city-gold-ad-for-blogger

അക്രമത്തിന് അയവില്ല; കട തീവെച്ച് നശിപ്പിച്ചു

ആദൂര്‍: (www.kasargodvartha.com 15.09.2017) ബോവിക്കാനത്ത് ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ മറവില്‍ ഉടലെടുത്ത സി പി എം-ബി ജെ പി സംഘര്‍ഷത്തിന് അയവുവന്നില്ല. ബോവിക്കാനം ടൗണില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോസ്റ്റാറ്റ് കട തീവെച്ച് നശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഫോട്ടോസ്റ്റാറ്റ് കടക്ക് തീപിടിക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ പോലീസ് തീയണക്കുകയായിരുന്നു. കടക്കകത്തെ ഫോട്ടോസ്റ്റാറ്റ് സാമഗ്രികള്‍ കത്തിനശിച്ചു. പെട്ടെന്ന് തന്നെ തീയണക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഫോട്ടോസ്റ്റാറ്റ് കടയുടെ ചില്ല് തകര്‍ത്ത് അകത്തേക്ക് തീയിട്ട ശേഷം സംഘം കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

രാജന് പ്രത്യേക രാഷ്ട്രീയ ആഭിമുഖ്യമൊന്നുമില്ലെന്നും തീവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ശോഭായാത്രയുമായി ബന്ധപ്പെട്ട് ബോവിക്കാനത്ത് ഉടലെടുത്ത സി പി എം- ബി ജെ പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഈ സംഭവവുമെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം രാത്രി മുളിയാര്‍ ഗ്രാമപഞ്ചായത്തംഗവും സി പി എം മുന്‍ മുളിയാര്‍ ലോക്കല്‍ സെക്രട്ടറിയുമായ എം മാധവന്റെ ബോവിക്കാനം മഞ്ചക്കല്ലിലുള്ള വീടിന് നേരെ ആക്രമണം നടന്നിരുന്നു. ബൈക്കിലെത്തിയ എട്ടംഗസംഘമാണ് വീടിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നില്‍ ബി ജെ പി പ്രവര്‍ത്തകരാണെന്നാണ് സി പി എമ്മിന്റെ ആരോപണം.

ബോവിക്കാനം നെക്രംപാറയില്‍ വെച്ച് ബാലസംഘം മുളിയാര്‍ വില്ലേജ് സെക്രട്ടറി ബിജോഷ് അക്രമത്തിനിരയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മുള്ളേരിയ ടൗണില്‍വെച്ച് എസ് എഫ് ഐ ജില്ലാസെക്രട്ടറിയേറ്റംഗം ഇരിയണ്ണിയിലെ മനോജും ഇരിയണ്ണിയില്‍ വെച്ച് എ ബി വി പി പ്രവര്‍ത്തകന്‍ ബോവിക്കാനം മല്ലത്തെ വിഷ്ണുപ്രസാദും ആക്രമിക്കപ്പെട്ടു.

അക്രമത്തിന് അയവില്ല; കട തീവെച്ച് നശിപ്പിച്ചു


Keywords:  Kasaragod, Kerala, news, Bovikanam, fire, shop set fire in Bovikanam

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia