വന്തം മില്ല് സ്ഥാപിച്ച് നെല്ല് കുത്തി അരിയാക്കി വില്‍പന നടത്തുക എന്നതാണ് ലക്ഷ്യം. ഇത് സ്ത്രീകള്‍ക്ക് മോശമല്ലാത്തൊരു വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

സ്ത്രീകള്‍ ധൈര്യമവലംബിച്ചാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍, പീഡനങ്ങള്‍, അപവാദ പ്രചാരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ സ്ത്രീകള്‍ തയ്യാറാവണം സ്ത്രീകള്‍ക്ക് പുരുഷമനസ്സുകളെ പഠിക്കാന്‍ കഴിയണം. വായനയിലൂടെയും, പഠനക്ലാസ്സുകളിലൂടെയും, അനുഭവ സാക്ഷ്യങ്ങളിലൂടെയുമൊക്കെ തന്റേടവും, ധൈര്യവും നേടിയെടുക്കാന്‍ പറ്റും. ഒരു സ്ത്രീയുടെ മുമ്പിലെത്തിയ പുരുഷനെ അവന്റെ നോട്ടവും, സംസാരവും, ശരീരഭാഷയും കണ്ടാല്‍ തന്നെ അവന്‍ നല്ലവനാണോ, ചീത്തയാണോ ഇടപഴകാന്‍ പറ്റുന്നവനാണോ എന്ന് തിരിച്ചറിയാന്‍ സ്ത്രീകള്‍ കെല്പുളളവരാവണം എന്നാണ് ശോഭയുടെ അഭിപ്രായം.

നേതൃസ്ഥാനം വഹിക്കുന്ന സ്ത്രീകള്‍ തെറ്റ് ചെയ്യുന്നതില്‍ വിമുഖത കാണിക്കും. ത്രിതല പഞ്ചായത്തുകളില്‍ 50 ശതമാനം റിസര്‍വേഷന്‍ ലഭിച്ചതിന്റെ ഫലമായി നിരവധി സ്ത്രീകള്‍ നേതൃനിരയിലേക്കെത്തിയിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കാനും, പുരുഷാധിപത്യത്തിനെതിരെ പ്രതികരിക്കാനുളള അര്‍ജ്ജവവും സ്ത്രീകള്‍ നേടിക്കഴിഞ്ഞു. ഒളിച്ചോട്ടവും, ഒളിഞ്ഞുനോട്ടവും, ആത്മഹത്യാ പ്രവണതയുമൊക്കെ ഉണ്ടാവുന്നത് വ്യക്തികള്‍ വ്യത്യസ്ത മാനസികാവസ്ഥ ഉളളവരായതുകൊണ്ടാണ്. ആ മാനസികാവസ്ഥ ഇല്ലായ്മ ചെയ്യണം. സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തമായൊരു വരുമാന സ്രോതസ്സ് കണ്ടെത്തി ജീവിക്കാനും കഴിഞ്ഞാല്‍ സ്ത്രീകള്‍ അപകടത്തില്‍ പെടില്ല. അതിനുളള ജീവിക്കുന്ന ഉദാഹരണമാണ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭ.

കലാ രംഗത്തും, പൊതു പ്രവര്‍ത്തന രംഗത്തും, ഭരണ രംഗത്തും ശോഭ ആരേയും കൂസാതെ മുന്നേറുന്നുണ്ട്. പുരുഷാധിപത്യമൊന്നും അവരെ തീണ്ടിയിട്ടു പോലുമില്ല. സ്ത്രീയായലും, പുരുഷനായാലും കൃത്യമായും, കണിശമായും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയാല്‍ പ്രശ്‌നങ്ങളുണ്ടാവില്ല. നിങ്ങള്‍ ഒരു സ്ത്രീയല്ലേ എന്ന കാഴ്ചപ്പാടോടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും, പരിഹരിക്കാനും എന്റെയടുത്ത് ആരും എത്തിപ്പെട്ടിട്ടില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ താഴ്ന്നു കൊടുക്കാതെ പിടിച്ചു നില്‍ക്കാന്‍ എനിക്കു സാധിക്കുന്നുണ്ട്. അത് അനുഭവങ്ങളിലൂടെ പഠിച്ചെടുത്തതാണ്.

എനിക്ക് ഔപചാരിക വിദ്യാഭ്യാസം പത്താം ക്ലാസു മാത്രമെയുളളൂ. പക്ഷേ പൊതു അറിവു നേടിയെടുക്കാനും, സങ്കോചമില്ലാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനും പഠിച്ചത് പാര്‍ട്ടി ക്ലാസുകളില്‍ നിന്നും മറ്റുമാണ്. കലാരംഗത്ത് പയറ്റിതെളിഞ്ഞത് കൊണ്ടും സാമൂഹ്യ രംഗത്ത് പിടിച്ചു നില്‍ക്കാനുളള കരുത്ത് നല്‍കി.

പഞ്ചായത്തില്‍ 23 വാര്‍ഡുകളുണ്ട്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് പത്തും, യുഡിഎഫിന് ഒമ്പതും, ബിജെപിക്ക് നാലു സീറ്റ് വീതമാണ് ലഭിച്ചത്.

സി ഡി എസ് ചെയര്‍ പേര്‍സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ ചെറിയൊരു തയ്യല്‍ക്കടയും സംഘടിപ്പിച്ചിരുന്നു. ഏത് രംഗത്ത് നോക്കിയാലും ശോഭയോടെ തന്നെ എല്ലാ വെല്ലുവിളികളേയും അതിജീവിച്ചു കൊണ്ട് പ്രസിഡണ്ട് ശോഭ മുന്നോട്ടു തന്നെ. തന്റെ കഴിവുകളും, ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളും, വഴിവരുന്ന അഞ്ച് വര്‍ഷക്കാലം കൊണ്ട് അജാനൂരിനെ ജില്ലയിലെ അജയ്യമായ ഗ്രാമപഞ്ചായത്താക്കി മാറ്റിയെടുക്കാന്‍ പ്രസിഡണ്ട് ശോഭയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതിക്ക് സാധ്യമാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.










Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members,  Ajanur's brilliance with the pulse of creativity. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia