city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Legacy | മങ്ങാത്ത മഹിത പാരമ്പര്യം

ഒരു ഉമ്മ (അമ്മ) പെറ്റ മക്കളാണ് നാം - 4

-കൂക്കാനം റഹ്മാന്‍

(www.kasargodvartha.com) മുടി മുറിക്കാനും സുന്നത്ത് കര്‍മ്മം നിര്‍വഹിക്കാനും ഒസ്സാന്‍മാരുണ്ടായിരുന്നു. നാലും അഞ്ചും ആണ്‍കുട്ടികളെ ഒന്നിച്ചാണ് സുന്നത്തടിയന്തിര കര്‍മ്മം നടത്തുക. തറവാട്ടിലും അത്തരം കര്‍മ്മങ്ങള്‍ ആചാരാനുഷ്ഠാനത്തോടെയാണ് സംഘടിപ്പിക്കല്‍. പത്ത് പതിനാറ് വയസ്സിനിടയിലാണ് ചേലാ കര്‍മ്മം എന്ന ഈ സുന്നത്ത് കാര്യം നടത്തല്‍. ആണ്‍കുട്ടികളെ നഗ്‌നനാക്കിയ ശേഷം തുടയില്‍ ശക്തമായ ഒരടി തരും. അതോടെ ബോധം നഷ്ടപ്പെടും (അനസ്‌തേഷ്യ). തുടര്‍ന്ന് ലിംഗാഗ്രം മുടിക്കത്തിക്കൊണ്ട് ഒസ്സാന്‍ മുറിച്ചു മാറ്റും. പൂഴി നിറച്ച ചിരട്ടയില്‍ രക്തം വാര്‍ന്നൊഴുകും. ഒരു മാസത്തോളം നല്ല വിശ്രമമാണ്. നല്ല ഭക്ഷണവും കിട്ടും. ഇന്ന് ആധുനിക സാങ്കേതിക വിദ്യ വന്നു. ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ ചെയ്ത് വേദനരഹിതമായി ചേലാ കര്‍മ്മം നടത്തുന്നത്.
        
Legacy | മങ്ങാത്ത മഹിത പാരമ്പര്യം

തറവാട്ടിലെ വിവാഹ കര്‍മ്മവും ലളിതമായിരുന്നു. അഞ്ചോ പത്തോ ആളുകള്‍ പുതിയാപ്ലയുടെ കൂടെ വരും. അവരുടെ സാന്നിദ്ധ്യത്തില്‍ നിക്കാഹ് നടക്കും. പുരുഷന്‍ ഭാര്യവീട്ടില്‍ തന്നെയാണ് തുടര്‍ന്ന് താമസം. വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കും. ജനലുകളൊന്നുമില്ലാത്ത ഇരുട്ടറകളായിരുന്നു അന്ന് ഉണ്ടായിരുന്നത്. പത്തായത്തിന് മുകളില്‍ കിടക്കയും വിരിയും മറ്റും ഒരുക്കി കൊടുക്കും. പത്തായത്തിന് താഴെ കോളാമ്പി - ഉണ്ടാവും. ലളിതമായിരുന്നു വിവാഹചടങ്ങുകളൊക്കെ. സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സംരംക്ഷണം ലഭിക്കാനായിരിക്കാം, ഭര്‍തൃവീട്ടിലേക്ക് താമസം മാറാതെ സ്വന്തം വീട്ടില്‍ തുടരാനുള്ള സൗകര്യം പഴയ തറവാട്ടുകാരണവന്‍മാര്‍ ഒരുക്കിയത്.

കരിവെള്ളൂരില്‍ സ്ഥാപികമായ ഓത്തുകെട്ടിയും, സ്‌കൂളും ഒരേ സ്ഥലത്തും, കെട്ടിടത്തിലും നടന്നു വന്നതിനാല്‍ മണക്കാട് തെക്കേപീടികക്കാരായ കുട്ടികള്‍ക്ക് മത-ഭൗതീക വിദ്യാഭ്യാസം ഒന്നിച്ചു ലഭിക്കാന്‍ സാധ്യമായി. കുണിയന്‍, പാലക്കുന്ന്, കാലിക്കടവ്, കൊടക്കാട്, വെളളച്ചാല്‍, കൂക്കാനം തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ചു വന്നിരുന്ന തറവാട്ടുകാര്‍ക്ക് ഈ സ്ഥാപനങ്ങള്‍ വഴി അഞ്ചാം ക്ലാസുവരെ ഭൗതീക വിദ്യാഭ്യാസവും അതോടൊപ്പം മതപഠനവും നടത്താന്‍ സാധ്യമായി. നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ജീവിച്ചു വന്നിരുന്ന ബാലികാ ബാലന്‍മാരുടെ മാനസിക വളര്‍ച്ചയ്ക്കും ചിന്താസരണിക്കും സാംസ്‌കാരിക മുന്നേറ്റത്തിനും ഈ വിദ്യാഭ്യാസരീതി ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. മുസ്ലിം വിഭാഗത്തില്‍ നിന്നും ഉണര്‍ന്നെണീറ്റ് വന്നിട്ടുണ്ട്. അതിന്റെ നേട്ടം രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ കരിവെളളൂരിലെ മുസ്ലിം ജനത കൈവരിച്ചിട്ടുണ്ട്.

മണക്കാട് തെക്കേപീടികക്കാരുടെ പ്രതിനിധികള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സജീവമായി പ്രവര്‍ത്തിക്കുകയും നേതൃസ്ഥാനങ്ങളില്‍ എത്തപ്പെട്ടിട്ടുമുണ്ട്. അതിനുദാഹരണമാണ് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവി അലങ്കരിച്ച എംടിപി.നൂറുദ്ദീന്‍. കരിവെള്ളൂരിലാണ് തറവാടിന്റെ ആസ്ഥാനമെന്ന നിലയില്‍ ഇവിടെ ജനിച്ചു വളര്‍ന്ന പല വ്യക്തിത്വങ്ങളും കരിവെള്ളൂരിന്റെ സമര ചരിത്രവുമായും, രാഷ്ട്രീയ ചിന്തയുമായും ഇഴുകി ചേര്‍ന്നതിനാല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ പ്രധാനിയാണ് സഖാവ് അബുറഹിമാനിച്ച, എംടിപി അബ്ദുള്ള എന്ന സഖാവ് അബ്ദുളള, പിലിക്കോട് പഞ്ചായത്ത് അംഗമായിരുന്ന അന്തരിച്ച എംടിപി. ഇബ്രാഹിം കുട്ടി, മായിന്‍ച്ച, എംടിപി. മുഹമ്മദ് കുക്കാനം എന്നിവരൊക്കെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. എംടിപി തറവാട്ടില്‍ പെട്ടവര്‍ നിശബ്ദ പ്രവര്‍ത്തകരായി മുസ്ലിം ലീഗിലും കോണ്‍ഗ്രസിലും മറ്റും തുടരുന്നുണ്ട്.
            
Legacy | മങ്ങാത്ത മഹിത പാരമ്പര്യം

അറിയപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യാത്ത പുണ്യവതിയായ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ജനിച്ചു വീണ പുണ്യവാന്മാരുടേയും പുണ്യവതികളുടേയും മക്കളാണ് എംടിപി. നാമെല്ലാമെന്ന ചിന്തയുണ്ടാവണം. നമുക്കോരോരുത്തര്‍ക്കും ആ ഉമ്മയുടെ പാദങ്ങള്‍ പതിഞ്ഞ ചുവന്ന മണ്ണില്‍ കാലെടുത്തുവെക്കാന്‍ ഈ അടുത്ത ദിവസങ്ങളിലും ഭാഗ്യമുണ്ടായി. എന്റെ ചെറുപ്പകാല ഓര്‍മ്മകളിലൊന്നാണ് ആ തറവാട് നിലനിന്നിരുന്ന സ്ഥലം. എഴുപത് വര്‍ഷം മുമ്പുള്ള വീടും പറമ്പു മുഴുവന്‍ ചുവന്ന മണലുമാണ്. ഇരുനില മാളികയുണ്ടായിരുന്നു അവിടെ ഓടും മരവും കല്ലും മാത്രം ഉപയോഗിച്ചു നിര്‍മ്മിച്ചത്.

ധാന്യങ്ങള്‍ നിറയ്ക്കാന്‍ മുകളിലും താഴെയുമായി നാല് ഇരുട്ടറകള്‍ വരാന്തയിലൂടെ കൊട്ടിലകത്തേക്ക് കടക്കാം (നേര്‍ച്ച കഴിക്കാനുള്ള ഇടമാണിത്). ചുറ്റും ഞാലിയുണ്ട്. ആ പ്രതാപ കാലം കെട്ടടങ്ങി. ഇന്നിപ്പോള്‍ കുടുംബത്തിലെ പിന്‍മുറക്കാര്‍ ഉദ്യോഗസ്ഥരും, പ്രവാസികളുമായി മാറി. ഒരു കെട്ടിടമുണ്ടായിരുന്നത് പൊളിച്ചുമാറ്റി അവിടെ തറവാടിന്റെ ഓര്‍മ്മക്കായി ഒരു വീടും, മക്കള്‍ക്കോരോരുത്തര്‍ക്കും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ഉയര്‍ന്നുവന്നു.

നാടിന്റെ നാനാഭാഗത്തും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തറവാട്ടംഗങ്ങളില്‍ കാങ്കോല്‍, ചെറുപുഴ, വെള്ളൂര്‍, തൃക്കരിപ്പൂര്‍, ചന്തേര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഓരോ തലമുതിര്‍ന്ന സഹോദരങ്ങള്‍ ആ പുണ്യ ഭൂമിയില്‍ ഒത്തു ചേര്‍ന്നപ്പോഴുണ്ടായ ചേതോവികാരം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. അവിടുത്തെ തലമുതിര്‍ന്ന തറവാട്ടംഗം കുഞ്ഞാമിനയുടെ നിറഞ്ഞ പുഞ്ചിരിയും, തിളങ്ങുന്ന മുഖചന്തവും സ്‌നേഹമസൃണമായ സംസാരവും എല്ലാവരേയും ഹഠാതാകര്‍ഷിച്ചു. മണക്കാട് തെക്കേപീടിക എന്നറിയപ്പെടുന്ന വാസസ്ഥലം നിലനിന്ന സ്ഥലം കണ്ടപ്പോള്‍ ഇത് തന്നെയാണ് മണക്കാട് തെക്കേപീടിക എന്ന് ഞങ്ങളുടെ ഓരോരുത്തരുടേയും മനസ്സു മന്ത്രിച്ചു. അഞ്ചോ ആറോ തലമുറ ജീവിച്ചു മരിച്ചു പോയ ഒരിടം. ആ തറവാടിന്റെ പേരും പെരുമയും യശസ്സും കളഞ്ഞുപോകാതെ കാത്തുസൂക്ഷിച്ചു ജീവിച്ചു വരുന്ന അംഗങ്ങള്‍ക്ക് അഭിമാനിക്കാന്‍ വേറെന്തു വേണം.

കരിവെളളൂരെന്നും, പളളിക്കൊവ്വല്‍ എന്നും കരളൂരെന്നും അറിയപ്പെടുന്ന സ്ഥലത്തിന്റെ തൊട്ടരികിലാണ് മണക്കാട് തെക്കേപീടിക എന്ന തറവാട് സ്ഥലം നിലകൊളളുന്നത്. എംടിപി തറവാട്ടില്‍ പിറന്ന പേരുകേട്ട കച്ചവടക്കാര്‍ കരിവെള്ളൂര്‍ ബസാറില്‍ ഉണ്ടായിരുന്നു, എംടിപി മജീദ് എന്ന മണക്കാട്ടെ മജീദ്, എംടിപി മുഹമ്മദ് എന്ന തെക്കേപുരയിലെ മയമൂച്ച, കൂക്കാനംകാരന്‍ മുഹമ്മദ് എന്നിവരും കാങ്കോലിലെ കച്ചവടക്കാരനായ കുക്കാനക്കാരന്‍ മുഹമ്മദ് കുഞ്ഞിയും അറിയപ്പെട്ട കച്ചവടക്കാരില്‍ ചിലരായിരുന്നു. അന്തരിച്ച കൊഴുമ്മലിലെ എംടിപി സൂപ്പി പേരുകേട്ട കച്ചവടക്കാരനായിരുന്നു. പയ്യന്നൂരിലും മറ്റും സ്വന്തം കെട്ടിട സൗകര്യങ്ങളോടെ പെരുമ കേട്ട കച്ചവടം നടത്തിയ വ്യക്തി.

പട്ടാളക്കാരുമുണ്ട് തറവാട്ടില്‍. പാലക്കുന്നിലെ എംടിപി മുസ്തഫ മിലിട്ടറി സര്‍വ്വീസിലുണ്ടായ വ്യക്തിയാണ്. തറവാട്ടിന്റെ അഭിമാനമായി വനിതകളും, ഔദ്യോഗിക രംഗത്ത് തിളങ്ങി നില്‍ക്കുന്നുണ്ട്. വനിതാ പോലീസുകാരിയായ എംടിപി സറീന, അധ്യാപികമാരായി. എംടിപി നഫീ സത്ത് എന്നിവര്‍ സജീവമായി രംഗത്തുണ്ട്. സെയില്‍സ് ടാക്‌സസില്‍ ജോലി ചെയ്യുന്ന എംടിപി അബ്ദുള്‍ ഗഫൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ എംടിപി മുഹമ്മദ്, പ്രമുഖ അഡ്വക്കേറ്റ് എംടിപി.അബ്ദുള്‍ കരിം. നമ്മുടെ തറവാട്ടില്‍ ഇനിയുമുണ്ട് ഏറെ പ്രമുഖ വ്യക്തിത്വങ്ങള്‍. അവരെക്കുറിച്ച് ജീവിത രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.

(അവസാനിച്ചു)



Keywords:  Article, Story, Family, House, Wedding, Wedding Days, Marriage-House, Old-Marriage, Marriage, Celebration, Kookanam-Rahman, Kerala, Unfading legacy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia