city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 10)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 19.07.2017) 1958ല്‍ എട്ടുവയസുകാരനായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. ആദ്യമായി ഒരധ്യാപക സമരം അനുഭവിച്ചറിഞ്ഞത് അവിടെവെച്ചാണ്. ഞാന്‍ പഠിച്ചിരുന്ന ഓലാട്ട് സ്‌കൂളിന്റെ മാനേജറായിരുന്ന കാനാ കുഞ്ഞിരാമന്‍ മാഷ് എന്റെ ക്ലാസ്മാഷായിരുന്ന മാരാറുമാഷെ സസ്‌പെന്‍ഡ് ചെയ്തു. മാരാറുമാഷെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും പണിമുടക്കി. കുട്ടികളെ ക്ലാസ് മുറിയില്‍ നിന്നും ഇറക്കിവിട്ട് വീട്ടിലേക്ക് പോകാന്‍ പറഞ്ഞു. ഞങ്ങള്‍ ആര്‍ത്തുവിളിച്ച് സ്ലെയിറ്റും, പുസ്തകവുമായി വീടുകളിലേക്ക് ഓടി.

അന്ന് ഗോട്ടിക്കളി ഞങ്ങളുടെയൊക്കെ വിശിഷ്ടമായ കളിയായിരുന്നു. വീട്ടിലേക്ക് ഓടിയെത്തി ട്രൗസറിന്റെ കീശ നിറച്ച് വിവിധ നിറത്തിലുള്ള ഗോട്ടികള്‍ എടുത്തിട്ടു. വീട്ടുമുറ്റത്ത് കുഴിച്ചെടുത്ത ഗോട്ടിക്കുഴികള്‍ക്ക് സമീപത്ത് ഞാനും കണ്ടക്കോരന്‍ കൃഷ്ണനും, കുറ്റിയന്‍അമ്പുവും കളി തുടങ്ങി. കളിയില്‍ ഞാന്‍ ജയിച്ചു. തോറ്റ കൃഷ്ണനും അമ്പുവിനും കയ്യില്‍ ഗോട്ടികൊണ്ട് പതിനാറ് തവണ അടിക്കണം. ആദ്യം കൃഷ്ണന്റെ കൈക്ക് പതിനാറ് അടി കൊടുത്തു. അടുത്തത് കുറ്റിയന്‍അമ്പുവിന്. ഞാന്‍ നോക്കുമ്പോള്‍ അവനോടി അവന്റെ പറമ്പില്‍ കയറി. പിന്നാലെ ഞാനും ഓടി. അവന്‍ ഒരു മാവിന്റെ പിറകില്‍ ഒളിച്ചു നില്‍ക്കുകയായിരുന്നു.

ഞാനവനെ കാണാത്തതുകൊണ്ട് കിളയില്‍ ഒളിച്ചിരിക്കുകയായിരുന്നു. അന്ന് മൊട്ടത്തലയനായ എന്നെ അവന്‍ ദ്രോഹിച്ചത് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. കുനിഞ്ഞിരുന്ന എന്റെ മൊട്ടത്തലയിലേക്ക് അവന്‍ ചറപറാമൂത്രമൊഴിച്ചു. ദേഹമാകെ മൂത്രം ഒലിച്ചിറങ്ങിയിട്ടുണ്ടായിരുന്നു. അതുമായി വീട്ടിലേക്കോടി. ഉമ്മയോട് സങ്കടം പറഞ്ഞു. ഉമ്മ എന്റെ കൈയും പിടിച്ച് കിണറിന്‍ കരയിലേക്ക് ഓടി. വെള്ളം കോരിയൊഴിച്ച് സോപ്പ് തേച്ച് മൂത്രമൊക്കെ കഴുകി കളയുമ്പോള്‍ കുറ്റിയന്‍അമ്പുവിനെ ശപിക്കുന്നുണ്ടായിരുന്നു. 'ഓന്റെ കണ്ണ് പൊട്ടിപ്പോട്ടെ, അവന്‍ പുഴുത്ത് ചാവട്ടെ എന്റെ മോനെ ഇങ്ങനെ ചെയ്തില്ലേ.' ഉമ്മയുടെ ഹൃദയം പൊട്ടിയുള്ള ആ പറച്ചില്‍ യാഥാര്‍ത്ഥ്യമായി തീരുമെന്ന് ഞാന്‍ നിനച്ചിരുന്നില്ല.

മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

കാലം നീങ്ങിക്കൊണ്ടേയിരുന്നു. ഈ സംഭവങ്ങളൊക്കെ ഞങ്ങളെല്ലാവരും മറന്നതാണ്. അമ്പു ഞങ്ങളുടെ അയല്‍വാസിയാണ്. കളരിപയറ്റ് വിദഗ്ദ്ധനാണ്. അവന് മറ്റുള്ളവരെ ദ്രോഹിക്കാനുള്ള മനസ്സായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം വളരെ കുറവാണ്. നാട്ടിലെ വ്യക്തികളുടെ നടത്തം, ചിരി, സംസാരം ഇതൊക്കെ കൃത്യമായി അനുകരിക്കാന്‍ കക്ഷിക്കാവും. ഈ കഴിവ് ഉപയോഗിച്ച് ആളുകളെ വഷളാക്കലാണ് കക്ഷിയുടെ പ്രധാന ഹോബി. അവന്‍ വിവാഹിതനായി. ഒന്നുരണ്ടാഴ്ച മാത്രമെ ആ സ്ത്രീ അവന്റെ കൂടെ പൊറുത്തുള്ളു. അവന്റെ ക്രൂരമനോഭാവം ആ സ്ത്രീയിലാണ് പ്രയോഗിച്ചത്. ആദ്യ രാത്രി മുതല്‍ തുടങ്ങിയത് ക്രൂരമായ പീഡനമാണ്. അവളുടെ ദേഹമാസകലം നഖമുപയോഗിച്ച് മാന്തിപറിക്കുക, മുഖവും വയറും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുക. ഇത്തരം ക്രൂരതകള്‍ സഹിക്കാനാവത്തതുകൊണ്ട് അവള്‍ അവനെ ഉപേക്ഷിച്ച് പോയി.

ഞാന്‍ എന്റെ താമസസ്ഥലം മാറി. കരിവെള്ളൂരിനടുത്ത് പാലക്കുന്നില്‍ വീട് വെച്ച് താമസിക്കുകയായിരുന്നു. അമ്പുവിനെ കാണാത്തത് കുറെ വര്‍ഷങ്ങളായി. ഒരു ദിവസം രാത്രി എട്ടുമണിയായിക്കാണും അന്ന് (ഡിസംബര്‍: 20) കരിവെള്ളൂര്‍ രക്തസാക്ഷി ദിനമായിരുന്നു. ഒരു കോളിംഗ് ബെല്‍ കേട്ടു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അതാ പഴയ കുറ്റിയനമ്പു എന്റെ മുന്നില്‍. ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം മേലാകെ വ്രണം നിറഞ്ഞിട്ടുണ്ട്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിലാണ്. അവനെ കണ്ടപ്പോള്‍ ഉമ്മയുടെ ശാപ വാക്കുകള്‍ ഓര്‍ത്തുപോയി..... മാഷെ 'ഒരു പത്തുര്‍പ്യ തരുമോ?' ഞാനൊന്നും പറയാതെ പോക്കറ്റിലുണ്ടായ അമ്പത് രൂപ എടുത്ത് കൊടുത്തു. ഒന്നും പറയാനും ചോദിക്കാനും തോന്നിയില്ല. മനുഷ്യന്‍ ഇങ്ങിനെയൊക്കെ ആയിത്തീരുമല്ലോ എന്നോര്‍ത്ത് ദു:ഖം തോന്നി.

വര്‍ഷം ഒന്ന് രണ്ട് കൂടി കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്ന് ശില്‍പി സുരേന്ദ്രന്‍ എന്നെ വിളിച്ചു. മാഷെ 'നമ്മുടെ കുറ്റിയനമ്പു വ്രണം പിടിച്ച് പുഴുവരിച്ച് കിടക്കുകയാണ്. ആരും തിരിഞ്ഞു നോക്കുന്നില്ല. അവനെ നമുക്കൊന്ന് കുളിപ്പിച്ച് മുടിയും താടിയും വടിച്ച് ഒന്ന് വൃത്തിയാക്കി കിടത്തണമായിരുന്നു. ഞാനതിനുതയ്യാറാണ്‌. നമുക്ക് കുറച്ച് ചെറുപ്പക്കാരെയും സംഘടിപ്പിക്കാം.' ഈ സംഭാഷണം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ അറിഞ്ഞു അമ്പു യാത്രയായി എന്ന്. ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെ ദ്രോഹിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത വ്യക്തികള്‍ക്ക് ഇങ്ങിനെയൊക്കെയേ സംഭവിക്കൂ........

ഞങ്ങളുടെ നാട്ടില്‍ മിക്ക വ്യക്തികളെയും അറിയപ്പെടുന്നത് ജന്തുക്കളുടെ പേരിലാണ്. പന്നിക്കുഞ്ഞപ്പു, കുറുക്കനമ്പു, നരിയന്‍രാമന്‍, തവളചന്തു, ചുരുട്ടരാമന്‍, പൂച്ചകുഞ്ഞമ്പു, നങ്കന്‍രാമന്‍, നമ്പോലന്‍ കുഞ്ഞമ്പു ഈ പേരെക്കെ തന്നെ അവര്‍ക്ക് ലഭ്യമായത് അന്വര്‍ഥമായ മൃഗസ്വഭാവം കൊണ്ടുതന്നെയാവണം. ഈ പറയുന്ന പേരുകാരൊക്കെ പരലോകത്തേക്ക് യാത്രയായി. പക്ഷെ ആ പേരും രൂപഭാവങ്ങളും കൂക്കാനത്തുകാരുടെ മനസ്സില്‍ നിന്ന് മായില്ല. പാര്‍ട്ടിഗ്രാമമായ കൂക്കാനത്ത് നേതാക്കളുടെ പേരിലും പലരും അറിയപ്പെടുന്നുണ്ട്. അല്പം വിക്കുള്ള അമ്പുവിനെ ഇ എം എസ് അമ്പു ആയും, കുട്ടിക്കാലത്ത് സിന്താബാദ് വിളിച്ചു നടക്കുന്ന നാരായണനെ എ കെ ജി നാരായണന്‍ എന്നും, കിട്ടാവുന്ന പാര്‍ട്ടി സാഹിത്യങ്ങളൊക്കെ വായിച്ച് തലയിലേറ്റി നടക്കുന്ന കുഞ്ഞിരാമനെ മാവോ കുഞ്ഞിരാമനെന്നും, മറ്റും നാട്ടുകാര്‍ വിളിക്കും. അതിലൊന്നും പ്രസ്തുത പേരുകാര്‍ക്ക് പ്രയാസമുണ്ടാവാറില്ല.

കുറ്റിയന്‍ അമ്പുവിനെ ഓര്‍ക്കുമ്പോള്‍ കൂക്കാനത്തെ എല്ലാ വ്യക്തികളെക്കുറിച്ചും ഓര്‍മ്മ വരും. കുരുത്തം കെട്ട കുറ്റിയന്‍ അമ്പു കാല യവനികക്കുള്ളില്‍ മറഞ്ഞുപോയിട്ടും, അവന്റെ സ്വഭാവ വൈചിത്ര്യങ്ങള്‍ മറക്കില്ലൊരിക്കലും. ഹൃദയത്തിനേറ്റ വേദന ശാപവാക്കുകളായി പുറത്തുവന്നാല്‍ അതുഫലിക്കുമെന്നും, ശാസ്ത്രീയതയില്ലെങ്കിലും വിശ്വസിച്ചു പോവുന്നു.......

Also Read:  നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം









(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, School, Teachers, Cash, Memories, Suspend, Story of my foot steps part-10.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia