city-gold-ad-for-blogger

സലാം ഹാജിയുടെ കൊലയ്ക്ക് പിന്നില്‍ സ്വത്തിടപാട്: അന്യ സംസ്ഥാനക്കാരനായ യുവാവ് പിടിയില്‍

കാസര്‍കോട്: ഗള്‍ഫ് വ്യാപാര പ്രമുഖന്‍ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ അബ്ദുല്‍ സലാം ഹാജി (58) യുടെ കൊലയ്ക്ക് പിന്നില്‍ സ്വത്തിടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. കൊലയുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാനക്കാരനായ യുവാവ് പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കണ്ണൂരില്‍ അബ്ദുല്‍ സലാം ഹാജി വാങ്ങിയ കോടികള്‍ വിലമതിക്കുന്ന സ്വത്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അക്രമി സംഘത്തില്‍പെട്ടവര്‍ സംസാരിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. സ്വത്തിടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അന്യ സംസ്ഥാനക്കാരനായ യുവാവാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലായിട്ടുള്ളത്. സ്വത്തിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തിയത് ഗള്‍ഫില്‍ നിന്നാണെന്നും വിവരമുണ്ട്.

സലാം ഹാജിയുടെ കൊലയ്ക്ക് പിന്നില്‍ സ്വത്തിടപാട്: അന്യ സംസ്ഥാനക്കാരനായ യുവാവ് പിടിയില്‍
കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ സലാം ഹാജിയുടെ വീട്ടുകാരില്‍ നിന്ന് മൊഴിയെടുക്കുന്നു. സമീപം കെ.പി സതീശ് ചന്ദ്രന്‍.
അക്രമി സംഘത്തില്‍ എട്ടു പേരുണ്ടായിരുന്നതായാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന സൂചന. കൊല നടത്തിയത് ക്വട്ടേഷന്‍ ടീമാണെന്നും വിവരമുണ്ട്. അബ്ദുല്‍ സലാം ഹാജി മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന നീലേശ്വരം സി.ഐ സജീവന്‍ അറിയിച്ചു.

പ്രതികള്‍ ഡക്ക് ടേപ്പ് കഴുത്തിലും മുഖത്തും ചുറ്റി വരിഞ്ഞപ്പോള്‍ ശ്വാസം മുട്ടി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണന്‍ കൊല നടന്ന വീട് പരിശോധിച്ചു. സി.സി.ടി.വി. വിദഗ്ദ്ധരും വീട്ടിലെത്തി തെളിവെടുത്തു.

മൂന്നു ദിവസം മുമ്പാണ് കൊലയാളി സംഘം തൃക്കരിപ്പൂരിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സ്വത്തിടപാടുമായി ബന്ധപ്പെട്ടും ഗള്‍ഫില്‍ അബ്ദുല്‍ സലാം ഹാജി നടത്തിയ കോടികളുടെ ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളും, ബാങ്ക് ലോക്കറിന്റെ താക്കോലും കൈക്കലാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു.

അക്രമികള്‍ ഈ വലിയ വീട്ടിലെ മുഴുവന്‍ മുറികളും അരിച്ചു പെറുക്കിയത് മോഷണത്തിന് വേണ്ടി മാത്രമല്ലെന്നാണ് വിവരം. അബ്ദുല്‍ സലാം ഹാജി ഉപയോഗിച്ച ഫോണില്‍ വന്നതും പോയതുമായ കോളുകളും പോലീസ് പരിശോധിച്ച് വരികയാണ്. സലാം ഹാജിയുടെ വീട്ടില്‍ അടുത്തിടെ സംഭാവന സ്വീകരിക്കാനും മറ്റുമായി വന്നവരെ കുറിച്ചും വിവരം ശേഖരിക്കുന്നുണ്ട്.

സൈബര്‍ സെല്ലിന്റെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. കാസര്‍കോട് സൈബര്‍ സെല്ലിന്റെ ചുമതല വഹിക്കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ കഴിഞ്ഞ ദിവസം അബ്ദുല്‍ സലാം ഹാജിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചു. പ്രതികള്‍ എത്തിയ മാരുതി എര്‍റ്റിഗ കാര്‍ കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കാറില്‍ കെ.എല്‍ 60 രജിസ്‌ട്രേഷനുള്ള നമ്പറാണ് ഉണ്ടായിരുന്നത്. എന്നാല്‍ നമ്പര്‍ വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു കഴിഞ്ഞതായാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പ്രതികള്‍ ഇനിയും ജില്ല വിട്ട് പോയിട്ടില്ലെന്നാണ് സൂചന. കസ്റ്റഡിയിലുള്ള അന്യ സംസ്ഥാനക്കാരനായ യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കൈകള്‍ കെട്ടിയിട്ട് കഴുത്തിലും മുഖത്തും ഡക്ക് ടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്ന രീതി ഇതിന് മുമ്പ് എവിടെയും ഉണ്ടായിട്ടില്ലെന്ന് വീട്ടില്‍ പരിശോധന നടത്തിയ പോലീസ് സര്‍ജന്‍ പറഞ്ഞു. വീടിന്റെ ചുവരിലും മറ്റും രക്തത്തുള്ളികള്‍ തെറിച്ചത് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചപ്പോള്‍ സംഭവിച്ചതാകാമെന്നും പോലീസ് പറയുന്നു. സലാം ഹാജിയുടെ ശരീരത്തില്‍ കൈമുട്ടിലും തുടയിലും വാരിയെല്ലിലും വലിയ മുറിവുകള്‍ ഉണ്ടായിരുന്നു. മുറിവുകള്‍ക്ക് ഒമ്പത് ഇഞ്ചുവരെ നീളമുള്ളതായും പോലീസ് സര്‍ജന്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

സലാം ഹാജിയുടെ കൊലയ്ക്ക് പിന്നില്‍ സ്വത്തിടപാട്: അന്യ സംസ്ഥാനക്കാരനായ യുവാവ് പിടിയില്‍
തെക്കന്‍ ജില്ലക്കാരുടെ സംസാര രീതിയായിരുന്നു കൊലയാളി സംഘത്തിലെ ഒരാളുടേതെന്നും മറ്റുള്ളവര്‍ ഹിന്ദിയിലാണ് പരസ്പരം സംസാരിച്ചതെന്നും വ്യക്തമായിട്ടുണ്ട്. അബ്ദുല്‍ സലാം ഹാജി മരിക്കുന്നതിന് മുമ്പ് അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പോലീസ് സംശയിക്കുന്നു. അക്രമികള്‍ ഒന്നര മണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ കവര്‍ചക്കാരാണെങ്കില്‍ കവര്‍ച നടത്തി എത്രയും പെട്ടെന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്യുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

അക്രമികള്‍ അബ്ദുല്‍ സലാം ഹാജിയുടെ വീട്ടില്‍ കയറി ഓപ്പറേഷന്‍ നടത്തുന്നതിനിടയില്‍ അക്രമികളില്‍ ഒരാള്‍ക്കും പുറത്ത് കാറില്‍ കാത്തിരിക്കുകയായിരുന്ന ഡ്രൈവര്‍ക്കും ഫോണില്‍ ചില നിര്‍ദേശങ്ങള്‍ ലഭിച്ചതായി പോലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചു. ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അന്യ സംസ്ഥാനക്കാരനായ യുവാവിനെ പിടികൂടിയത്. പ്രതികള്‍ എത്രയും പെട്ടെന്ന് തന്നെ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പടുത്തി.

വെള്ളാപ്പ് മൊബൈല്‍ ടവറിന് പരിധിയില്‍ ഏതാനും ദിവസങ്ങളായി വന്ന മൊബൈല്‍ കോളുകളെല്ലാം പോലീസ് പരിശോധിച്ച് വരികയാണ്. ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നത്. പ്രതികള്‍ കയ്യുറയും മുഖംമൂടിയും ധരിച്ചതിനാല്‍ വിരലടയാള വിദഗ്ദ്ധര്‍ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. അതു കൊണ്ട് തന്നെ ഫോണ്‍ കോളുകള്‍ സംബന്ധിച്ച തെളിവുകള്‍ നിര്‍ണായകമാകും.


ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു


ഗള്‍ഫ് വ്യാപാര പ്രമുഖന്റെ കൊല: അക്രമികളെത്തിയ കാറിന്റെ നമ്പര്‍ വ്യാജം

Also Read: മദ്രസകളിലെ നിര്‍ബന്ധിത ഗീതാ പഠനം സര്‍ക്കാര്‍ പിന്‍ വലിച്ചു

Photos:  Urumees Trikaripur

Keywords:  Trikaripur, Murder, Land-issue, Police, Custody, Medical College, Postmortem report, Robbery, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia