അതിർത്തിയിൽ കടലോളം സ്വപ്‌നങ്ങൾ; കാൽനൂറ്റാണ്ടിന് ശേഷം വോർക്കാടിയുടെ മാറ്റം
Jun 26, 2021, 20:49 IST
വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ- 7
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 26.06.2021) വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി വ്യത്യസ്തമായ വ്യക്തിത്വത്തിന്‍റെ ഉടമയാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും വ്യക്തമായി. അടിയുറച്ചൊരു കമ്മ്യൂണിസ്റ്റുകാരിയാണ് ഭാരതി. പിണറായി വിജയനെയും, ഷൈലജ ടീച്ചറിനേയും അഭിമാന പൂര്‍വ്വം അവര്‍ ഇടയ്ക്കിടെ എടുത്തു പറഞ്ഞു കൊണ്ടിരുന്നു. കാല്‍ നൂറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി യു ഡി എഫ് ഭരണത്തില്‍ ആയിരുന്ന വോര്‍ക്കാടി ഗ്രാമപഞ്ചായത്തില്‍ ഇത്തവണ ഭാരതിയുടെ നേതൃത്വത്തിലുളള ഇടതുപക്ഷ ഭരണസമിതി നിലവില്‍ വരാനിടയാക്കിയ കാരണത്തെക്കുറിച്ചും ഭാരതിക്ക് വ്യക്തമായ ധാരണയുണ്ട്.
പഞ്ചായത്തില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. കര്‍ണ്ണാടക അതിര്‍ത്തിയോട് തൊട്ടു കിടക്കുന്ന പ്രദേശമാണ്. പഞ്ചായത്തിന്‍റെ എഴുപത്തിയഞ്ച് ശതമാനം ഏരിയയും കര്‍ണ്ണാടക അതിര്‍ത്തി പങ്കിട്ടു കിടക്കുന്നു. തുളുവും കര്‍ണ്ണാടകവുമാണ് ഭൂരിഭാഗവും ജനങ്ങളുടേയും സംസാരഭാഷ. മലയാളം സംസാരിക്കുന്നവരില്‍ മിക്കവരും മുസ്ലീം മത വിഭാഗത്തില്‍ പെട്ടവരാണ്. ഇതൊക്കെയാണെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പിണറായി നേതൃത്വം കൊടുത്ത സംസ്ഥാന ഭരണകൂടം സാധാരണ ജനങ്ങള്‍ക്ക് ഒരു പാട് നല്ല കാര്യം ചെയ്തു കൊടുത്തു.
കര്‍ഷകതൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധന പാവപ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്ക് ആശ്വാസമേകി. തുക കൃത്യമായും, കണിശമായും, വീടുകളില്‍ എത്തിച്ചു നല്‍കുന്നതും, കോവിഡ് കാലത്ത് പട്ടിണിക്കിടാതെ ആവശ്യവസ്തുക്കള്‍ കിറ്റുകളാക്കി റേഷന്‍ കട മുഖേന വീടുകളില്‍ ലഭ്യമാക്കി കൊടുത്തതിലും ജനങ്ങള്‍ തൃപ്തരാണ്. സ്ക്കൂള്‍ വദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണകിറ്റുകള്‍ നല്‍കിയതും ആശ്വാസകരമായി. ഇത്തരം നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇടതു ഭരണ നേതൃത്വത്തോട് അനൂകൂലമനോഭാവം വളര്‍ത്താന്‍ ഇടയാക്കി.
അതു കൊണ്ടാവണം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം ഇടതു പക്ഷ അനുകൂല നിലപാട് ജനങ്ങള്‍ കൈകൊണ്ടത്. വോര്‍ക്കാടി പഞ്ചായത്തിലും അതിന്‍റെ അലയൊടികള്‍ ഉണ്ടായി. മൊത്തം പതിനാറ് വാര്‍ഡുകളുളള വോര്‍ക്കാടി ഗ്രാമ പഞ്ചായത്തില്‍ ഇടതുപക്ഷത്തിന് ആറു സീറ്റു ലഭിച്ചപ്പോള്‍ ബി ജെ പിക്ക് അഞ്ചു സീറ്റും, യു ഡി എഫിന് നാലു സീറ്റും എസ് ഡി പി ഐക്ക് ഒരു സീറ്റും കിട്ടി. കേവല ഭൂരിപക്ഷമില്ലെങ്കിലും ഇടതുപക്ഷം ഭരിക്കണമെന്നാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിച്ചത്. അത് നടപ്പിലായ സന്തോഷത്തിലാണ് വോര്‍ക്കാടി പഞ്ചായത്തിലെ ജനങ്ങള്‍.
ഗ്രാമപഞ്ചായത്തില്‍ പ്രശ്നങ്ങള്‍ നിരവധിയുണ്ട്. മിക്കവരും കാര്‍ഷിക മേഖലയെയാണ് ആശ്രയിച്ചു ജീവിക്കുന്നത്. കുരങ്ങു ശല്യം തീവ്രമാണിവിടെ. തെങ്ങ്, പച്ചക്കറി കൃഷി എന്നിവ നശിപ്പിക്കുന്ന കുരങ്ങുകള്‍ കൃഷിക്കാര്‍ക്ക് ഭീഷണി ഉണ്ടാക്കുന്നു. അവയില്‍ നിന്ന് കൃഷിക്കാരെ രക്ഷപ്പെടുത്താനുളള തീവ്ര ശ്രമം ആരംഭിക്കേണ്ടിയിരിക്കുന്നു. കുടിവെളള പ്രശ്നമുണ്ടിവിടെ മലയോര മേഖലയായതിനാല്‍ വരള്‍ച്ചാ പ്രശ്നവുമുണ്ട്. വേനല്‍ക്കാലമായാല്‍ കുടിവെളളം കിട്ടാതെ നാട്ടുകാര്‍ വളരെ പ്രയാസപ്പെടുന്നുണ്ട്. അതിന് ശ്വാശ്വതമായ പരിഹാരം കാണാനുളളള ശ്രമം ആരംഭിക്കണം.
വിദ്യാഭ്യാസ രംഗത്തും ഗ്രാമപഞ്ചായത്ത് പിന്നോക്കമാണ്. ശ്രീ വാണീവിജയ ഹൈസ്ക്കൂള്‍ മാത്രമാണ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നേടാനുളള ഏക സ്ഥാപനമായിട്ടുളളത്. ഒരു ഗവ. ലോവര്‍ പ്രൈമറി സ്ക്കൂളും നാല് എയ്ഡഡ് യുപി സ്ക്കൂളുമുണ്ടിവിടെ. നാല് മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്‍റര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം കന്നട മീഡിയത്തിലാണ് പഠനം നടക്കുന്നത്. ഇവിടുത്തെ ജനങ്ങള്‍ക്ക് കന്നട,തുളു, മലയാളം, ഉറുദുഭാഷകള്‍ സംസാരിക്കാനറിയാം.
42 കാരിയായ ഭാരതി സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ രണ്ട് ടേമിലും വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലേക്ക് ഭാരതി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നാം തവണ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായത്. പൊതു രംഗത്ത് പ്രവര്‍ത്തിക്കാനുളള പൂര്‍ണ പിന്തുണ കുടുംബത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഭര്‍തൃ പിതാവ് റിട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി കൃഷ്ണന്‍ സി പി എമിന്‍റെ സജീവ പ്രവര്‍ത്തകനാണ്. ഭര്‍ത്താവ് ഉഡുപ്പിയില്‍ ബിസിനസ് നടത്തുന്ന സതീഷും സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നതില്‍ എല്ലാ പ്രോല്‍സാഹനവും നല്‍കുന്നുണ്ട്. ഏക മകന്‍ ഹര്‍ഷിത്ത് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ്.
ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ നേടാന്‍ ഭാരതിക്ക് സാധിച്ചിട്ടുണ്ട്. പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ പൊതുപ്രവര്‍ത്തക എന്ന നിലയില്‍ എപ്പോഴും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഭാരതി. മതമോ, രാഷ്ട്രീയമോ, നോക്കാതെ തന്നെ എല്ലാവരോടും സ്നേഹത്തോടെ സമീപിക്കുകയും അവരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്നത് കൊണ്ടാവണം തുടര്‍ച്ചയായി ഭാരതിയെ ജനപ്രതിനിധിയായി ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുടുംബശ്രീയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ വിഭാഗം ജനങ്ങളേയും കുടുംബശ്രീയുമായി ബന്ധപ്പെടുത്താന്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ ഭാരതി ശ്രമം ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ആകര്‍ഷിക്കാന്‍ കുടുംബശ്രീ സഹായകമാവുന്നുണ്ട്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും സാമ്പത്തിക ഞെരുക്കവും സ്ത്രീകളെ മുന്നോട്ട് വരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്ത്രീകളാണ് മുന്നോക്കം വരുന്നതില്‍ വിമുഖത കാണിക്കുന്നത്. അവരെ പൊതു വേദിയില്‍ കൊണ്ടു വരാനുളള തീവ്ര ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഭാരതി.
ബീഡി തെറുപ്പ്, കൂലിപ്പണി, എന്നിവയാണ് പ്രധാന തൊഴില്‍ മേഖലകള്‍. സാമ്പത്തീകമായി അല്പം ഭേദപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ ഉന്നത പഠനത്തിന് മംഗലാപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് സമീപിക്കുന്നത്. ഇവിടുത്തെ മിക്ക യുവതിയുവാക്കളും ചെറിയ ജോലിയോ ബിസിനസ്സോ നടത്തുന്നത് മംഗലാപുത്താണ്. പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ ഒന്‍പത് വാര്‍ഡുകളും കര്‍ണ്ണാടക ബോര്‍ഡറിലാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളും കന്നടഭാഷ സംസാരിക്കുകയും, കര്‍ണ്ണാടകയോട് തൊട്ടടുത്താണ് ഗ്രാമപഞ്ചായത്ത് എന്നതു കൊണ്ടും കര്‍ണ്ണാടക സംസ്ഥാനത്തില്‍ ഈ പ്രദേശം ലയിക്കണമെന്ന ആഗ്രഹമുണ്ടോ എന്ന എന്‍റെ ചോദ്യത്തിന് ഭാരതിയുടെ മറുപടി ഇങ്ങിനെ: കേരളത്തില്‍ തന്നെ ഈ പ്രദേശം തുടരണം. കേരളത്തില്‍ നടക്കുന്ന ജനോപകാര പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാണ്.
വിദ്യാഭ്യാസം, സാംസ്ക്കാരികം, എന്നീ രംഗങ്ങളിലെ പ്രവര്‍ത്തനം ജനങ്ങളുടെ ശാക്തീകരണത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ ഇത്രയൊന്നും നന്നായി കര്‍ണ്ണാടകയില്‍ നടക്കുന്നില്ല. പ്രത്യേകിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനകീയ പദ്ധതികള്‍ ഒക്കെ കണ്ട് , ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ മനോഭാവം തന്നെ മാറിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ലയിക്കണമെന്ന ചിന്തയേ ഇപ്പോള്‍ ഇവിടുത്തുകാര്‍ക്കില്ല' എന്ന് ഭാരതി തറപ്പിച്ചു പറയുന്നു.
ഗ്രാമീണ ജനതയ്ക്ക് പഞ്ചായത്ത് ചെയ്തു കൊടുക്കേണ്ട സേവനങ്ങള്‍ ഏറ്റവും എളുപ്പമായി അവര്‍ക്ക് ലഭ്യമാക്കാനുളള ശ്രമത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഭാരതി പറയുന്നു. വീട്ടിന് നമ്പര്‍ പതിച്ചു കൊടുക്കല്‍, പഞ്ചായത്തില്‍ നിന്ന് വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും ലഭ്യമാവേണ്ട സര്‍ട്ടിഫിക്കേറ്റുകള്‍ തുടങ്ങിയവ ചുവപ്പു നാടയില്‍ കുടുങ്ങാതെ എളുപ്പം ജനങ്ങളുടെ കയ്യിലെത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സജ്ജമാക്കും.
ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് ജാതി-മത-രാഷ്ട്രീയ വ്യത്യസമില്ലാതെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. അവരുടെ സഹകരണം ഉറപ്പുവരുത്തും. കാല്‍നൂറ്റാണ്ടു കാലം ജനങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്കറുതി വരുത്താനുളള ദൃഢപ്രതിഞ്ജയുമായാണ് ഭാരതി മുന്നേറുന്നത്. ഈ സംരംഭത്തിന് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. സ്ത്രീയെന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും ഭരണ നിര്‍വഹണത്തിനും ഒരു പ്രയാസവും അനുഭവിക്കുന്നില്ലെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു.
Keywords: Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Vorkady, Bharathi, Dreams across the border; Vorkadi's change after a quarter of a century.