city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 11)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 26.07.2017) മൂന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന ഓണക്കുന്നില്‍ താമസക്കാരനായ ശങ്കരന്‍ ഉണിത്തിരി മാഷ് ക്ലാസ്സിലെ കുട്ടികളായ ഞങ്ങളോട് ഒരു ചോദ്യം ചോദിച്ചു. 'പൂച്ചക്കുഞ്ഞുങ്ങളുള്ള വീടുകളില്‍ നിന്ന് വരുന്നവര്‍ നില്‍ക്ക്ക.' ആദ്യം ഞാന്‍ നിന്നു. അക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ ഒരുപാട് പൂച്ചകള്‍ ഉണ്ടായിരുന്നു. കണ്ടന്‍ പൂച്ച, വെള്ളച്ചി പൂച്ച, വരയന്‍ പൂച്ച ഇവയെല്ലാം പ്രസവിച്ച കുഞ്ഞുങ്ങള്‍ അനവധി ഉണ്ടായിരുന്നു. രാത്രി ആയാല്‍ അടുപ്പിന്‍ കുണ്ടില്‍ ആണ് ഇവരുടെ താമസം. പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളെ കടിച്ച് പിടിച്ച് കൊണ്ടുവരുന്നത് കാണാന്‍ രസമായിരുന്നു. അന്ന് അടുപ്പിനുചുറ്റും നെല്ലുകുത്തിയ ഉമി നിറയ്ക്കും. അതിനു സമീപത്തു കിടന്നാല്‍ ഇളം ചൂട് ലഭിക്കും അവിടെയാണ് ഇവയുടെ പള്ളിയുറക്കം.

'നിന്റെ വീട്ടില്‍ മത്സ്യം തിന്നാത്ത പൂച്ച കുഞ്ഞുണ്ടോ?' ഉടനെ ഞാന്‍ ഉത്തരം പറഞ്ഞു. വീട്ടിലെ പൂച്ചകളൊന്നും മത്സ്യം തിന്നാറേ ഇല്ല മാഷേ. അവ മീന്റെ മുള്ളും, ഉണക്കിന്റെ മുള്ളും, ചോറും മാത്രമേ തിന്നു. 'എടാ മത്സ്യം തന്നെടാ മീന്‍.' അതേവരേക്കും മത്സ്യം എന്നാല്‍ മീന്‍ എന്ന് എനിക്ക് അറിയില്ലായിരുന്നു. മാഷിന്റെ പ്രസ്താവന കേട്ടപ്പോള്‍ അടുത്ത ക്ലാസിലെ കേശവന്‍ നമ്പൂതിരി മാഷും, അടിയോടി മാഷും വാ തുറന്ന് ചിരിക്കുന്നതു ഞാന്‍ കണ്ടു. 'നിന്റെ വീട്ടില്‍ നിന്ന് ഉമ്മയോട് പറഞ്ഞ് രണ്ട് പൂച്ച കുഞ്ഞുങ്ങളെ എനിക്ക് തരാന്‍ പറയണം.' 'ഓ.... പറയാം മാഷേ.' പൂച്ച കുഞ്ഞുങ്ങള്‍ പെരുകി വന്നാല്‍ അവ ശല്യം ചെയ്യും. അതിനെ ഒഴിവാക്കാനായി രണ്ടോ മൂന്നോ പൂച്ചകുട്ടികളെ ചെറിയ ചാക്കില്‍ കെട്ടി അകലെ വയലിലോ കുന്നിന്‍മുകളിലോ കൊണ്ടിടും. എങ്ങനെയെന്നറിയില്ല പിറ്റേന്നാള്‍ രാവിലെ അവരൊക്കെ വീട്ടില്‍ ഹാജരുണ്ടാവും. അമ്മ പൂച്ചയുടെ സ്‌നേഹ വാത്സല്യം കാണേണ്ടതു തന്നെ. കുഞ്ഞുങ്ങളെ കാണാത്തപ്പോള്‍ കരഞ്ഞ് കരഞ്ഞ് വീടും പറമ്പുമൊക്കെ അന്വേഷിച്ചു നടക്കും. പൂച്ച കുഞ്ഞിന്റെ കരച്ചില്‍ അകലെ നിന്നു കേട്ടാല്‍ അവിടേക്കോടിയെത്തി ചാക്ക് കെട്ടില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി കടിച്ചെടുത്ത് കൊണ്ടുവരും.

അടുത്ത ദിവസം സ്‌കൂള്‍ വിട്ട് വരുമ്പോള്‍ ശങ്കരന്‍മാഷ് എന്റെ കൂടെ വീട്ടിലേക്ക് വന്നു. ഉണിത്തിരി മാഷല്ലേ അദ്ദേഹം വീട്ടിലേക്കൊന്നും വന്നില്ല. വടക്കേ വളപ്പില്‍ കുന്തിച്ചിരുന്നത് ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. രണ്ട് വെള്ള പൂച്ചകുഞ്ഞുങ്ങളെ അടുപ്പിന്‍ കുണ്ടില്‍ നിന്നും ഞാന്‍ പിടിച്ചെടുത്തു. മാഷ് കൊണ്ടു വന്ന ബാഗില്‍ ഇട്ടു കൊടുത്തു. പൂച്ച കുഞ്ഞുങ്ങളുമായി നടന്നു പോകുന്ന മാഷിന്റെ പിറകെ അമ്മ പൂച്ച കരഞ്ഞു കൊണ്ട് നടക്കുന്നതും കണ്ടു. പക്ഷെ കുറെ നടന്നപ്പോള്‍ വെള്ളം നിറഞ്ഞ വയലിലൂടെ നടന്നാലേ അക്കരെ എത്തു. പൂച്ചമ്മക്കതാവില്ലല്ലോ. പാവം പൂച്ചമ്മ രാത്രി ആയപ്പോഴേക്കും വീട്ടിലെത്തി. അക്കാലത്ത് ഞങ്ങള്‍ തറയില്‍ പലകമേലിരുന്നാണ് ഭക്ഷണം കഴിക്കാറ്. ഡയിനിംഗ് ടേബിളും ചെയറും ഇല്ലാത്തകാലം. കാസയില്‍ ചോറും പിഞ്ഞാണത്തില്‍ കറിയും കിട്ടിയാല്‍ വിശന്ന് പൊരിയുന്ന വയറിലേക്ക് വേഗം വേഗം വാരിതിന്നും. ആ സമയത്ത് വീട്ടിലെ പൂച്ചകള്‍ ചുറ്റും വന്നിരിക്കും. പൂച്ചകള്‍ തമ്മില്‍ കലപിലകൂടും. ഒരാള്‍ക്ക് മാത്രം കിട്ടാന്‍ മറ്റ് പൂച്ചകളെ ഓടിക്കും. ഉണ്ണുന്നതിന് മുമ്പേ ഒരു പിടി ചോറ് വാരി നിലത്തിട്ട് കൊടുക്കും. അത് തിന്നു കഴിഞ്ഞ് വീണ്ടും കരഞ്ഞു കൊണ്ട് മുന്നിലിരിക്കും.

നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

മീന്റെ മുള്ളും, കോഴിയിറച്ചിയുടെ കൊട്ടും അവയുടെ മുമ്പിലേക്കിട്ടാല്‍ ആര്‍ത്തിയോടെ ഭക്ഷിക്കും. അന്ന് വേസ്റ്റ് ബോക്‌സും കംപോസ്റ്റ് കുഴിയും ഒന്നും വേണ്ട. എല്ലാം പൂച്ചകള്‍ വൃത്തിയാക്കും. കരഞ്ഞ് ശല്യം ചെയ്യുമ്പോള്‍ അവയെ ഓടിക്കാന്‍ ഒരു വിദ്യയുണ്ട്. കറിപ്പാത്രത്തില്‍ നിന്ന് വിരലുകൊണ്ട് കറി തൊട്ട് കണ്ണില്‍ തെറിപ്പിക്കും അതു മുന്‍കാലുപയോഗിച്ച് തടവി കൊണ്ട് പൂച്ച സ്ഥലം കാലിയാക്കും. നല്ല ഘ്രാണ ശക്തിയുള്ള ജന്തുവാണ് പൂച്ച. അന്ന് ഞങ്ങളുടെ നാട്ടില്‍ മീന്‍കാരികളാണ് തലച്ചുമടായി മീന്‍ കൊണ്ടു വരിക. അകലെ നിന്ന് മീന്‍കാരികള്‍ വരുന്നത് പൂച്ചകള്‍ മണത്തറിയും. പൂച്ച കരഞ്ഞ് ഈ വിവരം അറിയിക്കും. മീന്‍ കിട്ടാനുള്ള സ്‌നേഹ പ്രകടനമോ എന്നറിയില്ല. പൂച്ച മെല്ലെ കരഞ്ഞുകൊണ്ട് ഉമ്മയുടെ കാലിനു ചുറ്റും നടക്കും. അക്കാലത്ത് എലിക്കെണിയൊന്നും വേണ്ട. എലികളെ പിടിക്കാന്‍ അതി വിദഗ്ധരാണ് പൂച്ചകള്‍. വീടിന്റെ മച്ചിന്‍ പുറത്തും, പത്തായത്തിനു മുകളിലും എലികള്‍ അവരുടെ ഡ്യൂട്ടി തുടങ്ങും. രാത്രി കാലങ്ങളിലാണ് അവ ഭക്ഷണം തേടി ഇറങ്ങുന്നത്. പൂച്ച പതുങ്ങി പതുങ്ങി ചെന്ന് അവയെ പിടിക്കും പൂച്ചയുടെ കുശാലായ ഭക്ഷണമാവും അത്. പൂച്ചകള്‍ ശല്യക്കാരുമാണ്.

ഭക്ഷണസാധനങ്ങള്‍ അടച്ചു വെച്ചില്ലെങ്കില്‍ അവ ഭക്ഷിച്ചു കളയും. ചിലപ്പോള്‍ കിണറിന്റെ ചുറ്റുമതിലിനു മുകളില്‍ കയറി വീടിന്റെ മേല്‍ക്കൂരയിലേക്ക് ചാടി കയറുമ്പോള്‍ കിണറിലേക്ക് വീണു പോയ ഒരുപാടനുഭവമുണ്ട്. അവയെ കരക്കുകയറ്റാന്‍ പെടാപാട് പെടണം. ചില പൂച്ച വിശ്വാസങ്ങളും അക്കാലത്തുണ്ടായിരുന്നു. പൂച്ചയെ തല്ലി കൊന്നാല്‍ കൈ വിറക്കും. പൂച്ച കാലു കൊണ്ട് മുഖം തുടച്ചാല്‍ അന്ന് ആരെങ്കിലും വിരുന്ന് വരും. മന്ത്രവാദത്തിന് കരിംപൂച്ച വേണം പോലും പൂച്ച കുറുകെ ചാടിയാല്‍ അപകടം സംഭവിക്കും. ശാസ്ത്രീയമല്ലെങ്കിലും ജന്തുസ്‌നേഹം ബോധ്യപ്പെടുത്തുന്നതാണ് ഇവയില്‍ പലതും. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ശങ്കരന്‍ ഉണിത്തിരി മാഷുടെ വീട്ടില്‍ ഇന്നും ഞാന്‍ സമ്മാനിച്ച പൂച്ചകളുടെ പാരമ്പര്യം നിലനിര്‍ത്തുന്ന പൂച്ചകള്‍ ഉണ്ടെന്ന് അദ്ദേഹത്തിന്റെ മകനും എന്റെ സുഹൃത്തുമായ പി. സി ഗോപിനാഥന്‍ മാഷ് പാറയാറുണ്ട്. അന്ന് മത്സ്യമെന്നാല്‍ മീനെന്നറിയാത്ത എന്റെ അഞ്ജതയെ മാറ്റിയെടുത്ത ശങ്കരന്‍ ഉണിത്തിരി മാഷെ മറക്കാന്‍ കഴിയില്ലൊരിക്കലും.

Also Read:  നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

മൊട്ടത്തലയില്‍ ചെളിയുണ്ട

ആശിച്ചുപോകുന്നു കാണാനും പറയാനും

പ്രണയം, നാടകം, ചീട്ടുകളി

കുട്ടേട്ടനൊരു കത്ത്

ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

പേര് വിളിയുടെ പൊരുള്‍

തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Cat, Fish, School, Rat, Story of my foot steps part-11.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia