Join Whatsapp Group. Join now!
Aster mims 04/11/2022

Family Meet | മറക്കാനാവുമോ മനസുകളുടെ സംഗമവും നാവിന്‍ തുമ്പിലെ രുചിയും!

Unforgettable meeting of minds, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഒരു ഉമ്മ (അമ്മ) പെറ്റ മക്കളാണ് നാം - 3

-കൂക്കാനം റഹ്മാന്‍

(www.kasargodvartha.com) മലബാറിലെ മുസ്ലിംകളുടെ ഇടയില്‍ താമസസ്ഥലത്തെ പുര എന്നും ഭാര്യ ഗൃഹത്തെ വീട് എന്നുമാണ് സാധാരണ രീതിയില്‍ സൂചിപ്പിക്കുന്നത്. വിവാഹ സമയത്തെ ഒരു ചടങ്ങായിരുന്നു വീട്ടുക്കൂടല്‍. ഭര്‍ത്താവിന് പ്രത്യേകമായൊരുക്കിയ ഒരു അറ ഉണ്ടാവും, പ്രസ്തുത അറയിലേക്ക് വരനെ ആനയിച്ച് കൊണ്ടുപോയി കയറ്റി ഇരുത്തും. അതാണ് വീട്ടുക്കൂടല്‍ എന്നാണ് മനസിലാകുന്നത്. അത് പുതിയാപ്ലയുടെ സ്വന്തം മുറിയാണ്. വീട്ടില്‍ നിന്നാണോ വീടര്‍ എന്ന് ഭാര്യയെ സൂചിപ്പിക്കുന്ന പദം ഉണ്ടായതെന്നും അന്വേഷിക്കേണ്ടതാണ്. ഏതായാലും മുസ്ലിം വിഭാഗം താമസിക്കുന്ന ഇടങ്ങളെ പീടിക എന്നും അറിയപ്പെടുന്നത് കൊണ്ടാവണം വലിയപീടികയെന്നും തെക്കേപീടികയെന്നും അറിയപ്പെടാന്‍ ഇടയാക്കിയത്. ഇത് കൂടാതെ താമസിക്കുന്ന സ്ഥലത്തിന്റെ മുന്‍വശം കച്ചവടസ്ഥാനമായും നടത്തുന്ന രീതികളുണ്ടായിരുന്നു. വീടിനോടനുബന്ധിച്ച് പീടികമുറിയും ഉണ്ടായതുകൊണ്ടാവാം അങ്ങിനെ വന്നതെന്ന് അനുമാനിക്കാം.
            
Article, Story, Family-Meet, Family, Food, Muslims, Unforgettable meeting of minds.

കച്ചവടം വഴി സമ്പാദ്യം വര്‍ദ്ധിച്ചു ഭൂസ്വത്തുക്കള്‍ വാരിക്കൂട്ടി ഏക്കര്‍ കണക്കിന് ഭൂമിയാണ് ഓരോ വ്യക്തിക്കും ലഭ്യമായത്. അതില്‍ കിട്ടുന്ന വരുമാനം മൂലം സുഖിച്ചു ജീവിക്കാന്‍ പറ്റി. സ്വയം അധ്വാനിക്കാന്‍ മടി ആയപ്പോള്‍ കൃഷി സ്ഥലം പാട്ടത്തിനും വാരത്തിനും നല്‍കി. ക്രമേണ കൈമാറിയ ഭൂമിയില്‍ നിന്ന് പാട്ടവും വാരവും ലഭിക്കാതെയായി. ആഢ്യത്തോടെ ജീവിച്ചു വന്ന സമ്പ്രദായത്തില്‍ നിന്ന് മാറി നില്‍ക്കാനും പറ്റാതായി. വരുമാന മാര്‍ഗ്ഗത്തിന് ലഭ്യമായ ഭൂമി തുണ്ടം തുണ്ടമായി വിറ്റു തുലച്ചു. അതും കൂടി കഴിഞ്ഞപ്പോള്‍ ജീവിത മാര്‍ഗ്ഗം വഴിമുട്ടി. പിന്നെ ജീവിക്കാന്‍ വേണ്ടി ആവുന്ന തൊഴില്‍ സ്ത്രീകളും പുരുഷന്‍മാരും ചെയ്തു തുടങ്ങി. അവിലിടിച്ചും, ബീഡിതെറുപ്പും, നൂല്‍ നൂല്‍പ്പും, തലചാപ്പയും കൃഷി പ്പണിയുമൊക്കെയായി വറുതിയെ അകറ്റാന്‍ ശ്രമിച്ചു. ഈ അവസ്ഥയ്ക്ക് മാറ്റം വരാന്‍ തുടങ്ങിയത് 1960 മുതല്‍ക്കാണ്. പട്ടിണി കിടന്നു പല തറവാട്ടംഗങ്ങളും വിദ്യാഭ്യാസം നേടി പുതിയ തൊഴില്‍ മേഖല കണ്ടെത്തി. ലോഞ്ചില്‍ കയറി കടല്‍ കടന്നു. അധ്വാനത്തിലൂടെ സമ്പത്ത് വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ വീണ്ടും ഉയര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്നു.

രണ്ടു നിലയിലുളള തറവാട്ടു വീടുകളെല്ലാം പൊളിച്ചു മാറ്റി. ഇരുട്ടുമുറികളായ അറകളെല്ലാം വെളിച്ചം വിതറുന്ന മുറികളായി മാറി. ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ന്നു. ആടയാഭരണങ്ങളില്‍ കാതലായ മാറ്റം വന്നു. വിദ്യാഭ്യാസ- സാംസ്‌കാരിക സാമുഹ്യ രംഗത്ത് കുതിച്ചു ചാട്ടം നടക്കുകയാണിപ്പോള്‍. ഇക്കാര്യങ്ങളൊക്കെ നാട്ടില്‍ നടക്കുമ്പോള്‍ മണക്കാട് തെക്കേ - പീടികക്കാരും ഇതൊക്കെ അനുഭവിച്ചവരും മുന്നോട്ടുള്ള പ്രയാണത്തില്‍ ഭാഗവാക്കുകളുമായവരാണ്. സമ്പത്തിന്റെ ഉടമകളായ കാലത്തും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അകപ്പെട്ടപ്പോഴും കുടുംബ ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതെ പിടിച്ചു നിന്നവരാണ് മിക്ക തറവാട്ടുകാരും. ഇന്നിപ്പോള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറി മുന്നേറുമ്പോള്‍ കുടുംബ ബന്ധങ്ങളുടെ കണ്ണികള്‍ അറ്റു പോയ്‌ക്കൊണ്ടിരിക്കുകയാണ്. കാണാനോ ഇടപെടാനോ സംസാരിക്കാനോ സമയമില്ലാത്ത അവസ്ഥയിലേക്ക് വഴുതി വീണു കൊണ്ടിരിക്കുകയാണ്. അതിനൊരു പോംവഴിയായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗമാണ് തറവാട്ട് സംഗമങ്ങള്‍, അല്ലെങ്കില്‍ കുടുംബ സംഗമങ്ങള്‍.

ഒരു കാലത്ത് പള്ളികളിലും തറവാട്ട് സ്ഥലങ്ങളിലും നടക്കുന്ന ആണ്ടു നേര്‍ച്ചകള്‍ കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ചേരാനുള്ള വേദികളായിരുന്നു. ഇന്ന് അതും അന്യം നിന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. ഭക്ഷണ രീതിയിലും വസ്ത്രധാരണ രീതിയിലും സാംസ്‌കാരിക പ്രവര്‍ത്തന രീതിയിലും എല്ലാ തറവാട്ടുകാര്‍ക്കുമെന്ന പോലെ മണക്കാട് തെക്കേപീടികക്കാര്‍ക്കും മാറ്റം വന്നു. അതിരാവിലെ എഴുന്നേറ്റ് കട്ടന്‍ ചായ വെല്ലം കടിച്ച് കൂട്ടി അരി വറുത്തതോ മറ്റോ പലഹാരമാക്കി ജീവിച്ചിരുന്ന തറവാട്ടിലെ സ്‌നേഹനിധികളും കഠിനാധ്വാനികളുമായ കാരണവന്‍മാരും ഉമ്മമാരും മണ്‍മറഞ്ഞു പോയി. ഇന്നത്തെ പുതിയ തലമുറ ഡൈനിംഗ് ടേബിളിന്റെ മുന്നിലിരുന്ന് വാരി വലിച്ചു തിന്നുന്ന ബ്രേക്ക്ഫാസ്റ്റിലേക്കും ഡിന്നറിലേക്കും സപ്പറിലേക്കും വന്ന മാറ്റം അല്‍ഭുതാവഹമാണ്. ഉച്ചയ്ക്ക് കഞ്ഞി കുടിച്ച് രാത്രി അല്പം ചോറും ബെയ്ച്ച് ജീവിച്ച അനുഭവങ്ങള്‍ കഥകളായി മാറി.
               
Article, Story, Family-Meet, Family, Food, Muslims, Unforgettable meeting of minds.

ഒറ്റ തോര്‍ത്തു മുണ്ടും ബനിയനുമിട്ട് കച്ചവടത്തിനോ കൃഷിപ്പണിക്കോ ഇറങ്ങിയ തറവാട്ടിലെ മണ്‍മറഞ്ഞു പോയ പുരുഷന്‍മാരുടെയും നേര്‍ത്ത മല്‍മല്‍ തുണി വാങ്ങി കൈകൊണ്ട് തയ്ച്ചുണ്ടാക്കിയ കുപ്പായവും ഒരു കാച്ചിമുണ്ടും ചുവന്ന മുണ്ടും ധരിച്ച് എന്തെങ്കിലും വരുമാനമുണ്ടാക്കുന്ന പണിയെടുത്തും അടുക്കളയിലെ തീയടുപ്പില്‍ പുകയും ചൂടുമേറ്റ് ഭക്ഷണമുണ്ടാക്കി വിളമ്പി ഓഹരി വെച്ച് വെറും വയറ്റില്‍ വെറും വറ്റും വെളളവും മാത്രം കഴിച്ച് വിശപ്പുമാറ്റിയിരുന്ന ഉമ്മമാരുടേയും അവസ്ഥകളെക്കുറിച്ച് പറയുമ്പോള്‍ അതൊക്കെ വെറും കഥകളാണെന്ന് വിശ്വസിക്കുന്ന പുത്തന്‍ തലമുറയാണ് നമ്മുടെ കുഞ്ഞു മക്കള്‍.

മണക്കാട് തെക്കേ പീടിക തറവാട്ടില്‍ എല്ലാവര്‍ഷവും ആണ്ട് നേര്‍ച്ച ഉണ്ടായിരുന്നു. തറവാട്ട് അംഗങ്ങള്‍ ഭാഗം വെച്ച് പിരിഞ്ഞപ്പോള്‍ ഓരോ കുടുംബക്കാരും റാത്തീബ് നേര്‍ച്ച നടത്തി വന്നിരുന്നു. ഇന്നും അത് മാറ്റമില്ലാതെ തുടരുന്നു. അടുത്ത വീട്ടുകാരേയും തറവാട്ടിലെ അംഗങ്ങളേയും എല്ലാം വിളിച്ചു വരുത്തി ഭയഭക്തി ബഹുമാനത്തോടെ നടത്തി വന്നതായിരുന്നു നേര്‍ച്ച. ആ കൂടിച്ചേരലുകള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വേദിയായിരുന്നു. തറവാട്ടില്‍ നിന്ന് പിരിഞ്ഞുവന്ന് കൂക്കാനത്ത് താമസമാക്കിയ ഉമ്മുമ്മയുടെ ഉമ്മ (ആമിന)യുടെ കാലം മുതല്‍ നേര്‍ച്ച നടന്നതായി പറയുന്നുണ്ട്. എന്റെ ഓര്‍മ്മയിലും 70 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നേര്‍ച്ച് മനസ്സില്‍ മായാതെ നില്‍പ്പുണ്ട്. നേര്‍ച്ചക്ക് ഒരു വര്‍ഷം മുമ്പേ അതിനുളള ഒരുക്കങ്ങള്‍ തുടങ്ങും, കോഴികളെ നേര്‍ച്ചക്കിടും, വാഴ നേര്‍ച്ചക്കിടും, അവ നേര്‍ച്ച സമയത്ത് മാത്രം ഉപയോഗിക്കുകയുളളു.

അന്നത്തെ ചില ഓര്‍മ്മകളും കൂടി പങ്കിടട്ടെ. മുട്ടയിട്ട് പിടക്കോഴി കാപ്പില്‍ കിടക്കാന്‍ തയ്യാറായി വരും. ഒരു തവണ മുട്ടയിടുന്നതിനെ ഒരു ചൂത് എന്നാണ് പറയുന്നത്. മുട്ടയിട്ടു കഴിഞ്ഞാല്‍ തള്ളക്കോഴി പുറത്തിറങ്ങാതെ നില്‍ക്കും. ഇട്ട മുട്ടകളൊക്കെ ഒരു കൂട്ടയില്‍ പൂഴി ഇട്ട് അതില്‍ നിരത്തിവെക്കും. തളളക്കോഴി ഇരുപത്തിയൊന്നു ദിവസം മുട്ടയ്ക്ക് അടയിരിക്കും. മുട്ടവിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങള്‍ പുറത്തു വന്നാല്‍ ഉമ്മുമ്മ പറയും, ഈ കോഴിക്കുഞ്ഞുങ്ങളെയൊക്കെ വരുന്ന നേര്‍ച്ചക്ക് അറക്കാന്‍ ഇടാന്‍. എന്റെ അനുഭവം, ആ കോഴിക്കുഞ്ഞുങ്ങളെയൊന്നും പരുന്ത് റാഞ്ചിക്കൊണ്ടു പോവില്ല. എല്ലാ കോഴിക്കുഞ്ഞുങ്ങളും നേര്‍ച്ചക്കാലം വരെ സുരക്ഷിതരായിരിക്കും. ഇതേ പോലെ അഞ്ചോ പത്തോ കാട്ടുമണ്ണന്‍ വാഴ ചൂണ്ടിക്കാണിച്ചു ഉമ്മുമ്മ പറയും, ഇതിന്റെ വാഴക്കുല നേര്‍ച്ചക്ക് മാത്രമെ കൊത്താവൂ. അതും സുരക്ഷിതമായി കണ്ടിട്ടുണ്ട്. ഇതൊക്കെ വിശ്വാസത്തിന്റെ പേരിലായിരുന്നു.

നേര്‍ച്ച രാത്രി കാലത്താണ് നടക്കാറ്. അതിരാവിലെ എംടിപി അബ്ദുല്ല മൗലവി കോഴികളെ അറക്കാന്‍ എത്തും. അതിനെ പിടിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തം ആണ്‍കുട്ടികള്‍ക്കാണ്. വാഴക്കുല കൊത്തി പഴുക്കാന്‍ വെക്കേണ്ടതു ആണ്‍കുട്ടികളെ ഏല്‍പിക്കും. അവിലു കുഴക്കാന്‍ തേങ്ങയും വെല്ലവും ചേര്‍ത്ത് പണ്ടമുണ്ടാക്കല്‍, കോഴിയെ മുറിച്ച് പാകം ചെയ്യാന്‍ ഒരുക്കല്‍ പഴുത്ത വാഴക്കുല കൊട്ടിലകത്ത് തുലാത്തിന് കെട്ടിവെക്കല്‍ ഇത്യാദി പണികള്‍ ചെയ്യാന്‍ മണക്കാട് തെക്കേ പീടികയിലെ പെണ്ണന്തുമാനിച്ച, ആദന്‍ച്ച, ഉസ്സന്‍ച്ച ഒക്കെ രാവിലെത്തന്നെ എത്തും. പശുവിന്‍ നെയ്യിലാണ് നെയ്‌ച്ചോര്‍ വെക്കുക. എല്ലാ എംടിപിക്കാരുടെ വീട്ടിലും പശുക്കളെ വളര്‍ത്താറുണ്ടായിരുന്നു.

എന്റെ വീട്ടില്‍ മാതൈ പൈ, കല്യാണി പൈ, രോഹിണി പൈ എന്നീ കറവ പശുക്കളും അവയുടെ കുഞ്ഞു കുട്ടികളുമുണ്ടായിരുന്നു. പശുവിനെ കറക്കുന്ന ചുമതല ഉമ്മുമ്മക്കാണ്. ഇഷ്ടം പോലെ പാലും തൈരും, മോരും വെണ്ണയും സമൃദ്ധമായുണ്ടായ കാലം തൈര് കലക്കി കിട്ടുന്ന വെണ്ണ ഉരുക്കി നെയ്യാക്കി വെക്കും. അതും നേര്‍ച്ച സമയത്ത് നെയ്‌ച്ചോര്‍ വെക്കാന്‍ മാത്രമെ ഉപയോഗിക്കു. കരിവെളളൂര്‍ പള്ളിയില്‍ നിന്ന് ഇശാ നിസ്‌കാരവും കഴിഞ്ഞ് മൂസാന്‍ കുട്ടി സീതി, മുഹമ്മദ് സീതി എന്നിവരുടെ നേതൃത്വ ത്തില്‍ പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ബന്ധുക്കളും ചൊല്ലി കിളയിലൂടെ നേര്‍ച്ച് ചൊല്ലാന്‍ നടന്നു വരും. അക്കാലത്ത് വര്‍ഷത്തില്‍ ഒരു തവണയേ നെയ്‌ച്ചോറും കോഴിക്കറിയും കിട്ടു. അതും നേര്‍ച്ചസമയത്ത് മാത്രം. അക്കാലത്തെ നെയ്‌ച്ചോറിന്റെയും കോഴിക്കറിയുടേയും രുചി മറക്കാന്‍ കഴിയില്ല. നിലവിളക്ക് കത്തിച്ചുളള നേര്‍ച്ച ചൊല്ലല്‍, തൊണ്ട ക്ലിയറാവാന്‍ ഇടക്ക് കല്‍ക്കണ്ടവും തേങ്ങാപ്പൂളും കൊടുക്കും. നേര്‍ച്ച കഴിഞ്ഞാല്‍ പണ്ടം കുഴച്ച് അവിലും കൊടുക്കും, തുടര്‍ന്ന് നെയ്‌ച്ചോറും കോഴിക്കറിയും അതിന്റെയൊക്കെ രുചി ഇന്നും നാവിന്‍ തുമ്പില്‍ നിന്ന് മാറിയിട്ടില്ല.

(തുടരും)Keywords: Article, Story, Family-Meet, Family, Food, Muslims, Unforgettable meeting of minds.
< !- START disable copy paste -->

Post a Comment