city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-6 / ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 19.05.2018) പത്ത് ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോയെങ്കിലും തുടര്‍യാത്രയെപ്പറ്റി അനിശ്ചിതത്വം തുടര്‍ന്നു. ഓരോ പകല്‍ കടന്നു പോകുമ്പോഴും ഖാദര്‍ ബായി ആശ്വാസ വാക്കുകള്‍ കൊണ്ട് സമാധാനിപ്പിക്കുന്നു. മുംബൈയിലെ ഒരുവിധം സ്ഥലങ്ങളെല്ലാം കണ്ടു കഴിഞ്ഞു. ആവര്‍ത്തനങ്ങള്‍ മനസ്സില്‍ വിരസത സൃഷ്ടിച്ചു. ഏകാന്തതയുടെ നിമിഷങ്ങളില്‍ നാടും വീടും എല്ലാം തെളിഞ്ഞു വരും. യാത്രയാക്കിയവര്‍ വല്ലതും അറിയുന്നുണ്ടോ മുംബൈയിലെ ഞങ്ങളുടെ ഈ നീണ്ട കാത്തിരിപ്പ്.

ദിനചര്യകള്‍ തന്നെ മാറി. പുതിയ രീതിയിലായി എല്ലാം. രാവിലെ ഉണര്‍ന്നു സുബ്ഹി നിസ്‌കാരം കഴിഞ്ഞു വീണ്ടും ഉറങ്ങും. പിന്നെ ഉണര്‍ന്നെണീറ്റു കുളിച്ചൊരുങ്ങുന്നത് ഉച്ചയ്ക്കാണ്. ഊണ് കഴിഞ്ഞു ചിലപ്പോള്‍ ഏതെങ്കിലും തീയറ്ററില്‍ പോയി പുതിയ ഹിന്ദി സിനിമ കാണും. സിനിമ കാണുന്ന കാര്യത്തില്‍ ഈ പട്ടണത്തിലെ ജനങ്ങളെ സമ്മതിക്കണം. കേരളത്തിലെ തിയറ്ററുകളില്‍ നസീര്‍ സിനിമകള്‍ നൂറു ദിവസം വരെ കളിച്ചതായി കണ്ടിട്ടുണ്ട്. എന്നാല്‍ ചില ഹിന്ദി സിനിമകള്‍ ഒരു വര്‍ഷം മുഴുവനും കളിക്കുന്ന തീയറ്ററുകളുണ്ട്. അതുപോലെ പുതിയ സിനിമകള്‍ക്ക് കരിഞ്ചന്ത ടിക്കറ്റെടുത്തു മാത്രമേ കാണാന്‍ പറ്റൂ. ഇല്ലെങ്കില്‍ നീണ്ട ക്യൂവില്‍ വെയില്‍ കൊണ്ട് കാത്തു നിന്നും, ഉന്തിയും തള്ളിയും അടിപിടി കൂടിയും ടിക്കറ്റ് എടുക്കേണ്ടി വരും. പലപ്പോഴും അതും അസാധ്യവുമായിരിക്കും.

കാത്തിരിപ്പിന്റെ നാളുകള്‍

ഗേറ്റ് ഓഫ് ഇന്ത്യയും താജ് മഹല്‍ ഹോട്ടലും, വിക്‌ടോറിയ ടെര്‍മിനലും കടല്‍ക്കരയും എല്ലാം വീണ്ടും വീണ്ടും. എത്രയാവര്‍ത്തിയായി.. ചിലപ്പോള്‍ പുതുതായി മുംബൈയില്‍ എത്തിയ അതിഥികള്‍ ഉണ്ടാകും. അതുപോലെ ദുബായില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് മടങ്ങി വന്നവര്‍, പരിചയക്കാര്‍ വന്ന് ഒന്നോ രണ്ടോ ദിവസം മഹാനഗരത്തില്‍ തങ്ങുകയാണെങ്കില്‍ അവരുടെ കൂടെയും പട്ടണം ചുറ്റിക്കറങ്ങാനിറങ്ങും. ഖാദര്‍ ഭായി പറഞ്ഞ ദിവസങ്ങളിലൊന്നും പുറപ്പെടാന്‍ പറ്റിയില്ല. ആ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് തുടങ്ങിയപ്പോള്‍ ശരീഫും കൂട്ടുകാരും മുറുമുറുത്ത് തുടങ്ങി. വിസ കൈയ്യില്‍ കിട്ടി ഏകദേശം മാസം കടന്നു പോയിരിക്കുന്നു. ഇനിയും ഇവിടന്ന് പുറപ്പെടാന്‍ പറ്റിയിട്ടില്ല. ദുബായില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ എത്തിയ ശരീഫിന്റെ സുഹൃത്ത് വന്നപ്പോള്‍ ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു. അയാളും ഖാദര്‍ ഭായിയോട് പ്രശ്‌നങ്ങള്‍ ആരാഞ്ഞു. ഖാദര്‍ ഭായി തമാശ രൂപത്തില്‍ ചിരിച്ച് കൈയൊഴിഞ്ഞതല്ലാതെ വ്യക്തമായ മറുപടി ഒന്നും പറയുന്നില്ല. വൈകുന്നേരം പുതിയ സുഹൃത്തിന്റെ കൂടെ ഡോംഗ്രിയില്‍ തന്നെയുള്ള മറ്റൊരു ഏജന്‍സിയായ മജീദ് ഭായിയെ കണ്ടു, കാര്യങ്ങള്‍ പറഞ്ഞു. ഇയാളും നാട്ടുകാരനും ശരീഫിന്റെ കൂട്ടുകാരനുമാണ്. ഖാദര്‍ ഭായിയോട് കാര്യങ്ങള്‍ ചോദിച്ച ശേഷം വേണ്ടത് ചെയ്യാമെന്ന് മജീദ് ഭായ് ഏറ്റു.

ദിവസങ്ങള്‍ പിന്നെയും കടന്നു പോയി. ഖാദര്‍ ഭായിയെ സഹായിക്കുന്ന ചില ഉദ്യോഗസ്ഥ•ാര്‍ സ്ഥലം മാറിപ്പോയതും അവധിയില്‍ ആയതുമാണ് ഞങ്ങളുടെ യാത്രയുടെ തടസ്സം. മജീദിനോട് ഖാദര്‍ ഭായി കാര്യങ്ങള്‍ തുറന്നുപറഞ്ഞു. അവര്‍ തമ്മില്‍ സംസാരിച്ചു കാര്യങ്ങള്‍ ഉറപ്പിച്ചു. ഇനി ഞങ്ങളുടെ യാത്രാ പ്രശ്‌നം മജീദ് ശരിയാക്കും. പന്ത്രണ്ട് ദിവസം ഇവിടെ അര്‍ത്ഥമില്ലാതെ സമയം കളഞ്ഞതും മിച്ചം. മനസ്സില്‍ കോപം പതഞ്ഞു. എന്തു ചെയ്യും, എല്ലാം സഹിക്കുക തന്നെ. മജീദ് ഓടി നടന്ന് ശ്രമം നടത്തുന്നതിനിടയില്‍ രണ്ട് ദിവസം പിന്നെയും കടന്നു പോയി. സന്ധ്യക്ക് ഓടി മുറിയിലെത്തി പറഞ്ഞു. നാളെ രാത്രി നിങ്ങള്‍ക്ക് പോകാം. ടിക്കറ്റും മറ്റും റെഡിയായിട്ടുണ്ട്. മജീദ് സന്തോഷത്തോടെ അറിയിച്ചപ്പോള്‍ ഞങ്ങളുടെ മനസ്സ് തെളിഞ്ഞു.

ഖാദര്‍ ഭായിയുടെ മുഖത്ത് തീരെ തെളിച്ചമില്ല. പത്ത് ദിവസത്തോളം കിടന്നിട്ടും ഞങ്ങളുടെ യാത്ര ശരിയാക്കാന്‍ പറ്റാത്തതില്‍ ആ മനുഷ്യന് ഒരു വിഷമവുമില്ല. ഞങ്ങള്‍ മറ്റൊരു ഏജന്‍സി വഴി നാളെ യാത്ര പുറപ്പെടും എന്നതാണ് അദ്ദേഹത്തിന്റെ ദു:ഖം. മൂട്ട കടിയും വിയര്‍പ്പ് ഗന്ധവും സഹിച്ചു ഇത്രയും നാള്‍ ഉറങ്ങിയെങ്കിലും എന്തു കൊണ്ടോ ഉറക്കം വരുന്നില്ല. കണ്ണടച്ച് കിടന്നാല്‍ തെളിയുന്ന നാടിന്റെ കൊച്ചു കൊച്ചു ദൃശ്യങ്ങള്‍... ഉപ്പ, ഉമ്മ, ഭാര്യ, സഹോദരങ്ങള്‍, വിവിധ രൂപങ്ങള്‍.

പഴയ ടേപ്പ്‌റിക്കാര്‍ഡറില്‍ നിന്നും ഒഴുകി വരുന്ന മനോഹരമായ ഹിന്ദി ഗാനം, ശോക രാഗം അലയടിച്ചു. ഖാദര്‍ ഭായി ഉറങ്ങിയിട്ടില്ല. ജനലിനരികില്‍ നിന്നും നിര്‍ത്താതെ പുകയുയര്‍ന്നു. അസ്വസ്ഥത നിറയുമ്പോള്‍ അയാള്‍ എന്നും അങ്ങനെയാണ്. ചെറിയ പ്രശ്‌നം മതി, ഖാദര്‍ ഭായിക്ക് ഉറക്കം നഷ്ടപ്പെടാന്‍. ഏറെ വര്‍ഷങ്ങളായി ഖാദര്‍ ഭായി മുംബൈയിലാണ്. നാട്ടുകാരുടെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഖാദര്‍ ഭായിയുടെ സഹായത്തിന്റെ നിഴല്‍ ഉണ്ടാകും. ജോലി തേടി മുംബൈയില്‍ എത്തുന്നവര്‍ക്കും ഖാദര്‍ ഭായി തണലാണ്. ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യ കാലം മുതലുള്ള പലരുടെയും ജീവിത യാത്രയിലെ വഴി കാട്ടിയാകാന്‍ കഴിഞ്ഞെങ്കിലും ഖാദര്‍ ഭായി ഗള്‍ഫില്‍ പോയില്ല. പലരും ഭാഗ്യം തേടി കടല്‍ കടന്നപ്പോള്‍ എന്താണ് ഇവിടെ തന്നെ നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ഖാദര്‍ ഭായിയുടെ മറുപടി ഒരു പുഞ്ചിരി മാത്രമായിരിക്കും. ഈ മഹാനഗരം, ഇവിടത്തെ ജീവിതം, ഇത് നല്‍കുന്ന സംതൃപ്തി ഏറെ വലുതാണെന്ന് ഖാദര്‍ ഭായി ചിലപ്പോള്‍ പറയും.

മക്കളില്‍ ചിലര്‍ ഗള്‍ഫിലാണ്. അവര്‍ വന്നാലും ഖാദര്‍ ഭായി ചിലപ്പോള്‍ അവരുടെ കൂടെ തന്നെ നാട്ടിലേക്ക് യാത്രയാകും. അധികം നാള്‍ നാട്ടില്‍ തങ്ങില്ല. ഉടനെ മുംബൈയിലെ തന്റെ താവളത്തില്‍ എത്തിച്ചേര്‍ന്നു തിരക്ക് നിറഞ്ഞ നിമിഷങ്ങളില്‍ അലിയും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന ഖാദര്‍ ഭായിയുടെ ഓരോ ദിനങ്ങളും പുതിയ പുതിയ അനുഭവങ്ങളുടെ രസക്കാഴ്ചകളാണ്. യാത്രയ്ക്ക് തയ്യാറായിക്കോളൂ. ടിക്കറ്റും മറ്റും റെഡിയായിട്ടുണ്ട്. മജീദ് സന്തോഷത്തോടെ അറിയിച്ചപ്പോള്‍ ഞങ്ങളുടെ മനസ്സ് തെളിഞ്ഞു.

അവിടെ ജോലി ഉണ്ടാകുമോ? ഇത്തരം അധിക വിസകളിലും സ്ഥാപനങ്ങളില്‍ ജോലി കിട്ടാറില്ല. പണം കൊടുത്തു വാങ്ങുന്ന വിസയില്‍ ഗള്‍ഫ് നാടുകളില്‍ ഇറങ്ങാം. ജോലിയൊക്കെ സ്വയം കണ്ടെത്തണം. മനസ്സില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. പരിചയമില്ലാത്ത നാട്ടില്‍ ആരും തുണയില്ലാത്ത ഒരു ചുറ്റുപാടിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനസ്സില്‍ ആധി. എന്തും നേരിടാന്‍ തയ്യാറായി തന്നെയാണ് ഈ യാത്ര. ഇതില്‍ ചിന്തകള്‍ക്ക് സ്ഥാനമില്ല. മുംബൈ തെരുവീഥിയിലെ ഓരോ കാഴ്ചയോടും മൗനമായി വിട പറയുകയാണ്. പത്ത് ദിവസത്തില്‍ അധികമായി ഇണങ്ങിച്ചേര്‍ന്ന ചുറ്റുപാടുകളോട് വിട പറയുമ്പോള്‍ നേരിയ വേദന. ഹോട്ടലില്‍ എത്തി ഭക്ഷണം കഴിക്കുമ്പോള്‍ കഠിനമായ ജോലിക്ക് ശമ്പളം പോലും കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പാവങ്ങളോട് അനുകമ്പ തോന്നി. എവിടെയും പീഢിതര്‍ ഇങ്ങനെ തന്നെയല്ലേ?

താമസസ്ഥലത്തിനടുത്തുള്ള അലക്ക് കടയില്‍ നിന്നും വസ്ത്രങ്ങള്‍ എല്ലാം വാങ്ങി റൂമിലേക്ക് നടന്നു. സുഹൃത്തുക്കള്‍ എല്ലാം അടുക്കി വെക്കുന്ന തിരക്കിലാണ്. ഞാനും ബാഗില്‍ എല്ലാം എടുത്തു വെച്ചു. മജീദ് ഇടയ്ക്കു വന്നു. വിമാന ടിക്കറ്റും മറ്റും ഏല്‍പ്പിച്ചു. ഖാദര്‍ ഭായി ഗൗരവത്തില്‍ നോക്കി നില്‍ക്കുന്നു. വാടകയും മറ്റുമായി ഞങ്ങളുടെ കണക്കുകള്‍ എല്ലാം കൂട്ടി പൈസ കൊടുത്തു. എല്ലാം ഖാദര്‍ ഭായി പറയുന്ന കണക്ക് മാത്രം. ഞങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ പോയില്ല. രാത്രി യാത്രയ്ക്കുള്ള ടാക്‌സി വരെ അയാള്‍ തന്നെ ഏര്‍പ്പെടുത്തിയതാണ്. ഇനി അല്‍പം വിശ്രമിക്കാം. ഉച്ചയുറക്കത്തിന് ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. മനസ്സില്‍ ഭയപ്പാടുകള്‍ മാത്രം. മൂടിക്കെട്ടിയ ചിന്തകള്‍ അസ്വസ്ഥതകള്‍ പടര്‍ത്തി. നാട്ടില്‍ നിന്നും വിട പറഞ്ഞപ്പോള്‍ ഉള്ള അതേ വ്യഥ. സന്ധ്യയുടെ ഇരുട്ട് പടരുമ്പോള്‍ പട്ടണം പ്രകാശത്തില്‍ കുളിച്ചു. വസ്ത്രം മാറി യാത്രയുടെ അടുത്ത നിമിഷത്തെയും പ്രതീക്ഷിച്ചു ഞങ്ങള്‍ ഇരുന്നു. ''ഇനി വൈകേണ്ട'', മജീദ് എത്തി. ഞങ്ങള്‍ അനുസരണയോടെ ബാഗുമായി കോണിയിറങ്ങി..

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Ibrahim Cherkala, Experience, Article of ibrahim cherkala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia