city-gold-ad-for-blogger
Aster MIMS 10/10/2023

സുധാകരന്റെ പരാജയത്തെ ചൊല്ലി കോണ്‍ഗ്രസ്സും ലീഗും തുറന്ന പോരില്‍; ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാവി ആശങ്കയില്‍

കാസര്‍കോട്: (www.kasargodvartha.com 27.05.2016) ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പരാജയത്തെ ചൊല്ലി കോണ്‍ഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്നത് വരാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നു.

ഉദുമ പഞ്ചായത്തും ചെമ്മനാടും പള്ളിക്കരയും ഉള്‍പ്പെടുന്ന ഡിവിഷനിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉദുമയില്‍ നിന്നുള്ള അംഗം കോണ്‍ഗ്രസ്സിലെ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 17 അംഗങ്ങളുള്ള ജില്ലാപഞ്ചായത്തില്‍ യുഡിഎഫിന് എട്ടും എല്‍ഡിഎഫിന് 7ഉം ബിജെപിക്ക് 2ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പാദൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഡിഎഫിനും എല്‍ഡിഎഫിനും ഇപ്പോള്‍ 7 വീതം അംഗങ്ങളാണ്. ഇതോടെ ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാവുകയാണ്.

കെ സുധാകരന്റെ തോല്‍വിയുടെ ഉത്തരവാദിത്വം പരസ്പരം ആരോപിച്ച് കോണ്‍ഗ്രസ്സും ലീഗും തമ്മിലടിക്കുന്നതിനാല്‍ ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് ബാങ്കില്‍ തന്നെ വിള്ളല്‍ വീഴുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഉദുമയിലെ ലീഗ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞത് സുധാകരന്റെ പരാജയത്തിന് കാരണമായെന്ന കോണ്‍ഗ്രസിന്റെ ആരോപണമാണ് ലീഗിനെ ചൊടിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് പ്രതിനിധിയായിരിക്കും മത്സരിക്കുക. എന്നാല്‍ ഇപ്പോഴത്തെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാര്‍ത്ഥിക്ക് ലീഗിന്റെ വോട്ടുകള്‍ ലഭിക്കുമോ എന്ന കാര്യം സംശയമാണ്. കോണ്‍ഗ്രസ്സ് നേതൃത്വം പ്രചാരണത്തില്‍ വലിയ താല്‍പര്യം കാണിക്കാതിരുന്നതാണ് സുധാകരന് തിരിച്ചടിയായതെന്ന് ലീഗും പറയുന്നു.

ഉദുമ പഞ്ചായത്തിലെ മുഴുവനും ചെമ്മനാട്ടെ 7 ഉം പള്ളിക്കരയിലെ 8 ഉം വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഉദുമ ഡിവിഷന്‍. ചെമ്മനാട്, പള്ളിക്കര, മുളിയാര്‍ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളില്‍ നിന്ന് മിക്ക വോട്ടുകളും സുധാകരന് ലഭിച്ചില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. അതേ സമയം സുധാകരന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നത് തങ്ങളാണെന്ന് ലീഗ് വ്യക്തമാക്കുന്നു.

ലീഗ്-കോണ്‍ഗ്രസ്സ് പോര് സന്തോഷിപ്പിക്കുന്നത് എല്‍ഡിഎഫിനെയാണ്. ഉദുമ, ചെമ്മനാട്, പള്ളിക്കര പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. ഈ അനുകൂല സാഹചര്യവും യുഡിഎഫിലെ പ്രശ്‌നങ്ങളും ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ നേട്ടമാവുമെന്ന് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു.

ജില്ലാ പഞ്ചായത്ത് ഭരണ സമിതിയില്‍ മുസ്ലിം ലീഗിന്റെ എജിസി ബഷീറാണ് പ്രസിഡണ്ട്. രണ്ടര വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ്സിന് പ്രസിഡണ്ട് പദവി കൈമാറുമെന്നാണ് കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ഉദുമ ഡിവിഷനില്‍ ഇക്കുറി എല്‍ഡിഎഫിനാണ് വിജയമെങ്കില്‍ കരാറിന് പ്രസക്തിയുണ്ടാകില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഭരണ സമിതിയില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്യാതെ മാറിനില്‍ക്കുകയാണെങ്കില്‍ യുഡിഎഫിന് ഭരണം കൈവിട്ട് പോകുന്ന സ്ഥിതിയും നിലനില്‍ക്കുന്നു.

അതേസമയം ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റേയും ലീഗിന്റേയും മണ്ഡലം കമ്മിറ്റി, വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ എന്നിവയും പ്രാദേശിക ഘടകങ്ങളും ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് യു ഡി എഫിന് ആശ്വാസം നല്‍കുന്നുണ്ട്.
സുധാകരന്റെ പരാജയത്തെ ചൊല്ലി കോണ്‍ഗ്രസ്സും ലീഗും തുറന്ന പോരില്‍; ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാവി ആശങ്കയില്‍

Keywords: Kasaragod, Uduma, UDF, Jilla Panchayat, Muslim League, LDF, BJP, K Sudhakaran, Dispute continues over Sudhakaran.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL