city-gold-ad-for-blogger

അഡ്മിറ്റ് ചെയ്ത പൂര്‍ണ ഗര്‍ഭിണിയെ അര്‍ദ്ധരാത്രി ഡോക്ടര്‍ കൈയൊഴിഞ്ഞു; മംഗലാപുരത്തെത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 06/04/2015) അഡ്മിറ്റ് ചെയ്ത പൂര്‍ണ ഗര്‍ഭിണിയെ അര്‍ദ്ധരാത്രി ഡോക്ടര്‍ കൈയൊഴിഞ്ഞു. ഏറെ വൈകി മംഗലാപുരത്തെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. ഭാഗ്യം കൊണ്ടാണ് അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് മംഗലാപുരത്തെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പൂര്‍ണ ഗര്‍ഭിണിയെയാണ് സിസേറിയന്‍ നടത്താന്‍ അനസ്‌തേഷ്യ വിദഗ്ദ്ധന്‍ ഇല്ലെന്ന കാരണം പറഞ്ഞ് മംഗലാപുരത്തേക്ക് അര്‍ദ്ധരാത്രി കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ക്ലീനിംഗ് ജോലിക്കാരനായ ഉദുമ കുണ്ടുകുളത്തെ കിഷോറിന്റെ ഭാര്യ രമ്യ (22) യ്ക്കാണ് പെണ്‍കുഞ്ഞിനെ നഷ്ടപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് രമ്യയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. നേരത്തെ മാര്‍ച്ച് 28ന് ആണ് പ്രസവ തീയ്യതി ഡോക്ടര്‍ അറിയിച്ചിരുന്നത്.

രാവിലെ ഡോക്ടര്‍ എത്തി പരിശോധിച്ച് സ്വാഭാവിക പ്രസവം നടക്കുമെന്ന് അറിയിച്ചിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ വേദന അനുഭവപ്പെട്ട യുവതിയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് സിസേറിയന്‍ വേണ്ടിവരുമെന്നും ജനറല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിദഗ്ദ്ധന്‍ ഇല്ലാത്തതിനാല്‍ ഉടന്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. ആംബുലന്‍സ് കിട്ടാതെ ഏറെ നേരം ബന്ധുക്കള്‍ വലഞ്ഞു. പിന്നീട് അന്വേഷിച്ച് പുറത്തുനിന്നും ആംബുലന്‍സ് വരുത്തി മംഗലാപുരം ലേഡീ കോസ്റ്റ് ആശുപത്രിയില്‍ എത്തിച്ച് സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. യാത്രക്കിടെപോലും കുഞ്ഞിന്റെ അനക്കമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഏഴ് മാസം ഗര്‍ഭിണിയായ നെല്ലിക്കുന്നിലെ യുവതി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവുമുണ്ടായത്. ജനറല്‍ ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ ഭാര്യയ്ക്കുതന്നെ ഇത്തരമൊരു അവസ്ഥ ഉണ്ടായസാഹചര്യത്തില്‍ മറ്റുള്ള രോഗികളുടെ കാര്യം പറയേണ്ടതില്ലല്ലോയെന്നാണ് രമ്യയുടെ വീട്ടുകാര്‍ പറയുന്നത്.

ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിദഗ്ദ്ധന്‍ ഗിരി അവധിയിലാണ്. സാധാരണ അനസ്‌തേഷ്യ വിദഗ്ദ്ധന്‍ ഇല്ലെങ്കില്‍ പുറമെ നിന്നും അനസ്‌തേഷ്യ വിദഗ്ദ്ധനെ വരുത്തിയാണ് പ്രശ്‌നം പരിഹരിക്കാറുള്ളത്. ജനറല്‍ ആശുപത്രിയില്‍തന്നെ സിസേറിയന്‍ നടത്തിയിരുന്നുവെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിസേറിയന്‍ വേണ്ടിവരുമെന്നും അനസ്‌തേഷ്യ വിദഗ്ദ്ധന്‍ ഇല്ലാത്തതിനാല് സൗകര്യമുള്ള മറ്റു ആപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് രമ്യയുടെ ഭര്‍ത്താവ് കിഷോര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞത്. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനറല്‍ ആശുപത്രിയിലെ രണ്ട് ആംബുലന്‍സും കട്ടപ്പുറത്തായിരുന്നു. ഇതില്‍ ഒന്ന് ആഴ്ചകള്‍ക്ക് മുമ്പ് ശരിയാക്കിയിരുന്നുവെങ്കിലും അടിയന്തിരഘട്ടത്തില്‍ ആംബുലന്‍സ് ഇല്ലെന്നായിരുന്നു യുവതിയുടെ ബന്ധുക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ഇതിന് മുമ്പ് ജനറല്‍ ആശുപത്രിയില്‍ നിന്നും മംഗലാപുരം ആശുപത്രിയിലേക്ക് സിസേറിയന്‍ നടത്താന്‍ റഫര്‍ചെയ്ത യുവതിയെ കാസര്‍കോട്ടെ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സുഖപ്രസവം നടന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കൊന്നും നല്ലരീതിയിലുള്ള ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

ഞായറാഴ്ച അല്‍പം വൈകിയിരുന്നുവെങ്കില്‍ കുഞ്ഞിനോടൊപ്പം അമ്മയുടേയും ജീവന്‍ അപകടത്തിലാകുമായിരുന്നു. ജനറല്‍ ആശുപത്രിയില്‍ സ്‌കാനിംഗ് ഉള്‍പെടെയുള്ള സംവിധാനങ്ങള്‍ക്കും മറ്റും പുറമെയുള്ള സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍.
അഡ്മിറ്റ് ചെയ്ത പൂര്‍ണ ഗര്‍ഭിണിയെ അര്‍ദ്ധരാത്രി ഡോക്ടര്‍ കൈയൊഴിഞ്ഞു; മംഗലാപുരത്തെത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

Keywords: Pregnant, Doctor, Night, Kerala, Child, Obit, Obituary, Kasaragod, Kerala, General-hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia