Join Whatsapp Group. Join now!
Aster MIMS 10/10/2023

മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

മഹാനഗരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ നമ്മെ ഏറെ മോഹിപ്പിക്കുമെങ്കിലും ഇത്തരം പട്ടണങ്ങളിലെ നരകജീവിതം നയിക്കുന്ന ജനകോടികള്‍ പലപ്പോഴും നമ്മുടെ ശ്രദ്ധ അധികംArticle, Ibrahim Cherkala, Mumbai, Big City, Old Mumbai, Story about Old mumbai, Gulf, Liquor, Club, Massage Parlor, Distressed lives of the big cities
അനുഭവം-5/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 07.05.2018) മഹാനഗരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ നമ്മെ ഏറെ മോഹിപ്പിക്കുമെങ്കിലും ഇത്തരം പട്ടണങ്ങളിലെ നരകജീവിതം നയിക്കുന്ന ജനകോടികള്‍ പലപ്പോഴും നമ്മുടെ ശ്രദ്ധ അധികം നേടാതെ പോകുന്നു. ഒരാഴ്ചയിലധികം കടന്നു പോയിരിക്കുന്നു മുംബൈ ജീവിതം മടുത്തു തുടങ്ങി.  കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കി ഇപ്പോള്‍ ഞങ്ങള്‍ അധികവും ഒറ്റ തിരിഞ്ഞാണ് അലച്ചില്‍. നഗരക്കാഴ്ചകള്‍ കാണുന്നതിലും കൂടുതലായി അവിടങ്ങളിലെ മനുഷ്യ ജീവിതങ്ങളുടെ അവസ്ഥകള്‍, അനുഭവങ്ങള്‍ തേടിയാണ് എന്റെ യാത്ര.

ഞങ്ങളുടെ മുറിയുടെ തൊട്ടടുത്തു താമസിക്കുന്ന പല അന്യദേശക്കാരായും ഞങ്ങള്‍ ബന്ധപ്പെട്ടു തുടങ്ങി. ഒറ്റ മുറിയില്‍ ശ്വാസം മുട്ടി, ജീവിത ഭാരം പേറി നീങ്ങുന്ന എത്രയെത്ര കുടുംബങ്ങള്‍. ചെറിയ മുറികള്‍ക്ക് തന്നെ വലിയ വാടകയാണ്. ജനനവും മരണവും എന്നല്ല, ജീവിതത്തിന്റെ സകലതും ഈ ഒറ്റ മുറിയില്‍ ഒതുങ്ങുന്നു. അമ്മയും അച്ഛനും മക്കളും ചിലരുടെ മുത്തശ്ശിമാരും ഉണ്ടാകും. വിവാഹം കഴിഞ്ഞ മകനോ മകളോ ഉണ്ടെങ്കില്‍ അവരും എല്ലാം ഈ ഒറ്റമുറിയില്‍ നേരിയ തുണിക്കര്‍ട്ടന്റെ മറവുകളില്‍ ജീവിതാഭിലാഷങ്ങള്‍ സാധിക്കപ്പെടുന്നു. അടുക്കളയും കുളിസ്ഥലവും എല്ലാം ഈ ഒറ്റ മുറിയാണ്. എല്ലാ സൗകര്യങ്ങളുമുള്ള വലിയ വീടുകളില്‍ താമസിച്ചു ശീലിച്ച കേരളീയര്‍ക്ക് ഈ ജീവിതം ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റില്ല; ഇതാണ് നഗരം.

തെരുവില്‍ തന്നെ ജനനവും മരണവും ആഘോഷത്തോടെ തള്ളി നീക്കുന്നവരും കുറവല്ല. പകല്‍ സമയം ജോലി സ്ഥലങ്ങളില്‍ കഴിച്ച് കൂട്ടുന്ന ഇത്തരക്കാര്‍ രാത്രി വിജനമാകുന്ന നടപ്പാതകളില്‍ കട്ടില്‍ നിവര്‍ത്തിയോ വെറും നിലത്ത് ചാക്ക് വിരിച്ചോ ഉറങ്ങുന്നു. രാത്രി വൈകി ഗലിയിലെ റോഡില്‍ ഇറങ്ങിയാല്‍ നിരനിരയായി ഉറങ്ങുന്നവരെ കാണാം. അതിരാവിലെ എഴുന്നേറ്റ് നോക്കിയാല്‍ റോഡ് വിജനമായിരിക്കും. കുളിക്കാനും മറ്റും പൊതു ബാത്ത്‌റൂമിന് മുന്നില്‍ നീണ്ട വരി കാണാം. കുളിച്ചൊരുങ്ങി തെരുവില്‍ ഒതുക്കിവെച്ച സൈക്കിളില്‍ ജോലിസ്ഥലങ്ങളിലേക്ക് യാത്രയാകും. ഇനി രാത്രി, വിശ്രമത്തിന് ഇടം തേടി മടങ്ങി എത്തുന്ന അവരുടേതും ജീവിതമാണ്.

ഹോട്ടല്‍ ഭക്ഷണമായതു കൊണ്ട് അധിക ദിവസവും മാറി മാറി കഴിക്കും. ഭക്ഷണത്തിന്റെ കാര്യത്തിലും വലിയ അന്തരങ്ങള്‍ നഗരത്തിലുണ്ട്.  പണവും പത്രാസും ഉള്ളവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ രാജകീയ സദ്യ വിളമ്പുമ്പോള്‍ തെരുവിന്റെ മക്കള്‍ ഉണക്ക പാവും ദാല്‍ കറിയും വില്‍ക്കുന്ന ഉന്തുവണ്ടിയില്‍ നിന്നും ആര്‍ത്തിയോടെ ആഹാരം കഴിക്കുന്നു. ഇത് രണ്ടും രുചിക്കാനായി ഞാന്‍ പലപ്പോഴും വലിയ ഹോട്ടലിലെ ഭക്ഷണം പോലെ തന്നെ തെരുവിലെ പെട്ടിക്കടയിലെ പാവും ദാല്‍ ബാജിയും, കീമയൂം, റൊട്ടിയും എല്ലാം കഴിച്ചുനോക്കും. വിശക്കുന്നവന് മുന്നില്‍ ആഹാരം ഏതും വിലപ്പെട്ടതാണ്.

ഒരു ചായയ്ക്ക് പണം തികയാത്തവന് അര ചായ നല്‍കുന്ന സമ്പ്രദായവും ഇത്തരം തെരുവുകളില്‍ കാണാം. മുംബൈയെപ്പറ്റി പറയുമ്പോള്‍ പഴയകാലങ്ങളില്‍ ഏറെ പേടി തോന്നുന്നത് മഞ്ഞപ്പിത്തം എന്ന രോഗത്തെയാണ്. ഇവിടത്തെ വെള്ളം വഴിയാണ് ഇത് പകരുന്നതെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ചൂടു വെള്ളം മാത്രം കുടിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു. അതുപോലെ തെരുവില്‍ സുലഭമായി കിട്ടുന്ന കരിമ്പിന്‍ ജ്യൂസും ഇളനീരും ദാഹമകറ്റാന്‍ ഏറെ സഹായിക്കുന്നു.

ഗള്‍ഫ് മോഹങ്ങളുമായി എത്തി പല ചതിയിലും പെട്ട് പണം നഷ്ടപ്പെട്ടവരും ജീവിക്കാന്‍ ഒരു തൊഴിലെന്ന സ്വപ്നവുമായി മുംബൈയില്‍ വിവിധ തൊഴില്‍ ചെയ്യുന്ന പലരേയും ഞാന്‍ പരിചയപ്പെടുകയും അവരെ അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്തു. അധികം പേരും മറ്റൊരു കാണാതെ നരക യാതനകള്‍ സഹിക്കുന്നവരാണ്. കഠിനമായ അധ്വാനം ചെയ്താലും കണക്കായ കൂലി ലഭിക്കില്ല. തൊഴിലുടമയുടെ പീഡനവും ക്രൂരതകളും ഏല്‍ക്കേണ്ടതായും വരുന്നു.

കൃത്യമായ സമയനിഷ്ഠയൊന്നും പാലിക്കപ്പെടാത്ത ഹോട്ടലുകളില്‍ ജോലിചെയ്യുന്ന പലരേയും കണ്ടു. പതിനാല് മണിക്കൂറുകള്‍ വരെ ജോലി ചെയ്യുന്ന ഇത്തരക്കാര്‍ക്ക് ശരിയായ ഭക്ഷണമോ കൂലിയോ നല്‍കില്ല. എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മര്‍ദനവും ജോലി നഷ്ടവും സംഭവിക്കുമെന്നതു കൊണ്ട് ആരും പ്രതികരിക്കുന്നില്ല. വൃത്തിഹീനമായ അടുക്കളയില്‍ എച്ചില്‍പാത്രങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടുന്ന എത്രയെത്ര ബാല്യങ്ങള്‍...  നാട്ടിലെ ജീവിതം മടുത്തു നാടുവിട്ടവരും തമാശയ്ക്ക് ഒളിച്ചോടിയവരും എല്ലാം ഇത്തരം ഹോട്ടല്‍ അടുക്കളയില്‍ നീറി നീറി കഴിയുന്നത് കാണാം. അസുഖം വന്നാല്‍ പോലും അവധി കിട്ടില്ല. അധിക ഹോട്ടല്‍ ഉടമകളും ന്യായമായ ശമ്പളം നല്‍കാനും തയ്യാറാകില്ല. ചെറിയ മുറികളില്‍ തിങ്ങിക്കൂടി ശരിയായൊന്നു വിശ്രമിക്കാന്‍ പോലും കഴിയാത്ത ഇവരുടെ ജീവിതം മനസ്സിനെ നൊമ്പരപ്പെടുത്തി. എന്റെ ചില സാഹിത്യ സൃഷ്ടികളില്‍ ഇവരുടെ ജീവിതം ഇതിനു മുമ്പ് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇതില്‍ ഏറ്റവും ദു:ഖം തോന്നി എന്റെ കണ്ണു നനയിച്ചത് കാസര്‍കോടന്‍ ഉള്‍ഗ്രാമത്തില്‍ നിന്നും മുംബൈയില്‍ എത്തിപ്പെട്ട ശാഫിയുടെ ജീവിതമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെട്ട ശാഫി മുത്തശ്ശിയുടെ തണലില്‍ വളര്‍ന്നു. വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കേണ്ട പ്രായത്തില്‍ തന്നെ തെരുവില്‍ ജോലിതേടി അലഞ്ഞു, കൂട്ടുചേര്‍ന്നു. നാട്ടിലെ ചെറിയ ഹോട്ടലില്‍ പണിയെടുത്തു. ചിലരുടെ പ്രേരണയില്‍ കള്ളവണ്ടി കയറി മുംബൈയില്‍ എത്തി. ഇവിടെയും ഹോട്ടല്‍ പണി കിട്ടി. ജോലി കഴിഞ്ഞാല്‍ കൂട്ടുകാരുടെ കൂടെ അലഞ്ഞു തിരിയും. ഇതിനിടയില്‍ ചില തെരുവു ഗുണ്ടകളുമായി ചേര്‍ന്ന് പോക്കറ്റടിയും മറ്റും പഠിച്ചു. ഒരു ദിവസം ബസ്സില്‍ നിന്നും പോക്കറ്റടിച്ചു രക്ഷപ്പെടാന്‍ തിരക്കു പിടിച്ച റോഡില്‍ക്കൂടി ഓടി. ഓട്ടത്തിനിടയില്‍ ചീറി വന്ന കാറ് തട്ടിത്തെറിച്ചു വീണു. രക്തത്തില്‍ കുളിച്ചു ബോധം നശിച്ച ശാഫിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. ഒരു കാല്‍ ഇതോടെ നഷ്ടപ്പെട്ടു. ഒരു കൈയുടെ സ്വാധീനം കുറഞ്ഞു. കുറേ ആശുപത്രിയില്‍ കിടന്നു മടങ്ങിവന്നു. ആദ്യം കൂട്ടുകാര്‍ സഹായിച്ചു, പിന്നെ ആരും തിരിഞ്ഞു നോക്കാതായി... പിന്നെ ശരണം യാചന മാത്രം.

തന്റെ വിധിയില്‍ കണ്ണീര്‍ വാര്‍ത്ത് നടപ്പാതയില്‍ ഇരുന്നു കൈ നീട്ടുന്ന ശാഫിയുടെ രൂപം പല രാത്രികളിലും എന്റെ ഉറക്കം കെടുത്തി. അവന്റെ ചില പരിചയക്കാരാണ് ഈ ദയനീയ ജീവിതത്തിന്റെ വിവരണം നല്‍കിയത്. ഞാന്‍ മുംബൈയില്‍ നിന്നും ഗള്‍ഫില്‍ പോകുന്നതു വരെ എല്ലാ ദിവസവും ഒരു പ്രാവശ്യം അവനെ കാണാനെത്തും. ദൂരെ നിന്നും കുറേ സമയം നോക്കി നില്‍ക്കും. അവന്റെ യാചനാ പാത്രത്തില്‍ എന്തെങ്കിലും നിക്ഷേപിച്ച് തിരച്ചു നടക്കുമ്പോള്‍ കണ്ണുകള്‍ നിറയും. ചാടിക്കളിക്കേണ്ട ബാല്യം അനുഭവിക്കുന്ന ദുരിത യാതനകള്‍...

വന്‍ നഗരങ്ങളുടെ തിളക്കമാര്‍ന്ന ദീപ ശോഭയ്ക്ക് പിന്നിലെ കറുത്ത പൊട്ടുകള്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നു. തെരുവില്‍ ഉറങ്ങുന്നവരും അതു പോലെ പകര്‍ച്ചവ്യാധികളുടെ പേ-ക്കോലങ്ങളായ യാചകരും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ഉടുമുണ്ടുരിഞ്ഞു ശരീരം വില്‍ക്കുന്ന പെണ്ണുങ്ങളും എല്ലാ മഹാനഗരങ്ങളുടെയും ദുര്‍മുഖങ്ങളാണ്. ദരിദ്ര ഇന്ത്യയുടെ മുഖചിത്രമായി ഇത്തരം ദൃശ്യങ്ങള്‍ പല പത്ര പ്രസിദ്ധീകരണങ്ങളിലും കാണാന്‍ പറ്റും.

ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും എത്തിപ്പെടുന്നവര്‍ക്ക് ഇവിടത്തെ പല കാഴ്ചകളും അത്ഭുതവും കൗതുകവും നല്‍കും. മുംബൈയില്‍ ചില തെരുവുകളില്‍ പരസ്യമായ വ്യഭിചാര ശാലകള്‍ ആദ്യമായി നേരില്‍ക്കാണുമ്പോള്‍ ആരും ഒന്ന് അമ്പരന്നു പോകും. അല്‍പവസ്ത്രം ധരിച്ച് ഇരയെ മാടി വിളിക്കുന്ന ബാല്യ കൗമാരക്കാര്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ ഇത്തരം ചുവന്ന തെരുവുകളില്‍ മാംസക്കച്ചവടം നടത്തുന്നു.  ഇത്തരം വൃത്തികെട്ട ഗാലികളില്‍ എത്തിയാല്‍ എല്ലാ മനുഷ്യ വികാരങ്ങളും മരവിക്കും. പവിത്രമായ മനുഷ്യ ബന്ധങ്ങളില്‍ കോര്‍ത്ത് നടത്തേണ്ട കാമ മോഹ വികാരങ്ങള്‍ക്ക് ഇത്തരം ഇടങ്ങളില്‍ ഒരു വിലയും ഇല്ല. നാല്‍ക്കാലി മൃഗത്തെപ്പോലെ ചിന്തയില്ലാതെ ഇണ ചേരുന്നവര്‍. ശാരീരിക ബന്ധങ്ങള്‍ക്ക് വിലപേശുന്നു. കൂട്ടിക്കൊടുപ്പുകാരും വേശ്യാലയ നടത്തിപ്പുകാരും എല്ലാം ചേര്‍ന്നൊരുക്കുന്ന വലയം. അവിടെ സ്ത്രീ ശരീരങ്ങള്‍ കച്ചവട വസ്തു മാത്രം. രാജ്യത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും തട്ടിക്കൊണ്ട് പോയും പ്രേമ ചതിയില്‍ കുടുങ്ങിയും ഒളിച്ചോടിയും എല്ലാം എത്തപ്പെടുന്ന യുവതികളും കുട്ടികളും ഭര്‍തൃമതികളുമെല്ലാം കച്ചവട കൈമാറ്റങ്ങളിലൂടെ ചുവന്ന തെരുവില്‍ എത്തപ്പെടുന്നു. ചില ആചാരങ്ങളുടെ പേരിലും സ്ത്രീകളെ വേശ്യത്തെരുവില്‍ സമര്‍പ്പിക്കപ്പെടുന്നതും കുറവല്ല. ഇന്ത്യയുടെ അതിര്‍ത്തി രാജ്യമായ നേപ്പാളില്‍ നിന്നും എത്തപ്പെട്ട ധാരാളം യുവതികള്‍ ചുവന്ന തെരുവില്‍ ഉണ്ട്. കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥനക്കാര്‍ കൂടുതലായി കണ്ടുവരുന്നു. കേരളത്തിലെ തരുണീമണികളും കുറവല്ല.

മറ്റു അധോലോക ശൃംഖല പോലെ തന്നെ ഈ രംഗത്തെയും നിയന്ത്രിക്കുന്ന വന്‍കിടക്കാര്‍ ഉണ്ട്. മനുഷ്യ കച്ചവടം നടത്തുന്ന ഇവര്‍ ഇന്ത്യയുടെ പല ഭാഗത്തും ഏജന്‍സികളെ ഏര്‍പ്പെടുത്തി ഇരകളെ സംഘടിപ്പിക്കുന്നു. സ്ത്രീ സമൂഹം തന്നെയാണ് പല വേശ്യാത്തെരുവിന്റെയും പ്രധാന മേലധികാരികള്‍. ചുവന്ന തെരുവില്‍ എന്നപോലെ തന്നെ സ്ത്രീകളെ ഉപയോഗിച്ച് നൃത്തശാലകളും മസാജ് പാര്‍ലറുകളും നടത്തപ്പെടുന്നു.  അതുപോലെ ക്യാബറെ നൃത്ത ക്ലബ്ബുകളും എല്ലാം വന്‍ നഗരങ്ങളുടെ പുഴുക്കുത്തുകളാണ്. മദ്യഷാപ്പുകളിലെ നൃത്തവും മസാജ് പാര്‍ലറുകളിലെ സ്ത്രീ തടവലും എല്ലാം മാന്യമായ വേശ്യാലയങ്ങള്‍ തന്നെയാണ്. മുംബൈയില്‍ ആദ്യ കാലങ്ങളില്‍ എല്ലാം ഇത്തരം പ്രവര്‍ത്തികള്‍ ഒരു തടസ്സവും ഇല്ലാതെ തന്നെ നടത്തി വന്നിരുന്നു. ഇന്നു മദ്യശാലയിലെ കൂത്താട്ട നൃത്തത്തിന് അല്‍പം നിയമ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും രഹസ്യമായി എല്ലാം നടത്തപ്പെടുന്നു.
(തുടരും)

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Ibrahim Cherkala, Mumbai, Big City, Old Mumbai, Story about Old mumbai, Gulf, Liquor, Club, Massage Parlor, Distressed lives of the big city, Ibrahim Cherkala's Experience-5. < !- START disable copy paste -->