city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതിയ സങ്കേതത്തില്‍

അനുഭവം-12/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com  26.07.2018) രാവിലെ ഏറെ വൈകിയാണ് ഉറക്കമുണര്‍ന്നത്. ബാവ മുഹമ്മദ് ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണ്. കുളി കഴിഞ്ഞു അയാളുടെ അടുത്തെത്തി. ''എന്താ ജോലിക്ക് പോയില്ലേ?'' കട്ടന്‍ ചായ നീട്ടിക്കൊണ്ട് ചോദിച്ചു. ''ഇല്ല, ആ ജോലി ഒഴിവാക്കി.'' ബാവ മുഹമ്മദ് ഒരു ചെറു ചിരിയോടെ എന്നെ നോക്കി. എന്തും നിസ്സാരമായി എടുക്കാന്‍ കഴിയുന്ന അയാളുടെ ഭാവം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ മരുഭൂമിയില്‍ പല വേഷങ്ങള്‍ അണിഞ്ഞിട്ടും ഒരു നിലയില്‍ ഇനിയും എത്തിപ്പെടാന്‍ കഴിയാതെ ജീവിത പരീക്ഷണങ്ങളുടെ വേലിയേറ്റങ്ങള്‍ സഹിച്ച് എന്തിനും പാകപ്പെട്ട മനസുമായി ഒരു മനുഷ്യന്‍. അനുഭവങ്ങളില്‍ നിന്നും ലഭിച്ച ഊര്‍ജ്ജം. അതാണ് ആ മുഖത്ത് തെളിയുന്നത്.

''എന്തു പറ്റി.?'' സമയത്തിന് ശമ്പളം കിട്ടാത്ത ജോലി ചെയ്തിട്ടെന്തു കാര്യം.? അയാള്‍ ചായ ഊതിക്കുടിച്ച് വീണ്ടും അടുക്കളയിലേക്ക് നടന്നു. ഏകനായി ഇരിക്കുമ്പോള്‍ കുത്തി നോവിക്കുന്ന ചിന്തകള്‍. വസ്ത്രം മാറി താഴെ പീടികയിലേക്ക് നടന്നു. അവിടെ ഹനീഫയും മുഹമ്മദ് ഭായിയും ഉണ്ട്. ജോലി ഉപേക്ഷിച്ച കാര്യം അവരോടും വിവരിച്ചു. സാരമില്ല. നമുക്ക് മറ്റൊന്ന് കണ്ടുപിടിക്കാം. മുഹമ്മദ് ഭായി ആശ്വസിപ്പിച്ചു.

പുതിയ സങ്കേതത്തില്‍


കിടന്നും നടന്നും വീണ്ടും ഒരാഴ്ച കടന്നു പോയിരിക്കുന്നു. ഒരു രാത്രി കടയില്‍ നില്‍ക്കുമ്പോള്‍ അബ്ബാസ് എത്തി. എന്നും ചിരിയോടെ സംസാരിക്കുന്ന അബ്ബാസ് പല പ്രശ്‌നങ്ങളുടെയും നടുവിലാണ് ജീവിക്കുന്നത്. ബാപ്പയുടെ അസുഖം. കുടുംബ ഭാരം എല്ലാം കൂടി തളര്‍ത്തുമെങ്കിലും സ്വന്തം കാര്യം പോലെ തന്നെ മറ്റുള്ളവരുടെ ദു:ഖത്തില്‍ പങ്ക് ചേരാനുള്ള ഒരു മനസ്സ് അബ്ബാസിനുണ്ട്.

ജോലി നഷ്ടപ്പെട്ട കാര്യം കുഞ്ഞാമു പറഞ്ഞതു കൊണ്ടാണ് അന്വേഷിച്ചു വന്നത്. നാട്ടു വിശേഷങ്ങളും അവന്റെ ജോലിക്കാര്യങ്ങളും മറ്റും സംസാരിച്ചു കുറേ നേരം ചുറ്റി നടന്നു. ഒന്നും ചിന്തിച്ച് വിഷമിക്കരുത്. ഒന്നു പോയാല്‍ മറ്റൊന്ന്. കണക്ക് കൂട്ടി തിട്ടപ്പെടുത്താന്‍ കഴിയുന്നതല്ല ജീവിതം. ഇത് രണാങ്കണമാണ്. പൊരുതി ജയിക്കണം. അബ്ബാസ് തത്വ ചിന്തകള്‍ വിളമ്പി. പെട്ടെന്നു തരപ്പെടുത്താവുന്ന ജോലി ഹോട്ടലുകളില്‍ മാത്രമാണ്. അല്‍പം ബുദ്ധിമുട്ടിയാലും സമയത്തിന് ശമ്പളവും, ഭക്ഷണവും, താമസവും എല്ലാം അവരുടെ വക തന്നെയാവുല്ലോ? അത് വേണമെങ്കില്‍, ഇപ്പോള്‍ തന്നെ ഒന്നു രണ്ട് ഹോട്ടലുകളില്‍ ഒഴിവുകളുണ്ട്.

യാത്ര പറഞ്ഞു പിരിയുമ്പോഴും ഒരു ഉത്തരം പറയാന്‍ തോന്നിയില്ല. നാളെ കാണാം, എന്തെങ്കിലും തീരുമാനിക്കാം. അബ്ബാസ് പോയി. ഹോട്ടല്‍ ജോലിയെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസിലാദ്യം തെളിഞ്ഞു വരുന്നത് മുംബൈയില്‍ കണ്ട ദുര്‍ഗന്ധം നിറഞ്ഞ അടുക്കളകളാണ്, എച്ചില്‍പാത്രങ്ങള്‍ക്ക് നടുവില്‍ ശ്വാസം മുട്ടി പണിയെടുക്കുന്ന എത്രയെത്ര മനുഷ്യ കോലങ്ങള്‍. ഓര്‍ക്കുമ്പോള്‍ തന്നെ ഛര്‍ദിക്കാന്‍ തോന്നും. കടയില്‍ ജോലിക്ക് നില്‍ക്കാന്‍ അല്‍പം അറബിയും ഹിന്ദിയും നിര്‍ബന്ധമാണ്. സാധനത്തിന്റെ പേരും വിലയും എല്ലാം പറയാനറിയണം. മുഹമ്മദ് ഭായിയെ സഹായിക്കാന്‍ പലപ്പോഴും കടയില്‍ ചെന്ന് നില്‍ക്കും. എങ്ങനെയും ഒരു നല്ല ജോലിയില്‍ എത്തിപ്പെടണം. ചെറിയ കടകളില്‍ അധികം സ്വന്തക്കാര്‍ തന്നെയാണ് ജോലി ചെയ്യുന്നത്. വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലിക്കാര്‍ കമ്പനിയുടെ സ്വന്തം വിസക്കാര്‍ ആയിരിക്കും.

നാട്ടില്‍ നിന്നും വന്ന ഒരു ബന്ധുവിന്റെ കൈയ്യില്‍ കൊടുത്തയച്ച എഴുത്തുകള്‍ കിട്ടി. ഗള്‍ഫിലെത്തിയ വിവരത്തിന് ഓരോരുത്തര്‍ക്കും വേറെ വേറെ എഴുത്തുകള്‍ അയച്ചിരുന്നു. എല്ലാവരുടെ മറുപടിയും ഉണ്ട്. ആദ്യകാല പ്രവാസത്തിന്റെ ആശയ വിനിമയം എന്നത് കത്തുകള്‍ മാത്രമായിരുന്നു. മാസങ്ങള്‍ക്ക് ശേഷം വിശേഷങ്ങള്‍ കുത്തി നിറച്ചെത്തുന്ന ഈ കത്തുകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. കാരണം ഇന്നത്തെപ്പോലെ മിനിറ്റുകള്‍ കൊണ്ട് വിശേഷങ്ങള്‍ അറിയാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല. അന്ന് കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും ടെലഫോണ്‍ സംവിധാനം പോലും ഉണ്ടായിരുന്നില്ല. അത്യാവശ്യത്തിന് ഒരു ഫോണ്‍ ചെയ്യണമെങ്കില്‍ ട്രങ്ക് കോളുകള്‍ ബുക്ക് ചെയ്ത് മണിക്കൂറുകളോളം കാത്തിരിക്കണം. ഫോണുള്ള വീടുകളില്‍ പോയി ഫോണ്‍ വിളിയും പ്രതീക്ഷിച്ചിരിക്കുന്ന ഒരു കാലം കേരളത്തിന്റെ ഉള്‍നാടുകളില്‍ ഉണ്ടായിരുന്നു.

ഏകാന്തത വീര്‍പ്പു മുട്ടിക്കുന്ന നിമിഷങ്ങളില്‍, മനസ്സില്‍ ആശ്വാസത്തിന്റെ കുളിര്‍ മഴ പെയ്യിക്കാന്‍ കത്തിലെ വിശേഷങ്ങള്‍ക്ക് സാധിച്ചിരുന്നു. മാസങ്ങളോളം കാത്തിരുന്നു ലഭിക്കുന്ന എഴുത്തുകളില്‍ അധികവും പരാതിയും പരിഭവവുമാണെങ്കില്‍ പോലും ഓരോ പ്രവാസിക്കും അത് നല്‍കുന്ന സുഖം അവര്‍ണ്ണനീയമാണ്.  ഗള്‍ഫില്‍ ജീവിക്കുന്ന സ്വന്തക്കാരന്റെ സുഖ ദു:ഖങ്ങള്‍ നാട്ടില്‍ കഴിയുന്നവര്‍ക്ക് ഒരു വിഷയമേ അല്ല. അവര്‍ പ്രതീക്ഷയോടെ ഓരോ കാര്യങ്ങളും സമര്‍പ്പിക്കുന്നത് ഗള്‍ഫ് ദൈവങ്ങള്‍ക്ക് മുന്നില്‍. എല്ലാം നേടിക്കഴിഞ്ഞാലും ആവശ്യങ്ങളുടെ നീണ്ട പട്ടിക പിന്നെയും അവനെ തേടിയെത്തും. എന്നാല്‍ എത്ര കഷ്ടപ്പെട്ടാലും, നാട്ടില്‍ നിന്നും എത്തുന്ന കത്തുകള്‍ നല്‍കുന്ന പ്രാര്‍ത്ഥനയും പ്രതീക്ഷയും.. അതിനെതിരെ പ്രതികരിക്കാന്‍ പ്രവാസിക്ക് കഴിയാറില്ല. വര്‍ഷങ്ങളിലൂടെ അവന്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ഭംഗിയില്‍ ചെയ്ത് തീര്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട പാവയായിത്തീരുന്നു. തന്റെ ജീവിതം ഇതെല്ലാം ചെയ്ത് തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് ഒരു വിശ്വാസം ഓരോ പ്രവാസിയുടെയും അന്തര്‍ധാരകളായി മാറുന്നുവെന്നതാണ് സത്യം.

അബ്ബാസ് വീണ്ടും ഒന്നു രണ്ട് പ്രാവശ്യം വന്നെങ്കിലും മറ്റൊരു ജോലിയെക്കുറിച്ചു ഉറച്ച തീരുമാനം ഉണ്ടായില്ല. ഒരാഴ്ച കൂടി കടന്നു പോയിരിക്കുന്നു. കിടന്നും നടന്നും സമയം നീങ്ങുന്നില്ല. ചുറ്റുമുള്ളവരുടെ മുഖത്ത് തെളിയുന്നത് പരിഹാസമോ? സഹതാപമോ? മനസ്സിനെ കുത്തി നോവിച്ചു. ശമ്പളം കിട്ടിയില്ലെങ്കിലും ഒരു ജോലി ഉണ്ടായിരുന്നപ്പോള്‍ വലിയ ആശ്വാസം തോന്നിയിരുന്നു. ഈ ഏകാന്തത, മടുപ്പ് - ഇത് അസഹനീയമാണ്. ശ്വാസം മുട്ടിയ നിമിഷങ്ങള്‍. സന്ധ്യകളില്‍ പണി തീരാത്ത പാര്‍ക്കിന്റെ ഓരത്ത് കുറേ നേരം ഇരിക്കും.  തുല്യ ദു:ഖിതര്‍ ഏറെയാണ്. അവരില്‍ ചിലരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ എന്റെ പ്രശ്‌നങ്ങള്‍ ചെറുതായി തോന്നും. എങ്കിലും അന്യ നാട്ടില്‍ ഒരു തുണയും ഇല്ലാതെ ഇങ്ങനെ അര്‍ത്ഥം കാണാന്‍ കഴിയാത്ത ഒരു ജീവിതം. ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. വിഷമങ്ങള്‍ വേദനിപ്പിക്കുമ്പോള്‍ നാം മറ്റൊന്ന് തേടുന്നു. അക്കരപ്പച്ച തേടി ആവേശത്തോടെ പുറപ്പെടുന്നു. മരുപ്പച്ച മരീചികയാണെന്ന് അറിയുമ്പോള്‍ അറിയാതെ തേങ്ങുന്ന മനസ്സ്.

ഹോട്ടല്‍ പണിയെപ്പറ്റി അബ്ബാസ് പലതും പറഞ്ഞു. ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ നടന്നു. അബ്ബാസ് ഏറെക്കാലം ഹോട്ടല്‍ പണി ചെയ്തു. പക്ഷെ, എന്ത് കൊണ്ടോ ഒന്നിലും പിടിച്ചു നല്‍ക്കുന്ന സ്വഭാവം അവനില്ല. ശരിയായ വിസയില്‍ എത്താത്തത് കൊണ്ട് ജോലി പ്രശ്‌നത്തില്‍ സ്ഥിരതയുടെ കാര്യവുമില്ല. കിട്ടുന്ന പണിയില്‍ ചേരും. മടുപ്പ് തോന്നിക്കുമ്പോള്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ ഉപേക്ഷിക്കുന്നു.  കമ്പനി വിസയില്‍ എത്തിയാല്‍ പലപ്പോഴും ഇങ്ങനെ പറ്റില്ല. ഒരു തടവറ പോലെ അവരുടെ ഇഷ്ടങ്ങള്‍ നോക്കി വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞു കൂടേണ്ടിവരും. അവധിയുടെ കാര്യങ്ങളും മറ്റും, എല്ലാം നിയന്ത്രണങ്ങളോടെ മാത്രം. അബ്ബാസിനെ പോലെയുള്ളവര്‍ക്ക് ഒരിക്കലും ഇങ്ങനെയൊരു ചങ്ങലയില്‍ നില്‍ക്കാനും പറ്റില്ല.

താമസ സ്ഥലത്ത് നിന്നും കുറച്ചകലെയുള്ള ഒരു ഗലിയിലാണ് എത്തിയത്. അധികവും കമ്പനികളുടെ ഓഫീസും ചില കച്ചവട സ്ഥാപനങ്ങളും എല്ലാം ഉണ്ടെങ്കിലും ജനത്തിരക്ക് കുറഞ്ഞൊരു പ്രദേശം. ഗള്‍ഫിലെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന അധിക സ്ഥലങ്ങളും ഇങ്ങനെയാണ്. രാവിലെയും വൈകുന്നേരവും മാത്രം തിരക്കും ജനസാന്നിദ്ധ്യവും കാണാം. അവധി ദിവസങ്ങള്‍ സജീവമായിരിക്കും. രണ്ടുമൂന്ന് ഹോട്ടലുകള്‍ കണ്ടു. ഓരോന്നും വ്യത്യസ്തങ്ങളാണ്. മലയാളിയുടേതും, ബംഗ്ലാദേശിയുടേതും, പാകിസ്ഥാനിയുടേതും ഉണ്ട്.  ഭക്ഷണങ്ങളിലും വലിയ അന്തരങ്ങള്‍ ഉണ്ട്. എന്നാല്‍ എല്ലാ രാജ്യക്കാരും പരസ്പരം മാറി മാറി ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു.

അബ്ബാസ് നീട്ടി സലാം ചൊല്ലി കയറിയത് ഒരു പാകിസ്ഥാനി ഹോട്ടലിലാണ്. അവന്‍ ഇഷ്ടപ്പെടുന്നത് പാകിസ്ഥാന്‍ റൊട്ടിയും കീമയുമാണ്. വളരെക്കാലം ഇത്തരം ഹോട്ടലില്‍ ജോലി ചെയ്തതു കൊണ്ട് പഞ്ചാബിയും ഉര്‍ദുവും ഹിന്ദിയും നന്നായി സംസാരിക്കാനു പഠിച്ചിരിക്കുന്നു. ഹോട്ടല്‍ കൗണ്ടറില്‍ ഇരിക്കുന്ന നീണ്ടു തടിച്ചു വെളുത്ത മനുഷ്യനോട് എന്നെ ചൂണ്ടി പലതും പറയുന്നു. അയാള്‍ ഇടയ്ക്ക് എന്നെ നോക്കി ഗൗരവത്തിലും മന്ദഹാസത്തിലും സംസാരം തുടര്‍ന്നു. ഞാന്‍ ഇടയ്ക്കിടെ അയാളുടെ മുഖഭാവം ശ്രദ്ധിച്ചു. ശാന്തനും സ്‌നേഹമുള്ളവനുമാണെന്ന് എന്റെ മനസ്സ് പറഞ്ഞു. അല്‍പ സമയത്തിന് ശേഷം ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. അയാള്‍ തന്നെ അകത്ത് പോയി രണ്ട് ചായ കൊണ്ടു വന്നു.

ചായ കുടിച്ചുകൊണ്ട് അബ്ബാസ് പറഞ്ഞു. പാകിസ്ഥാനിയാണെങ്കിലും ഇയാള്‍ നല്ലവനാ. ഞാന്‍ പണ്ടു കുറേ കാലം ഇവിടെ ജോലി ചെയ്തതാണ്. അത്യാവശ്യം വരുമ്പോള്‍ പൈസ കടം വരെ ഞാന്‍ വാങ്ങിയിട്ടുണ്ട്. നിങ്ങള്‍ തല്‍ക്കാലം പണിയെടുത്ത് നോക്ക്. ഇഷ്ടപ്പെട്ടാല്‍ തുടരാം. ഇല്ലെങ്കില്‍ പിന്നെ ചിന്തിക്കാം. അബ്ബാസ് ചിരിച്ചു. ആദ്യം അല്‍പം ബുദ്ധിമുട്ട് തോന്നും. പരിചയപ്പെടുമ്പോള്‍ ഏത് ജോലിയും എളുപ്പമാണ്. ''ഞാന്‍ ഗ്യാസ് കുറ്റിയും പൊക്കി നടക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നില്ലേ.? ആദ്യം ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പതുക്കെ പതുക്കെ ഒക്കെ ശരിയായി. ഭാഷയുടെ കാര്യവും അങ്ങനെയാണ്. നമ്മള്‍ പല സ്ഥലത്തും ജോലി ചെയ്യുമ്പോള്‍ പല ഭാഷക്കാര്‍, ദേശക്കാര്‍ അവരോട് സംസാരിച്ചും അത് കേട്ടും എല്ലാം പെട്ടെന്ന് പഠിക്കുന്നു.'' അബ്ബാസ് യാത്ര പറയുകയാണ്. ഞാന്‍ ബംഗാളിയുടെ കൂടെ അടുക്കള ഭാഗത്തേക്ക് നടന്നു...


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-9:
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

അനുഭവം-11:

Keywords:  Article, Gulf, Ibrahim Cherkala, Story, Ibrahim-cherkalas-experience-12, Pakistani Hotel, Life, Pravasi, Job.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia