city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 18 )

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 12.09.2017) തെരഞ്ഞെടുപ്പും വോട്ടെണ്ണലും, ജയാപചയങ്ങളും നാട്ടില്‍ നടക്കുമ്പോള്‍ സ്‌കൂള്‍ കോളജ് തലത്തില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി നിന്നതും തോല്‍വി ഏറ്റുവാങ്ങിയതും ജയിച്ചതും മറ്റും ഓര്‍മ്മയില്‍ ഓടിയെത്തും. മത്സര സമയത്തുണ്ടാകുന്ന ടെന്‍ഷന്‍, കൂട്ടുകാരുടെ സപ്പോര്‍ട്ട്, എതിര്‍പക്ഷത്തുള്ളവരുടെ അവഹേളനവും കുത്തുവാക്കുകളും അതെല്ലാം ഇന്നോര്‍ക്കുമ്പോള്‍ രസം തോന്നുന്നു. ആദ്യമത്സരത്തിന് തയ്യാറായത് പ്രൈമറി സ്‌കൂളില്‍ വെച്ചാണ്. ഓലാട്ട് യു. പി സ്‌കൂളിലാണ് ഒന്നുമുതല്‍ ഏഴുവരെ പഠിച്ചത്. എഴാം ക്ലാസുകാര്‍ക്കേ സ്‌കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളു. 1962 ലാണ് സംഭവം. സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുത്തു. നിര്‍േദശിക്കാനും, പിന്‍താങ്ങാനും ആളുവേണം അതൊക്കെ റെഡിയായി. എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് രാഘവന്‍. സ്ഥലത്തെ പ്രമാണിയുടെ മകന്‍. നാട്ടില്‍ റേഡിയോ ഉള്ള ഏകവീട്. 5,6,7 ക്ലാസിലെ കുട്ടികള്‍ക്കെല്ലാം മിഠായി വിതരണം നടത്തി അവന്‍ വോട്ടുപിടിച്ചു. എനിക്കതിന് കഴിവില്ല. അവന്റെ മിഠായി വാങ്ങിത്തിന്നിട്ടും കുറച്ചുപേര്‍ എന്റെ കൂടെ ഉണ്ടായി. ഉച്ച സമയത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ ജാഥ നടത്തും. ജാഥയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കണ്ടാല്‍ തന്നെ ഞാന്‍ തോക്കുമെന്നുറപ്പിച്ചു.

ഇലക്ഷന്‍ നടന്നു. വോട്ടെണ്ണല്‍ കഴിഞ്ഞു. ആകെ പോള്‍ ചെയ്ത വോട്ട് 120. അതില്‍ അസാധു 7 എനിക്കു കിട്ടിയത് 32 എന്റെ എതിര്‍ സ്ഥാനാര്‍ത്ഥി രാഘവന്‍ 79 വോട്ട് നേടി വിജയിച്ചു. അങ്ങിനെ ആദ്യ ഇലക്ഷനില്‍ ഞാന്‍ തോറ്റു തുന്നം പാറി. ഹൈസ്‌കൂളില്‍ അങ്ങിനെയുള്ള പരിപാടിക്കേ നിന്നില്ല. എസ്. എസ് എല്‍. സി പാസായി പ്രീഡിഗ്രിക്ക് ചേര്‍ന്നത് കാസര്‍കോട് ഗവ: കോളജിലാണ്. ഡോക്ടറാവാനാണ് മോഹം. സെക്കന്റ് ഗ്രൂപ്പില്‍ അഡ്മിഷന്‍ കിട്ടി. ഒന്നാം വര്‍ഷം ക്ലാസ്‌മേറ്റ്‌സുമായി അത്ര പരിചയത്തിലായില്ല. ഞങ്ങളുടെ ബാച്ചില്‍ 85 പേരാണുണ്ടായിരുന്നത്. പകുതിയോളം കന്നട കുട്ടികളാണ്. എല്ലാവരും നല്ല പഠിപ്പിസ്റ്റുകളാണ്. ഞാന്‍ എല്ലാത്തിലും പങ്കാളിയായി. എന്‍. സി. സിയിലും, സ്‌പോര്‍ട്‌സിലും കോളജ് മാഗസീന്‍ കമ്മറ്റിയിലും, നാടകാഭിനയത്തിലും മറ്റും തിളങ്ങി നിന്നു.

1967-68 ല്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി ക്ലാസിന്റെ ക്ലാസ് റപ്രസന്റേറ്റീവായി മത്സരിക്കാന്‍ സുഹൃത്തുക്കള്‍ പ്രേരിപ്പിച്ചു. സ്റ്റുഡന്‍സ് ഫെഡറേഷന്റെ പ്രതിനിധിയായി ഞാനും, മുസ്ലീം സ്റ്റുഡന്‍സ് പ്രതിനിധിയായി ഒരു എം. അബ്ദുള്‍ റഹ്മാനും മത്സരിച്ചു. അവന് കന്നട അറിയാം. മലയാളി കന്നട വിദ്യാര്‍ത്ഥികളുടെയിടയില്‍ ഭാഷാ വിഭാഗീയത ശക്തമായി നിലനിന്നകാലമായിരുന്നു അത്. കടുത്ത മലയാളം കന്നട വിഭാഗീയത പരത്തുന്ന നാരായണ പെരലായ, രാധാകൃഷ്ണ റാവു എന്നിവര്‍ മലയാളക്കാരനാണെങ്കിലും റഹ് മാന് വോട്ടു നല്‍കണമെന്ന് പ്രചരിപ്പിച്ചു. കടുത്ത മത്സരമായിരുന്നു. പ്രസ്തുത തെരഞ്ഞെടുപ്പില്‍ ഞാന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. മുന്‍ എം. എല്‍. എയും ഇപ്പോള്‍ സി. പി. എം നേതാവുമായ പി. രാഘവന്‍ (മുന്നാട്) ആയിരുന്നു ആ വര്‍ഷത്തെ കോളജ് ചെയര്‍മാന്‍. ക്ലാസ് റപ്രസന്‍ന്റേറ്റീവ്‌സ് കോളജ് കൗണ്‍സില്‍ അംഗങ്ങളും. ഞാന്‍ അങ്ങിനെ കോളേജ് കൗണ്‍സില്‍ അംഗമായി. നേതൃസ്ഥാനത്ത് തിളങ്ങി നിന്നതിനാല്‍ പഠനത്തില്‍ പിന്നോക്കമായി. കൂടെ പഠിച്ച മിക്കവരും ഡോക്ടര്‍മാരും, സര്‍ക്കാര്‍ ജോലിയില്‍ സമുന്നത ജോലി ലഭിച്ചവരുമായി മാറിയപ്പോള്‍ കേവലം ഒരധ്യാപകനായി ജിവിച്ചു തീര്‍ക്കേണ്ട അവസ്ഥയിലായി ഞാന്‍.

.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

ഉയര്‍ന്ന തലത്തില്‍ വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിക്കാതായപ്പോള്‍ ഒരു തൊഴില്‍ കണ്ടെത്താനുള്ള കോഴ്‌സിന് ചേരാമെന്ന് നിശ്ചയിച്ചു. അങ്ങിനെയാണ് ടീച്ചേര്‍സ് ട്രൈനിംഗ് കോഴ്‌സിന് ചേര്‍ന്നത്. 1968- 70 കാലത്ത് നീലേശ്വരം എസ്. എന്‍. ടി. ടി ഐയിലാണ് പ്രവേശനം ലഭിച്ചത്. അക്കാലത്ത് ഒന്നാം വര്‍ഷ ടി. ടി. സിയില്‍ 40 പേരും രണ്ടാം വര്‍ഷ ടി. ടി. സിയില്‍ 40 പേരും അടക്കം 80 പോരാണുണ്ടായിരുന്നത്. ഒന്നാം വര്‍ഷക്കാര്‍ക്ക് സ്‌കൂള്‍ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്കും രണ്ടാം വര്‍ഷക്കാര്‍ക്ക് സ്‌കൂള്‍ ലീഡര്‍ സ്ഥാനത്തേക്കും മത്സരിക്കാം. 1968-69 വര്‍ഷത്തെ സ്‌കൂള്‍ ഡെപ്യൂട്ടി സ്ഥാനത്തേക്ക് ഞാന്‍ മത്സരിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി ഒരു വി. വി ജോര്‍ജായിരുന്നു. ഞാന്‍ ജയിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാമരം മുഹമ്മദ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന ഉദിനൂര്‍ ബാലഗോപാലന്‍ ഇവരൊക്കെ എന്നെ ലീഡറാക്കുന്നതില്‍ സഹായിച്ചവരാണ്. ടി. ടി. സി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സംഘടനവേണമെന്ന ആശയം ഞങ്ങള്‍ മുന്നോട്ടു വെച്ചു. 'ആള്‍ കേരളടീച്ചേര്‍സ് ട്രൈനിംഗ് സ്റ്റുഡന്‍സ് അസോസിയേഷന്‍' എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഞാന്‍ സെക്രട്ടറിയും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും ഇപ്പോഴത്തെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനുമായി എം. വി ബാലകൃഷ്ണന്‍ പ്രസിഡണ്ടുമായി കമ്മറ്റി രൂപികരിച്ചു.

ഞങ്ങള്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലുള്ള ടി. ടി. ഐകളില്‍ ചെന്ന് സംഘടനയുടെ ആവശ്യം വിശദീകരിക്കുകയും യൂണിറ്റുകള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്റെ പ്രവര്‍ത്തനങ്ങളൊക്കെ നോക്കിക്കണ്ട സഹപഠിതാക്കള്‍ രണ്ടാം വര്‍ഷം എന്നെത്തന്നെ സ്‌കൂള്‍ ലീഡറായി തെരഞ്ഞെടുത്തു. അങ്ങിനെ രണ്ടുവര്‍ഷവും സ്‌കൂളിന്റെ ലീഡര്‍ ആയി പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടായി. ആ കാലയളവില്‍ ഫീസ് ഏകീകരണത്തിന് വേണ്ടി പഠിപ്പുമുടക്കി സമരം നടത്തുകയുണ്ടായി. അന്ന്‌വരേക്കും ഒരു സമരവും നടക്കാത്ത വിദ്യാലയത്തില്‍ സമരത്തിന് നേതൃത്വം കൊടുത്ത എന്നെ ഇന്റേണല്‍ മാര്‍ക്ക് തരേണ്ടുന്ന അധ്യാപകരും, മാനേജ്‌മെന്റും ഭീഷണിപ്പെടുത്തിയതും ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്നു. അന്നത്തെ ഓട്ടോഗ്രാഫില്‍ പലരും കുറിച്ചിട്ടവാക്കുകള്‍ മനസ്സില്‍ തങ്ങുന്നതാണ്. സ്‌കൂള്‍ ലീഡറെന്ന നിലയില്‍ പ്രവര്‍ത്തിച്ച കാര്യങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു സുഹൃത്തുക്കളുടെ കുറിപ്പുകള്‍.

1970 ലെ ഓട്ടോഗ്രാഫെടുത്ത് സമയം ലഭിക്കുമ്പോഴൊക്കെ മറിച്ചു നോക്കി കുളിര്‍മ്മയുള്ള ഓര്‍മ്മകള്‍ അയവിറക്കാറുണ്ട്. അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച് 10- 15 വര്‍ഷം പിന്നിട്ടപ്പോഴാണ്. ബി. എഡിന് സെലക്ഷന്‍ കിട്ടിയത്. അന്ന് വയസ്സ് മുപ്പത്തിയഞ്ച്. തലശ്ശേരി ഗവ: ട്രൈനിംഗ് കോളജിലാണ് അഡ്മിഷന്‍ കിട്ടിയത്. പ്രായമായിട്ടും വിദ്യാര്‍ത്ഥിയാവാന്‍ വീണ്ടും അവസരം ലഭിച്ചതില്‍ സന്തോഷിച്ചു. ബസ്സിന് പാസ്സ് സംഘടിപ്പിച്ചാണ് സൗജന്യനിരക്കില്‍ യാത്ര. ചില കണ്ടക്ടര്‍മാര്‍ മുഖത്ത് നോത്തി പുച്ഛത്തോടെ 'നിങ്ങള്‍ക്ക് പാസ്സോ' എന്ന് ചോദിക്കാന്‍ തുടങ്ങി. പാസ് തരില്ലെന്ന് പറഞ്ഞ ഒരു ബസ്സ് കണ്ടക്ടറോട് കയര്‍ക്കേണ്ടി വന്നു. ബസ്സിലെ മുഴുവന്‍ യാത്രക്കാരോടും എന്റെ കയ്യിലുള്ള ബസ്സ് പാസ്സ് ഉയര്‍ത്തിക്കാട്ടി പ്രസംഗിക്കേണ്ടി വന്നു. യാത്രക്കാരെല്ലാം എന്റെ ഒപ്പമായി. കണ്ടക്ടര്‍ മനസ്സില്ലാമനസ്സോടെ പാസ് പ്രകാരമുള്ള ടിക്കറ്റ് തരേണ്ടി വന്നു.

ട്രൈനിംഗ് കോളജിലും ഇലക്ഷന്‍ വന്നു. യുണിവേര്‍സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. എസ്. എഫ്. ഐ പ്രതിനിധിയായാണ് മത്സരിക്കുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി പയ്യന്നൂര്‍ക്കാരനായ ഒരു സുരേഷ്‌കുമാറാണ്. അവിടുത്തെ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും ചെന്ന് വോട്ടഭ്യര്‍ത്ഥിച്ചു. പക്ഷേ അറബിക് ഡിപ്പാര്‍ട്ടുമെന്റ് വിദ്യാര്‍ത്ഥികള്‍ എനിക്ക് വോട്ടുതന്നില്ല. അങ്ങിനെ അവിടെ തോല്‍വി ഏറ്റുവാങ്ങി. നിരാശനായി കോളജില്‍ ഒരാഴ്ചക്കാലം പോയില്ല. താടിയും മീശയുമൊക്കെ വളര്‍ത്തിയാണ് കുറച്ചുകാലം നടന്നത്. കാസര്‍കോട്ടെ പ്രൊഫ: ടി. സി മാധവ പണിക്കര്‍ സാറായിരുന്നു പ്രിന്‍സിപ്പാള്‍. എന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാവുന്ന അദ്ദേഹം പ്രിന്‍സിപ്പാളിന്റെ അധികാരം ഉപയോഗിച്ച് എന്നെ കോളജ് പ്ലാനിംഗ് ഫോറം കണ്‍വീനറാക്കി നോമിനേറ്റു ചെയ്തു. ആ പദവിയില്‍ ഞാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കോളജില്‍ ചെയ്തു....... ഇന്നും പല സംഘങ്ങളുടെയും നേതൃസ്ഥാനം വഹിക്കാനും, മറ്റും സാധ്യമാകുന്നത് സ്‌കൂള്‍ കോളജ് തലത്തില്‍ കിട്ടിയ നേതൃപാടവമായിരിക്കാം..................

Also Read: നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

മൊട്ടത്തലയില്‍ ചെളിയുണ്ട

ആശിച്ചുപോകുന്നു കാണാനും പറയാനും

പ്രണയം, നാടകം, ചീട്ടുകളി

കുട്ടേട്ടനൊരു കത്ത്

ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

പേര് വിളിയുടെ പൊരുള്‍

തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; 180 രൂപ മാസ ശമ്പളവും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, School, College, Election, Vote, Autograph, Story of my foot steps part-17.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia