city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പേര് വിളിയുടെ പൊരുള്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 8)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 05.07.2017)
മലയാളികള്‍ക്ക് കുഞ്ഞിന് പേരിടല്‍ ഒരു ചടങ്ങാണ്. മാതാപിതാക്കള്‍ കുഞ്ഞ് ജനിച്ച് വീഴും മുമ്പേ പേര് കണ്ടു പിടിച്ചിരിക്കും. ആണായാല്‍ ഇന്ന പേര്, പെണ്ണായാല്‍ ഇന്ന പേര് ലിസ്റ്റ് ഉണ്ടാക്കിവെക്കും. പരസ്പരം ചര്‍ച്ച ചെയ്യും. അക്ഷരങ്ങള്‍ കുറഞ്ഞതായിരിക്കണം, അര്‍ത്ഥമുളളതായിരിക്കണം, കേള്‍ക്കുന്നവര്‍ക്ക് ഇമ്പമുളളതാവണം, കൂഞ്ഞിന്റെ രൂപത്തിനും ഭാവത്തിനും ഇണങ്ങിയതായിരിക്കണം, എന്നൊക്കെ ചിന്തിച്ചാണ് കുഞ്ഞിന് പേരിടുന്നത്.

1950 കളില്‍ മക്കള്‍ക്ക് പേരിടുന്നതില്‍ രക്ഷിതാക്കള്‍ അത്രയൊന്നും ശുഷ്‌കാന്തി കാണിച്ചിരുന്നില്ല. പലപ്പോഴും അച്ഛാച്ഛന്റെ പേരോ അമ്മമ്മയുടെ പേരോ മക്കള്‍ക്ക് നല്‍കുന്ന രീതി അന്നുണ്ടായിരുന്നു. അവരോടുളള സ്‌നേഹം കാണിക്കാനോ, ഓര്‍മ്മിക്കാനോ ആണ് അന്നിങ്ങനെ ചെയ്തത് എന്നു വേണം കരുതാന്‍. എന്റെ പേരും അങ്ങിനെ വന്നതാണ്. ഉപ്പാപ്പയുടെ പേര് അബ്ദുള്‍ റഹ് മാന്‍ എന്നായിരുന്നു. ആ പേര് തന്നെയാവട്ടെ മൂത്തമകന് എന്ന് എന്റെ ബാപ്പയും കരുതിയിട്ടുണ്ടാവും. വാസ്തവത്തില്‍ നല്ലൊരു പേരാണ്.

ഞാന്‍ പേരിന്റെ അര്‍ത്ഥം ചോദിച്ചു മനസ്സിലാക്കി. അബ്ദുള്‍ എന്നാല്‍ ദാസനെന്നും റഹ് മാന്‍ എന്നാല്‍ ദൈവവുമാണ്. ഈശ്വരന്റെ ദാസന്‍ എന്ന് പറയാം. ദേവദാസനെന്ന് മലയാളത്തില്‍ പേരുണ്ടല്ലോ? മനോഹരമായ എന്റെ പേര് വികൃതമാക്കി വിളിക്കാന്‍ തുടങ്ങിയത് കുഞ്ഞുനാളിലേ ഞാന്‍ ഇഷ്ടപ്പെട്ടില്ല. അന്ത്രുമാന്‍. അങ്ങിനെ കേള്‍ക്കുമ്പോള്‍ തന്നെ മേലാകെ അരിശം തുടിച്ചു വരും. വയലാറിന്റെ ആഇഷയിലെ അന്ത്രുമാനെ വായിച്ചറിഞ്ഞപ്പോള്‍ എന്റെ പേരും ആ തരത്തില്‍ പെട്ടുപോയല്ലോ എന്ന് മനസ്സു വേവലാതിപ്പെടും. എന്റെ ഉമ്മയോ ബന്ധുക്കളോ ഒരിക്കലും എന്നെ അങ്ങിനെ വിളിച്ചിട്ടില്ല. ഉമ്മയ്ക്ക് ഞാന്‍ അദ്രെഹമാനാണ്.

പേര് വിളിയുടെ പൊരുള്‍

പ്രൈമറി ക്ലാസില്‍ മലയാളം പഠിപ്പിച്ച ഒരു പൊതുവാള്‍ മാഷുണ്ടായിരുന്നു അദ്ദേഹം 'അബ്ദുള്‍' എന്നാണ് വിളിച്ചിരുന്നത്. ചെറുപ്പകാലത്ത് ഓമനയായിട്ടായാലും പല പേരുകളും അവരുടെ ഇഷ്ടത്തിന് വിളിക്കും. പീടികയിലായിരിക്കുമ്പോള്‍ വെല്ലം എന്റെ ദൗര്‍ബ്ബല്യമായിരുന്നു. അപ്പോള്‍ ആണി വെല്ലം വായിലിടും മെല്ലെ മെല്ലെ അലിയിച്ചിറക്കും. നല്ല തടിമാടനുമായിരുന്നു. അതുകൊണ്ട് അമ്മാവനിട്ടപേര് 'ബദ്ദപ്പസാമി 'എന്നായിരുന്നു.

കരിവെളളൂര്‍ ബസാറിലെ വലിയൊരു അനാദിക്കച്ചവടക്കാരനായിരുന്നു 'ബദ്ദപ്പസാമി' അദ്ദേഹത്തിനും എന്റെ അതേ വെല്ലം തീറ്റി സ്വഭാവമുണ്ടായിരുന്നു പോലും. അങ്ങിനെ ഞാനും ബദ്ദപ്പസാമിയായി. അന്ന് ഞങ്ങളുടെ അയല്‍വാസിയായിരുന്നു കോയ്യന്‍ ചിരുണ്ടന്‍ മൂസോറ്. അദ്ദേഹത്തിന്റെ മക്കള്‍ ഗോവിന്ദന്‍, നാരായണന്‍ എന്നിവര്‍ എന്റെ കളിക്കൂട്ടുകാരാണ്. അന്നത്തെ മാമ്പഴക്കാലത്ത് ഏതു പറമ്പിലും കയറി മാങ്ങ പെറുക്കാം. ചിരുകണ്ടന്‍ മുസോറിന്റെ പറമ്പില്‍ നല്ല മധുരമൂറുന്ന മാങ്ങ പിടിക്കുന്ന മാവുണ്ടായിരുന്നു. കാറ്റടിക്കുമ്പോള്‍ മാങ്ങ വീഴും. ഞാന്‍ ഓടിയെത്തി അവ കൈക്കലാക്കും. അങ്ങിനെ ചിരുകണ്ടന്‍ മുസോറ് വകയും എനിക്കൊരു പേരു കിട്ടി 'മായിന്റീലാജി 'ആ പേരുളള ഒരു ഹാജിക്ക ഉണ്ടായിരുന്നു പോലും......

എന്റെ വലിയമ്മാവനും എനിക്കൊരു പേരിട്ടു. 'സൂപ്പി' സ്‌നേഹത്തോടെ വിളിക്കുന്നതാണ്. അദ്ദേഹം എന്നും ചുരുട്ട് വലിക്കും. ആ മണം ആസ്വദിക്കാന്‍ ഞാന്‍ അടുത്തു കൂടും. അപ്പോള്‍ പുറത്ത് തട്ടി സ്‌നേഹത്തോടെ 'സൂപ്പി' എന്ന് നീട്ടിവിളിക്കും... ഹൈസ്‌കൂള്‍ പഠനകാലത്ത് പല പേരുകളും കിട്ടി. അന്ന് തടിയുണ്ട്. ഒരു നമ്പൂതിരി സ്റ്റൈലൊക്കെയായിരുന്നു ശരീര പ്രകൃതി. ചെറിയ കുടവയറും ഒക്കെ കണ്ട് സ്‌കൂളിന് മുന്നില്‍ സ്റ്റേഷനറിക്കച്ചവടം നടത്തിവന്നിരുന്ന അവ്വക്കറിച്ച ഒരു പുതിയ പേരിട്ടു 'പാക്കത്തോറ്' പാക്കത്തില്ലത്തെ നമ്പൂതിരിമാരെ പാക്കത്തോറ് എന്നാണറിയപ്പെടുക. അങ്ങിനെ ഞാനും കുറച്ചുകാലം പാക്കത്തോറായി.

കരിവെളളൂരില്‍ 1965ലാണെന്ന് തോന്നുന്നു. മലയാള മനോരമ ഏജന്റും റിപ്പോര്‍ട്ടറുമായ എ വി ഗോവിന്ദേട്ടന്റെ നിര്‍ദ്ദേശ പ്രകാരം ഒരു ബാലജന സഖ്യം യൂണിറ്റ് തുടങ്ങി. ഞാന്‍ പ്രസിഡണ്ടും ഡോ: എ വി ഭരതന്‍ സെക്രട്ടറിയും. വാര്‍ത്ത വന്നപ്പോള്‍ കരിവെളളൂരില്‍ പ്രകമ്പനമുണ്ടായി. 'കുരുവി ബാലജനസഖ്യം' എന്നാണ് പേര്. കമ്മ്യുണിസ്റ്റ് കേന്ദ്രമായ കരിവെളളൂരില്‍ ബാലജനസഖ്യത്തിന്റെ ശാഖ വന്നത് മനോരമ ആഘോഷമാക്കി. ഫ്രണ്ട് പേജില്‍ വാര്‍ത്ത വന്നു. അതോടെ അതിന്റെ പ്രവര്‍ത്തനവും നിന്നു. പക്ഷെ ഡോ: എ വി ഭരതന്‍ എന്നെ കാണുമ്പോള്‍ ഇപ്പോഴും വിളിക്കും 'കുരുവി' എന്ന്.

കാസര്‍കോട് കോളജിലെത്തിയപ്പോള്‍ താമസം ലോഡ്ജിലായിരുന്നു. ലോഡ്ജിലെ കൂട്ടുകാര്‍ പരസ്പരം ആളും രൂപവും നോക്കി പേരുവെച്ചു കൊടുക്കും. അവിടെ ഞാന്‍ 'അടൂര്‍' ആയി. അടൂര്‍ഭാസിയുമായി രൂപസാദൃശ്യത്തില്‍ എന്തോ സാമ്യത കൊണ്ടായിരിക്കാം സുഹൃത്തുക്കള്‍ എന്നെ അടൂര്‍ ആക്കിയത്. നീലേശ്വരത്ത് താമസിക്കുന്ന ഡോ: കെ രാമചന്ദ്രന്‍നായര്‍ക്ക് 'പട്ടര്‍' എന്ന പേരാണ് നല്‍കിയത്.

നീലേശ്വരത്ത് താമസിക്കുന്ന കൃഷി ഡെപ്യൂട്ടി ഡയരക്ടറായി വിരമിച്ച കെ ഒ വി ഗോപാലനെ 'നാഗേഷ്' എന്ന പേരും ഇട്ടു. മലയാളം പഠിപ്പിക്കുന്ന തലശ്ശേരിക്കാരനായ വി സി ബാലകൃഷ്ണന്‍ മാഷ് മാതൃഭൂമിയില്‍ ഞാന്‍ എഴുതിയ കവിത കണ്ടു എന്നും വായിച്ചു. എന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞു. തനിക്കൊരു തൂലികപ്പേര് ഞാന്‍ തരാം. 'കൂക്കാനം റഹ് മാന്‍' എന്നായിക്കോട്ടെ. അന്നു മുതല്‍ ഞാന്‍ കൂക്കാനം റഹ് മാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചു. ആ പേര് നെഞ്ചേറ്റി നടക്കുന്നു.....

Also Read:  നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Parents, School, Nick names, Story of my foot steps part-8.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia