city-gold-ad-for-blogger
Aster MIMS 10/10/2023

കേരളത്തിന്റെ വാല് മുറിഞ്ഞോ? സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച പി കരുണാകരന്‍ എം പിയോട് കാസര്‍കോട്ടുകാരന്റെ പ്രതികരണം

(www.kasargodvartha.com 20/07/2016) സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദിഷ്ട അതിവേഗ റെയില്‍പാതയില്‍ കാസര്‍കോട് ജില്ലയെ അവഗണിച്ചതിനെതിരെ പ്രതിഷേധം പൊതുജനങ്ങളിലും ഉയര്‍ന്നു തുടങ്ങി. ഈ വിഷയത്തില്‍ പി കരുണാകരന്‍ എം പി സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തുവന്നത് ചര്‍ച്ചയായിരിക്കുകയാണ്. എം പിയുടെ പ്രതികരണത്തെ അഭിനന്ദിച്ച് ചിലര്‍ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

എന്നാല്‍ തുടക്കത്തില്‍ ഇടപെടുന്ന ജനപ്രതിനിധികളെ പിന്നീട് പ്രതിഷേധം കനക്കുമ്പോള്‍ കാണുന്നില്ല എന്ന പരിഭവമാണ് പൊതുജനങ്ങള്‍ക്കുള്ളത്. ഈ വിഷയത്തില്‍ ആറാട്ടുകടവിലെ പ്രകാശ് പ്രതികരിക്കുന്നു.

എന്റെ പേര് എ കെ പ്രകാശ്. ഉദുമ പഞ്ചായത്തിലെ ആറാട്ടുകടവില്‍ നിന്നുമുള്ള ഒരു കാസര്‍കോട്ടുകാരന്‍. അതിവേഗ റെയില്‍പാത വിഷയത്തില്‍ കാസര്‍കോടിനെ തഴഞ്ഞ സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് നമ്മുടെ എം പി പ്രസ്താവന നടത്തിയത് കാസര്‍കോട് വാര്‍ത്തയില്‍ വായിച്ചപ്പോഴാണ് ഒരു മറുപടി എഴുതണമെന്ന് തോന്നിയത്.

12 വര്‍ഷമായി നമ്മുടെ സ്ഥിരം എം പിയാണ് പി കരുണാകരേട്ടന്‍. തിരുവനന്തപുരം - കണ്ണൂര്‍ അതിവേഗ റെയില്‍ പാതയുടെ റിപോര്‍ട്ട് മാധ്യമങ്ങളില്‍ വന്നത് 10 ദിവസം മുമ്പ് വായിച്ചിരുന്നു. പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം തുടങ്ങിയത് ജൂലൈ 18 നാണ്. ഇന്നാണോ അങ്ങു ഈ കാര്യം അറിഞ്ഞത് ? ഇനി നമ്മുടെ എം പി കാസര്‍കോട് നിന്നും, കേരളത്തില്‍ നിന്നും അകന്ന് രാഷ്ട്രീയ വനവാസത്തിലായിരുന്നെങ്കില്‍, ഞാന്‍ പറയുന്നത് തെറ്റായിരിക്കാം. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എം പിമാരുടെ യോഗത്തില്‍ മുന്‍പന്തിയില്‍ അങ്ങും ഉണ്ടായിരുന്നു.

രാഷ്ട്രീയത്തിനതീതമായി കാസര്‍കോട്ടെ ജനങ്ങള്‍ ഈ അവഗണ ഏറ്റെടുത്തപ്പോള്‍, കഴിഞ്ഞ കുറച്ചു ദിവസമായി ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും, കാസര്‍കോട് വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലും പിന്നീട് മറ്റു മാധ്യമങ്ങളിലും വാര്‍ത്ത വരാന്‍ തുടങ്ങിയിരുന്നു. എം പിയുടെ പ്രതികരണം കാസര്‍കോട് വാര്‍ത്ത ആരാഞ്ഞപ്പോള്‍ അദ്ദേഹം കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പമാണ് നിന്നത്. കാസര്‍കോടിനോടുള്ള അവഗണന അന്നും ഇന്നും ഒരു തുടര്‍ക്കഥയാണ്. ഇപ്പോഴാണ് എന്നെപ്പോലുള്ള ചെറുപ്പക്കാര്‍ കക്ഷി നോക്കാതെ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. അവഗണന ഇങ്ങനെ തുടര്‍ന്നാല്‍, എം എല്‍ എമാരെ കൊണ്ടോ എം പിയെ കൊണ്ടോ ഒന്നും കഴിയില്ലെന്ന് ബോധ്യമുണ്ട്. ജനങ്ങളുടെ ഊഴമാണ് ഇനി. നമ്മുടെ കാസര്‍കോടിനോടുള്ള ഇരട്ടത്താപ്പിനെതിരെ കാസര്‍കോട്ടുകാരുടെ ശക്തി ഭരണത്തലവന്‍മാര്‍ അറിയാനിരിക്കുന്നതേയുള്ളൂ.

2015 ജൂലൈ നാലിന് ഡല്‍ഹി ഉള്‍പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോവുന്ന 10 ട്രെയിനുകള്‍ ജില്ലയില്‍ ഒരിടത്തും നിര്‍ത്താതെയാണ് കടന്നു പോവുന്നതെന്നും അതിനു കാസര്‍കോട്ട് ഒരു മിനിറ്റ് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴും എം പിയുടെ മറുപടി കണ്ട് സന്തോഷം തോന്നി. എന്നാല്‍ പിന്നീടുള്ള പ്രതികരണത്തില്‍ നിന്നും ഒന്നു മനസിലായി, ഒന്നും നടക്കില്ല എന്ന്. ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ കാസര്‍കോട്ടുകാരുടെ മനസിലുള്ളതുകൊണ്ടായിരിക്കാം അതിവേഗ റെയില്‍ പാത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് അങ്ങ് പ്രസ്താവന ഇറക്കിയപ്പോള്‍ അതിലെ ആത്മാര്‍ത്ഥത വിശ്വസിക്കാന്‍ ഒരു പ്രയാസം തോന്നിയത്.

04 07 2015 ന് എം പിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം ചുവടെ:
'ഡിയര്‍ കരുണാകരേട്ടന്‍, വികസനത്തിന്റെ ചൂളംവിളി കേട്ട് തുടങ്ങുന്നുണ്ടെങ്കിലും 'ബഹുദൂരം' പിന്നിലായ കാസര്‍കോട് ജില്ലയ്ക്ക് ഇനിയും പല കാര്യങ്ങളും നേടിയെടുക്കേണ്ടതുണ്ട്. ഡല്‍ഹി ഉള്‍പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോവുന്ന 10 ട്രെയിനുകള്‍ ജില്ലയില്‍ ഒരിടത്തും നിര്‍ത്താതെയാണ് കടന്നു പോവുന്നത്.

തിരുവനന്തപുരത്ത് നിന്ന് എട്ട് ട്രെയിനുകളും കോയമ്പത്തൂരില്‍ നിന്നുള്ള രണ്ട് ട്രെയ്‌നുകള്‍ക്കുമാണ് ജില്ലയില്‍ ഒരിടത്തും സ്‌റ്റോപ്പ് അനുവദിക്കാത്തത്. വിവിധ ആവശ്യങ്ങള്‍ക്കായി തെക്കന്‍ ജില്ലകളിലേക്ക് പോവാന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന മലബാര്‍ എക്‌സ്പ്രസിലും മാവേലിയിലും കാലു കുത്താന്‍ ഇടമില്ലാതെ ഇരിക്കുമ്പോഴാണ് ജില്ലയില്‍ ഒരിടത്തും നിര്‍ത്താതെ 10 ട്രെയിനുകള്‍ കടന്നു പോകുന്നത്.

ഈ 10 ട്രെയിനുകള്‍ക്കും, ജനപ്രതിനിധികളുടെ ഇടപെടലുകള്‍ കാരണം മറ്റു ജില്ലകളിലെ പല അപ്രധാന സ്ഥലങ്ങളില്‍ പോലും സ്‌റ്റോപ്പ് അനുവദിക്കുകയും സമയം നഷ്ടപ്പെടുത്തുകയും ചെയ്യുമ്പോഴാണ് റെയില്‍വെയ്ക്ക് കാസര്‍കോടിനോടുള്ള ഇരട്ടത്താപ്പ്. കാസര്‍കോടിന്റെ പല വികസന പരിപാടികള്‍ക്കും മുന്നില്‍ നിന്നിട്ടുള്ള താങ്കള്‍ക്ക്, കാസര്‍കോടിന്റെ എം പി എന്ന നിലയില്‍ കേന്ദ്ര മന്ത്രിമാരുടെ ഓഫീസ് മുഖാന്തരം എന്തെങ്കിലും അവിടെ ചെയ്യാന്‍ പറ്റുമെന്ന് കരുതുന്നു.


ചിലപ്പോള്‍ ഇതൊക്കെ എന്റെയും എന്നെപോലുള്ളവരുടെയും തെറ്റിദ്ധാരണകളായിരിക്കാം. കാസര്‍കോടിനോടുള്ള അവഗണയില്‍ ശക്തമായി ഇടപെട്ട് മാറ്റം വരുത്താന്‍ അങ്ങ് ശ്രമിക്കുകയാണെങ്കില്‍ തെറ്റ് അംഗീകരിക്കാനും അങ്ങയെ പിന്തുണക്കാനും ഒരു മടിയുമില്ല. കാസര്‍കോടിന്റെ കാര്യം വരുമ്പോള്‍ നമ്മളെല്ലാം ആദ്യം കാസര്‍കോട്ടുകാരാകണം.

Click Here To Download Kasargodvartha Android App

Related News:  





കേരളത്തിന്റെ വാല് മുറിഞ്ഞോ? സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച പി കരുണാകരന്‍ എം പിയോട് കാസര്‍കോട്ടുകാരന്റെ പ്രതികരണം

Keywords : Kasaragod, Development Project, P.Karunakaran-MP, Railway, High Speed Railway Line, AK Prakash.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL