City Gold
news portal
» » » » » » » » ആഡംബരകാറുകളില്‍ രഹസ്യ അറകളുണ്ടാക്കി കഞ്ചാവ് കടത്തുന്നു; ഇരകളിലേറെയും വിദ്യാര്‍ഥികള്‍

കാസര്‍കോട്: (www.kasargodvartha.com 07/02/2017) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആഡംബരകാറുകളില്‍ രഹസ്യ അറകളുണ്ടാക്കി കഞ്ചാവ് കടത്തുന്നു. ഇതുമൂലം അധികൃതരുടെ കണ്ണുവെട്ടിച്ച് വ്യാപകമായി കഞ്ചാവ് കടത്താന്‍ മാഫിയാസംഘങ്ങള്‍ക്ക് സാധിക്കുന്നു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ കഞ്ചാവിന് ഇരകളും അടിമകളുമാക്കി മാറ്റുന്ന വിധത്തിലാണ് വിപണനം സജീവമായിരിക്കുന്നത്. ജില്ലയില്‍ നിരവധി കഞ്ചാവ് മൊത്ത വില്‍പന കേന്ദ്രങ്ങളാണുള്ളത്.

നേരത്തെ കാസര്‍കോട് ജില്ലയിലെ വിദ്യാലങ്ങളിലേക്കും മറ്റും കഞ്ചാവ് എത്തിച്ചിരുന്നത് ഇടുക്കിയില്‍ നിന്നുമായിരുന്നു. അധികൃതര്‍ നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് ഇടുക്കി കഞ്ചാവിന് മാര്‍ക്കറ്റ് കുറഞ്ഞതോടെയാണ് ജില്ലയിലെ വിവധ ഭാഗങ്ങളില്‍ കഞ്ചാവ് മാഫിയകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപ്പള, കുമ്പള, കാസര്‍കോട്, മേല്‍പറമ്പ്, ബേക്കല്‍, പള്ളിക്കര, നീലേശ്വരം, ചെറുവത്തൂര്‍ ഭാഗങ്ങളില്‍ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുകയാണ്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇത്രം സംഘങ്ങളുടെ പ്രവര്‍ത്തനം.

അഞ്ചുവര്‍ഷത്തിലേറെയായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്കും, ജില്ലകളിലേക്കും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ട്. ആന്ധ്രാ പ്രദേശില്‍ നിന്നും തുച്ഛമായ വിലക്ക് ലഭിക്കുന്ന കഞ്ചാവ് വിവിധ കേന്ദ്രങ്ങളില്‍നിന്നും മൊത്തവിലയ്ക്ക് വാങ്ങി കൊണ്ട് പോകാന്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും ഇടനിലക്കാര്‍ ഈ ഭാഗത്ത് തമ്പടിച്ചതായാണ് വിവരം.

കുറഞ്ഞ വിലക്ക് കിട്ടുമെന്നത് തന്നെയാണ് കഞ്ചാവ് മൊത്തകച്ചവടക്കാരെ ആന്ധ്രാ പ്രദേശിലേക്ക് ആകര്‍ഷിക്കുന്നത്. 2.300 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പായ്ക്ക് 6,000 രൂപയ്ക്കാണ് ആന്ധ്രയിലെ നക്‌സല്‍ മേഖലകളില്‍ നിന്നും ലഭിക്കുന്നത്. നക്‌സലൈറ്റുകളുടെ പ്രധാന വരുമാന മാര്‍ഗമാണ് ഇവിടത്തെ കഞ്ചാവ് കൃഷി. പുറമേയുള്ളവര്‍ക്ക് പ്രവേശനമില്ലാത്ത ഉള്‍കാടുകളില്‍ നിന്നും ഇടനിലക്കാര്‍ വഴി എത്തിച്ചു കൊടുക്കുന്ന ഈ കഞ്ചാവ് 20,000 രൂപക്കാണ് കാസര്‍കോട്ടെത്തിച്ച് വില്‍പന നടത്തുന്നത്.

ഒരു ട്രിപ്പില്‍ 100 മുതല്‍ 150 കിലോ വരെയാണ് കടത്തുന്നത്. സംശയം തോന്നാതിരിക്കാനാണ് ആഡംബര കാറുകളില്‍ രഹസ്യ അറകള്‍ നിര്‍മ്മിച്ച് കഞ്ചാവ് കടത്തുന്നത്. മൂന്നു ദിവസത്തെ യാത്ര ഒറ്റുകാരുടെ തടസ്സമില്ലാതെ എത്തിയാല്‍ ഇവര്‍ക്ക് ലഭിക്കുന്നത് ലക്ഷങ്ങളാണ്. ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും ലക്ഷം രൂപ ഉണ്ടാക്കാന്‍ സാധിക്കുന്നതിനാല്‍ പലരും ഈ രംഗത്തേക്ക് കടന്നുവരികയും ചെയ്യുന്നു.
ആന്ധ്രയില്‍ നിന്നും എത്തിക്കുന്ന  കഞ്ചാവ് ചെറിയ പാക്കുകളിലാക്കി വില്‍പന നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് 40,000 മുതല്‍ 50,000 വരെ ലഭിക്കുന്നുണ്ട്. നേരെ ഇരട്ടി ലാഭം കൊയ്യാമെന്നതിനാല്‍ ഈ മേഖലയില്‍ കിടമല്‍സരം തന്നെ നിലനില്‍ക്കുകയാണ്.

സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരാണ് ഇവരുടെ സ്ഥിരം ഉപഭോക്താക്കള്‍. വിതരണക്കാര്‍ കൂടുതല്‍ എത്തിയതോടെ ഈ രംഗത്ത് തിരക്കേറുന്നു. ഇത് മൂലം ആവശ്യക്കാര്‍ക്ക് വേണ്ട സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കുന്നതും, കടം നല്‍കുന്നതും പതിവായതിനാല്‍ കഞ്ചാവ് വില്‍പനയും ഉപഭോഗവും ദൈനംദിനം ഗണ്യമായി വര്‍ദ്ധിക്കുകയാണ്.  ഇങ്ങനെയൊക്കെ നടക്കുമ്പോഴും അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Ganja, Police, Students, Kerala, Car, Smuggling, Ganja smuggling in luxury vehicles

About kvartha delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date