Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗര്‍ഭസ്ഥ ശിശുവിന്റെ മരണം: ഡോക്ടര്‍ക്കെതിരെ എസ്.പിക്ക് പരാതി നല്‍കി

പൂര്‍ണ ഗര്‍ഭിണിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും അര്‍ധ രാത്രി അനസ്‌തേഷ്യാ വിദഗ്ധന്‍ ഇല്ലെന്ന കാരണത്താല്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ കേസെടുത്ത് Kasaragod, Kerala, General-Hospital, Complaint, Police, District Police Chief, Dr, A Srinivas, Kishor, Ramya
കാസര്‍കോട്: (www.kasargodvartha.com 11/04/2015) പൂര്‍ണ ഗര്‍ഭിണിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും അര്‍ധ രാത്രി അനസ്‌തേഷ്യാ വിദഗ്ധന്‍ ഇല്ലെന്ന കാരണത്താല്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുവാവ് കാസര്‍കോട് എസ്.പിക്ക് പരാതി നല്‍കി. ഉദുമ കുണ്ടുകുളംപാറയിലെ കിഷോറിന്റെ ഭാര്യ രമ്യയുടെ (22) ഗര്‍ഭസ്ഥ ശിശുവാണ് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥമൂലം മരിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് രാവിലെ ആറ് മണിക്കാണ് രമ്യയെ പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് കിഷോര്‍ രണ്ട് വര്‍ഷത്തിലധികമായി ജനറല്‍ ആശുപത്രിയില്‍ ക്ലീനിംഗ് വിഭാഗത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയാണ്. കിഷോറിന്റെ ഭാര്യയെ നേരത്തെ പരിശോധിച്ച് വന്നിരുന്നത് ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ വാസന്തിയായിരുന്നു. വാസന്തി അവധിയിലായതിനാല്‍ പകരം മറ്റൊരു ഗൈനക്കോളജിസ്റ്റായ ജ്യോതിക്കായിരുന്നു ചുമതല ഉണ്ടായിരുന്നത്.

രാവിലെ 10 മണിക്ക് ഡോക്ടര്‍ പരിശോധിക്കുകയും യാതൊരു കുഴപ്പവുമില്ലെന്നും സാധാരണ പ്രസവം അന്നുതന്നെ നടക്കുമെന്നും അറിയിച്ചിരുന്നു. രാത്രി രമ്യയ്ക്ക് ചെറിയ പനി ഉണ്ടായതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് രാത്രി 10 മണി മുതല്‍ ഗൈനക്കോളജിസ്റ്റായ ജ്യോതിയെ നിരന്തരം ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയത് രാത്രി ഒരു മണിയോടെയായിരുന്നു.

ഡോക്ടര്‍ എത്തിയതോടെ രമ്യയെ പരിശോധിക്കുകയും സിസേറിയന്‍ ആവശ്യമാണെന്ന് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ ജനറല്‍ ആശുപത്രിയിലുള്ള ഏക അനസ്‌തേഷ്യാ വിദഗ്ധന്റെ സേവനം ലഭ്യമല്ലാത്തതിനാല്‍ ഉടന്‍ തന്നെ മംഗളൂരു ലേഡി ഗോഷന്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ഡിസ്ചാര്‍ജ് കാര്‍ഡ് നല്‍കാതെയാണ് രമ്യയെ മംഗളൂരുവിലേക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഏര്‍പാടാക്കി കാസര്‍കോട് നിന്നും മൂന്ന് കിലോ മീറ്ററിലധികം സഞ്ചരിച്ച ശേഷമാണ് ഡിസ്ചാര്‍ജ് കാര്‍ഡ് നല്‍കാത്ത വിവരം ബോധ്യപ്പെട്ടത്. പിന്നീട് ഡിസ്ചാര്‍ജ് കാര്‍ഡ് കൊണ്ടുവരാനായി അരമണിക്കൂറോളം ആംബുലന്‍സ് അടുക്കത്ത് ബയലില്‍ നിര്‍ത്തിയിടേണ്ടി വന്നിരുന്നു. പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും ഗര്‍ഭസ്ഥ ശിശുവായ പെണ്‍കുഞ്ഞ് മരിച്ചിരുന്നു.

അത്യാസന്ന നിലയിലായിരുന്ന രമ്യ ഇപ്പോഴും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സാധാരണ അനസ്‌തേഷ്യാ വിദഗ്ധന്റെ സേവനം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യാ വിദഗ്ധന്റെ സേവനം തേടാറുണ്ട്. എന്നാല്‍ ഇങ്ങനെയൊരു നടപടി ഗൈനക്കോളജിസ്റ്റിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യാ വിദഗ്ധന്റെ സേവനം ആവശ്യപ്പെടണമെന്ന് പറഞ്ഞപ്പോള്‍ ഏതു സമയത്തും പോകേണ്ടതില്ലെന്ന നിര്‍ദേശം സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യാ വിദഗ്ധന് ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യാ വിദഗ്ധനായ ഡോ. വെങ്കിടഗിരി നല്‍കിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഗൈനക്കോളജിസ്റ്റ് പറഞ്ഞതായി കിഷോറിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. അനസ്‌തേഷ്യാ ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രധാന നേതാവ് കൂടിയാണ് വെങ്കിടഗിരി. ഇദ്ദേഹം വിളിച്ചാല്‍ മാത്രമേ സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യാ വിദഗ്ധന്‍ വരാന്‍ കൂട്ടാക്കുകയുള്ളൂവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൂര്‍ണ ഗര്‍ഭിണിയായ രമ്യയെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാലാണ് ഗര്‍ഭസ്ഥ ശിശു മരണപ്പെടാന്‍ കാരണമെന്ന് മംഗളൂരുവിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്യാസന്ന നിലയിലായ ഗര്‍ഭിണിയുടെ കാര്യം നേരിട്ട് വിളിച്ചറിയിച്ചിട്ടും മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ഡോക്ടര്‍ എത്തിയത്. അടിയന്തിരമായി ഡോക്ടര്‍ എത്തിച്ചേര്‍ന്നിരുന്നുവെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനെ ജീവനോടെ ലഭിക്കുമായിരുന്നു.

ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ അനാസ്ഥ മൂലം ഇതിന് മുമ്പും ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ആശുപത്രിയില്‍ പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഏക അനസ്‌തേഷ്യാ വിദഗ്ധന്‍ ജനറല്‍ ആശുപത്രിയില്‍ കൃത്യമായി സേവനം ചെയ്യാതെ കാഞ്ഞങ്ങാട് മുതല്‍ മംഗളൂരു വരെയുള്ള പല സ്വകാര്യ ആശുപത്രികളിലും വന്‍ തുകയ്ക്ക് വേണ്ടി സേവനം ചെയ്യുന്നുണ്ടെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

പാവപ്പെട്ട നിരവധി ജനങ്ങള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയിലെ സേവനം പരിമിതപ്പെടുത്തുകയായിരുന്നു. ശസ്ത്രക്രിയ വേണ്ടിവരുന്ന പാവപ്പെട്ട ജനങ്ങളില്‍ നിന്നും 2000 രൂപ മുതല്‍ 3000 രൂപ വരെ ഓരോ ശസ്ത്രക്രിയയ്ക്കും ഈടാക്കുന്നുണ്ടെന്നും ഇത് നല്‍കാത്ത ഗര്‍ഭിണികള്‍ക്ക് നിശ്ചയിച്ച തീയ്യതിക്ക് ശസ്ത്രക്രിയ നടത്താതെ ദിവസങ്ങള്‍ തള്ളിനീക്കുന്നുണ്ടെന്നും ഇത് പല രോഗികളുടെയും ജീവന് ഭീഷണിയായി മാറിയിരിക്കുകയാണെന്നും ആശുപത്രി ജീവനക്കാരനായ കിഷോര്‍ വെളിപ്പെടുത്തുന്നു.

ഇതുസംബന്ധിച്ച് രമ്യയുടെ മാതാവ് പരപ്പ പള്ളത്തുമലയി ലെ കെ. ജാനകിയും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Related News: 
അഡ്മിറ്റ് ചെയ്ത പൂര്‍ണ ഗര്‍ഭിണിയെ അര്‍ദ്ധരാത്രി ഡോക്ടര്‍ കൈയൊഴിഞ്ഞു; മംഗലാപുരത്തെത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചു
Keywords: Kasaragod, Kerala, General-Hospital, Complaint, Police, District Police Chief, Dr, A Srinivas, Kishor, Ramya. 

Advertisement:

Post a Comment