കാലിയാ റഫീഖിന്റെ മകന്റെ നേതൃത്വത്തില്‍ വീണ്ടും ഉപ്പളയില്‍ അധോലോകം വളരുന്നു; തോക്കുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പോലീസ് രണ്ട് പേരെ പൊക്കി
Jan 13, 2019, 23:20 IST
ഉപ്പള: (www.kasargodvartha.com 13.01.2019) അടുത്ത കാലം വരെ അധോലോക പ്രവര്‍ത്തനം നടന്ന ഉപ്പളയില്‍ കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം കാലിയാ റഫീഖിന്റെ മകന്റെ നേതൃത്വത്തില്‍ വീണ്ടും അധോലോകം വളരുന്നു. കാലിയ റഫീഖിന്റെ മകനും സംഘവും തോക്കുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു കൊണ്ടാണ് നാട്ടുകാരെയും പോലീസിനെയും ഒരേ പോലെ വെല്ലുവിളിക്കുന്നത്.
കാലിയ റഫീഖിന്റെ മകന്‍ സുഹൈല്‍, വാറണ്ട് കേസില്‍ പ്രതിയായ ഹനീഫ എന്നിവരെ മഞ്ചേശ്വരം പോലീസ് ഞായറാഴച രാത്രിയോടെ പൊക്കിയിട്ടുണ്ട്. എന്നാല്‍ വാറണ്ട് കേസില്‍ പ്രതിയായ ഹനീഫയെ പിടികൂടിയ കാര്യം മാത്രമാണ് പോലീസ് സ്ഥിരീകരിക്കുന്നത്. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, എഎസ്പി ഡി ശില്‍പ്പ എന്നിവരുടെ നിര്‍ദേശപ്രകാരം ഗുണ്ടാ മാഫിയ സംഘങ്ങളെ ഒതുക്കാന്‍ പോലീസ് നടപടി തുടങ്ങിയതിന്റെ ഭാഗമായാണ് രണ്ട് പേരെ പോലീസ് പൊക്കിയതെന്നാണ് വിവരം.
കാലിയ റഫീഖിന്റെ നേതൃത്വത്തില്‍ മുമ്പ് നടത്തിയത് പോലുള്ള അധോലോക പ്രവര്‍ത്തനമാണ് ഉപ്പളയില്‍ അടുത്തകാലത്തായി വീണ്ടും ആരംഭിച്ചിരിക്കുന്നത്. കാലിയ റഫീഖ് മംഗളൂരു ദേശീയ പാതയില്‍ എതിരാളികളാല്‍ വെടിയേറ്റ് കൊല്ലപ്പെട്ട ശേഷം ഉപ്പളയിലെ അധോലോക സംഘത്തെ പോലീസ് അടിച്ചമര്‍ത്തുകയായിരുന്നു. ഇതിന് ശേഷമാണ് കാലിയ റഫീഖിന്റെ മകന്‍ സുഹൈലിന്റെ നേതൃത്വത്തില്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സുഹൈല്‍ രണ്ട് അക്രമ കേസുകളില്‍ പ്രതിയാണ്. ഭായി എന്ന പേരില്‍ സുഹൈലിനെ ഉപ്പളയില്‍ സംഘം പരിചയപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. തോക്കുമായി സംഘം നില്‍ക്കുന്ന വീഡിയോ വെറും തമാശയ്ക്കുണ്ടാക്കിയ ഷൂട്ടിംഗ് അല്ലെന്നാണ് പോലീസ് വിലയിരുത്തല്‍.
ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി ഹഫ്ത്ത പരിവും വിദ്യാര്‍ത്ഥിനികളെയും നിരവധി കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിരവധി പരാതികള്‍ പോലീസിന്റെ ചെവിയില്‍ എത്തിയിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ ബ്ലാക്ക്‌മൈലിംഗിന് ഇരയായവര്‍ ഭയപ്പെടുകയാണ്. വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ കൈക്കലാക്കിയാണ് ഭീഷണി. ഉപ്പളയിലെ പല ഹോട്ടലുകളിലും കയറി മൂക്കുമുട്ടെ തിന്ന് ആയിരങ്ങളുടെ ബില്ല് വരുമ്പോള്‍ തങ്ങള്‍ ഭായിയുടെ ആള്‍ക്കാരാണെന്ന് പറഞ്ഞ് പണം നല്‍കാതെ പോകുന്നതായുള്ള പരാതികളും ഏറിയിട്ടുണ്ട്. കാലിയാ റഫീഖിന്റെ മുന്‍ സംഘാംഗങ്ങളുടെ പിന്തുണയും ഇവര്‍ക്കുണ്ടെന്നാണ് വിവരം.
Related News: