city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു എയര്‍പോര്‍ട്ടില്‍ മലയാളി യാത്രക്കാരോടുള്ള പീഡനം തുടര്‍ക്കഥ; കാസര്‍കോട് സ്വദേശിയുടെ പാസ്‌പോര്‍ട്ടിലെ വിസ പേജ് കീറിക്കളഞ്ഞതായുള്ള വിവരം പുറത്തുവന്നു

മുനീര്‍ പി ചെര്‍ക്കളം

Kasargodvartha Exclusive

ദുബൈ: (www.kasargodvartha.com 05/02/2016) മംഗളൂരു എയര്‍പോര്‍ട്ട് വഴി വിദേശങ്ങളിലേക്ക് പോവുന്ന യാത്രക്കാരോടുള്ള, വിശിഷ്യാ മലയാളികളോടുള്ള എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ പീഢനം തുടര്‍ക്കഥ. കാസര്‍കോട് ചെര്‍ക്കളയിലെ ഹസന്‍കുട്ടിയുടെ പാസ്‌പോര്‍ട്ടിലെ വിസ പേജാണ് ഏറ്റവും ഒടുവിലായി കീറിക്കളഞ്ഞതായുള്ള വിവരം പുറത്തുവന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം.

നേരത്തെ ഇത്തരം സംഭവങ്ങള്‍ പതിവായതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതരുടെ നിരുത്തരവാദ പെരുമാറ്റത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നത് കാരണം പീഡനങ്ങള്‍ക്ക് കുറവുണ്ടായിരുന്നുവെങ്കിലും പ്രവാസികളുടെ ജോലി തന്നെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ വിക്രിയകളെന്ന് സമീപകാല പ്രവര്‍ത്തികള്‍ തെളിയിക്കുന്നു.

വിദേശങ്ങളില്‍ ജോലി ചെയ്യുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ പതിപ്പിച്ചിട്ടുള്ള വിസ സ്റ്റാമ്പ് സ്‌കാന്‍ ചെയ്താണ് എന്‍ട്രിയും എക്‌സിറ്റും അടയാളപ്പെടുത്തുക. ഈ സമയം വിസ പതിപ്പിച്ച പാസ്‌പോര്‍ട്ട് പേജ് മുറിച്ചുമാറ്റി തിരിച്ചുനല്‍കുന്ന രീതിയാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. www.kasargodvartha.com

കഴിഞ്ഞ ഏഴ് വര്‍ഷമായി അബുദാബിയില്‍ ഗ്രോസറിയില്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ചെര്‍ക്കള ബേര്‍ക്കയിലെ ഹസന്‍കുട്ടി ചികിത്സയ്ക്കായാണ് നാട്ടിലേക്ക് പുറപ്പെട്ടത്. മംഗളൂരു എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബാഗേജ് ശേഖരിക്കാനായി കാത്ത് നില്‍ക്കുമ്പോള്‍ കസ്റ്റംസുകാരന്‍ വന്ന് പാസ്‌പോര്‍ട്ട് വാങ്ങുകയും ബാഗേജ് കയ്യില്‍ കിട്ടിയതിന് ശേഷം വിവരങ്ങള്‍ ചോദിച്ച് പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കുകയുമായിരുന്നു. എമിഗ്രേഷന്‍ നടപടിക്ക് ശേഷം പാസ്‌പോര്‍ട്ട് വാങ്ങി വെക്കേണ്ടുന്ന നിയമമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തി പാസ്‌പോര്‍ട്ട് ഭദ്രമായി സൂക്ഷിച്ച് രോഗം സുഖപ്പെട്ട് തിരിച്ച് വിദേശത്ത് പോകാനായി മംഗളൂരു എയര്‍പോര്‍ട്ട് എമിഗ്രേഷനില്‍ എത്തിയപ്പോഴാണ് തന്റെ പാസ്‌പോട്ടില്‍ നിന്ന് വിസാ പേജ് അറുത്ത് മാറ്റിയ വിവരം

അറിയുന്നത്. ഉദ്യോഗസ്ഥന്റെ ക്രൂര വിനോദത്താല്‍ യാത്ര മുടങ്ങിയതോടെ വിസാ കാലാവധി അവസാനിച്ച് ജോലി നഷ്ടമാവുകയും ജീവിതം ഇരുളടയുകയും ചെയ്തു. ആരോട്, എങ്ങനെ പരാതി പറയണം എന്നുപോലും അറിയാതെ മാസങ്ങള്‍ കഴിഞ്ഞ് ഹസന്‍കുട്ടിയുടെ സുഹൃത്ത് ജി സി സി ചെങ്കള കെ എം സി സി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ദുരിത കഥ പോസ്റ്റ് ചെയ്തതോടെയാണ് പുറം ലോകം ഇക്കാര്യം അറിയുന്നത് തന്നെ. ഇതുസംബന്ധിച്ച് താന്‍ നിയമ പോരാട്ടങ്ങള്‍ക്കൊരുങ്ങുകയാണെന്ന് ഹസന്‍ കുട്ടി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് പ്രവാസി സമൂഹത്തിന്റെയും, മുഴുവന്‍ പേരുടെയും പിന്തുണ ആവശ്യമാണെന്ന് ഹസന്‍ കുട്ടി വ്യക്തമാക്കി.  w ww.kasargodvartha.com

ഇതുമായുള്ള അന്വേഷണത്തിലാണ് കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയും സൗദിയില്‍ ജോലിക്കാരനുമായ കുടുബനാഥനും ഇത്തരത്തില്‍ തിക്താനുഭവം നേരിട്ടതായി അറിയുന്നത്. വിസ പേജ് മുറിച്ചുമാറ്റി യാത്ര മുടങ്ങി ജോലി നഷ്ടപ്പെട്ട ഇദ്ദേഹം വേറെയൊരു വിസ സമ്പാദിച്ച് സൗദിയില്‍ ജോലി ചെയ്യുന്നത് കൊണ്ട് പുതിയ ജോലിക്ക് ഭീഷണിയാവരുതെന്ന് കരുതി പേര് പോലും പറയാതെ മാറി നില്‍ക്കുന്നു.

രണ്ട് സുഹൃത്തുക്കള്‍ ഒരുമിച്ച് മംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയും എമിഗ്രേഷന്‍ നപടിക്കായുള്ള നിരയില്‍ നില്‍ക്കുമ്പോള്‍ പാസ്‌പോര്‍ട്ട് പേജ് ഇളക്കി മാറ്റുന്നത് കയ്യോടെ കണ്ട സുഹൃത്ത് ബഹളം വെച്ചതിനാലും സി സി ടിവിയില്‍ രംഗമുണ്ടെന്ന് ബോധ്യമായതിനാലും എമിഗ്രേഷന്‍ ഓഫീസറായ മംഗളൂരു സ്വദേശിയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും വിവരമുണ്ട്.

എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ക്കായി ആധുനിക സൗകര്യങ്ങള്‍ ഒരുക്കി സ്വീകരിക്കുകയും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി പുതിയ രീതികളിലൂടെ യാത്രക്കാരെ ആകര്‍ഷിപ്പിക്കുകയുമാണ് ലോകത്തുള്ള ഒട്ടുമിക്ക എയര്‍പോര്‍ട്ടുകളും. പക്ഷെ നമ്മുടെ സമ്പദ്ഘടനയ്ക്ക് താങ്ങായി നിലകൊള്ളുന്ന ഗള്‍ഫ് പ്രവാസികളെ വട്ടം കറക്കുകയാണ് ചില എയര്‍പോര്‍ട്ടുകള്‍.

കാലങ്ങളായി പ്രവാസി സമൂഹം അധികാരികള്‍ക്ക് മുമ്പില്‍ കനിവിനായി കേഴുന്ന നിരവധി വിഷയങ്ങളുണ്ട്. യാത്രാ ടിക്കറ്റിന്റെ സീസണ്‍ കാലത്തേ അനിയന്ത്രിതമായ വര്‍ധന, വിസാ ചട്ടങ്ങളിലെ സുതാര്യത, പാസ്‌പോര്‍ട്ട് സംബന്ധമായ നൂലാമാലകള്‍, ഭാരതീയ പശ്ചാത്തലങ്ങളില്‍ നാട്ടിലുള്ളവരെ പോലെ ഭരണകൂട നിര്‍മിതിയിലെ പ്രവാസി പങ്കാളിത്തം മുതലായവ. പക്ഷെ ഓരോ സമയങ്ങളിലും ആവശ്യങ്ങള്‍ ബധിര കര്‍ണങ്ങളില്‍ ഉടക്കി നില്‍ക്കുക പതിവായിരിക്കുന്നു. ഏറ്റവും ഒടുവില്‍ കേന്ദ്ര ഭരണകൂടം പ്രവാസി വകുപ്പ് തന്നേ എടുത്ത് മാറ്റുകയും ചെയ്തു. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ പലതും പരിഗണിക്കപ്പെടാതെ കിടക്കുന്നു.  w ww.kasargodvartha.com

കുറഞ്ഞ പക്ഷം പ്രവാസികളായ യാത്രക്കാര്‍ ഇത്തരം ഉദ്യോഗസ്ഥ പീഢനങ്ങള്‍ക്കെതിരെ സ്വയം ബോധവാന്‍മാരാവുക എന്നതാണ് പോംവഴി. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്ക് ശേഷവും ബാഗേജ് പരിശോധനയ്ക്ക് ശേഷവും പാസ്‌പോര്‍ട്ടും രേഖകളും പൂര്‍വസ്ഥിതിയില്‍ തന്നേയുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ പുറത്തിറങ്ങാവൂ. ഇല്ലെങ്കില്‍ ഇനിയും ഹസന്‍കുട്ടിയെ പോലെയുള്ളവര്‍ ഉദ്യോഗസ്ഥ മാനസികോല്ലാസത്തിന് ഇരയായിത്തീരും ജാഗ്രതൈ..!

മംഗളൂരു എയര്‍പോര്‍ട്ടില്‍ മലയാളി യാത്രക്കാരോടുള്ള പീഡനം തുടര്‍ക്കഥ; കാസര്‍കോട് സ്വദേശിയുടെ പാസ്‌പോര്‍ട്ടിലെ വിസ പേജ് കീറിക്കളഞ്ഞതായുള്ള വിവരം പുറത്തുവന്നു


Related News:

മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? മുനീര്‍ ചെര്‍ക്കളയ്ക്ക് പറയാനുള്ളത്

മംഗലാപുരം വിമാനത്താവളത്തില്‍ യാത്രക്കാരോടുള്ള പീഡനം: വിഷയം മുസ്ലിം ലീഗ് ഏറ്റെടുക്കുന്നു

മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? പി.ഡി നൂറുദ്ദീന് പറയാനുള്ളത്

അനുഭവസ്ഥര്‍ പറയുന്നു, മംഗലാപുരം വിമാനത്താവളത്തില്‍ പലതും സംഭവിക്കുന്നു

മംഗളൂരു വിമാനത്താവളത്തിലെ ദുരിതങ്ങള്‍ പ്രധാനമന്ത്രിയുടെയും വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തും: എന്‍.എ. നെല്ലിക്കുന്ന്

മംഗലാപുരം വിമാനത്താവളത്തിലെ ദ്രോഹനടപടികള്‍ക്കെതിരെ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണം: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.

മംഗളൂരു വിമാനത്താവളത്തിലെ ദുരനുഭവങ്ങള്‍: സമഗ്ര അന്വേഷണം വേണം- ഇ. ചന്ദ്രശേഖരന്‍

മംഗളൂരു വിമാനത്താവളത്തില്‍ മലയാളി യാത്രികര്‍ക്കു പീഡനം; കെ.എം.സി.സി നേതാക്കള്‍ മന്ത്രി യു.ടി ഖാദറിനെ കണ്ടു


Keywords : Kasaragod, Airport, Passport, Cherkala, KMCC, Visa Page, Mangalore Airport, Hassan Kutty, Muneer P Cherkala, Visa page from Passport tore off.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL